Saturday 03 December 2022 02:47 PM IST : By മനോരമ ആരോഗ്യം ആർകൈവ്

5-6 തവണകളായി ഭക്ഷണം; മുളപ്പിച്ച പയറും ഉപ്പിട്ട നാരങ്ങാവെള്ളവും: ഗർഭകാലത്ത് പ്രമേഹം വന്നാൽ...

sdfsefew

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗർഭകാല പ്രമേഹം. ഗർഭ കാലയളവിലുണ്ടാകുന്ന പ്രമേഹം സർവസാധാരണമാണ്. ഗർഭാവസ്ഥയിൽ ഏകദേശം 24 ആഴ്ചയ്ക്കുശേഷമാണ് പ്രമേഹം പൊതുവെ പ്രകടമാവുക. ചിട്ടയായ ഭക്ഷണക്രമം, ആരോഗ്യകരമായ ആഹാരരീതി, കൃത്യമായ വ്യായാമം, മനസ്സിന്റെ ആരോഗ്യം എന്നിവ ഗർഭകാല പ്രമേഹനിയന്ത്രണത്തിന് അത്യാവശ്യമാണ്.

സമീകൃതാഹാരം കൃത്യമായ ഇടവേളകളിൽ കഴിക്കണം. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ട എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന ഭക്ഷണം വേണം അമ്മ കഴിക്കാൻ. സമ്പൂർണ്ണമായ പ്രഭാത ഭക്ഷണം തന്നെ തിരഞ്ഞെടു ക്കണം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ ചെറിയ അളവിൽ രണ്ടു മണിക്കൂർ ഇടവേളകളിട്ട് 5 മുതൽ 6 തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇങ്ങനെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്നു പോകാതെയും സഹായിക്കും.

സംസ്കരിച്ചെടുത്ത ഭക്ഷണസാധനങ്ങൾക്കു പകരം നാരുകൾ ധാരാളമടങ്ങിയ മുഴുധാന്യങ്ങൾ (റാഗി, തിന, തൊലിയുള്ള ഗോതമ്പ്, തവിട് കളയാത്ത അരി, ക്യുനോവ, ഓട്സ്, നവധാന്യക്കൂട്ട്) എന്നിവ ഉപയോഗിക്കാം. ഓട്സ് പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിലെ അലിയുന്ന നാരായ ബീറ്റാഗ്ലൂക്കൻ ഭക്ഷണം കഴിച്ചതിനുശേഷം ഗ്ലൂക്കോസ് രക്തത്തിൽ കലരുന്നത് സാവധാനത്തിലാക്കുന്നു. ഓട്സ് കാച്ചി കഴിക്കുന്നതിലും നല്ലത് ഉപ്പുമാവ്, ദോശ, ഇഡ‌്ലി തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ചേർക്കുന്നതാണ്. നാരുകൾ ധാരാളമടങ്ങിയ പയർ വർഗ്ഗങ്ങൾ (ഉഴുന്ന്, കടല, മുതിര, ചെറുപയർ, വൻപയർ മുതലായവ) ഗർഭിണികൾക്ക് ആവശ്യമായ മാംസ്യം പ്രദാനം ചെയ്യുന്നു. ഇലക്കറികൾ (ചീര, മുരിങ്ങയില, ഉലുവയില, പാലക്, അഗത്തി) എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കിഴങ്ങുവർഗങ്ങളിൽ അന്നജത്തിന്റെ അളവ് കൂടുതലായതിനാൽ ഉപയോഗം നന്നായി നിയന്ത്രിക്കണം. (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചിൽ എന്നിവ).

കൊഴുപ്പു കൂടിയ ചുവന്ന ഇറച്ചികൾക്ക് പകരം മത്സ്യം, മുട്ട, കോഴിയിറച്ചി, കൊഴുപ്പ് നീക്കിയ പാൽ എന്നിവ ഉൾപ്പെടുത്താം. രണ്ട് ഗ്ലാസ്സ് പാട നീക്കിയ പാൽ, പാലുൽപ്പന്നങ്ങളായ തൈര്, മോര് എന്നിവ കാത്സ്യവും പ്രോട്ടീനും പ്രദാനം ചെയ്യുന്നു.

മുളപ്പിച്ച പയർവർഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം. ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള പഴങ്ങളായ ആപ്പിൾ, പേരയ്ക്ക, മുസമ്പി, ഓറഞ്ച്, കിവി, ഞാവൽപഴം, പിയർ എന്നിവ മിതമായി ഉൾപ്പെടുത്താം. എണ്ണ, തേങ്ങ, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. മധുര പലഹാരങ്ങൾ, എണ്ണയിൽ വറുത്തു കോരിയ ആഹാരങ്ങൾ, മൈദ ചേർത്ത ആഹാരം, ജ്യൂസ്, സോഡാപാനീയങ്ങൾ എന്നിവ ഒഴിവാക്കണം.

പ്രമേഹരോഗികൾക്ക് ദാഹം കൂടുതലാണ്. ജീരകവെള്ളം, മല്ലിവെള്ളം, ഉലുവവെള്ളം, മോര്, നാരങ്ങാവെള്ളം (ഉപ്പിട്ടത്) എന്നിവ നല്ലതാണ്. വൈറ്റമിനുകൾ, നാരുകൾ, ജീവകങ്ങൾ ധാരാളമടങ്ങിയ പച്ചക്കറികൾ (വാഴക്കൂമ്പ്, വാഴപ്പിണ്ടി, കോവയ്ക്ക, നെല്ലിക്ക, മുരിങ്ങക്ക) എന്നിവ ദിവസേന ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തണം. ഫ്ളാക്സ് സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായുണ്ട്. ദിവസേന ഒരു ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡ്

സാലഡിലോ മറ്റു ഭക്ഷണങ്ങളിലോ ഇട്ട് കഴിക്കുന്നത് ഏറെ ഗുണകരമാണ്. ദിവസേന 30 മിനിട്ട് വ്യായാമത്തിനായി മാറ്റി വയ്ക്കണം. (ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ വ്യായാമം തിരഞ്ഞെടുക്കാവൂ). ഏഴു മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. മാനസികസമ്മർദ്ദം ഒഴിവാക്കണം.

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips