ഹൃദയത്തിലേക്ക് രക്തം നൽകുന്ന മൂന്നു പ്രധാന ധമകളാണ് ഉള്ളത്. ഇതിൽ തന്നെ ഇടത്തെ പ്രധാന ധമനിക്ക് (Left Anterior Descending Artery) വിഡോ മേക്കർ ധമനി ( Widow Maker Artery) എന്നാണു പറയുക. ഈ ധമനിയയാണ് ഹൃദയപേശികൾക്ക് വേണ്ട രക്തത്തിന്റെ 50 ശതമാനവും നൽകുന്നത്. ഈ ധമനിയാണ് പ്രാണവായു നിറഞ്ഞ രക്തം ഹൃദയത്തിന്റെ ഇടത്തേ അറയിലേക്ക് (Left Ventricle) നൽകുന്നു. ഈ അറയിൽ നിന്നും രക്തം മഹാധമനി അഥവാ അയോർട്ടയിലേക്ക് പമ്പ് ചെയ്യപ്പെടുകയും അതു ശരീരത്തിലേ വിവിധ ഭാഗങ്ങളിലേക്കു നൽകുകയും ചെയ്യുന്നു.
എന്തെങ്കിലും തടസ്സം വന്ന് ഈ നിർണായക ധമനി പൂർണമായും അടഞ്ഞാൽ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിന്നു ഹൃദയാഘാതം വരാം. അതിമാരകമായ ഈ ഹൃദയാഘാതത്തിന് വിഡോ മേക്കർ ഹൃദയാഘാതം എന്നു പറയുന്നു. പേരു കേൾക്കുമ്പോൾ ഈ തരം ഹൃദയാഘാതം പുരുഷന്മാർക്കു മാത്രമേ വരൂ എന്നു കരുതാം. എന്നാൽ സ്ത്രീകളിലും ഇത്തരം ഹൃദയാഘാതം വരാം.

ഹൃദയാഘാതം വരുന്നതിങ്ങനെ
കൊളസ്ട്രോളും മറ്റു കൊഴുപ്പു നിക്ഷേപങ്ങളും ചേർന്ന് ഇടത്തേ പ്രധാന ധമനിയിൽ ഉണ്ടാകുന്ന അതിറോസ്ക്ലീറോസിസ് തന്നെയാണ് വിഡോമേക്കർ ഹൃദയാഘാതത്തിനും കാരണം. ഹൃദയപേശികളുടെ ശരിയായ പ്രവർത്തനത്തിന് പ്രാണവായു അത്യാവശ്യമാണ്. കൊറോണറി ധമനികളിലൂടെ ഹൃദയപേശികളിലേക്ക് ഒഴുകിയെത്തുന്ന രക്തം വഴിയാണ് പ്രാണവായുവും പോഷകങ്ങളും പേശികൾക്ക് ലഭിക്കുന്നത്. കൊഴുപ്പും കൊളസ്ട്രോളും മറ്റു ഘടകങ്ങളും ചേർന്നു പ്ലാക്ക് എന്ന വസ്തു കൊറോണറി ധമനികളുടെ ഭിത്തിയിൽ അടിഞ്ഞുകൂടി ധമനികളുടെ ഉള്ളിലുള്ള വീതി കുറയുന്നു. വളരെ സാവധാനം നടക്കുന്ന ഈ പ്രക്രിയയ്ക്ക് അതിരോസ്ക്ലീറോസിസ് എന്നാണു പറയുക.
എന്തെങ്കിലും കാരണത്താൽ ഈ പ്ലാക്ക് പൊട്ടുമ്പോൾ പ്ലാക്കിനു ചുറ്റും രക്തക്കട്ട രൂപപ്പെടും. ഈ രക്തക്കട്ട കൊറോണറി ധമനികളിൽ നിന്നും ഹൃദയപേശികളിലേക്കുള്ള രക്തമൊഴുക്കിനെ തടസ്സപ്പെടുത്തുന്നു. രക്തമൊഴുക്കു തടയപ്പെടുമ്പോൾ ഹൃദയപേശികൾക്ക് ഒാക്സിജനും പോഷകങ്ങളും ലഭിക്കാതെ വന്ന് അവ നശിക്കുന്നു. ഇതാണു ഹൃദയാഘാതത്തിനു കാരണമാകുന്നത്.
ലക്ഷണങ്ങൾ
സാധാരണ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ് ഈ ഹൃദയാഘാതത്തിലും കാണുക. നെഞ്ചു വരിഞ്ഞുമുറുക്കുന്നതു പോലെയോ പൊട്ടിപ്പോകുന്നതുപോലെയോ നെഞ്ചിൽ ഭാരം കയറ്റിവച്ചതുപോലെയോ ഉള്ള വേദന. ഇതു താടിയിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ചെയ്യും. ശ്വാസതടസ്സവും വരാം.
എന്നാൽ ചിലപ്പോൾ ഇത്രയും തീവ്രമായ വേദന അനുഭവപ്പെടാറില്ല. നെഞ്ചുവേദനയേ അനുഭവപ്പെടണമെന്നില്ല. ചിലർക്ക് കൈ വേദനയോ പുറത്തു വേദനയോ മാത്രം അനുഭവപ്പെടാം. ചിലരിൽ ചെറിയൊരു തലചുറ്റലും വിയർപ്പും വയറിന് എരിച്ചിലും മാത്രമേ ഉണ്ടാകൂ. നെഞ്ചിടിപ്പ് കൂടിവരിക, ചെറിയൊരു വിമ്മിഷ്ടം, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതുള്ള ക്ഷീണം എന്നിവയും ചിലപ്പോൾ കാണാറുണ്ട്.
ചിലരിൽ ഇത്തരം യാതൊരു ലക്ഷണവുമില്ലാതെയും ഹൃദയാഘാതം സംഭവിക്കാം.
ഹൃദയാഘാതം സംഭവിച്ചശേഷമുള്ള ആദ്യ മണിക്കൂർ വളരെ പ്രധാനമാണ്. ഈ സുവർണ മണിക്കൂറിൽ വൈദ്യസഹായം ലഭ്യമാക്കാനായാൽ ഹൃദയപേശികൾക്കുള്ള നാശം ഒരു പരിധി വരെ പരിഹരിക്കാനാകും. മരുന്നുകളും സ്െറ്റന്റോ ആൻജിയോപ്ലാസ്റ്റിയോ അല്ലെങ്കിൽ കൊറോണറി ആർട്ടറി ബൈപാസ് സർജറിയോ ആണ് ചികിത്സ.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ജി. വിജയരാഘവൻ
ഹൃദ്രോഗവിദഗ്ധൻ, കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം