Friday 22 November 2024 05:10 PM IST : By സ്വന്തം ലേഖകൻ

പൈൽസിനുള്ള പുതുചികിത്സകള്‍ അറിയാം? ശസ്ത്രക്രിയ ചെയ്താലും പൈൽസ് വീണ്ടും വരുമോ?

piles5465

അസ്വസ്ഥതയോ ദേഷ്യമോ പ്രകടിപ്പിക്കുന്നവരോടു പലരും ചോദിക്കാറുണ്ട്, ‘മൂലക്കുരുവിന്റെ അസുഖമുണ്ടോ? എന്ന് . അ ത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗാവസ്ഥയാണു മൂലക്കുരു എന്നു പൊതുവെ അറിയപ്പെടുന്ന പൈൽസ് എന്ന് ആ ചോദ്യത്തിൽ നിന്നു തന്നെ വ്യക്തമാണ്. പൈൽസ് അ ഥവാ ഹെമറോയ്ഡ് എന്ന രോഗാവസ്ഥയാൽ വലയുന്ന ഒട്ടേറെപ്പേർ നമുക്കു ചുറ്റുമുണ്ട്. ശാസ്ത്രീയമായ ചികിത്സ ചെയ്യാതെ മറ്റു ചികിത്സകളിലേക്കു പോയി രോഗാവസ്ഥ വഷളാക്കുന്നവരും ഉണ്ട്. അതുകൊണ്ടു പൈൽസ് രോഗത്തെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയേണ്ടതു പ്രധാനമാണ്. പൈൽസ് രോഗത്തെക്കുറിച്ചുള്ള സംശയങ്ങൾക്കു മറുപടികൾ അറിയാം, 

Qപൈൽസ് രോഗം രണ്ടു തരത്തിലുണ്ടോ? വിശദമാക്കാമോ?

വൻകുടലിന്റെ അവസാന ഭാഗത്താണു മലാശയം സ്ഥിതിചെയ്യുന്നത്. മലാശയത്തിൽ നിന്നും മലദ്വാരത്തിലേക്കുള്ള നാലു സെ.മീറ്ററോളം നീളം വരുന്ന ഭാഗമാണ് ഏനൽ കനാൽ. മലദ്വാരം മുതലുള്ള 1.5 സെ.മീ ഭാഗത്തു സംവേദനക്ഷമമായ നാഡികൾ ഉണ്ട്. ഈ ഭാഗത്തിനു തൊട്ടു മുകളിലാണു ഡെന്റേറ്റ് ലൈനിങ് എന്നറിയപ്പെടുന്ന സ്തരം സ്ഥിതി ചെയ്യുന്നത്. ഇത്രയും കാര്യങ്ങൾ പ്രാഥമികമായി അറിയേണ്ടതാണ്. 

മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിച്ചു വീർത്തു പുറത്തേക്കു തള്ളി വരുന്ന അവസ്ഥയാണു പൈൽസ് അഥവാ മൂലക്കുരു (അർശസ്സ്). മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണു പൈൽസ് എന്നും പറയാം.

പൈൽസ് ഏതു ഭാഗത്തു വരുന്നു എന്നതിനനുസരിച്ച് അതിനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.പുറത്തെ പൈൽസ് (External haemorrhoids) എന്നും അകത്തെ പൈൽസ് (Internal haemorrhoids) എന്നും. 

മലദ്വാരത്തിനുള്ളിലെ ഡെന്റേറ്റ് ലൈൻ എന്ന സ്തരത്തിനു താഴെയാണു പൈൽസ് എങ്കിൽ അതിനെ പുറത്തെ പൈൽസ് എന്നും സ്തരത്തിനു മുകളിലാണു പൈൽസ് എങ്കിൽ അകത്തെ പൈൽസ് എന്നും വിളിക്കുന്നു. വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം വർധിക്കുമ്പോൾ അവ പൊട്ടി രക്തസ്രാവം ഉണ്ടാകാം. 

Qപൈൽസ് രോഗം ആർക്കെല്ലാം വരാം? ഇതു പാരമ്പര്യ രോഗമാണോ? സ്ത്രീകളിലാണോ പുരുഷന്മാരിലാണോ കൂടുതൽ? 

ഏതു പ്രായക്കാർക്കും പൈൽസ് വരാം. സ്ത്രീപുരുഷഭേദം അതിൽ പറയാനാകില്ല. പൈൽസ് ഒരു പാരമ്പര്യരോഗമല്ല എന്നാണു  പൊതുവെയുള്ള ഒരു വിലയിരുത്തൽ. മനുഷ്യർ രണ്ടു കാലിൽ നിവർന്നു നിൽക്കുന്നതിനാൽ  അതു കാരണമുള്ള അമിതമർദം മലാശയത്തിലെ രക്തക്കുഴലുകളെ ബാധിച്ച് അവയ്ക്കു വീക്കം വരുന്നതാണു പൈൽസിന്റെ കാരണമെന്നും കരുതപ്പെടുന്നു. എന്നാൽ ചിലരിലെങ്കിലും മലദ്വാര മേഖലയിലെ സിരകളുടെ ഭിത്തിയിലെ ബലഹീനത പാരമ്പര്യമായി ഉണ്ടാകുന്നതു പൈൽസിനു കാരണമാകുന്നു. പുരുഷന്മാരിലും സ്ത്രീകളിലും വളരെ സാധാരണമായി പൈൽസ് കാണുന്നു. 

Qപൈൽസ് രോഗത്തിന്റെ പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങളും രോഗം തീവ്രമാകുമ്പോഴുള്ള ലക്ഷണങ്ങളും? രക്തസ്രാവത്തിന്റെ പ്രത്യേകതകൾ?

മലവിസർജന സമയത്തുണ്ടാകുന്ന രക്തസ്രാവം, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ഇരിക്കുമ്പോഴോ മലവിസർജന സമയത്തോ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും, മലദ്വാരത്തിനു ചുറ്റും വീക്കം അല്ലെങ്കിൽ മാംസപിണ്ഡങ്ങൾ തടിച്ചു നിൽക്കുക എന്നിവ പൈൽസിന്റെ പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങളിൽ പെടുന്നു. എന്നാൽ പൈൽസ് രോഗം തീവ്രമായി കഴിഞ്ഞാൽ അമിത രക്തസ്രാവവും രക്തക്കുറവും കാരണം വിളർച്ച മുതലായ ലക്ഷണങ്ങളും കാണപ്പെടാം. ചിലപ്പോഴെങ്കിലും പൈൽസിൽ അണുബാധ ഉണ്ടാകുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ അമിതമായ വേദനയും നീറ്റലും അനുഭവപ്പെടാറുണ്ട്. മലവിസർജനത്തിനു മുമ്പും ശേഷവും തുള്ളികളായി രക്തം ഇറ്റു വീഴുന്നതും രക്തം ചീറ്റുന്നതും പൈൽസ് കാരണമുള്ള രക്തസ്രാവത്തിന്റെ പ്രത്യേകതകളാണ്.

Qപൈൽസ് രോഗാവസ്ഥയ്ക്കു നാലു ഘട്ടങ്ങൾ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവ വിശദമാക്കുക.

പൈൽസിന്റെ നാലു ഘട്ടങ്ങളെ ഗ്രേഡ് 1, 2, 3, 4 എന്നിങ്ങനെ തരംതിരിക്കാം. രോഗത്തിന്റെ ഒന്നാം ഘട്ടത്തിൽ രക്തസ്രാവം ഉണ്ടായില്ലെങ്കിൽ രോഗം അറിയാതെ പോയേക്കാം ഈ ഘട്ടത്തിൽ അകത്തെ പൈൽസ് ചെറുതായി പുറത്തേക്കു വരുന്നുണ്ടെങ്കിലും തള്ളി വരുന്നില്ല. മലബന്ധം ഉണ്ടായാൽ രക്തസ്രാവം ഉണ്ടാകുകയും വിസർജനത്തിനായി സമ്മർദം ചെലുത്തുമ്പോൾ പൈൽസ് പുറത്തേക്കു തള്ളി വരികയും ചെയ്യുന്ന അവസ്ഥയെ രോഗത്തിന്റെ രണ്ടാംഘട്ടം എന്നു പറയാം. വിസർജനം കഴിയുന്നതോടെ ഈ പൈൽസ് ഉള്ളിലേക്കു കയറിപ്പോകും. രോഗത്തിന്റെ മൂന്നാംഘട്ടത്തിൽ വിസർജന സമയത്തു പൈൽസ് പുറത്തേക്കു തള്ളി വരികയും (സമ്മർദം ചെലുത്തിയില്ലെങ്കിലും) വിസർജനശേഷം കൈകൊണ്ട് അകത്തേക്കു തള്ളി വയ്ക്കേണ്ടതായും വരുന്നു. നാലാംഘട്ടത്തിൽ ഒരു മാംസപിണ്ഡം പോലെ പൈൽസ് പുറത്തേക്കു തള്ളി വരികയും, കൈകൊണ്ടു തള്ളിയാലും അകത്തേക്കു കയറാതിരിക്കുകയും ചെയ്യുന്നു.

Qപൈൽസ് രോഗം സംശയിക്കുന്ന ഘട്ടത്തിലെ രോഗനിർണയ മാർഗങ്ങൾ എന്തെല്ലാം?

പൈൽസ് രോഗനിർണയം ഒരു വിഷ്വൽ പരിശോധനയിലൂടെയാണ്. ഇത് റെക്‌റ്റൽ ഡിജി‌റ്റൽ എക്സാമിനേഷൻ (rectal digital examination) എന്നറിയപ്പെടുന്നു. മറ്റു മാർഗങ്ങളായ ഏയ്നോസ്കോപി (anoscopy), പ്രോട്ടോസ്കോപി ( proctoscopy) എന്നിവ ഉപയോഗിച്ചും രോഗനിർണയം നടത്താം. കൊളനോസ്കോപ് (colonoscope) ഉപയോഗിച്ചു കുടലിനകത്തേക്കു നോക്കുന്ന സിഗ്മോയ്ഡോസ്കോപി (sigmoidoscopy),കോളനോസ്കോപി മുതലായ പരിശോധനകൾ ചിലപ്പോൾ ചെയ്യേണ്ടി വരാം. കുടലിനകത്തുള്ള കാൻസർ പോലുള്ള രോഗങ്ങൾ കാരണമല്ല രക്തസ്രാവം ഉണ്ടാകുന്നത് എന്ന് ഉറപ്പുവരുത്താനാണു പ്രധാനമായും സിഗ്മോയ്ഡോസ്കോപി, കോളനോസ്കോപി മുതലായ പരിശോധനകൾ ചെയ്യുന്നത്.

Qപൈൽസ് രോഗത്തിന്റെ ചികിത്സാരീതികൾ എന്തെല്ലാം? മരുന്നുചികിത്സ ഉൾപ്പടെയുള്ള മാർഗങ്ങൾ ഫലപ്രദമാണോ?

ശസ്ത്രക്രിയേതര ചികിത്സകൾ പൈൽസിന്റെ ആദ്യ ഘട്ടങ്ങളിൽ ഫലപ്രദമാണ്. ജീവിതശൈലീപരിഷ്ക്കരണങ്ങളും നാരുകളടങ്ങിയ ഭക്ഷണങ്ങളും ഒരു പരിധിവരെ പൈൽസിെന തടയും. പൈൽസ് കാരണമുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ ക്രീമുകൾ, സപ്പോസിറ്ററികൾ, സിറ്റ്സ് ബാത് (sitz bath) എന്നിവയും ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. വിസർജനശേഷം ഇവയൊന്നും രോഗലക്ഷണങ്ങളായ രക്തസ്രാവം, വേദന, ചൊറിച്ചിൽ മുതലായവ പരിഹരിക്കുന്നില്ലെങ്കിൽ ഇലാസ്‌റ്റിക് ബാൻഡ് ലിഗേഷൻ (elastic band ligation), സ്ക്ലീറോതെറപ്പി (sclerotherapy), ലേസർ ചികിത്സ (laser Treatment ) മുതലായ മാർഗങ്ങൾ അവലംബിക്കാം. സ്ക്ലീറോതെറപ്പിയിൽ പൈൽസിന്റെ താഴ്ഭാഗത്ത് സ്ക്ലീറസെന്റ് മരുന്നുകൾ കുത്തിവയ്ക്കുന്നു. അങ്ങനെ രക്തക്കുഴലിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടഞ്ഞു പൈൽസ് ചുരുങ്ങാനിടയാക്കുന്നു.

പൈൽസിന്റെ മുകൾ ഭാഗത്ത് ഉപകരണത്തിന്റെ സഹായത്തോടെ ഒരു ഇലാസ്‌റ്റിക് ബാൻഡ് ഇടുന്ന ചികിത്സയാണ് ഇലാസ്‌റ്റിക് ബാൻഡ് ലിഗേഷൻ. അങ്ങനെ പൈൽസിലേക്കുള്ള രക്തയോട്ടം നിലച്ച് അതു ചുരുങ്ങി കൊഴിഞ്ഞു പോകുന്നു. ഇൻഫ്രാറെഡ് , ലേസർ ചികിത്സകളിൽ വിവിധ തരം താപ ഉൗർജം പൈൽസിലേക്കു കടത്തി വിട്ടു രക്തക്കുഴലുകളെയും കലകളേയും കരിച്ചു കളയുന്നു.

Qപൈൽസ് ചികിത്സയിൽ നിലവിലുള്ളതും നൂതനവുമായ ചികിത്സാരീതികൾ? ശസ്ത്രക്രിയ ചെയ്താലും പൈൽസ് വീണ്ടും വരുമോ?

ഇൻജക്‌ഷൻ തെറപ്പി (Injection sclerotherapy), ഇൻഫ്രാറെഡ് ഫോട്ടോ കോയാഗുലേഷൻ ( infrared photocoagulation), റബർ ബാൻഡ് ലിഗേഷൻ (rubber band ligation) മുതലായവയാണു പൈൽസിന്റെ ശസ്ത്രക്രിയേതരചികിത്സാരീതികൾ എന്നു മുൻപു സൂചിപ്പിച്ചു. ലേസർ ഹെമറോയ്ഡെക്‌റ്റമി (laser hemorrhoidectomy),സ്‌റ്റേയ്പ്ലർ ഹെമറോയ്ഡെക്‌റ്റമി
( stapler hemorrhoidectomy) ഹെമറോയ്ഡ് ആർട്ടറി ലിഗേഷൻ , (hemorrhoid artery ligation) മുതലായ ശസ്ത്രക്രിയകളാണു നില വിലുള്ള ചികിത്സാരീതികൾ.

വേദന കുറവുള്ള ചികിത്സാ രീതിയാണു സ്‌റ്റേയ്പ്ലർ ഹെമറോയ്ഡെക്‌റ്റമി. സവിശേഷമായ ഒരു ഉപകരണത്തിന്റെ സഹായത്തോടെ തള്ളി നിൽക്കുന്ന പൈൽസിനെ വൃത്താകൃതിയിൽ മുറിച്ചു മാറ്റുകയും മുറിവിനു മുകളിലും താഴെയും സ്‌റ്റേപ്പിൾ ഇടുകയും ചെയ്യുന്നു. ആർട്ടീരിയൽ ഡോപ്ലർ ഉപയോഗിച്ചു പൈൽസിലേക്കു രക്തമെത്തിക്കുന്ന രക്തധമനി കണ്ടെത്തി അതിലേക്കുള്ള രക്തയോട്ടം തടയുകയാണു ഹെമറോയ്ഡ് ആർട്ടറി ലിഗേഷനിൽ ചെയ്യുന്നത്. അങ്ങനെ പൈൽസ് ചുരുങ്ങി കൊഴിഞ്ഞു പോകുന്നു. ലേസർ ബീമിന്റെ സഹായത്തോടെ പൈൽസിലെ രക്തക്കുഴലുകളെ സീൽ ചെയ്യുകയാണു ലേസർ ഹെമറോയ്ഡെക്‌റ്റമിയിൽ ചെയ്യുന്നത്. അവയുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു.

പൈൽസിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതശൈലിയിൽ മാറ്റം വരുത്താത്തവർക്കു പൈൽസ് വീണ്ടും വന്നേക്കാം. ശസ്ത്രക്രിയയ്ക്കു ശേഷം മലബന്ധം ഒഴിവാക്കുകയും മറ്റു ജീവിതശൈലീ കാരണങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുകയും ചെയ്താൽ പൈൽസ് വീണ്ടും വരുന്നത് ഒഴിവാക്കാം.

ഡോ. ജിജോ വി. ചെറിയാൻ

സീനിയർ കൺസൽറ്റന്റ്
സെന്റർ ഫോർ ഗ്യാസ്ട്രോ സയൻസസ്,
മേയ്ത്ര ഹോസ്പിറ്റൽ , കോഴിക്കോട്

Tags:
  • Manorama Arogyam