ADVERTISEMENT

കാൻസർ ഏതു പ്രായത്തിലും ബാധിക്കാവുന്ന ഒരു രോഗമാണ്, കുട്ടികളും അതിൽ ഉൾപ്പെടുന്നു. മുതിർന്നവരിൽ കണ്ടുവരുന്നതിനെക്കാൾ കുറവാണെങ്കിലും, കുട്ടികളിലെ കാൻസർ ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്. ഐസിഎംആറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 50,000 കുട്ടികളിൽ ഓരോ വർഷവും കാൻസർ രോഗം വരുന്നു. അസുഖത്തിന്റെ സ്വഭാവത്തിലും ചികിത്സാരീതികളിലും മുതിർന്നവരിൽ നിന്നു വളരെ വ്യത്യസ്തതയുള്ളതാണു കുട്ടികളിൽ കണ്ടുവരുന്ന കാൻസർ. അതേസമയം, മെഡിക്കൽ രംഗത്തെ പുരോഗതിയിൽ, ഇന്നു കുട്ടികളുടെ കാൻസർ ഒട്ടുമിക്കതും വിജയകരമായി ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യാം.

കാരണങ്ങൾ അറിയാം

ADVERTISEMENT

മുതിർന്നവരിൽ കണ്ടുവരുന്ന കാൻസറുകൾ പലപ്പോഴും ജീവിതശൈലി, പുകവലി, രാസപദാർഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുട്ടികളിൽ കാൻസറിനു സാധാരണയായി ഇത്തരം വ്യക്തമായ കാരണങ്ങൾ കാണാറില്ല. ഭൂരിഭാഗം കുട്ടികളിലും ജന്മസഹജമായ, അപ്രതീക്ഷിതമായ ഡിഎൻഎ മാറ്റങ്ങളാണു കാൻസറിനു കാരണമാകുന്നത്. പാരമ്പര്യമായി കാൻസർ വരുന്ന സാഹചര്യങ്ങൾ വളരെ കുറച്ചു കുട്ടികളിൽ (10 ശതമാനത്തിൽ താഴെ) മാത്രമെ കാണാറുള്ളൂ. ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ള പല മിഥ്യാധാരണകളും സമൂഹത്തിൽ മാതാപിതാക്കളുടെ ഉത്കണ്ഠ വർധിപ്പിക്കുന്നതായി കാണുന്നുണ്ട്. ലോകമെമ്പാടുമുള്ള പല ഗവേഷണങ്ങൾ ഇവ പഠിച്ചിട്ടുണ്ടെങ്കിലും തീർച്ചപ്പെടുത്താവുന്ന ഒരു ബന്ധവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

രക്താർബുദം മുതൽ

ADVERTISEMENT

∙ ലുക്കീമിയ- രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന ഈ കാൻസറാണു കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് (ഉദാഹരണം: അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, അക്യൂട്ട് മൈലോമിയൽ ലുക്കീമിയ). അർബുദ ബാധിതരായ കുട്ടികളിൽ ഏകദേശം 25 ശതമാനത്തിനും അക്യൂട്ട് ലിംഫോബ്‌ളാസ്‌റ്റിക്‌ ലുക്കീമിയ (ALL) ആണു കണ്ടു വരുന്നത്.

∙ മസ്തിഷ്കത്തെ ബാധിക്കുന്ന ട്യൂമറുകൾ- മെഡുല്ലൊബ്ലാസ്‌റ്റോമ, ഗ്ലയോമ എന്നീ കാൻസറുകൾ

ADVERTISEMENT

∙ ലിംഫോമ- കഴലകളെ ബാധിക്കുന്ന കാൻസർ (ഹോഡ്ജ്കിൻസ് ലിംഫോമ, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ).

∙ ന്യൂറോബ്ലാസ്റ്റോമ - ചെറിയ കുട്ടികളിൽ വയറിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസർ

∙ വിൽമ്സ് ട്യൂമർ - കുട്ടികളിൽ വൃക്കയെ ബാധിക്കുന്ന കാൻസർ.

∙ അസ്ഥി കാൻസറുകൾ- ഒാസ്റ്റിയോ സാർകോമ, ഇവിങ് സാർ കോമ എന്നിവ പ്രായം കൂടിയ കുട്ടികളിൽ കണ്ടുവരുന്ന, എല്ലിനെ ബാധിക്കുന്ന കാൻസറുകളാണ്.

∙ റെറ്റിനോബ്ലാസ്റ്റോമ- കുട്ടികളിൽ വരുന്ന കണ്ണിലെ കാൻസർ.

അർബുദ ലക്ഷണങ്ങൾ

കുട്ടികളിൽ കാൻസറിന്റെ ലക്ഷണങ്ങൾ സാധാരണ കാണുന്ന രോഗങ്ങളുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും, താഴെ പറയുന്ന ലക്ഷണങ്ങൾ സ്ഥിരമായി തുടരുകയോ അസാധാരണമായി തോന്നുകയോ ചെയ്താൽ ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണ്.

∙ വിട്ടുമാറാത്ത പനി, അണുബാധ

∙ കാരണം മനസ്സിലാകാത്ത ഭാരം കുറയൽ

∙തുടർച്ചയായ ക്ഷീണം, ഊർജക്കുറവ്

∙ ശരീരത്തിൽ വലുതായി വരുന്ന തടിപ്പുകൾ

∙ അമിത രക്തസ്രാവം

∙ എല്ലുകളിലും സന്ധികളിലും തുടർച്ചയായ വേദന

∙ സ്ഥിരമായ തലവേദന, ഛർദി

ചെറിയ കുട്ടികളിൽ കാണുന്ന കോങ്കണ്ണ്, കൃഷ്ണമണിയിൽ വെളുത്ത റിഫ്ലക്സ്‌ എന്നിവ റെറ്റിനോബ്ലാസ്‌റ്റോമ എന്ന അസുഖത്തിന്റെ ലക്ഷണമാകാം. അതുകൊണ്ടു തന്നെ ഈ അസുഖം ഈ ലക്ഷണം വച്ചു നേരത്തേ കണ്ടുപിടിക്കാവുന്നതാണ്. നവജാത ശിശുക്കളിൽ ഈ ലക്ഷണം ഉപയോഗിച്ചു സ്ക്രീനിങ് ചെയ്യുകയുമാകാം.

രോഗനിർണയവും ചികിത്സയും

കാൻസറാണെന്നു സംശയം തോന്നിയാൽ, ഡോക്ടർമാർ രക്തപരിശോധന, സ്കാനുകൾ (CT, MRI), ബയോപ്സി എന്നിവയിലൂടെ സ്ഥിരീകരണം നടത്തും. വളരെ ചുരുക്കം സാഹചര്യങ്ങളൊഴിച്ചാൽ കാൻസർ പതോളജി ടെസ്റ്റിലൂടെ നിർണയിച്ചാലേ ചികിത്സ തുടങ്ങാൻ സാധിക്കുകയുള്ളു.

രക്താർബുദങ്ങളിൽ അസുഖം നിർണയിക്കാൻ, മജ്ജ എടുത്തു പരിശോധിക്കേണ്ടി വരും. തടിപ്പുകളിൽ നിന്നു ബയോപ്‌സി ടെസ്റ്റ് ചെയ്താലേ പലപ്പോഴും അസുഖ നിർണയം സാധിക്കുകയുള്ളു. കുട്ടികളിലെ കാൻസറുകൾ പലപ്പോഴും മൈക്രോസ്കോപിലൂടെ നോക്കുമ്പോൾ ഒരേ സ്വഭാവം പോലെ തോന്നുന്നതിനാൽ, ചില പ്രത്യേക ടെസ്റ്റുകൾ (IHC) കൂടി വേണ്ടതായി വരും. കുട്ടികളിലെ കാൻസർ ചികിത്സ ഒരു ടീം വർക്ക് ആണ്. മെച്ചപ്പെട്ട ചികിത്സയ്ക്കു വൈദഗ്ധ്യം നേടിയ ഡോക്ടർമാരും നഴ്സുമാരും കൂടാതെ സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്, ഡയറ്റീഷൻ എന്നിവരുടെ ഇടപെടൽ അത്യാവശ്യമാണ്.

ചികിത്സ എങ്ങനെ?

അർബുദ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ രോഗം ഭേദമാക്കുക അല്ലെങ്കിൽ നിയന്ത്രിക്കുക, രോഗിയുടെ ജീവിതനിലവാരം (Quality of life) മെച്ചപ്പെടുത്തുക, ചികിത്സയ്ക്കു ശേഷമുള്ള ദീർഘകാല ആരോഗ്യപരി
പാലനം എന്നിവയൊക്കെയാണ്.

പ്രധാന ചികിത്സകൾ

∙ കീമോതെറപ്പി (Chemotherapy)- കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ശക്തമായ മരുന്നുകൾ രക്തക്കുഴലുകളിലൂടെ നൽകുന്ന ചികിത്സയാണിത്. രക്താർബുദങ്ങളിൽ,കീമോതെറപ്പി ചികിത്സയിലൂടെ മാത്രം അസുഖത്തെ നേരിടാം. രോഗ
തീവ്രത, ഘട്ടം, രോഗിയുടെ അവസ്ഥ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ചാണു കീമോതെറപ്പി എത്ര സെഷൻ വേണമെന്നു തീരുമാനിക്കുന്നത്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL) യുടെ ചികിത്സയ്ക്കു രണ്ടു വർഷത്തോളം കീമോതെറപ്പി ചികിത്സയുടെ ആവശ്യകതയുണ്ട്.

∙ ശസ്ത്രക്രിയ (Surgery) -

കാൻസർ ട്യൂമറുകൾ നീക്കം ചെയ്യുന്ന ചികിത്സ. ട്യൂമറുകൾക്ക് (ന്യൂറോബ്ലാസ്‌റ്റോമ, വിൽമ്സ് ട്യൂമർ) സർജറിയുടെ കൂടെ കീമോതെറപ്പി ചികിത്സയും റേഡിയേഷൻ ചികിത്സയും വേണ്ടി വന്നേക്കാം.

∙ വികിരണ ചികിത്സ (Radiation Therapy)- ഉയർന്ന ഊർജമുള്ള കിരണങ്ങൾ ഉപയോഗിച്ചു കാൻസർ കോശങ്ങൾ നശിപ്പിക്കുന്നു.

∙ സ്റ്റെം സെൽ ട്രാൻസ്‌പ്ലാന്റേഷൻ (Bone Marrow or Stem Cell Transplant) - മജ്ജയിൽ നിന്നോ രക്തത്തിൽ
നിന്നോ മൂലകോശങ്ങളെ (Stem cell) വേർതിരിച്ചെടുത്തു സ്വന്തം ശരീരത്തിലേക്കോ (Autologous SCT) അല്ലെങ്കിൽ HLA പൊരുത്തം ഉള്ള മറ്റൊരാളുടെ ശരീരത്തിലേക്കോ (Allogenic SCT) നൽകുന്നതാണ് ഈ ചികിത്സ.

∙ ടാർഗറ്റഡ് തെറപ്പി (Targeted Therapy) - കാൻസർ കാരണമായ ചില പ്രത്യേക കോശങ്ങളെ മാത്രം ബാധിക്കുന്ന തരത്തിലുള്ള ചികിത്സയാണിത്. ഉദാ: ഒരു തരം രക്താർബുദമായ സിഎംഎൽ (ക്രോണിക് മയലോയിഡ് ലുക്കീമിയ) എന്ന അസുഖത്തെ ടാർഗറ്റഡ് തെറപ്പി മരുന്നുകളായ ഇമാറ്റിനിബ്/ഡാസാറ്റിനിബ് (Imatinib/ Dasatinib) എന്നീ ഗുളികകൾ ഉപയോഗിച്ചു മാത്രം ഭേദമാക്കാം.

∙ ഇമ്യൂണോതെറപ്പി (Immunotherapy) കാൻസർ കോശങ്ങളെ ശരീരത്തിന്റെ തന്നെ പ്രതിരോധശക്തി (immune mechanisms) കൊണ്ടു കീഴടക്കാൻ
ശ്രമിക്കുന്നു. ഇതിൽ കൃത്രിമമായി നിർമിക്കുന്ന ആന്റിബോഡികൾ
(മോണോക്ലോണൽ ആന്റിബോഡി), സെല്ലുലാർ തെറപ്പി (CAR T cell therapy) എന്നിവ ഉൾപ്പെടുന്നു.

ചികിത്സിച്ചു മാറ്റാൻ പറ്റുമോ ?

മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി കുട്ടികളിലെ കാൻസർ ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അക്യൂട്ട് ലിംഫോബ്‌ളാസ്റ്റിക് ലുകീമിയ (ALL) 70 - 90 ശതമാനം ചികിത്സിച്ചു മാറ്റുവാൻ സാധിക്കും. വിൽമ്സ് ട്യൂമർ, ഹോഡ്‌ജ്കിൻസ് ലിംഫോമ എന്നീ അസുഖങ്ങൾ ചികിത്സിച്ചു മാറ്റുവാനുള്ള സാധ്യത 90 ശതമാനത്തിനും മുകളിലാണ്. ഈ ഫലങ്ങൾ നേടാൻ തുടക്കത്തിലേയുള്ള രോഗനിർണയവും സമയബന്ധിതമായ ചികിത്സയും അത്യാവശ്യമാണ്.

ഡോ. ജിതിൻ ടി. കെ.

അസി. പ്രഫസർ

പീഡിയാട്രിക് ഒാങ്കോളജി, മലബാർ കാൻസർ സെന്റർ, തലശ്ശേരി, കണ്ണൂർ

ADVERTISEMENT