Friday 16 August 2024 05:10 PM IST : By Manorama Arogyam Research Desk

ചിക്കന്‍പോക്സില്‍ നിന്നും വ്യത്യസ്തമായി വലിയ പാടുകള്‍, ലിംഫ്നോഡുകളില്‍ വീക്കം- മങ്കിപോക്സ് പകരുന്ന വഴിയും ലക്ഷണങ്ങളും

monkey4324

കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്ന സാഹചര്യത്തിൽ മങ്കിപോക്സിനെ ഒരു പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ രോഗത്തെക്കുറിച്ചു ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. 

എംപോക്സ് അഥവാ മങ്കിപോക്സ് മങ്കിപോക്സ് വൈറസ് കാരണമുണ്ടാകുന്ന രോഗമാണ്.  ഈ വൈറൽ അണുബാധ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു  നേരിട്ടു പകരുന്നതാണ്.  കൂടാതെ രോഗബാധിതൻ സ്പർശിച്ച ഇടങ്ങളും  വസ്തുക്കളും ഇടപഴകിയ ചുറ്റുപാടുകളും വഴിയും പകരാനുള്ള സാധ്യതയുമുണ്ട്. മങ്കിപോക്സ് ബാധയുള്ള സ്ഥലങ്ങളിൽ രോഗബാധിതരായ മൃഗങ്ങളിൽ നിന്നും നേരിട്ടുള്ള ഇടപഴകൽ വഴി മനുഷ്യരിലേക്കു പകരാം. മങ്കിപോക്സിനെ സൂചിപ്പിക്കാനായി ലോകാരോഗ്യസംഘടന എംപോക്സ് എന്ന പദമാണ് ഉപയോഗിക്കുന്നത്. മധ്യ–പടിഞ്ഞാറൻ ആഫ്രിക്കയിലാണു സാധാരണ മങ്കിപോക്സ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നത്. രാജ്യാന്തര യാത്രകളും മൃഗങ്ങളുടെ ഇറക്കുമതിയും രോഗബാധിതരായ മനുഷ്യരും മൃഗങ്ങളുമായുള്ള അടുത്തിടപഴകലും ഒക്കെയാണു രോഗം ആഫ്രിക്ക വിട്ടു പുറംരാജ്യങ്ങളിലേക്കു പടർരാനുള്ള പ്രധാന കാരണങ്ങൾ. 

ലക്ഷണങ്ങൾ അറിയാം

രണ്ടു മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന റാഷ് അഥവാ ചുവന്ന തടിപ്പ് സാധാരണ ലക്ഷണമാണ്. ഇതിനെ തുടർന്ന് പനി, തലവേദന, പേശീവേദന, നടുവേദന, ലിംഫ് നോഡുകൾക്കു വീക്കം, ക്ഷീണം എന്നിവയും പ്രകടമാകാം. കുമിളകൾ പോലെയുള്ള റാഷ് മുഖത്തും കൈപ്പത്തികളിലും പാദങ്ങളുടെ ഉപ്പൂറ്റികളിലും സ്വകാര്യഭാഗങ്ങളിലും മലദ്വാരഭാഗത്തും ഉണ്ടാകാം.  ചിലരിൽ ലക്ഷണങ്ങൾ അത്ര കടുത്തതായിരിക്കില്ല.  എന്നാൽ ചിലരിൽ, പ്രത്യേകിച്ച് ഗർഭിണികൾ, കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ലക്ഷണങ്ങൾ ഗുരുതരമാകാനും ആശുപത്രിവാസം വേണ്ടിവരാനും സാധ്യതയുണ്ട്. 

പനിക്കും ശരീരവേദനയ്ക്കുമുള്ള മരുന്നുകൾ പോലുള്ള ചികിത്സ കൊണ്ടു തന്നെ രോഗബാധിതരിൽ മിക്കവരിലും  ലക്ഷണങ്ങൾ മാറുന്നതാണ്. എന്നാൽ മുൻപു സൂചിപ്പിച്ചതുപോലെയുള്ള വിഭാഗങ്ങളിലുള്ളവരിൽ ലക്ഷണങ്ങൾ കൂടുതൽ സങ്കീർണമാകാനും മരണം പോലും സംഭവിക്കാനുമിടയുണ്ട്. 

ചിക്കൻപോക്സിൽ നിന്നും വ്യത്യസ്തം

ലക്ഷണങ്ങൾ ഏതാണ്ടെല്ലാം തന്നെ ചിക്കൻപോക്സിന്റേതുമായി സാമ്യമുള്ളവയാണ്. അതുകൊണ്ട് സാധാരണക്കാരെ സംബന്ധിച്ച് ആശയക്കുഴപ്പം തോന്നാം. പക്ഷേ, മങ്കിപോക്സിന്റെ വ്രണങ്ങൾ ചിക്കൻപോക്സിന്റേതിലും വലുതാണ്. ചർമത്തിൽ ആഴത്തിലാണു കാണുന്നത്. മാത്രമല്ല ചിക്കൻപോക്സിൽ ലിംഫ് നോഡുകൾക്കു വീക്കം സാധാരണയായി കാണാറില്ല. ചിക്കൻപോക്സിൽ ആദ്യം നെഞ്ചിൽ, പിന്നെ മുതുകിൽ, മുഖത്ത് എന്നിങ്ങനെ പലതായാണു ഉണലുകൾ വരിക. പക്ഷേ, മങ്കിപോക്സിൽ ഒറ്റയടിക്കു ശരീരഭാഗങ്ങളിൽ ഒരുമിച്ചു പ്രത്യക്ഷമാകാം. 

പകരുന്ന വഴി

രോഗബാധിതമായ മൃഗങ്ങളിൽ നിന്നു നേരിട്ടും അതല്ലാതെ രോഗബാധിതരായ മനുഷ്യർ വഴിയും രോഗം പകരാം. 

മനുഷ്യർ വഴി പകരുന്ന രീതി

∙ മങ്കിപോക്സ് വൈറസ് ബാധിച്ചയാളുമായുള്ള നേരിട്ടുള്ള ഇടപഴകൽ വഴി– മുഖത്തോടു മുഖം സംസാരിക്കുക, വളരെ അടുത്തിരിക്കുക, സ്പർശിക്കുക, ചുംബിക്കുക, ലൈംഗികബന്ധം വഴി 

∙ ശരീരത്തുള്ള കുമിളകൾ അഥവാ ഉണലുകൾ  ഉണങ്ങി പൊറ്റ കെട്ടും വരെ രോഗപ്പകർച്ചയുണ്ടാകാം. ഇതിനു രണ്ടു മുതൽ നാല് ആഴ്ച വരെ സമയമെടുക്കും.

മൃഗങ്ങളിൽ നിന്ന്

 രോഗബാധയുള്ള മൃഗവുമായി (ഉദാഹരണത്തിന് കുരങ്ങ്, അണ്ണാൻ) നേരിട്ട് ഇടപഴകുന്നതു വഴി രോഗം പകരാം.   നേരിട്ടുള്ള ഇടപഴകൽ എന്നു പറയുമ്പോൾ കടിയോ മാന്തോ മാത്രമല്ല ഈ മൃഗങ്ങളുടെ മാംസം പാകപ്പെടുത്തുന്നതു വഴിയും നന്നായി വേവിക്കാതെ കഴിത്തുന്നതു വഴിയും രോഗം പകരാം. 

എംപോക്സിനു പ്രത്യേക ചികിത്സയൊന്നുമില്ല. മരുന്നുകൾ വഴി ലക്ഷണങ്ങൾക്ക് ആശ്വാസം ലഭിക്കും.  രോഗം പൂർണമായും മാറും വരെ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക, നല്ല ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആവശ്യത്തിനു വിശ്രമിക്കുക. സാധാരണയിൽ കവിഞ്ഞ അസ്വാസ്ഥ്യങ്ങളോ ലക്ഷണങ്ങളുടെ തീവ്രത കൂടുകയോ ചെയ്താൽ വൈദ്യസഹായം തേടുക.  നിലവില്‍ മങ്കിപോക്സിനു രണ്ടു വാക്സീനുകളുണ്ട്. 

എംപോക്സ് വൈറസ് ആദ്യമായി 1970 ലാണു മനുഷ്യരിൽ കാണുന്നത്.  2022 ജൂലൈയിൽ വൈറസ് അതിവേഗം രാജ്യങ്ങളിലൂടെ പടരുന്നതു കണ്ട് പൊതു ആരോഗ്യ അടിയന്തരാവസ്ഥ ആയി പ്രഖ്യാപിച്ചിരുന്നു.  കേസുകൾ കുറഞ്ഞതിനെ തുടർന്നു 2023 മേയ് മാസത്തിൽ അടിയന്ത്രാവസ്ഥ അവസാനിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡെമോക്രാറ്റിക് റിപ്ലബിക് ഒാഫ് കൊംഗോ ( ഡിആർസി) യിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഒാരോ വർഷവും രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നതായാണു കാണുന്നത്.  

Tags:
  • Manorama Arogyam