Friday 19 May 2023 04:33 PM IST : By ഡോ. ഷാബു എ.

തണുപ്പുള്ള എണ്ണ തേച്ച് നീർക്കെട്ടും പുറം വേദനയും....തല മറന്ന് എണ്ണ തേച്ചാൽ സംഭവിക്കുന്നത്

hairoil4324

ദൈനം ദിന ജീവിതത്തിലെ, ചെറിയ ചെറിയ കാരണങ്ങൾക്കു പോലും, വലിയ രോഗങ്ങളിലേക്ക് നയിക്കാനാവുമെന്ന ധാരണ ഉള്ളവർ പൊതുവെ കുറവാണ്..! വലിയ ഒരു രോഗമല്ലേ, അപ്പോൾ എന്തെങ്കിലും വലിയ കാരണങ്ങൾ അസുഖങ്ങൾക്ക് പുറകിൽ കാണുമായിരിക്കും എന്നാണ് പലരും കരുതാറുള്ളത്..

തലയിൽ തോന്നിയ പോലെയുള്ള എണ്ണ തേപ്പും കുളിയും, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് ആവർത്തിച്ച് എഴുതുമ്പോഴൊക്കെ പലരും ചോദിക്കുന്ന ചോദ്യമുണ്ട്.."എണ്ണ തേക്കുന്നത് കൊണ്ട് ഇത്ര വലിയ പ്രശ്നം ഒക്കെ വരുമോ.." നിസാരമെന്ന് കരുതി അവഗണിക്കുന്ന പല കാരണങ്ങളും, പിന്നീടു വലിയ രോഗങ്ങളിലേക്കുള്ള ഊടു വഴികൾ ആവുന്നതിനെ കുറിച്ച് ആരും അത്ര ബോധവാന്മാർ അല്ല എന്നതാണ് സത്യം..!

സ്ത്രീകളാണ്, തല മറന്ന് എണ്ണ തേക്കുന്നവരിൽ പൊതുവെ മുന്നിൽ നിൽക്കുന്നത് എന്നാണ് അനുഭവം..!

മുടിയോടുള്ള അമിതമായ പ്രണയം, തലയിൽ തേയ്ക്കുന്ന എണ്ണയോടുള്ള ആസക്തിയിലേക്കു വഴിമാറിത്തുടങ്ങുമ്പോഴാണ്, രോഗത്തിന്റെ അദൃശ്യമായ സഞ്ചാര ഗതി ആരംഭിക്കുന്നതും...!

ഗൃഹാതുരതയുടെ മണമുള്ള, മുത്തശ്ശി കാച്ചിയ കറ്റാർവാഴയും കഞ്ഞുണ്ണിയും മൈലാഞ്ചിയും ചെമ്പരത്തിയും ഒക്കെയിട്ടു കാച്ചിയ, തണുത്ത വീര്യമുള്ള എണ്ണ തൊട്ട്,പരസ്യക്കമ്പനിക്കാരുടേയും എന്തിന് ഗൂഗിൾ വൈദ്യന്മാരുടേയും പരീക്ഷണ എണ്ണകൾ വരെ തേച്ചിറങ്ങുമ്പോഴേക്കുംഅടി മുതൽ മുടി വരെ 

വർക് ഷോപിൽ കയറ്റാവുന്ന പരുവത്തിൽ എത്തിയിട്ടുണ്ടാകും..!സ്വന്തം ശരീര പ്രകൃതി അറിയാതെ, എല്ലാവർക്കും ഏത് എണ്ണകളും ചേരും എന്ന പൊതു ബോധ നിർമ്മിതിയാണ്, ഇവ്വിധം ആളുകളെ രോഗികൾ ആക്കുന്നത് എന്നു നിസ്സംശയം പറയാം..!

പിത്ത പ്രകൃതിക്കാരായ പെട്ടെന്ന് തല വിയർക്കുന്ന "ചൂടൻ" ശരീര- സ്വഭാവക്കാർ,നേരത്തെ പറഞ്ഞ തണുത്ത എണ്ണകൾ തലയിൽ തേക്കാൻ ഉപയോഗിക്കുമ്പോൾ, ഉണ്ടാകുന്ന താപ വ്യതിയാനമാണ് നീർക്കെട്ടിലേക്കും ( Inflammation) സൈനസൈറ്റിസ് എന്ന തല നീരിറക്കത്തിലേക്കും ഒക്കെ നയിക്കുന്നത്..!

സൈനസൈറ്റിസ് പഴകുമ്പോൾ, ( chronic) അത് വഴി ഉണ്ടാകുന്ന നീർക്കെട്ട്, പലരിലും തോൾ വേദന ആയും ഇടുപ്പ് വേദന ആയുമൊക്കെ രൂപാന്തരപ്പെട്ടു തുടങ്ങും..സെർവിക്കൽlലംബാർ സ്പോണ്ടിലോസിസ് പോലുള്ള തേയ്മാന രോഗങ്ങൾ ഉള്ളവരിൽ, ഈ നീർക്കെട്ടു കൂടി ചേരുന്നതോടെ വേദനകൾ ഇരട്ടിക്കുകയും ചെയ്യും..പേശികളിലെ നീർക്കെട്ട്( Myoscitis) ഉം ഫൈബ്രോമയാൾജിയയും ആയി ചിലരിൽ അത് പകർന്നാട്ടം നടത്തും..

ചെറിയ സന്ധി തൊട്ട് എല്ലാ സന്ധികളിലും വേദനയും നീർക്കെട്ടും ആയി നോൺ സ്പെസിഫിക് ആർത്രൈറ്റിസുകൾക്കും ഇതു കാരണമാകാറുമുണ്ട്..നീണ്ടു നിൽക്കുന്ന നീർക്കെട്ട് ഒരു ഘട്ടം കഴിയുമ്പോൾ, ഒാട്ടോ ഇമ്യൂൺ ആർത്രൈറ്റിസുകൾക്കും രക്തവാതം എന്നു വിളിക്കാവുന്നറുമറ്റോയ്ഡ് ആർത്രൈറ്റിസിനും വഴിവക്കാനും സാദ്ധ്യത ഏറെയാണ്..

നാല് മാസങ്ങൾക്കു മുൻപ് ഒരു പേഷ്യൻ്റ് വന്നതോർക്കുന്നു..ഗവ: ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ് അവർ..കലശലായ പുറം വേദന ആയിരുന്നു അവർക്ക്..കൃത്യമായി പറഞ്ഞാൽ സാക്രോയിലൈറ്റിസ് ( Sacroilitis)..! ഒാട്ടോ ഇമ്യൂണിറ്റിയുടെ ലക്ഷണമായ ആന്റി ന്യൂക്ലിയർ ആന്റിബോഡി (എഎൻഎ) അവർക്ക് പൊസിറ്റീവ് ആയിരുന്നു..തണുപ്പുള്ള എണ്ണ തേച്ച്, മെഴുക്കു കളയാതെ പെട്ടെന്ന് ജോലിക്കിറങ്ങി വരുത്തി വച്ച നീർക്കെട്ടിൽ നിന്നും ഉദയം കൊണ്ട രോഗം ആയിരുന്നു അത്..!

തലയിൽ തേക്കുന്ന എണ്ണയെല്ലാം മാറ്റി, നീർക്കെട്ടിനും വേദനക്കും ഉള്ള കിടത്തി ചികിത്സ തുടങ്ങി..വളരെ പെട്ടെന്ന് തന്നെ,അവരുടെ വേദകൾ എല്ലാം മാറി..എഎൻഎ നെഗറ്റീവ് ആയി..ഇപ്പോഴവർ മറ്റൊരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ട്രാൻസ്ഫർ കിട്ടി രോഗമൊന്നുമില്ലാതെ കഴിയുകയാണ്..

സ്വന്തം ശരീര പ്രക്യതിക്കനുസരിച്ചുള്ള എണ്ണ തിരഞ്ഞെടുക്കുന്നതിൽ വിവേകം പുലർത്തുക എന്നതു തന്നെയാണ് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം..!അതിനായി, നീർക്കെട്ട് ഉണ്ടാക്കാത്ത രോഗാവസ്ഥക്ക് ഇണങ്ങുന്ന  എത്രയോ എണ്ണകൾ ആയുർവേദത്തിൽ തന്നെ ഉണ്ട്..ഡോക്ടറുടെ നിർദ്ദേശ പ്രകാരം, മാത്രം ഒരാൾക്ക് അനുയോജ്യമായ എണ്ണകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് ഇനിയെങ്കിലും മാറണം.

രാവിലെ എട്ടു മണിക്കു മുമ്പു തന്നെ കുളിക്കുകയും തലയിലെ മെഴുക്ക് വേണ്ട വിധം സോപ്പോ മറ്റോ ഉപയോഗിച്ച് കളയുന്നതും ഏറെ പ്രധാനമാണ്..പല ഉച്ചക്കുളികളും തലയിൽ വിയർപ്പ് താണ്, നീർക്കെട്ടിലേക്ക് തന്നെ എത്തിക്കും..!കുളി കഴിഞ്ഞ് എണ്ണ തേക്കുന്ന ചില ആളുകൾ ഉണ്ട്..അതും ക്രമേണ ഇത്തരം രോഗങ്ങൾ തന്നെ ക്ഷണിച്ചു വരുത്തും..!

നമ്മുടെ ആരോഗ്യം നമ്മുടെ ശീലങ്ങളിലാണ് ഇരിക്കുന്നത് എന്നത് വെറുമൊരു ചൊല്ലല്ല.. മരുന്നുകൾ കൊണ്ട് നേടാനാകാത്ത സ്വാസ്ഥ്യം, ഒരർത്ഥത്തിൽ ഇത്തരം ചെറിയ കാര്യങ്ങളെ  തന്നെയാണ് ആശ്രയിച്ചിരി ക്കുന്നത്...നിസാര കാര്യങ്ങൾ മതി,നമ്മുടെ ആരോഗ്യത്തെ ക്രിയാത്മകമായി മാറ്റി മറിക്കാൻ...

ഡോ. ഷാബു എ, ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട്

Tags:
  • Manorama Arogyam