Saturday 02 March 2024 09:50 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിന്റെ തോൾ അസ്ഥികൾക്കിടയില്‍ കുടുങ്ങും, വെള്ളം കുറഞ്ഞാല്‍ അണുബാധയും: അത്ര ലളിതമല്ല പ്രസവം

preg4354

തിരുവനന്തപുരത്ത് വീട്ടിൽ വച്ചു പ്രസവം നടത്തിയ സ്ത്രീ മരണപ്പെട്ട സംഭവം വായിച്ചു കാണുമല്ലൊ. എന്തുകൊണ്ടാണ് വീട്ടിൽ വച്ചുള്ള പ്രസവം നിരുത്സാഹപ്പെടുത്തുന്നത്? പണ്ടൊക്കെ 10–12 കുട്ടികളെ വീട്ടിലല്ലേ പ്രസവിച്ചിരുന്നത് എന്നു പറയുന്നവരുണ്ട്. 

 സാധാരണ പ്രസവത്തെ സുഖപ്രസവമെന്നു പറയുമെങ്കിലും അതത്ര ലളിതമായ കാര്യമല്ല.  അവിചാരിതമായ ഒട്ടേറെ സങ്കീർണതകൾക്കു സാധ്യതയുള്ള ഒന്നാണ് പ്രസവം.  ഗർഭകാലം പൂർത്തിയായി ഒരു പ്രശ്നവുമില്ല എന്നു കരുതുന്ന ഗർഭിണികളിൽ പോലും നിനച്ചിരിക്കാതെ എന്തെങ്കിലും പ്രശ്നങ്ങൾ വരാം. അതുകൊണ്ടു തന്നെ പ്രസവമടുക്കുമ്പോഴുള്ള സമയം അമ്മയുടെയും കുഞ്ഞിന്റെയും ജീവനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. 

28 ആഴ്ചകൾക്കുശേഷം പ്രസവത്തിനു മുൻപ് ഉണ്ടാകുന്ന രക്തസ്രാവം ആണ്  ആന്റിപാർട്ടം ഹെമറേജ് (Antepartum haemorrhage). ഒട്ടും വൈകാതെ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമാണിത്. അവസാന മാസങ്ങളിൽ ബിപി വളരെ കൂടി എക്ലാംസിയ എന്ന അവസ്ഥ വരാം. തലവേദന, കാഴ്ച മങ്ങൽ, വയറിനു മുകൾഭാഗത്തായി നടുവിലോ വലത്തു ഭാഗത്തോ വരുന്ന ശക്തമായ വേദന, വിശ്രമശേഷവും കാലുകളിൽ വരുന്ന നീര്, മൂത്രത്തിന്റെ അളവു കുറയൽ എന്നിവ ഈ രോഗാവസ്ഥയുെട സൂചനകളാണ്.

പ്രസവത്തിനു മുൻപ് അമ്നിയോട്ടിക് വെള്ളം പൊട്ടി പോകുന്ന അവസ്ഥ അവസാനമാസങ്ങളിൽ കണ്ടുവരുന്ന മറ്റൊരു സങ്കീർണതയാണ്. വെള്ളം കുറഞ്ഞാൽ ഗർഭപാത്രത്തിൽ അണുബാധ, കുഞ്ഞിന്റെ പൊക്കിൾകൊടി അമരുക എന്നിവയ്ക്കു സാധ്യത ഉണ്ട്. കുഞ്ഞിന്റെ അനക്കം കുറയുക, പൊക്കിൾക്കൊടി കഴുത്തിൽ മുറുകുക പോലെ കുഞ്ഞിനെ സംബന്ധിച്ചും ഒട്ടേറെ അപകടാവസ്ഥകൾ വരാം.

ഇനി, പ്രസവവേദന തുടങ്ങി പ്രസവം ആരംഭിച്ചാലും വിചാരിക്കാത്ത പ്രശ്നങ്ങൾ വരാം.  ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞു കിടക്കുന്ന അമ്നിയോട്ടിക് പ്ളൂയിഡ് അമ്മയുടെ രക്തത്തിൽ കലരുന്ന അമ്നിയോട്ടിക് പ്ളൂയിഡ് എംബോളിസം, പ്രസവാനന്തര രക്തസ്രാവം, കുഞ്ഞിന്റെ തോൾ പെൽവിക് അസ്ഥിക്കിടയിൽ കുടുങ്ങിപ്പോവുക പോലുള്ള സന്നിഗ്ധ ഘട്ടങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ വിദഗ്ധ ഡോക്ടർമാർക്കു തന്നെ പ്രയാസമാണ്. അപ്പോൾ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ? അതുപോലെ ആദ്യത്തെ പ്രസവങ്ങൾ സിസേറിയൻ ആയിരുന്നവരിൽ കഴിവതും സിസേറിയൻ ചെയ്യുന്നതാണു സുരക്ഷിതം.  

അതുകൊണ്ട് ഗർഭിണി ആകുമ്പോൾ മുതലേ  ഒരു ഡോക്ടറെ സ്ഥിരമായി കണ്ടു കൃത്യമായ പരിശോധനകൾ നടത്തണം. ഗർഭകാലം പൂർത്തിയാകുമ്പോൾ ഡോക്ടറുടെ നിർദേശമനുസരിച്ച് നേരത്തെ അഡ്‌മിറ്റാകാം. പണ്ടൊക്കെ പ്രസവതീയതി കഴിഞ്ഞാലും തനിയെ വേദന വന്നു പ്രസവിക്കാനായി കാത്തിരിക്കുമായിരുന്നു. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് ഗർഭകാലം പൂർത്തിയായി കഴിഞ്ഞാൽ താമസിപ്പിക്കാതെ കുഞ്ഞിനെ പുറത്തെടുക്കുന്നതാണു കൂടുതൽ നല്ലത് എന്നാണ്. 

സുരക്ഷിതമായ പ്രസവരീതികളെക്കുറിച്ചും പ്രസവത്തിനു ശേഷം വേണ്ടുന്ന കരുതലിനെ കുറിച്ചും കൂടുതൽ അറിയാൻ മനോരമ ആരോഗ്യം മാർച്ച് ലക്കം കാണുക. 

Tags:
  • Manorama Arogyam