Friday 18 November 2022 04:07 PM IST : By സ്വന്തം ലേഖകൻ

‘സംശയരോഗം, വിവാഹേതര ലൈംഗികബന്ധം നൽകുന്ന കുറ്റബോധം’: സെക്സിന്റെ താളംതെറ്റിക്കുന്ന10 കാരണങ്ങൾ

sexminde324

രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസിക നിലപാടുകളാണെന്നറിയുക.

പ്രശ്നങ്ങളറിയാം

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ. ഉത്തേജനം ലഭിക്കാത്ത അവസ്ഥ. വേദനയോടുകൂടിയ ലൈംഗികബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന ലൈംഗിക പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിത പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

രണ്ടു കാരണങ്ങൾ

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

ശാരീരികമായ കാരണങ്ങൾ

∙ ഹോർമോൺ അസന്തുലിതാവസ്ഥ

∙ പ്രമേഹം

∙ ആർത്തവവിരാമം

∙ ലഹരിവസ്തുക്കളുടെ ദുരുപയോഗം

∙ തൈറോയ്ഡ് പ്രശ്നങ്ങൾ

∙ വജൈനിസ്മസ് എന്ന അവസ്ഥ

∙ ലൈംഗികരോഗങ്ങൾ

മനസ്സിന്റെ തടസങ്ങൾ

സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ, കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം. പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ ലൈംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

ലൈംഗികതയോടുള്ള അമിതഭയത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനിപേശികളിൽ സങ്കോചം ഉണ്ടായി ലൈംഗികബന്ധം വേദനാജനകമാകാം. അതു ലൈംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ /ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരുമായോ /പങ്കാളിയുമായോ മാനസികവും വൈകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതു മൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. ലൈംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിത പങ്കാളിയോട് വൈകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യസ്തമായ ലൈംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാരോ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള ലൈംഗികതയുടെ താളം തെറ്റിക്കാം.

ലൈംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ.

ആൻഹിഡോനിയ എന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്. സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ വേണ്ട രീതിയിൽ അനുഭവിക്കുവാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും ലൈംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

സ്ത്രീകളിലുള്ള കുറ്റബോഝം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ/ അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവാഹേതര ലൈംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ ലൈംഗികബന്ധം. വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ. പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ ലൈംഗികാഗ്രഹം ഇല്ലാതെയാക്കാം.

സുരക്ഷിതത്വമില്ലായ്മ (Insecurity feeling) ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ ലൈംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

യോനിവരൾച്ച, യോനിസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ ലൈംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും ലൈംഗിക വിരക്തി, ഭയം, ഇവ വർദ്ധിപ്പിക്കുന്നതിനും കാരണാകുന്നു.

ആർത്തവ വിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും വൈകാരിക മാറ്റങ്ങളും ലൈംഗിക താൽപര്യത്തെ ബാധിക്കുന്നു. അതുപോലെ തന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

പരിഹാരമാർഗങ്ങൾ

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിൽ ആഴത്തിലുള്ള തീവ്രപ്രണയത്തിന്റെ പവിത്രമായ ഒന്നു ചേരലാണു സെക്സ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ലൈംഗികതയ്ക്കു തടസ്സമാകുന്ന മാനസിക പ്രശ്നങ്ങളെ വലിയൊരളവോളം നീക്കാൻ ഉപകരിക്കും.

സെക്സ് പൂർണമായും ആസ്വദിക്കുവാൻ പറ്റണമെങ്കിൽ രണ്ടു വ്യക്തികളും ഒരേ മനസ്സോടുകൂടി ശരീരത്തോടുകൂടി ഒന്നായി ചേരണം. സ്വന്തം ജീവിതപങ്കാളിയായ സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുരുഷനും, തന്റെ ഇണയെ മനസ്സാക്കി സ്ത്രീയും പ്രവർത്തിക്കേണ്ട വിധം ഇനി പറയാം.

ആശയവിനിമയം

ഭാര്യയോട് /പങ്കാളിയോടു നന്നായി സംസാരിക്കുക, എത്രത്തോളം അവളെ പ്രണയിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. പറയുക. അവളുടെ ഹൃദയത്തിന്റെ വാതിലുകൾ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവൾക്കു വേണ്ട ആത്മവിശ്വാസം കൊടുക്കുക. തിരിച്ചും ഇതേപോലെ പ്രവർത്തിക്കുക.

മോശം വാക്കുകൾ ദേഷ്യം, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ രണ്ടുകൂട്ടരും കിടപ്പറയ്ക്കു പുറത്തു വയ്ക്കുക.

ലൈംഗിക ശുചിത്വം, പരസ്പരം പാലിക്കുക.

കിടപ്പറയിലേക്കു പോകുന്നതിനു മുമ്പുതന്നെ എല്ലാ ദിവസവും ദമ്പതികൾ ഒരുമിച്ചിരിക്കണം. പരസ്പരം കേൾക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തിൽ ലൈംഗികതയുടെ മുഖ്യ ധർമം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂർവം കേൾക്കുക. പ്രശ്നങ്ങൾ എന്തു തന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നൽകുക.

പുരുഷൻ കിടക്കയിൽ ചെന്നയുടൻ നേരേ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക.

ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും രതിബിന്ദുക്കളെയും അടുത്തറിഞ്ഞു പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്സ് ആസ്വാദ്യകരമാവൂ. അതിനായി സ്ത്രീശരീരം എന്തെന്ന് പുരുഷനും പുരുഷശരീരം എന്തെന്ന് സ്ത്രീയും മനസ്സിലാക്കാൻ ശ്രമിക്കുക.

ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും തുറന്ന ഇടപെടലും ലൈംഗികതയിലുള്ള പരസ്പര ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു സെക്സ് ആസ്വദിക്കാൻ അനിവാര്യമാണ്.

പൂർവലീലകളിൽ പുതുമ

പുരുഷൻ സാവധാനത്തോടെ മാത്രം ലൈംഗികതയിലേക്കു കടക്കുക. പൂർവലീലകളിലൂടെ (Foreplay) സ്ത്രീയെ പരമാവധി ഉത്തേജിപ്പിക്കുക. പുരുഷൻ പൂർവലീലകളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ലൈംഗികജീവിതം കൂടുതൽ ആഹ്ലാദകരമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താൽപര്യങ്ങൾ ചോദിച്ചറിയുക.

സെക്സിനു മുൻപു സ്ത്രീകളോടുളള കരുതലും ലാളനയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്സിനു ശേഷമുള്ള കരുതലും.

സ്ത്രീയുടെ ജീവിതത്തിൽ ലൈംഗികത മാത്രമല്ല അവൾ ആഗ്രഹിക്കുന്നത്. പ്രണയവും തലോടലും കൈകൾ കോർത്തുപിടിക്കുന്നതും ചുംബിക്കുന്നതും എല്ലാം അവൾ ആഗ്രഹിക്കുന്നു. തന്റെ പുരുഷന്റെ കൈക്കുള്ളിൽ സുരക്ഷിതയാണ് എന്നുള്ള തോന്നൽ അവൾക്ക് ഉളവാകും വിധത്തിൽ പ്രവർത്തിക്കുക. ഇതെല്ലാം സ്ത്രീക്കു നൽകുവാൻ പുരഷൻ തയാറാകണം.

പുരുഷന്റെ തകർപ്പൻ പ്രകടനത്തെക്കാൾ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും കൊണ്ടുള്ള സ്നേഹപൂർണമായ ലാസ്യമാണ് ലൈംഗികബന്ധത്തിലും ദാമ്പത്യത്തിലും സ്ത്രീ ആഗ്രഹിക്കുന്നത്.

സംശയരോഗം, വിഷാദം, ഉത്കണ്ഠ, ആൻഹിഡോനിയ പോലുള്ള അവസ്ഥകൾ, മറ്റു മനോരോഗങ്ങൾ മുതലായവ അനുഭവിക്കുന്ന സ്ത്രീകൾക്കു പ്രശ്നപരിഹാരത്തിനു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാം.

ലൈംഗികതയും അതിനോടനുബന്ധിച്ച അനുഭൂതിയും കാലത്തിനും പ്രായത്തിനും അതീതമാണ്. ലൈംഗികതയോടുള്ള വിരക്തി താൽപര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസ്സിൽ ഒട്ടേറെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ കറക്ട് ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളേയുള്ളൂ. ലൈംഗികതയിൽ അതിനായി വേണ്ടപക്ഷം മനഃശാസ്ത്ര വിദഗ്ധന്റെയോ സെക്സോളജിസ്റ്റിന്റെയോ സഹായം തേടാം.

പങ്കാളികൾക്കു പരസ്പരം താൽപര്യമുള്ളതെന്തും സെക്സിൽ അനുവദനീയമാണ്. എത്രത്തോളം സെക്സ് ആസ്വദിക്കാൻ സാധിക്കുന്നുവെന്നു തുറന്നു സംസാരിക്കുക. വിലങ്ങായി നിൽക്കുന്ന ഏതു മാനസിക പ്രശ്നങ്ങളെയും പരസ്പരം സഹകരണത്തോടെ പരിഹാരിക്കാം.

ഇതരബന്ധങ്ങൾ ഉണ്ടാകുന്നത്?

ദാമ്പത്യത്തിനു പുറത്ത് മറ്റു ബന്ധങ്ങൾ വർധിച്ചു വരുന്നുണ്ട്. ദാമ്പത്യത്തിലെ പരാജയങ്ങളോ അസ്വാരസ്യങ്ങളോ മാത്രമാണ് ഇതിനു കാരണമെന്നു പലരും വിശ്വസിക്കുന്നുണ്ടെങ്കിലും പുറത്തു നിന്നും ലഭിക്കുന്ന മാനസിക പിന്തുണ മുതൽ പുതുമതേടൽ വരെ അതിനു കാരണമാകാറുണ്ട്. ഓഫീസ് ജീവിതത്തിലും പുറത്തും കാണുന്ന സ്ത്രീപുരുഷന്മാർ പരസ്പരം അവരവരുടെ മികച്ച പെരുമാറ്റവും രൂപവുമാണ് പ്രദർശിപ്പിക്കുന്നത്. പരസ്പരം കേൾക്കാനും ആശ്വസിപ്പിക്കാനും ഇരുവരും തയാറാവും. പരസ്പരമുള്ള ആശ്വാസമാകലിൽ തുടങ്ങുന്ന സൗഹൃദം പ്രണയമോ ക്രമേണ ശാരീരികബന്ധമോ ആയി പരിണമിക്കുകയും ചെയ്യാം.

ആനന്ദം തിരിച്ചുപിടിക്കാൻ ടെക്നിക്കുകൾ

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും ആനന്ദദായകമാണ് ലൈംഗികത. പിന്നീട് ക്രമേണ അതിന്റെ രസം നഷ്ടപ്പെട്ടുപോകുന്നവർ ഒട്ടേറെയാണ്. ശരീരത്തിലുള്ള കൗതുകങ്ങളും മാനസികമായ കെട്ടുറപ്പും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലൈംഗികതയെ പതിവു ചിട്ടവട്ടങ്ങളുടെ പുറത്തേയ്ക്കു പറിച്ചു നടുന്നതിലൂടെ ലൈംഗികാനന്ദം തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സെക്സിനായി സ്ഥലം, സമയം, രീതി എന്നീ മൂന്നു കാര്യങ്ങൾ ബോധപൂർവം മാറ്റുന്നതു വളരെയധികം പ്രയോജനപ്പെടും. രാത്രിയിലുണ്ടായിരുന്ന സെക്സ് പകൽ പരീക്ഷിക്കും പോലെ, കിടപ്പു മുറിയിൽ നിന്നും മറ്റൊരിടത്തേക്കു മാറും പോലെ പുതുമകള്‍ പരീക്ഷിക്കാം. ആനന്ദം തിരിെകപ്പിടിക്കാം.

ഡോ. സന്ദീഷ് പി.ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഗവ. മെന്റൽ ഹൽത് സെന്റർ

കോഴിക്കോട്.

Tags:
  • Sexual Health
  • Manorama Arogyam