Tuesday 21 March 2023 11:33 AM IST

നിസാര ചെലവിൽ കണ്ണിനു ചികിത്സ, പലരും ശ്രദ്ധിക്കാതെ പോകുന്ന സേവനങ്ങൾ: ഒപ്പം കണ്ണട വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Asha Thomas

Senior Sub Editor, Manorama Arogyam

Trtment4556

കണ്ണിന്റെയും പല്ലിന്റെയും സ്പെഷാലിറ്റി ചികിത്സക ൾ വ്യാപകമായുള്ളത് സ്വകാര്യമേഖലയിലാണ്. അതുകൊണ്ടു ത ന്നെ ആളുകൾ കൂടുതലായും സ്വകാര്യ ക്ലിനിക്കുകളെയും ആശുപത്രികളെയുമാണ് പ്രധാനമായും ഈ വിഭാഗങ്ങളിലെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കണ്ണിന്റെയും പല്ലിന്റെയും ചികിത്സയിൽ ചെലവു ചുരുക്കാനുള്ള വഴികൾ പ്രത്യേകമായി അറിയേണ്ടതുണ്ട്.

കണ്ണിന്റെ ചികിത്സ

∙  സർക്കാർ സേവനങ്ങൾ തേടാം

മിക്കവാറും എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും വിഷൻ കേന്ദ്രങ്ങളുണ്ട്. ആഴ്ചയിൽ ഏതാനും ദിവസം ബ്ലോക്കുകളിൽ നിന്നുള്ള ഒഫ്താൽമിക് അസിസ്റ്റന്റുമാരുടെ സേവനം ഇവിടങ്ങളിൽ ലഭ്യമാണ്.ഇവർ കണ്ണിന്റെ പവർ പരിശോധിക്കുകയും തത്സംബന്ധമായ പ്രിസ്ക്രിപ്ഷൻ നൽകുകയും ചെയ്യും. കുട്ടികളിലെ അന്ധത പ്രതിരോധിക്കുന്നതിനായി വൈറ്റമിൻ എ തുള്ളിമരുന്നുകളും ലഭിക്കും. എല്ലാ ജില്ലാÐ താലൂക്ക് ആശുപത്രികളിലും നേത്രരോഗ വിദഗ്ധരുടെ സേ വനം ലഭ്യമാണ്. തിമിരത്തിനുൾപ്പെടെയുള്ള ചില നേത്രസർജറികളും ഇവിടെ ചെലവു കുറച്ചു നടത്താനാകും.

സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാംപുകൾ സർക്കാർ തലത്തിൽ നടത്താറുണ്ട്. അവ ഉപയോഗപ്പെടുത്താം. 14 ജില്ലാ ആശുപത്രികളിലും 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ് ക്ലിനിക്കുകളുണ്ട്. ഇത് പ്രമേഹമുള്ളവരിലെ കാഴ്ച പ്രശ്നങ്ങളെ കുറഞ്ഞ ചെലവിൽ കണ്ടെത്താൻ സഹായിക്കും.

നാഷനൽ പ്രോഗ്രാം ഫോർ കൺട്രോൾ ഒഫ് ബ്ലൈൻഡ്നെസ്സ് ആൻഡ് വിഷൻ ഇംപെയർമെന്റിന്റെ ഭാഗമായി കാഴ്ചപ്രശ്നങ്ങൾ തിരിച്ചറിയാനായി ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ക്യാംപുകൾ നടത്താറുണ്ട്. ഈ ക്യാംപുകളിൽ കാഴ്ചപ്രശ്നങ്ങളുള്ളതായി തിരിച്ചറിഞ്ഞവരിൽ തിരഞ്ഞെടുത്ത ഏതാനും പേർക്കു സൗജന്യമായി കണ്ണടകൾ നൽകുന്നു.

സ്കൂളുകളിൽ കുട്ടികളിലെ ഹ്രസ്വദൃഷ്ടി തിരിച്ചറിയുന്നതിനു ചാർട്ട് ഉപയോഗിച്ചുള്ള പരിശോധനകൾ പരിശീലനം ലഭിച്ച അധ്യാപകരോ ആർബിഎസ്കെ നഴ്സുമാരോ നടത്താറുണ്ട്. ഇതുവഴി കുട്ടികളിലെ കാഴ്ചപ്രശ്നങ്ങൾ പണച്ചെലവില്ലാതെ നേരത്തെ ത ന്നെ തിരിച്ചറിയാനാകും. തിരഞ്ഞെടുത്ത ഏതാനും കുട്ടികൾക്ക് കണ്ണട സൗജന്യമായി ലഭിക്കുകയും ചെയ്യും.

40 നു ശേഷം കണ്ണു പരിശോധന

40 വയസ്സാകുമ്പോഴേക്കും വെള്ളെഴുത്തു വരാം. പിന്നീടങ്ങോട്ടു പലതരം നേത്രപ്രശ്നങ്ങൾക്കു സാധ്യത വർധിക്കുന്നു. അതുകൊണ്ട് 40 വയസ്സു മുതൽ എല്ലാ രണ്ടു വർഷം കൂടുന്തോറും കണ്ണു പരിശോധിക്കണം. കണ്ണിലെ പ്രഷർ വർധിക്കുന്ന ഗ്ലോക്കോമ, തിമിരം പോലുള്ള നേത്രപ്രശ്നങ്ങളെ തുടക്കത്തിൽ തന്നെ കണ്ടെത്താൻ പതിവു പരിശോധനകൾ സഹായിക്കും.

അനാവശ്യ ചികിത്സ ഒഴിവാക്കാം

ചിലപ്പോഴെങ്കിലും അനാവശ്യമായ നേത്രചികിത്സകൾക്കു സാധ്യതയുണ്ട്. ഉ ദാഹരണത്തിന് തിമിരം. പണ്ടൊക്കെ തിമിരം മുറ്റിയ ശേഷമേ ശസ്ത്രക്രിയ നടത്താനാകുമായിരുന്നുള്ളൂ.ഇന്നങ്ങനെയല്ല. തിമിരത്തിന്റെ ഏതു ഘട്ടത്തിലും സർജറി നടത്താം. അതിനാൽ തന്നെ തി മിരം ഉണ്ടെന്നു കണ്ടെത്തിയാലുടനെ ത ന്നെ ശസ്ത്രക്രിയ നടത്താൻ രോഗിക്കു മേൽ ചിലപ്പോഴെങ്കിലും സമ്മർദം വരാറുണ്ട്. യഥാർഥത്തിൽ തിമിരം മൂലമുള്ള കാഴ്ച മങ്ങൽ കൊണ്ടു നിത്യജീവിതത്തിൽ ബുദ്ധിമുട്ട് വരുന്നുണ്ടെങ്കിൽ മതി ശസ്ത്രക്രിയ. ഏതെങ്കിലും നേത്രചികിത്സകളുടെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിൽ മറ്റൊരു ഡോക്ടറെ കണ്ട് രണ്ടാം അഭിപ്രായം (സെക്കൻഡ് ഒപീനിയൻ) തേടുന്നതു നന്നായിരിക്കും.

ഇൻഷുറൻസ് എടുക്കാം

സർക്കാർ Ð സ്വകാര്യ മേഖലയിലുള്ള പൊതുവായ ആരോഗ്യഇൻഷുറൻസി ൽ തിമിര ശസ്ത്രക്രിയ പോലുള്ള ചില നേത്രചികിത്സകളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ണട വാങ്ങും മുൻപ്

ചിലപ്പോൾ കണ്ണാശുപത്രികളിൽ തന്നെ കണ്ണടകൾ ലഭ്യമായിരിക്കും. പക്ഷേ, എപ്പോഴും ലെൻസിന്റെയും ഫ്രെയിമിന്റെയും വില സംബന്ധിച്ച് നല്ലൊരു അന്വേഷണത്തിനു ശേഷം കണ്ണട വാങ്ങുന്നതാണു നല്ലത്. പുറത്തുള്ള കണ്ണടക്കടകളിലും ഒാൺലൈനിലുമൊക്കെ അന്വേഷിച്ച് അവരവരുടെ പോക്കറ്റ് കീറാത്ത വിലയ്ക്കുള്ള കണ്ണട കണ്ടെത്തുക. മാത്രമല്ല, ഫ്രെയിമുകളുടെ കാര്യത്തിൽ കൂടുതൽ ഡിസൈനുകൾ നോക്കി തിരഞ്ഞെടുക്കുകയുമാകാം.

ഒാൺലൈനിലാണെങ്കിൽ കണ്ണട മുഖത്തു വച്ചു നോക്കി വാങ്ങാനാകില്ല എന്നു കരുതേണ്ട. നമ്മുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് മുഖത്തിനു ചേരുന്ന ഫ്രെയിം തിരഞ്ഞെടുക്കാനുള്ള സൗകര്യം വരെ ഇന്നുണ്ട്. ഒരു ഫ്രെയിമിനൊപ്പം ഒരു ഫ്രെയിം കൂടി സൗജന്യമായി ലഭിക്കുന്ന ഒാഫറുകളുമുണ്ട്.

കാഴ്ചത്തകരാറുള്ളവർ കണ്ണട വാങ്ങുമ്പോൾ ഒരെണ്ണം കൂടി അധികം വാങ്ങിവയ്ക്കുക.ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കണ്ണട പൊട്ടിപ്പോയാലോ കാണാതായാലോ അടിയന്തിരമായി മറ്റൊന്നു വാങ്ങുന്നതു മൂലമുള്ള പണച്ചെലവു കുറയ്ക്കാം.

ലെൻസ് തിരഞ്ഞെടുക്കുമ്പോൾ

പതിനായിരക്കണക്കിനു രൂപയുടെ വ രെ കണ്ണടകൾ ഇന്നു ലഭ്യമാണ്. ആന്റി സ്ക്രാച് കോട്ടിങ് ഉള്ളത്, അൾട്രാവയലറ്റ് പ്രകാശത്തെ പ്രതിരോധിക്കുന്നത്, ബ്ലൂ ലൈറ്റ് ഫിൽറ്റർ ഉള്ളത്, വായനയ്ക്കു മാത്രമുള്ളത് എന്നിങ്ങനെ വിവി ധതരം ലെൻസുകൾ ലഭ്യമാണ്.ഇവ സത്യത്തിൽ ആർക്കൊക്കെയാണ് ആവശ്യമുള്ളത് എന്ന കാര്യത്തിൽ ആളുകൾക്കു വേണ്ടത്ര വ്യക്തതയുമില്ല. തന്മൂലം അനാവശ്യമായ പണച്ചെലവിനു സാധ്യതയേറെയാണ്.

മിക്കവാറും എല്ലാ പ്ലാസ്റ്റിക് ലെൻസുകൾക്കും തന്നെ ആന്റി സ്ക്രാച് കോട്ടിങ് ഉണ്ടാകും. അതുപോലെ ഇന്നു ലഭ്യമായ മിക്ക ലെൻസുകൾക്കും അൾട്രാവയലറ്റ് കോട്ടിങ്ങും കാണും. അതു പ്രത്യേകം പണം മുടക്കി ചേർക്കേണ്ടതില്ല. സ്ക്രീനിലെ നീലപ്രകാശത്തെ തടയുന്ന ലെൻസുകൾക്ക് ഇന്നു വലിയ ഡിമാൻഡാണ്. പക്ഷേ, കണ്ണിൽ ദീർഘകാലമായി നീലപ്രകാശം പതിക്കുന്നത് റെറ്റിനയ്ക്കു നാശം വരുത്തുന്നുവെന്ന കണ്ടെത്തലിനു ശക്തമായ തെളിവുക ൾ കുറവാണ്. എന്നാൽ ആന്റി റിഫ്ളക്ടീവ് കോട്ടിങ് ഉള്ള ലെൻസുകൾ സ്ക്രീൻ ഉപയോഗിക്കുന്നവർക്കു ഫലപ്രദമാണ്. ഇതു ലെൻസിന്റെ മുൻഭാഗത്തുനിന്നും പിൻഭാഗത്തുനിന്നുമുള്ള പ്രകാശപ്രതിഫലനം (ഗ്ലെയർ) കുറയ്ക്കുന്നു. പ്രത്യേകിച്ച് രാത്രിയിൽ കാഴ്ച കൂടുതൽ വ്യക്തമാകാൻ ഇതു നല്ലതാണ്.

പല്ലിന്റെ ചികിത്സ

വെളുത്തപാടുകളും പല്ലു പുളിപ്പും ഉടൻ ചികിത്സിക്കുക

നമ്മളിൽ പലരും ഏറ്റവും പണം ചെലവാക്കുന്നത് ദന്തക്ഷയത്തിന്റെ ചികിത്സയ്ക്കാണ്. എന്നാൽ അൽപമൊന്നു ശ്രദ്ധിച്ചാൽ ദന്തക്ഷയത്തിന്റെ സൂചനകളെ തുടക്കത്തിലേ തിരിച്ചറിഞ്ഞു കുറഞ്ഞ ചെലവിൽ പരിഹരിക്കാം. പല്ലിലെ വെളുത്തപാടുകൾ ഇനാമലിലെ ധാതുക്ഷയത്തിന്റെ സൂചനയാണ്. ഇരുണ്ടപാടുകൾ ദന്തക്ഷയത്തിന്റെയും. ഈ സൂചനകൾ കാണുമ്പോഴേ ദന്തരോഗവിദഗ്ധനെ കാണാൻ ശ്രദ്ധിക്കുക. ദന്തക്ഷയം പല്ലിലെ ഏറ്റവും പുറമേയുള്ള പാളിയായ ഇനാമലിന്റെയോ അതിന്റെ താഴെയുള്ള ഡെന്റൈനിനെയോ (Dentine) മാത്രമേ ബാധിച്ചിട്ടുള്ളുവെങ്കിൽ പോടുള്ള ഭാഗം അടച്ചാൽ മതിയാകും. എന്നാൽ വേദന ആയിക്കഴിഞ്ഞാൽ അതു പല്ലിലെ പൾപ്പിന് അണുബാധ വന്നതിന്റെ സൂചനയാണ്. ഈ ഘട്ടത്തിൽ താരതമ്യേന ചെലവേറിയ റൂട്ട് കനാൽ ചികിത്സ തന്നെ വേണ്ടിവരും

സ്വയംചികിത്സ വേണ്ട

ഏതു രോഗത്തിന്റെയും കാര്യത്തിലെന്നപോലെ പല്ലിന്റെ കാര്യത്തിലും സ്വയം ചികിത്സ ഒഴിവാക്കണം. ഉദാഹരണമായി പല്ലുപുളിപ്പ് എടുക്കാം. പല്ലുപുളിപ്പിന്റെ കാരണം പലതാണ്. എല്ലാ പല്ലുപുളിപ്പിനും ഒരു പ്രത്യേകതരം പേസ്റ്റ് മ തി എന്നു വിചാരിക്കരുത്. ദന്തരോഗവിദഗ്ധനെ കണ്ടു ചികിത്സിക്കുക. അതുപോലെ പല്ലു വെളുക്കുന്നതിനുള്ള അ ശാസ്ത്രീയ ചികിത്സകൾ ചെയ്യുന്നതു വഴി ഇനാമലിനു ബലക്ഷയം വരാനിടയുണ്ട്.

വർഷത്തിലൊരിക്കൽ ക്ലീനിങ്

വർഷത്തിലൊരിക്കൽ പല്ലു ക്ലീൻ ചെയ്യുന്നതു നല്ലതാണ്. വായുടെ ഉൾഭാഗം മുഴുവനായി നമുക്കു വ്യക്തമായി കാണാനാകില്ല. ദന്തരോഗവിദഗ്ധരുടെ അടുത്തുള്ള ഇൻട്രാ ഒാറൽ ക്യാമറ കൊണ്ട് വായുടെ മുക്കും മൂലയുമെല്ലാം വളരെ വിശദമായും വലുപ്പത്തിലും കാണാം. സാധാരണ രീതിയിൽ ദന്തരോഗവിദഗ്ധൻ പോലും വിട്ടുപോകാവുന്ന ദന്തപ്രശ്നങ്ങളെ തിരിച്ചറിയാൻ ഈ ക്ലീനിങ് കൊണ്ടു സാധിക്കും. ഒപ്പം പ്ലാക്കും മറ്റും നീക്കി പല്ലു വൃത്തിയാക്കുന്നതുവഴി ദന്തക്ഷയം, വായനാറ്റം, മോണരോഗങ്ങൾ പോലുള്ളവ തടയാനുമാകും.

പ്രതിരോധത്തിന് ഫ്ലോസിങ്

പ്രായം കൂടുന്നതനുസരിച്ച് പല്ലിന്റെ ഇ ടയിൽ വിടവു കൂടി വരും. ഇതു പ്ലാക്ക് അടിഞ്ഞ് മോണരോഗങ്ങൾക്കും ദന്തക്ഷയത്തിനും ഇടയാക്കാം. അതിനാൽ ഒരു പ്രതിരോധനടപടി എന്ന നിലയിൽ ഫ്ലോസിങ് ചെയ്യാവുന്നതാണ്. പക്ഷേ, ഫ്ലോസിങ് എങ്ങനെയാണു ചെയ്യുന്നതെന്ന് ദന്തരോഗവിദഗ്ധന്റെ അടുത്തുനിന്നു പരിശീലിക്കേണ്ടതാണ്. അല്ലെങ്കിൽ മോണയിൽ മുറിവ് ഉണ്ടാകാനും മറ്റുമിടയാക്കാം.

ഇൻഷുറൻസ് എടുക്കാം

സാധാരണ പല്ല് അടയ്ക്കലിനു പോലും ചെലവേറുന്ന അവസ്ഥയാണ്. അതുകൊണ്ട് ദന്തചികിത്സയ്ക്ക് ഇൻഷുറൻസ് എടുക്കുന്നത് നന്നായിരിക്കും. സർക്കാരിന്റെ മെഡിസെപ് ഇൻഷുറൻസി ൽ, കിടത്തി ചികിത്സ വേണ്ടിവരുന്ന 140 ൽ അധികം ദന്തസർജറികൾക്ക് ക വറേജ് ഉണ്ട്. ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികളും പൊതുവായ പ്ലാനിന്റെ ഒപ്പം ദന്തരോഗങ്ങളുടെ ചികിത്സയ്ക്കു കൂടി ഇൻഷുറൻസ് നൽകുന്നുണ്ട്. അ പകടങ്ങളെ തുടർന്നും രോഗങ്ങളെ തുടർന്നുമുള്ള കിടത്തി ചികിത്സകൾക്കു മാത്രം കവറേജ് നൽകുന്ന പ്ലാനുകളും അതല്ലാതെ പോട് അടയ്ക്കൽ, റൂട്ട് ക നാൽ, പല്ല് എടുക്കൽ എന്നിങ്ങനെ ഒ പി ചെലവുകൾക്കും ഇൻഷുറൻസ് ന ൽകുന്ന പ്ലാനുകളുമുണ്ട്.

സർക്കാർ പദ്ധതികൾ

പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം തന്നെ ദന്തചികിത്സാ കേന്ദ്രങ്ങളുണ്ട്. പല്ല് എടുക്കുക, അടയ്ക്കുക, റൂട്ട് കനാൽ ചികിത്സ എന്നിവയൊക്കെ ഇവിടെ ലഭ്യമാണ്. അഞ്ച് ഗവ. ഡെന്റൽ കോളജുകളിലും കുറഞ്ഞ ചെലവിൽ റൂട്ട് ക നാൽ, ദന്തക്രമീകരണ ചികിത്സ, ദന്തസർജറി എന്നിവയൊക്കെ ചെയ്യാനുള്ള സംവിധാനമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്താം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ പ ല്ലു വയ്ക്കാൻ ‘മന്ദഹാസം’ എന്ന പദ്ധതി വഴി സർക്കാർ ധനസഹായം ലഭ്യമാണ്.

 

വിവരങ്ങൾക്ക് കടപ്പാട്

ഡോ. കെ. ചന്ദ്രശേഖരൻ നായർ

റിട്ട. പ്രഫസർ, ഗവ. ഡെന്റൽ കോളജ് , തിരുവനന്തപുരം

ഡോ. കെ. ആർ. ഭട്ട്

റിട്ട. പ്രഫസർ, ഒഫ്താൽമോളജി, ഗവ. മെഡി.കോളജ്, കോഴിക്കോട്

Tags:
  • Daily Life
  • Manorama Arogyam