Saturday 04 March 2023 11:16 AM IST : By സ്വന്തം ലേഖകൻ

കൊഴുപ്പുരുക്കുന്ന തേയില–ചെറുനാരങ്ങ മാജിക്, ഉലുവയും ഫലം ഉറപ്പാക്കും: കൊഴുപ്പ് കുറയ്ക്കാൻ ആയൂർവേദം

ere3434

ഇന്നു മലയാളി നേരിടുന്ന ഏറ്റവും വലിയൊരു ഭീഷണി ഏതാണെന്നു ചോദിച്ചാൽ അത് കൊഴുപ്പ് ആണ് എന്നു പറയാം. ആരോഗ്യവുമായി ബന്ധപ്പെട്ട് അൽപം ഭയത്തോടെ മാത്രം നാം പറയുന്ന വാക്കായിരിക്കുന്നു കൊഴുപ്പ്. ഊർജസംഭരണം, ഇൻസുലിൻ നിയന്ത്രണം പോലെ ശരീരത്തിലെ പ്രധാനപ്പെട്ട പല ധർമങ്ങളെയും നിർവഹിക്കുന്നുണഅടെങ്കിലും കൊഴുപ്പു വർധിച്ചാൽ അപകടം തന്നെയാണ്. കരളിൽ കൊഴുപ്പ് അടിയുന്നത് ഫാറ്റി ലിവറിനും ഹൃദയധമനികളിൽ കൊഴുപ്പ് അടിയുന്നത് ഹൃദയധമനീരോഗങ്ങൾക്കും ഹൃദയാഘാതത്തിനും തുടങ്ങി വൃക്കരോഗങ്ങൾക്കും കാൻസറിനും വരെ കാരണമാകാം.

മനുഷ്യശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാൻ ആയുർവേദം ഒട്ടേറെ ഒറ്റ ഔഷധങ്ങൾ നിർദേശിക്കുന്നുണ്ട്. അവയിൽ ചിലതു താഴെ പറയുന്നു.

തേയിലയും ചെറുനാരങ്ങയും

ശരീരത്തിലെ കൊഴുപ്പു (കൊളസ്ട്രോളിനെ) കുറയ്ക്കുവാൻ സഹായകമായ രണ്ടു ദ്രവ്യങ്ങളാണ് തേയിലയും ചെറുനാരങ്ങയും. 45 എംഎൽ തേയില വെള്ളത്തിൽ 11 തുള്ളി ചെറുനാരങ്ങാനീരു ചേർത്തു പതിവായി രാവിലെ സേവിച്ചാൽ ശരീരത്തിലെ കൊഴുപ്പിന്റെ അളവു വളരെ കുറയും. ഇതു ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ത്വക്കിനടിയിലും മറ്റും സംഭരിക്കപ്പെടുന്ന കൊഴുപ്പിനെ കുറയ്ക്കുകയും ചർമത്തിനു വളരെ മൃദുലത നൽകുകയും ചെയ്യും.

വെള്ളരിക്ക ജ്യൂസ്

കൊഴുപ്പിനേയും അമിതവണ്ണത്തേയും കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഒരു ഗ്ലാസ് വെള്ളരിയുടെ ജൂസിൽ ഒരു സ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് പതിവായി കൃത്യമായ ഒരു സമയത്തു കഴിക്കുന്നത് കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും.

വാഴച്ചുണ്ടും ചെറുനാരങ്ങയും

വാഴച്ചുണ്ട് (ഏത്തവാഴയുടെ) പുറംപോളകൾ അടർത്തി മാറ്റി പൊടിയായി അരിഞ്ഞ് ഒരു ഗ്ലാസ് വെള്ളരിക്കയുടെ നീരും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു സ്പൂൺ ചെറു നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേ ർത്ത് പതിവായി ദിവസം രണ്ടു നേരം സേവിച്ചാൽ 60 ദിവസം കൊണ്ടു കൊഴുപ്പു വളരെയേറെ കുറയുകയും അമിതഭാരം കുറയുകയും അസിഡിറ്റിയും കുടൽ വ്രണങ്ങളും ഇല്ലാതാവുകയും ചെയ്യും.

കൊഴുപ്പു കുറയ്ക്കും ഉലുവ

ഒരു സ്പൂൺ ഉലുവ നന്നായി പൊടിച്ച് ഒരു കപ്പ് തിളപ്പിച്ച ജലത്തിൽ ചേർക്കുക. അത് അരിച്ചെടുത്ത് ഒരു സ്പൂൺ ചെറുനാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ തേയില വെള്ളവും ചേർത്തു യോജിപ്പിച്ചു പതിവായി കുടിക്കുക. 90 ദിവസം സേവിച്ചാൽ കൊഴുപ്പിന്റെ അളവ് കുറയുന്നതും ശരീരഭാരം കുറയുന്നതും അറിയാൻ കഴിയും. പ്രമേഹമുള്ളവർക്കും ഈ പാനീയം വളരെ വിശിഷ്ടമാണ്.

കൊഴുപ്പ് എരിക്കാൻ സഹായിക്കുന്ന ആയുർവേദ വഴികളെക്കുറിച്ച് വിശദമായി വായിക്കാൻ മനോരമ ആരോഗ്യം മാർച്ച് ലക്കം കാണുക. മനോരമ ആരോഗ്യം മാർച്ച് ലക്കത്തിൽ കൊഴുപ്പിന്റെ ഭീഷണികളെക്കുറിച്ചും ഇവയെ നേരിടുന്ന വഴികളെക്കുറിച്ചും വി‍ശദമായി നൽകിയിട്ടുണ്ട്. ഒപ്പം കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചും ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകളെക്കുറിച്ചും പറയുന്നു.

Tags:
  • Manorama Arogyam
  • Diet Tips