ഗ്യാസ്ട്രബിൾ അഥവാ വായുക്ഷോഭത്തെ കുറിച്ച് പരാതി പറയാത്തവർ വളരെ കുറവാണ്. വായുക്ഷോഭം എന്നത് ശരിക്കും ഒരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമായി ഉണ്ടാകുന്നതാണ്. നാം ഭക്ഷണം കഴിക്കുമ്പോഴും പാനീയങ്ങൾ കുടിക്കുമ്പോഴും ചെറിയ അളവിൽ വായു കൂടി ആമാശയത്തിലേക്ക് എത്തുന്നു. ഓക്സിജനും ൈനട്രജനും ആണ് സാധാരണ ആയി ഇതിലുള്ളത്. ദഹനപ്രക്രിയയുടെ ഭാഗമായി ഹൈഡ്രജൻ , കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നു. ചെറുകുടലിൽ വച്ച് ദഹിക്കാത്ത ഭക്ഷണം വൻകുടലിൽ എത്തുമ്പോൾ ബാക്ടീരിയയുടെ പ്രവർത്തനഫലമായി ഗ്യാസ് ഉണ്ടാകുന്നു. അന്നനാളം, ആമാശയം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളും ഗ്യാസിനു കാരണമാകുന്നു.
വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് ഏമ്പക്കമായി വായിലൂടെയും അധോവായു ആയി മലദ്വാരത്തിലൂടെയുമാണ്. ഇതിന് തടസം നേരിടുമ്പോഴാണ് വയറിന് അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നത്. വയർ വീർത്തിരിക്കുന്നതു പോലെ ഒക്കെ അനുഭവപ്പെടും. ഒരു ദിവസം ശരാശരി 7-10 ലീറ്റർ ഗ്യാസ് ഉണ്ടാകുന്നു. ഇതിൽ ഭൂരിഭാഗവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ബാക്കി വരുന്ന ഏകദേശം 600 മി.ലീറ്റർ ഗ്യാസാണ് ശരീരത്തിൽ നിന്ന് പുറത്തേക്കു പോകുന്നത്.
ലക്ഷണങ്ങൾ അറിയാം:
എല്ലാവർക്കും ഒരേ രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ഏമ്പക്കം, നെഞ്ചെരിച്ചിൽ, നെഞ്ചുവേദന, ശ്വാസംമുട്ടൽ, പുളിച്ചു തികട്ടൽ, വയറുവേദന, വിശപ്പില്ലായ്മ, വയർ വീർത്തതായി തോന്നുക, തലവേദന, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
പ്രകൃതി ജീവന ചികിത്സ:
* ആഹാര ചികിത്സ ( Food therapy) : സമീകൃതാഹാരം ശാസ്ത്രീയമായ രീതിയിൽ കഴിക്കുന്നത് ശീലമാക്കുക.
* വ്യായാമം : യോഗാ ശാസ്ത്രവിധിപ്രകാരമുള്ള വ്യായാമം പരിശീലിക്കുക . ഇതിനായി ഡോക്ടറുടെ ഉപദേശം തേടാം. യോഗാസനങ്ങൾ ദിനചര്യയുടെ ഭാഗമാക്കുക. ഉദാ: പവനമുക്താസനം, പശ്ചിമോത്ത നാസനം, മേരുദണ്ഡാസനം , വജ്രാസനം, ഭുജംഗാസനം, ശലഭാസനം, ധനുരാസനം, ശശാങ്കാസനo. പ്രാണായാമവും പരിശീലിക്കുക.
* ജലചികിത്സ: തുണി നനച്ച് വയറിന് ചുറ്റിക്കെട്ടുന്നത്, വെള്ളത്തിൽ ഇരിക്കുന്നത് എന്നിവ ഏറെ ഫലപ്രദമാണ്. വയർ ശൂന്യമായിട്ട് ഇരിക്കുമ്പോഴാണ് ചികിത്സകൾ ചെയ്യുന്നത്.
* മണ്ണ് ചികിത്സ: പ്രത്യേകം തയാറാക്കിയ മണ്ണ് വെള്ളം ചേർത്ത് കുഴച്ച് നേർത്ത തുണിയിൽ പൊതി പോലെ തയ്യാറാക്കി വയറിനു മുകളിൽ വച്ചു കൊണ്ട് കിടക്കുക. മണ്ണ് നേരിട്ട് വയറിൽ പുരട്ടുന്ന രീതിയും നിലവിലുണ്ട്.
* ഉപവാസം: ലഘു ഉപവാസം ഗ്യാസ് ട്രബിളിനുള്ള പ്രധാന ചികിത്സ ആയി കണക്കാക്കപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏറ്റവും പ്രാധാന്യം നൽകേണ്ടത് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്. ശുചിയായ ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണം നന്നായി ചവച്ചരച്ച്, സാവധാനം, സന്തോഷത്തോടെ കഴിക്കാൻ ശ്രദ്ധിക്കുക. കഴിവതും വീട്ടുഭക്ഷണം മാത്രം കഴിക്കുക. അധികം വിശക്കാതെ, കൃത്യ സമയത്തു തന്നെ ഭക്ഷണം കഴിക്കുക. അമിതാഹാരം ഒഴിവാക്കുക. ആഹാരം കഴിച്ചതിനു ശേഷം ഉടൻ ഉറങ്ങരുത്. അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം. ഭക്ഷണം കഴിച്ച ഉടനെ വ്യായാമം പാടില്ല. ധാരാളം വെള്ളം കുടിക്കണം. ഉപ്പ്, പഞ്ചസാര, എണ്ണയിൽ വറുത്തവ , സോഡ പോലത്തെ പാനീയങ്ങൾ നിയന്ത്രിക്കുക. മലബന്ധം ഒഴിവാക്കണം.
ഡോ. കെ.ആർ. ജയകുമാർ,
റിട്ട. സീനിയർ സ്പെഷലിസ്റ്റ്,
ഗവ. യോഗ നാച്ചുറോപതി ഹോസ്പിറ്റൽ, വർക്കല