ADVERTISEMENT

"അടുത്ത വീട്ടിലെ രാജി പ്രസവിച്ചു. കുഞ്ഞിന് ശ്വാസംമുട്ടുണ്ട്, മഷി കുടിച്ചതാണത്രെ... ഐസീയൂവിലാണ്…"

എന്താണീ മഷി കുടിക്കൽ?

ADVERTISEMENT

മഷി അഥവാ മെക്കോണിയം എന്ന് പറയുന്നത് നവജാത ശിശുവിന്റെ അപ്പിയാണ്. ടാർ പോലെ കൊഴുത്ത് കറുത്ത്, അല്ലെങ്കിൽ കടുംപച്ച നിറത്തിലാണ് അത്. ഗർഭപാത്രത്തിലിരിക്കെ കുഞ്ഞ് അകത്താക്കുന്ന Amniotic fluid, കുഞ്ഞിന്റെ ശരീരത്തിൽ നിന്നും പൊഴിഞ്ഞു പോയ നനുത്ത രോമങ്ങൾ, കുഞ്ഞിന്റെ പിത്തരസം, കുടലിന്റെ ഭിത്തിയിൽ നിന്നും പൊഴിഞ്ഞു പോയ കോശങ്ങൾ എന്നിവ ചേർന്നാണ് ഈ നിറത്തിലും രൂപത്തിലും ഉള്ള മഷി (Meconium) ഉണ്ടാകുന്നത്. സാധാരണ ഗതിയിൽ കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ മഷി പോകും. ഈ സമയത്തിനുള്ളിൽ പോയില്ലെങ്കിൽ ജന്മനാ മലദ്വാരം ഇല്ലാത്ത അവസ്ഥ, വൻ കുടലിനെ ബാധിക്കുന്ന ജന്മനായുള്ള രോഗമായ ഹിർഷ്സ്പ്രങ് രോഗം, തൈറോയിഡ് ഹോർമോണിന്റെ കുറവ് എന്നിവയിൽ ഏതെങ്കിലും ഉണ്ടോ എന്ന് ഡോക്ടർമാർ സംശയിക്കും.

ഏതാനും ദിവസം കൊണ്ട് ഈ കടുംനിറത്തിന് കുറവു വരും (Transitional stools). ഏതാണ്ട് ഒരാഴ്ച ആകുമ്പോളേക്കും സ്വർണ്ണ നിറമുള്ള (Golden yellow) അപ്പിയായി രൂപാന്തരം പ്രാപിക്കും. എന്നാൽ ചില അവസരങ്ങളിൽ ഈ സ്വർണ്ണവർണ്ണം ഇല്ലാത്ത, വെളുത്ത അഥവാ ചേടി (Clay) നിറത്തിലുള്ള അപ്പിയായിരിക്കും കുഞ്ഞിന്റെത്. പിത്തരസം കരളിൽ നിന്നും ചെറുകുടലിലേക്ക് എത്തിക്കുന്ന നാളികൾ ജന്മനാ അടഞ്ഞുപോകുന്ന ഗുരുതരമായ അവസ്ഥ (Biliary Atresia ) പോലുള്ള രോഗങ്ങൾ സംശയിക്കേണ്ട സാഹചര്യമാണിത്.

ADVERTISEMENT

കുഞ്ഞ് ഗർഭപാത്രത്തിനകത്ത് നിന്ന് തന്നെ മഷി കുടിക്കുമോ?

നൂറ് പ്രസവങ്ങൾ നടക്കുമ്പോൾ അതിൽ 10 മുതൽ 15 വരെ കേസുകളിൽ കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ അപ്പി ഇട്ടിരിക്കും. ഗർഭപാത്രത്തിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമത്തിനിടയിൽ സംഭവിക്കുന്നതാണിത്. ഏതു കുഞ്ഞിനും സംഭവിക്കാവുന്ന കാര്യമാണിത് എങ്കിലും മാസം തികയാതെയുള്ള പ്രസവങ്ങളിൽ വളരെ അപൂർവമാണ്. പ്രസവിക്കാനുള്ള തിയതിയോട് അടുക്കുമ്പോഴും അത് കഴിയുമ്പോളും ഇതിനുള്ള സാധ്യത വർദ്ധിക്കുന്നു. ഗർഭപാത്രത്തിനകത്ത് കുഞ്ഞിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോളും (Foetal distress) ഇതിനുള്ള സാധ്യത വർദ്ധിക്കുന്നു. ഗർഭസ്ഥ ശിശുവിന് വയറിളക്കം വരുന്ന അപൂർവ്വമായ സന്ദർഭങ്ങളിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.

ADVERTISEMENT

ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?

ഗർഭപാത്രത്തിനകത്ത് കുഞ്ഞ് ഒരു വെള്ളത്താൽ ( Amniotic fluid) ചുറ്റപ്പെട്ടാണ് കിടക്കുന്നത്. മഷി ഈ ദ്രാവകത്തിൽ കലരുന്നു. പച്ച വെള്ളം പോലുള്ള ഇതിന്റെ നിറം തവിട്ടുനിറമോ ഇളം പച്ച നിറമോ ആക്കുന്നു (Meconium Stained Amniotic Fluid - MSAF). കുഞ്ഞിന്റെ വയറ്റിലും ശ്വാസനാളത്തിലുമൊക്കെ Annniotic Fluid ഉണ്ടായിരിക്കും, സാധാരണ ഗതിയിൽ. ഈ സാഹചര്യത്തിൽ Meconium കുഞ്ഞിന്റെ ശ്വാസനാളത്തിൽ പ്രവേശിക്കുന്നു. Meconium ന്റെ കട്ടിയുള്ള കഷണങ്ങൾ ശ്വാസനാളിയിൽ തടസ്സമുണ്ടാക്കുകയും പ്രസവശേഷം കുഞ്ഞിന് ശ്വാസം മുട്ടുണ്ടാവുകയും ചെയ്യാം. ഈ അവസ്ഥയെ Meconium Aspiration Syndrome (MAS) എന്നു പറയുന്നു. മെകോണിയം കലർന്ന Amniotic Fluid ലൂടെ പുറത്ത് വരുന്ന കുഞ്ഞുങ്ങളിൽ 5% ന് MAS എന്ന ബുദ്ധിമുട്ടുണ്ടാകാം.

ഇത് പൂർണ്ണമായും തടയാനാകുമോ?

100 ശതമാനം പ്രസവങ്ങളും പ്രസവത്തിയതി ആകുന്നതിന് മുമ്പുതന്നെ, പ്രസവവേദന തുടങ്ങുന്നതിന് മുമ്പുതന്നെ സിസേറിയൻ വഴി നടത്തുകയാണെങ്കിൽ ഒരുപക്ഷേ ഇത് തടയാൻ പറ്റും. എന്നാൽ ഇത് ഒരിക്കലും സ്വീകരിക്കാൻ പറ്റുന്ന നടപടി അല്ലല്ലോ..

കുഞ്ഞ് ഗർഭപാത്രത്തിനകത്ത് തന്നെ മഷിയിട്ടു എന്നറിഞ്ഞാൽ എന്തു ചെയ്യും?

ഗർഭപാത്രത്തിനകത്ത് കുഞ്ഞ് സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്താൻ കൃത്യമായ നിരീക്ഷണം വേണം. കുഞ്ഞിന്റെ ഹൃദയമിടിപ്പ്, അനക്കം എന്നിവ നിരീക്ഷിക്കും. കൂടാതെ ചില ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും ഇതിൽ പെടുന്നു. പ്രസവം അധികം താമസിക്കാതെ നടക്കുന്നു എന്ന് ഉറപ്പു വരുത്തും. സ്വാഭാവിക പ്രസവം സാധ്യമാകുമെങ്കിൽ അങ്ങനെ. ചിലപ്പോൾ സിസേറിയൻ വേണ്ടി വന്നേക്കാം.

കുഞ്ഞിന്റെ ശ്വാസനാളിയിൽ കയറിയ മഷി എങ്ങനെ പുറത്തുകളയും?

കഴിഞ്ഞ 20- 30 വർഷങ്ങൾ കൊണ്ട് കുഞ്ഞിനെ എങ്ങനെ ചികിൽസിക്കണം എന്ന കാര്യത്തിൽ വളരെയേറെ മാറ്റങ്ങൾ വന്നു. 90 കളിലെ രീതിയനുസരിച്ച് പ്രസവ സമയത്ത് കുഞ്ഞിന്റെ തല പുറത്തു വന്നയുടനെ കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും മെകോണിയം സക്ഷൻ ഉപകരണം വഴി പുറത്ത് കളയുമായിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ല എന്നും കുഞ്ഞു പുറത്ത് വന്നയുടനെ, കരയുന്നതിന് മുമ്പ് ശ്വാസനാളത്തിൽ ട്യൂബ് ഇട്ട് Meconium Suction ചെയ്ത് കളഞ്ഞാൽ മതി എന്നായി. പിന്നീട് അതും മാറി. പ്രസവിച്ച ഉടനെ കരഞ്ഞ കുഞ്ഞുങ്ങൾക്ക് ട്യൂബ് ഇടേണ്ടതില്ല, കരയാത്ത (ശ്വസിക്കാൻ വയ്യാത്ത) കുഞ്ഞുങ്ങൾക്ക് മാത്രം മതി എന്നായി.

എന്നാലിന്ന് അതിനും മാറ്റം വന്നു. ശ്വാസനാളിയിൽ നിന്നും മെക്കോണിയം പുറത്ത് കളയാനായി ട്യൂബിടാൻ സമയം കളയാതെ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകുന്നതിനാണ് കൂടുതൽ പ്രാധാന്യം എന്നതാണ് ഇന്നത്തെ രീതി. നമ്മൾ ചെയ്യുന്ന ഇടപെടലുകൾ ഗുണകരമാക്കുന്നുണ്ടോ എന്ന് ബോധ്യപ്പെടുകയും ഇല്ലെങ്കിൽ ചെയ്യുന്ന രീതി മാറ്റാൻ തയ്യാറാകുകയും ചെയ്യുന്ന Evidence Based Medicine ന്റെ പ്രത്യേകതയാണിത്.

MAS വന്നാൽ എന്തു ചെയ്യും?

രക്തത്തിലെ ഓക്സിജന്റെ അളവ് കുറയാതെ നോക്കുക, ആവശ്യമെങ്കിൽ Ventilator സഹായം ലഭ്യമാക്കുക, പാൽ കുടിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ ശ്വാസം മുട്ടുണ്ടെങ്കിൽ ഡ്രിപ് ഇടുക, അണുബാധയുടെ സാഹചര്യം ഉണ്ടെങ്കിൽ ആന്റ്ബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുക ഇവയൊക്കെയാണ് പ്രധാനമായും ചെയ്യുന്നത്. 95 ശതമാനത്തിലധികം കുഞ്ഞുങ്ങളും ഇത്തരം ചികിത്സയിലൂടെ രക്ഷപ്പെടുന്നു.

എഴുതിയത്: Dr. Mohandas Nair, ഇന്‍ഫോക്ലിനിക് ഫെയ്സ്ബുക് പേജ്

ADVERTISEMENT