ADVERTISEMENT

സെൽഫ് കൺട്രോൾ അഥവാ സ്വയം നിയന്ത്രിക്കുക എന്നാൽ നമ്മുെട വികാരങ്ങളെ, പെരുമാറ്റത്തെ നിയന്ത്രിക്കാനുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നത്. സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ എടുത്തുചാടിയുള്ള പെരുമാറ്റം, തെറ്റായ തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കാം. ഇതു കാരണം നമ്മൾക്കും ചുറ്റുമുള്ളവർക്കും ദോഷം സംഭവിക്കാം.

ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങൾ എല്ലാവർക്കും ഉണ്ട്. സ്വയം നിയന്ത്രണം ഇല്ലാത്ത ഒരു വ്യക്തിയാണെങ്കിൽ പ്രതികരണം വളരെ രൂക്ഷമായിരിക്കും. അമിത േദഷ്യം, വൈരാഗ്യം, അക്രമസ്വഭാവം എന്നിവയെല്ലാം പ്രകടിപ്പിക്കാം. അതിനാൽ തന്നെ ഏതു പ്രായക്കാരാെണങ്കിലും സ്വയം നിയന്ത്രിക്കാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം നിയന്ത്രിക്കുക എന്ന കാര്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട പ്രായം മൂന്നര വയസ്സു മുതൽ നാലര വയസ്സുവരെയാണ്.

ADVERTISEMENT

സ്വയം നിയന്ത്രിക്കാൻ പഠിച്ചില്ലെങ്കിൽ ജീവിതത്തിൽ ഒാരോ ഘട്ടത്തിലും അതു ദോഷകരമായി ബാധിക്കും. സ്വയം നിയന്ത്രണം പഠിച്ചില്ലെങ്കിൽ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് – കോപ്പിയിങ് സ്കിൽ– കുട്ടികൾക്ക് ഉണ്ടാവുകയില്ല. പഠനത്തെയും ദോഷകരമായി ബാധിക്കാം. കൂടാതെ ലഹരി വസ്തുക്കളുെട ഉപയോഗവും തുടങ്ങാം.

ചെറിയ കുട്ടികൾ, അവരുെട വാശി സാധിച്ചു കൊടുത്തില്ലെങ്കിൽ വാശി പിടിക്കും. തറയിൽ കിടന്ന് ഉരുളുക, തലയിട്ടിടിക്കുക, വലിയ ബഹളം വയ്ക്കുക തുടങ്ങിയ ടാൻട്രം കാണിക്കും. സ്വയം നിയന്ത്രിക്കാൻ പഠിച്ചില്ലെങ്കിൽ വളരുംതോറും അനുയോജ്യമല്ലാത്ത രീതിയിലുള്ള പ്രതികരണം കുട്ടികൾ പ്രകടിപ്പിക്കും.

ADVERTISEMENT

സ്വയം നിയന്ത്രിക്കാൻ പഠിപ്പിക്കുക – അപായ സൂചനകൾ

കുഞ്ഞ് ഒരുപാട് വാശി കാണിക്കുന്ന പ്രകൃതമാണോ? ആവശ്യങ്ങൾ ഉടനടി നടക്കണമെന്നു ചിന്തിക്കുന്നവരാണോ? എന്തെങ്കിലും സ്ട്രെസ് വന്നാൽ ഉടനെ തകർന്നു പോകാറുണ്ടോ? സാഹചര്യമെന്താണെന്നു മനസ്സിലാക്കാതെ അമിതമായി ഉത്കണ്ഠ പ്രകടിപ്പിക്കാറുണ്ടോ? അമിതമായി ദേഷ്യപ്പെട്ടു പൊട്ടിത്തെറിക്കാറുണ്ടോ? മുതിർന്ന കുട്ടികളാണെങ്കിൽ അമിതമായ ഗ്യാഡ്ജെറ്റ് ഉപയോഗം ഉണ്ടോ? അനാരോഗ്യകരമായ ഭക്ഷണശീലവും അമിതവണ്ണവും ഉണ്ടോ? കുട്ടി ഒരുപാട് കള്ളം പറയാറുണ്ടോ? – ഈ സൂചനകൾ കണ്ടാൽ ശ്രദ്ധിക്കുക.

ADVERTISEMENT

മാതാപിതാക്കൾക്ക്

കൊച്ചു കുട്ടികൾക്ക് ഒരു ദിനചര്യം പഠിപ്പിച്ചെടുക്കുക, പരിശീലിപ്പിക്കുക. ഉദാ: രാവിലെ കൃത്യ സമയത്ത് എണീക്കുക, പല്ലു തേയ്ക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയവ. സ്കൂളിൽ പോകുന്ന കുട്ടിയാണെങ്കിൽ അതിനനുസരിച്ചുള്ള ദിനചര്യ പരിശീലിപ്പിക്കുക. അതായത് തലേ ദിവസം തന്നെ ടൈംടേബിൾ അനുസരിച്ച് പുസ്തകങ്ങൾ അടുക്കിവയ്ക്കാൻ പറയുക. യൂണിഫോം ശരിയാക്കി വയ്ക്കാൻ പറയുക. ഇങ്ങനെ കൃത്യമായ ദിനചര്യ ശീലിക്കുന്നതു സ്വയം നിയന്ത്രണം പഠിക്കാനുള്ള ഒരു മാർഗമാണ്.

കുട്ടിയുെട എന്തെങ്കിലും ആവശ്യത്തോടു നോ പറഞ്ഞാൽ അതിന്റെ കാരണങ്ങളും പറഞ്ഞു കൊടുക്കണം. കുഞ്ഞ് കരഞ്ഞു വാശി പിടിച്ചാൽ അവരുെട ആഗ്രഹം സാധിച്ചു കൊടുക്കരുത്. താൻ ഇങ്ങനെ പ്രവർത്തിച്ചാൽ കാര്യം നടക്കും എന്ന സന്ദേശമാണ് കുട്ടിക്കു ഇവിെട ലഭിക്കുന്നത്. അതിനാൽ സ്വയം നിയന്ത്രിക്കാൻ പഠിക്കില്ല.

കുട്ടികളുെട ആവശ്യങ്ങളോട് നോ പറയാതെ അവർക്കു രണ്ട് ചോയിസ് നൽകാം. ഉദാ:: അനാരോഗ്യകരമായ ഭക്ഷണം വേണമെന്നു പറയുന്ന കുട്ടിക്കു അതിനു പകരം ആരോഗ്യകരമായ രണ്ടു വിഭവങ്ങൾ തിരഞ്ഞെടുക്കാൻ പറയാം. ഇങ്ങനെ സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമ്പോൾ കുട്ടിയുെട ആത്മവിശ്വാസം വർധിക്കും. ഉത്തരവാദിത്തബോധം വർധിക്കും. ഇതു ഒരു തരത്തിൽ കുട്ടികളെ സ്വയം നിയന്ത്രണം പഠിപ്പിക്കും.

കുട്ടികളുെട ആവശ്യങ്ങൾക്കു മേൽ പരിഹാസം, കളിയാക്കലുകൾ എന്നിവ പാടില്ല. കുട്ടിയുെട ആത്മാഭിമാനത്തെ മുറിവേൽപ്പിക്കരുത്. നല്ല പെരുമാറ്റത്തെ അഭിനന്ദിക്കുകയും വേണം. ഏതെങ്കിലും പ്രശ്നം ഉണ്ടായാൽ കുട്ടിയോട് തന്നെ അതിനു പരിഹാരം കാണാൻ പറയാം. അവരെ കൊണ്ട് തന്നെ ചിന്തിപ്പിക്കുക. നല്ല സ്വഭാവത്തിനു ചെറിയ സമ്മാനങ്ങൾ നൽകാം. ഉദാ: കുട്ടിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുക, യാത്ര പോവുക..

രക്ഷിതാക്കൾ സ്വയം നിയന്ത്രിച്ചു നന്നായി െപരുമാറണം. കുട്ടിക്കു നല്ല മാതൃക സൃഷ്ടിക്കണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. മഞ്ജു പീതാബരൻ
കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മാവേലിക്കര

ADVERTISEMENT