ADVERTISEMENT

എന്തുവന്നാലും ആദ്യം വന്ന് പറയാവുന്ന തരത്തിലുള്ള സ്വാതന്ത്ര്യം നൽകി മക്കളെ വളർത്തുക. പല കുട്ടികളും എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ‘അയ്യോ, അച്ഛനും അമ്മയും അറിയല്ലേ’ എന്നാണ് ആദ്യം വിചാരിക്കുക. കുട്ടികൾക്ക് തങ്ങളോടുള്ള ഭയം ബഹുമാനമായിട്ടാണ് പല മാതാപിതാക്കളും കണക്കിലെടുക്കുക. തെറ്റായ രീതിയാണിത്. എന്തു പ്രശ്നം വന്നാലും വീട്ടുകാരോടു തുറന്ന് പറയാനുള്ള ഇഴയടുപ്പം തീരെ ചെറുപ്രായം തൊട്ടേ കുട്ടികളിൽ വളർത്തിയെടുക്കണം. തെറ്റ് പറ്റിയാലും അത് തിരുത്തി മുന്നോട്ടു പോകാൻ മാതാപിതാക്കൾ ഒപ്പം നിൽക്കുമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കണം. 

∙ പല കുട്ടികൾക്കും ചെറുപ്രായം മുതലേ പല തരം മാനസികപിരിമുറുക്കങ്ങളുണ്ടാകുന്നുണ്ട്. കുട്ടിക്ക്  വിഷാദമോ ഉത്കണ്ഠയോ അമിതമാണെന്ന് കണ്ടാൽ  ‘നിന്റെ തോന്നലാണ്’ ‘വെറുതേ മടി പിടിച്ചിരിക്കാനുള്ള ന്യായങ്ങളാണ്’ എന്നൊക്കെ പറയാതെ അവർക്കൊപ്പം നിൽക്കുക. 

ADVERTISEMENT

ഇപ്പോഴത്തെ പോലെ രോഗാവസ്ഥകളുടെ പേരൊന്നും അറിയില്ലായിരുന്നെങ്കിൽ കൂടിയും പണ്ട് നിങ്ങളും ഒരുപക്ഷേ, ഇതിലൊക്കെ കൂടെ കടന്നു പോയിരിക്കാം... അന്ന് നിങ്ങളും നിങ്ങളുടെ മാതാപിതാക്കൾ ഒപ്പമുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുമുണ്ടാകാം. അങ്ങനെ നിങ്ങളുടെ കുട്ടി ഒറ്റപ്പെടാതിരിക്കാനുള്ള എല്ലാ പിന്തുണയും ആവശ്യമെങ്കിൽ ഡോക്ടറുടെയോ കൗൺസലറുടെയോ സഹാ യവും ലഭ്യമാക്കാം. 

∙ ഓട്ടപ്പാച്ചിലുകള്‍ക്കിടയ്ക്കും കുട്ടികള്‍ക്കൊപ്പം ക്വാളിറ്റി ടൈം  ചെലവഴിക്കാനുള്ള സമയം കണ്ടെത്തണം. ജോലിത്തിരക്കും മറ്റും കാരണം മാതാപിതാക്കൾ തിരക്കിലാകുമ്പോൾ പല വീടുകളിലും കുട്ടികൾ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയുണ്ട്. കൂടുതൽ കുട്ടികൾ ഫോണിലേക്കും മറ്റുമായി ഒതുങ്ങി പോകുന്നു. അവർക്ക് സ്വന്തം വീട്ടുകാരോടും മറ്റുള്ളവരോടും ഒന്നും മിണ്ടാൻ പറ്റാതെ അടുപ്പമുണ്ടാക്കാന്‍ പറ്റാതെ ഒറ്റത്തുരുത്തുകളായി മാറുന്നു. 

ADVERTISEMENT

∙ കുട്ടികളുടെ വളർച്ചാഘട്ടങ്ങൾ ആരോഗ്യപരമാക്കാൻ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാമീപ്യം വലിയ സ്വധീനം ചെലുത്തുന്നുണ്ടെന്ന് ഓർമിക്കാം. അതത് പ്രായത്തിനനുസരിച്ച് കുട്ടികളുടെ കൂടെ കളിക്കാനോ സംസാരിക്കാനോ ഒക്കെ സമയം നൽകണം. 

അടിമകളല്ല കുട്ടികൾ

ADVERTISEMENT

കുട്ടികളോട് എന്തും പറയാം എന്ന ഭാവം വേണ്ട. അവരെ വ്യക്തികളായി തന്നെ കണ്ട് വേണം പെരുമാറാൻ. എതിരഭിപ്രായങ്ങളുണ്ടാകുമ്പോൾ വിഷയത്തിൽ നിന്ന് മാറാതെ വേണം സംസാരിക്കാൻ. തല്ലിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ ഇമോഷനൽ ബ്ലാക്‌മെയിലിങ് നടത്തിയിട്ടോ അല്ല തർക്കം പരിഹരിക്കേണ്ടത്. അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും നിങ്ങളോടുള്ള ബഹുമാനത്തിന് കോട്ടം വരുത്തുകയുമേ ചെയ്യൂ. 

∙ നിരന്തരമായി കുട്ടിയ കുറ്റപ്പെടുത്തുക, മറ്റുള്ളവരുമായി താരതമ്യം ചെയ്യുക, അവരുടെ സ്വകാര്യതയിൽ എപ്പോഴും കടന്നു കയറുക എന്നതൊക്കെ കുട്ടികളും നിങ്ങളുമായുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കും. 

∙ വിദേശത്ത് താമസിക്കുന്ന മാതാപിതാക്കളും കുട്ടിക്കൊപ്പം ദിവസവും നിശ്ചിത സമയം ചെലവഴിക്കുക തന്നെ വേണം. വിഡിയോ കോളിങ് പോലുള്ള സൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാം. കൂടുതൽ ക്ഷമയോടും സ്നേഹത്തോടെയുമാകണം സംഭാഷണം. 

∙ വേര്‍പിരിഞ്ഞു താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികളോട് നിരന്തരമായി പങ്കാളിയുടെ കുറ്റം പറഞ്ഞ് സ്നേഹം പിടിച്ചു പറ്റാൻ ശ്രമിക്കുന്നതും വിപരീത ഫലം ചെയ്യും.  

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സൗമ്യരാജ് ടി.ജെ, സൈക്യാട്രിസ്റ്റ്, നോഡൽ ഓഫിസർ, ജില്ലാ മാനസികാരോഗ്യ പദ്ധതി, ജനറൽ ആശുപത്രി, എറണാകുളം.  

ADVERTISEMENT