Thursday 02 September 2021 04:11 PM IST

അമിതമായാൽ കരൾനാശം, ജന്മവൈകല്യങ്ങൾ, അസ്ഥിക്ഷയം എന്നിവ വരെ വരാം: സപ്ലിമെന്റുകൾ വെറുതെ വാങ്ങി കഴിക്കുന്നവർ അറിയാൻ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

supple3r

സപ്ലിമെന്റുകൾ എന്ന പദം നമുക്കെല്ലാവർക്കും ചിരപരിചിതമാണ്. അവ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. കോവിഡിന്റെ വരവോടെ പ്രതിരോധശക്തിക്കു കരുത്തു പകരുന്ന സപ്ലിമെന്റുകളെ തിരഞ്ഞുപിടിച്ച് അവയെക്കൂടി ജീവിതത്തിലേക്കു ചേർത്തുവച്ചവരാണു നാം. ഡോക്ടർ നിർദ്ദേശിക്കുന്ന സപ്ലിമെന്റുകൾ അല്ലാതെ ഒട്ടേറെ സപ്ലിമെന്റുകൾ ഇന്നു വിപണിയിലും ലഭ്യമാണ്. എന്നാൽ എല്ലാവരും സപ്ലിമെന്റുകൾ കഴിക്കേണ്ടതുണ്ടോ? സപ്ലിമെന്റുകൾ ആർക്കാണ് ആവശ്യമായിട്ടുള്ളത് എന്ന ചോദ്യം ഇപ്പോൾ ഏറെ പ്രസക്തമായി തോന്നുന്നു. ഡോക്ടറുടെ നിർദേശം പോലുമില്ലാതെ ഒാവർ ദ കൗണ്ടറായി സപ്ലിമെന്റുകൾ വാങ്ങിക്കഴിക്കുന്നവരും ഇതൊക്കെ എത്ര കഴിച്ചാലും കുഴപ്പമില്ലെന്ന ധാരണ പുലർത്തുന്നവരും അറിയുക, സപ്ലിമെന്റുകളും മരുന്നുകൾ പോലെ ആവശ്യാനുസരണം കഴിക്കേണ്ട ഒന്നാണ്.

പോഷണലഭ്യത കുറഞ്ഞാൽ

ഒരു വ്യക്തിയുടെ പോഷണ ആവശ്യകത അഥവാ ന്യൂട്രീഷനൽ നീഡ് എന്നത് പ്രാഥമികമായി അവരുടെ ആഹാരത്തിലൂടെ നിറവേറപ്പെടേണ്ടതാണ്. എന്നാൽ ചില ആളുകൾക്ക് ചില സാഹചര്യങ്ങളിൽ അതായത് രോഗാവസ്ഥകൾ, ചില ജീവിത സാഹചര്യങ്ങൾ അങ്ങനെ പോഷണ ലഭ്യത കുറയുന്ന ഘട്ടങ്ങളിൽ സപ്ലിമെന്റുകളാകും ഗുണം ചെയ്യുന്നത്. വൈറ്റമിനുകൾ, ധാതുക്കൾ, ഫൈബറുകൾ, ഫാറ്റി ആസിഡുകൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ, ഒാർഗൻ ടിഷ്യൂകൾ, ഗ്ലാൻഡുലാറുകൾ, മെ‌റ്റബോളൈറ്റുകൾ എന്നിവയെല്ലാം സപ്ലിമെന്റുകളുടെ വിഭാഗത്തിൽപ്പെടുന്നു.

സപ്ലിമെന്റുകളെക്കുറിച്ച് പ്രധാനമായുള്ള സംശയങ്ങൾക്ക് ഉത്തരങ്ങളറിയാം.

1 എന്താണ് സപ്ലിമെന്റുകൾ ?

ഡയറ്റിനെ സപ്ലിമെന്റു ചെയ്യുക എന്നതാണ് ഡയറ്ററി സപ്ലിമെന്റുകളുടെ ലക്ഷ്യം. അതായത് ആഹാരം കഴിക്കാനാകാതെ വരുന്ന സാഹചര്യത്തിൽ ആ ദിവസത്തെ പോഷക
ആവശ്യങ്ങൾക്കായി കഴിക്കുന്നതാണ് സപ്ലിമെന്റുകൾ. പ്രധാനമായും ക്ഷീണം അകറ്റുന്നതിന് ഇതു പ്രയോജനപ്പെടുന്നു. ഒരു കാര്യം അറിയേണ്ടത്, ആഹാരത്തിനു പകരമായി കഴിക്കേണ്ടതല്ല സപ്ലിമെന്റുകൾ എന്നതാണ്. ആഹാരത്തിൽ നിന്നും അതായത് പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമൊക്കെ ലഭ്യമാകേണ്ട സകലവിധ പോഷകങ്ങളെയും നൽകാൻ സപ്ലിമെന്റുകൾക്കാകുകയുമില്ല.

2സപ്ലിമെന്റിനാണോ ആഹാരത്തിനാണോ ഗുണം കൂടുതൽ?

പോഷകസമ്പുഷ്ടമായ ആഹാരത്തിനു തന്നെയാണ് അധിക മേൻമകൾ. അതിവിപുലമായ അളവിലുള്ള പോഷണമാണ് ആഹാരത്തിൽ നിന്നു ലഭിക്കുന്നത്. വിവിധങ്ങളായ സൂക്‌ഷ്മ പോഷകങ്ങൾ ആഹാരത്തിലൂടെ ലഭ്യമാകുന്നു. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവയിലൂടെ ഡയറ്ററി ഫൈബർ അഥവാ നാരുകൾ ലഭ്യമാകുന്നു. ടൈപ്പ് 2 പ്രമേഹം, കോളോറെക്‌റ്റൽ കാൻസർ, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയുടെയൊക്കെ റിസ്ക് കുറയ്ക്കാൻ നാരുകൾ സഹായിക്കും. നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ധാരാളം ആന്റി ഒാക്‌സിഡന്റുകൾ ആഹാരത്തിൽ നിന്നു ലഭിക്കുന്നു. കോശങ്ങൾക്കും കലകൾക്കും നാശം സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയുടെ വേഗം കുറയ്ക്കുന്നതിന് ഇവ സഹായിക്കുന്നു.

3എല്ലാവരും സപ്ലിമെന്റുകൾ കഴിക്കണോ?

ആഹാരം കഴിക്കാൻ പറ്റാത്ത സാഹചര്യത്തിലുള്ളവരാണ് സപ്ലിമെന്റുകൾ കഴിക്കേണ്ടത്. കാരണം സപ്ലിമെന്റ് നിർദേശിക്കുന്ന ഡോക്ടർ

ഡോസ് കൂടി ക്രമീകരിച്ചാണ് അതു നൽകുന്നത്. രോഗിയുടെ നിലവിലുള്ള ശാരീരിക സ്ഥിതിയെ വിശകലനം ചെയ്താണിതു നൽകുന്നത്. നിലവിൽ മറ്റെന്തെങ്കിലും രോഗാവസ്ഥകളുണ്ടോ? പ്രമേഹം, വൃക്കരോഗം, കരൾ രോഗം എന്നിവയുണ്ടോ എന്നതും അറിയേണ്ടതുണ്ട്. മദ്യപാനശീലമുണ്ടോ എന്നതും പ്രസക്തമാണ്.

വിവിധതരം ആഹാരപദാർത്ഥങ്ങൾ ആവശ്യാനുസരണം കഴിക്കുന്ന പ്രായപൂർത്തിയായ ഒരാളാണ് നിങ്ങളെങ്കിൽ സപ്ലിമെന്റുകൾ കഴിക്കേണ്ടതില്ല. എന്നാൽ ഗർഭിണിയാണെങ്കിലോ, ഗർഭത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലോ, സപ്ലിമെന്റുകൾ കഴിക്കാം. അതു പോലെ 50 വയസ്സിനു മേൽ പ്രായം ഉണ്ടെങ്കിലും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും സപ്ലിമെന്റുകൾ കഴിക്കാം.

വിശപ്പു കുറവാണെങ്കിലും പോഷകസമൃദ്ധമായ ആഹാരം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടി വരും. എല്ലാ പോഷകപദാർഥങ്ങളും ഉൾപ്പെടാത്ത ഏതെങ്കിലും ഡയറ്റ് നിങ്ങൾ പിന്തുടരുന്നുണ്ടെങ്കിൽ, പോഷകങ്ങളെ ദഹിപ്പിക്കുന്നതിനെ ബാധിക്കുന്ന തരം ഏതെങ്കിലും മെഡിക്കൽ കണ്ടീഷൻ Ð അതായത് ക്രോണിക് ഡയേറിയ , ഭക്ഷണ അലർജി, ഫൂഡ് ഇൻടോളറൻസ്, കരൾ, ഗാൾ ബ്ലാഡർ, കുടൽ, പാൻക്രിയാസ് ഇവയെ ബാധിക്കുന്ന രോഗങ്ങൾ ഇവയുണ്ടെങ്കിലും സപ്ലിമെന്റുകൾ കഴിക്കാം. അർബുദരോഗികൾ, ഡൈജസ്‌റ്റീവ് ട്രാക്റ്റിൽ ശസ്ത്രക്രിയ കഴിഞ്ഞവർ, മറ്റു ശസ്ത്രക്രിയകൾ കഴിഞ്ഞവർ , പ്രമേഹവും അമിതവണ്ണവുമുള്ളവർ... അങ്ങനെ സപ്ലിമെന്റുകൾ ആവശ്യമായവർ ധാരാളമുണ്ട്.

ആഹാരത്തിൽ നിന്ന് പോഷകങ്ങൾ കിട്ടാത്ത ഒരു സാഹചര്യം വരുമ്പോൾ മാത്രം ഡയറ്ററി സപ്ലിമെന്റുകൾ ഉപയോഗിക്കുക എന്നതാണ് പ്രധാനം. എന്നാൽ ദൈനംദിന ആഹാരത്തിലൂടെ ലഭിക്കേണ്ട നിരവധിയായ പോഷകഘടകങ്ങൾക്കു പകരമായി, സപ്ലിമെന്റുകളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ ഒരുങ്ങുകയാണെങ്കിൽ നിങ്ങൾക്കു തെറ്റി. ആഹാരത്തിലൂടെ തന്നെ പോഷകവൈവിധ്യം നമ്മിലേക്കെത്തുന്നതാണ് ശരിയായ രീതി.

4 സപ്ലിമെന്റുകൾ ഏതെല്ലാമാണ്? ഏതൊക്കെ രൂപങ്ങളിൽ അവ ലഭ്യമാണ്?

ഡയറ്ററി സപ്ലിമെന്റുകൾ വിവിധ രൂപങ്ങളിൽ ഇന്ന് ലഭ്യമാണ്. ഗുളിക, ക്യാപ്സൂൾ, ഗമ്മീസ്, സോഫ്‌റ്റ് ജെൽസ്, ജെൽ ക്യാപ്സ് ,പൗഡർ‌, ഡ്രിങ്കുകൾ, എനർജി ബാറുകൾ അങ്ങനെ. പോപ്പുലർ സപ്ലിമെന്റുകളായി എക്കാലത്തും അറിയപ്പെടുന്നത് വൈറ്റമിൻ ഡിയും വൈറ്റമിൻ ബിയും കാൽസ്യവും അയണും ഒക്കെയാണ്. ഹെർബൽ സപ്ലിമെന്റുകളും ഇന്ന് വിപണിയിൽ ഉണ്ട്. വെള്ളത്തിലും പാലിലും ഒക്കെ ചേർത്തു നൽകുന്ന സപ്ലിമെന്റുകളും ഉണ്ട്. ‍ഡ്രൈപൗഡർ രൂപത്തിലും സപ്ലിമെന്റുകൾ ലഭ്യമാണ്. വൈറ്റമിൻ ഡിയൊക്കെ ദ്രാവക രൂപത്തിലും ലഭ്യമാണ്.

5 സപ്ലിമെന്റുകളിൽ എന്തൊക്കെ ഉൾപ്പെടുന്നുണ്ട്?

പോഷകഘടകങ്ങൾ നിശ്ചിത ഡോസിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ഫില്ലർ, ബൈൻഡർ, ഫ്ളേവറിങ്സ് അങ്ങനെയുള്ള ഘടകങ്ങളും സപ്ലിമെന്റുകളിൽ ചേർക്കപ്പെടുന്നുണ്ട്.

6 സപ്ലിമെന്റുകളുടെ ഗുണഫലങ്ങൾ എന്തെല്ലാം?

കാൽസ്യവും വൈറ്റമിൻ ഡിയും അസ്ഥികളെ കരുത്തുള്ളതാക്കുന്നു. അസ്ഥി നഷ്ടം കുറയ്ക്കുന്നു. ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവിന്റെ ജൻമവൈകല്യങ്ങളെ കുറയ്ക്കുന്നു. മീനെണ്ണ അഥവാ ഫിഷ് ഒായിൽ ഹൃദ്രോഗമുള്ളവർക്കു സംരക്ഷണമേകുന്നു. വൈറ്റമിൻ ഇ, സി , സിങ്ക്, കോപ്പർ, ല്യൂട്ടിൻ, സിയാസാന്തിൻ എന്നിവ തുടർന്നു വരാവുന്ന കാഴ്ച നഷ്ടത്തെ തടയുന്നു.

7 സപ്ലിമെന്റുകൾ പാർശ്വഫലങ്ങൾ സൃഷ്ടിക്കുമോ?

എല്ലാ മരുന്നുകൾക്കും എന്നതു പോലെയുള്ള റിസ്കുകൾ സപ്ലിമെന്റുകൾക്കും ഉണ്ട്. കാരണം സപ്ലിമെന്റുകളിൽ അടങ്ങിയിരിക്കുന്ന സജീവഘടകങ്ങൾ പലതും നമ്മുടെ ശരീരത്തിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ പോന്നവയാണ്. ഡോക്ടർ നിർദേശിച്ച മരുന്നുകൾക്കു പകരമായി കഴിക്കുമ്പോഴും ഉയർന്ന ഡോസിൽ കഴിക്കുമ്പോഴും ഡയറ്ററി സപ്ലിമെന്റുകൾക്കു പാർശ്വഫലങ്ങളുണ്ടാകാം. ചില സപ്ലിമെന്റുകൾ രക്തസ്രാവത്തിന്റെ റിസ്ക് കൂട്ടുന്നവയാണ്. ചിലതാകട്ടെ, ശസ്ത്രക്രിയയ്ക്കു മുൻപു കഴിക്കാനിട വന്നാൽ അനസ്തീസിയയോടുള്ള രോഗിയുടെ പ്രതികരണത്തെത്തന്നെ കുറയ്ക്കാം.

രക്തത്തിന്റെ കട്ടി കുറയ്ക്കുന്നതിനു നൽകുന്ന, രക്തം കട്ട പിടിക്കാതെ തടയുന്ന വാർഫറിൻ എന്ന മരുന്നിന്റെ ശേഷിയെ ത്തന്നെ കുറയ്ക്കുന്നതാണ് വൈറ്റമിൻ കെ. ആന്റിഒാക്സിഡന്റ് സപ്ലിമെന്റുകളായ വൈറ്റമിൻ സിയും ഇയും ചില കാൻസറുകൾക്കു നൽകുന്ന കീമോതെറപ്പിയുടെ ഫലം കുറയ്ക്കുമത്രേ.
ഇരുമ്പിൻെറ ആധിക്യവും പാർശ്വഫലങ്ങൾ വരുത്തും. ബ്രേക് ഫാസ്‌റ്റ് സീറിയലുകളിലും ഡ്രിങ്കുകളിലുമൊക്കെ വൈറ്റമിനുകളും ധാതുക്കളും മറ്റുതരം സപ്ലിമെന്റുകളും ചേർക്കുന്ന കാലമാണിത്. അങ്ങനെയൊക്കെ പല പോഷകങ്ങളും ആവശ്യത്തിലേറെ അളവിൽ നമ്മിലേയ്ക്ക് എത്തുന്നുണ്ട്. ഉദാ. വൈറ്റമിൻ എ അധികമായി ശരീരത്തിലെത്തുന്നതു തലവേദന മുതൽ കരൾ നാശത്തിൽ വരെ എത്തിക്കാം. മാത്രമല്ല, അസ്ഥിയുടെ കരുത്തു കുറയ്ക്കും, ജൻമവൈകല്യങ്ങൾക്കും കാരണമാകാം. അധിക അളവിൽ അയൺ ശരീരത്തിലെത്തുന്നത് മനംപുരട്ടൽ, ഛർദ്ദി എന്നിവയിലേക്കു നയിക്കാം. മാത്രമല്ല അത് കരളിനും മറ്റ് ആന്തരിക അവയവങ്ങൾക്കും നാശം വരുത്താനുമിടയാക്കും.

ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും സപ്ലിമെന്റുകൾ കഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. അതു പോലെ കുട്ടികൾക്കു സപ്ലിമെന്റുകൾ നൽകുമ്പോഴും ശ്രദ്ധിക്കണം.

സപ്ലിമെന്റുകൾ അധികമാകുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. ഇതേത്തുടർന്ന് മലബന്ധവും മറ്റു രോഗാവസ്ഥകളും വരാം. വൈറ്റമിന്റെ ആധിക്യം കൊണ്ടു വരുന്ന രോഗാവസ്ഥയാണ് ഹൈപ്പർവൈറ്റമിനോസിസ്. അതു കൊണ്ട് ഒരു പുതിയ സപ്ലിമെന്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുന്നതു നല്ലതാണ്.

8 വാർധക്യത്തിൽ സപ്ലിമെന്റുകൾ അനിവാര്യമാണോ?

വാർധക്യത്തിൽ ശാരീരികക്ഷീണത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്. അതിനൊപ്പം ആഹാരം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഒാർമക്കുറവ് അങ്ങനെ മറ്റു പ്രശ്‌നങ്ങളും. വാർധക്യത്തിൽ പോഷക അപര്യാപ്തതകളില്ലാതെ ആഹാരം കഴിക്കാനാകുമെങ്കിൽ അതു നല്ല കാര്യമാണ്. എങ്കിലും പോഷകലഭ്യതയിൽ ഉണ്ടാകാനിടയുള്ള അപര്യാപ്തത കൂടി ഒഴിവാക്കുന്നതിനാണ് പലപ്പോഴും ഡോക്ടർമാർ സപ്ലിമെന്റുകൾ നിർദേശിക്കുന്നത്. അസ്ഥിയുടെ കരുത്തിന് കാൽസ്യവും വൈറ്റമിൻ ഡിയും ഈ കാലത്ത് അത്യന്താപേക്ഷിതമാണല്ലോ. വാർധക്യത്തിൽ പൊതുവെ നൽകുന്ന സപ്ലിമെന്റുകൾ വൈറ്റമിൻ ബി 12, ഫോളേറ്റ് / ഫോളിക് ആസിഡ് , കാൽസ്യം, വൈറ്റമിൻ ഡി, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ഒമേഗാ 3 ഫാറ്റി ആ‍സിഡ് എന്നിവയാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സുജിത് ചന്ദ്രൻ

കൺസൽറ്റന്റ് ഫിസിഷ്യൻ, എസ് എച്ച് മെഡിക്കൽ സെന്റർ, കോട്ടയം

Tags:
  • Manorama Arogyam
  • Health Tips