കൗമാരക്കാരി അമ്മയോടു മനസ്സു തുറക്കുന്നതു സ്നേഹക്കൂടുതൽ കൊണ്ടാണോ ? – യാഥാർഥ്യം ഇതാണ് Mother and Teenage daughter
Mail This Article
കൗമാരത്തിലേക്കു പെൺകുട്ടി എത്തുമ്പോൾ അവൾക്കു നിർണായകമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. കുട്ടിക്കുറുമ്പിയായി അമ്മയുടെ പിന്നാലെ നടന്ന പെൺകുട്ടിയുടെ പെരുമാറ്റരീതികളിലും ചിന്തകളിലുമൊക്കെ മാറ്റങ്ങൾ പ്രകടമാകുന്നു. 13 മുതൽ 19 വരെയാണു കൗമാരകാലമായി കണക്കാക്കുന്നത്. മൂന്ന് ‘എ’ കളുടെ കാലം എന്നും ഈ കാലത്തെ പറയാറുണ്ട്– അതായത് അചീവ്മെന്റ ് (Achievement) , അക്സെപ്റ്റൻസ് (Acceptance) , അഫക്ഷൻ (Affection). ഈ മൂന്നു കാര്യങ്ങളും തമ്മിൽ വാഗ്വാദം വരുന്ന കാലം കൂടിയാണു കൗമാരം.
എനിക്ക് എത്ര മാത്രം സ്വീകാര്യതയുണ്ട്? ഞാന്‍ അംഗീകരിക്കപ്പെടുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുന്ന കൗമാരക്കാരികൾ ചില ഘട്ടങ്ങളിൽ അമ്മാരെ എതിർക്കുകയും മറുത്തു സംസാരിക്കുകയും ചെയ്യാറുണ്ട്. കൗമാരമെന്നാൽ കൊടുങ്കാറ്റിന്റെയും പിരിമുറുക്കത്തിന്റെയും കാലമാണെന്നു പറയാറുണ്ട്.
വിമർശനബുദ്ധിയോടെ നിലകൊള്ളുന്ന മസ്തിഷ്കം, പോരാത്തതിന് എടുത്തുചാട്ടവും ഉണ്ട്. ഇതെല്ലാം ആ കാലത്തിന്റെ മാറ്റമായി അമ്മയും അംഗീകരിച്ചേ മതിയാകൂ. കൗമാരക്കാരിയുടെ ഇഷ്ടവസ്ത്രധാരണ രീതിയെയും ഹെയർ സ്‌റ്റെലിനെയും ഭക്ഷണരീതികളെയും സൗഹൃദങ്ങളെയുമൊക്കെ അമ്മ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ കാര്യങ്ങൾ വലിയ പൊട്ടിത്തെറിയിലെത്താം. ഈ സമയത്ത് ചില അമ്മമാർ തീവ്രമായ ഭാഷയിൽ പ്രതികരിക്കും. അതു കൂടുതൽ കുഴപ്പങ്ങളിലെത്താം. കുട്ടിക്കു സ്വാതന്ത്ര്യം നൽകുകയും എന്നാൽ കൃത്യമായ നിയന്ത്രണങ്ങൾ വയ്ക്കുകയും ചെയ്യുന്ന അമ്മയാണെങ്കിൽ കാര്യങ്ങൾ സമാധാനപരമാണ്.
റോൾ മോഡൽ അമ്മ തന്നെ
നന്നായി ആശയവിനിമയം ചെയ്യുന്ന അമ്മയും മകളുമാണെങ്കിൽ പ്രശ്നങ്ങൾ പൊതുവെ കുറവായിരിക്കും. തങ്ങളുടെ ഹൃദയരഹസ്യങ്ങളെല്ലാം കൗമാരക്കാരികൾ പങ്കു വയ്ക്കുന്നത് അമ്മയോടാണ്. സ്നേഹക്കൂടുതൽ കൊണ്ടാണ് എല്ലാം വെളിപ്പെടുത്തുന്നത് എന്ന് അമ്മ കരുതിയാൽ അൽപം തെറ്റിപ്പോയി. അമ്മ തങ്ങളുടെ കാര്യങ്ങൾ അറിയണമെന്നും വിലയിരുത്തണമെന്നും കൗമാരക്കാരി ആഗ്രഹിക്കുന്നതു കൊണ്ടാണീ വെളിപ്പെടുത്തലുകൾ. അമ്മയുടെ അഭിപ്രായത്തിന് എതിരായ അഭിപ്രായങ്ങൾ പറയുമെങ്കിലും അമ്മ തങ്ങളുടെ നിലപാടുകൾ കൂടി കേൾക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. അപ്പോൾ സ്നേഹവും സൗഹൃദവും സ്വാതന്ത്ര്യവും ഇഴ ചേർത്താണ് അമ്മ സംസാരിക്കുന്നതെങ്കിൽ വീണ്ടും സ്വകാര്യങ്ങൾ പങ്കു വയ്ക്കുന്നതിന് അവൾ അമ്മയ്ക്കരികിലെത്തും. പരസ്പരം വിയോജിക്കുമെങ്കിലും അവർ തമ്മിൽ അഗാധബന്ധം പുലർത്തുമത്രേ. എന്നാൽ ‘വെട്ടൊന്നു മുറി രണ്ട്’ എന്നതുപോലെ കർക്കശ നിലപാടാണ് അമ്മയുടേതെങ്കിൽ പിന്നീടു കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞുവെന്നും വരില്ല. കൗമാരക്കാരിക്ക് റോൾ മോഡൽ അമ്മ തന്നെയാണ്. അമ്മയുടെ ശരീരഭാഷയും നിലപാടുകളും പ്രതികരണരീതിയും മകൾ അതേ പോലെ സ്വാംശീകരിക്കും.
അമ്മ ലക്ഷ്യബോധമുള്ളയാളും വെല്ലുവിളികളെ ഏറ്റെടുക്കുന്നയാളുമാണെങ്കിൽ പെൺമക്കളിലും അതേ സ്വഭാവഗുണങ്ങൾ കാണാനാകും. അമ്മമാരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതു പെൺകുട്ടികളായതിനാൽ സമയവും പ്രസക്തമാണ്. അമ്മയുടെ വ്യക്തിത്വഗുണങ്ങൾ ജനിതകവഴിയിലൂടെയും അനുഭവജ്ഞാനത്തിലൂടെയും മകളിലേക്കെത്തും. അമ്മ തന്റെ അപൂർണതകളെ ഉൾക്കൊണ്ട് മകളെ അവളുടെ ശരീരത്തെയും അപൂർണതകളോടെ ഉൾക്കൊള്ളാൻ പഠിപ്പിക്കണം.
കൗമാരക്കാരിയോടുള്ള ബന്ധത്തിൽ അമ്മയ്ക്കു സ്നേഹോഷ്മളത നിലനിർത്താൻ പറ്റുന്നുണ്ടോ എന്നതു പ്രധാന ചോദ്യമാണ്. മകളോടു സ്നേഹം പ്രകടിപ്പിക്കണം. ‘എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ’ എന്നു പറയുക തന്നെ വേണം. മകളെ പിന്തുണച്ച് അവളിൽ ശ്രദ്ധ പുലർത്തുന്ന അമ്മയാകണം. അത്തരം പെൺകുട്ടികൾ സ്വയംപര്യാപ്തരും ആത്മാഭിമാനമുള്ളവരും ജീവിതവിജയം കൈവരിക്കുന്നവരും ആയിരിക്കും. ദിവസേനയുള്ള കാര്യങ്ങൾ, സമകാലികരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സൗഹൃദങ്ങൾ, കൗമാരകാലത്തെ സന്തോഷങ്ങളും സംഘർഷങ്ങളും ഇതെല്ലാം തുറന്നു പറയാൻ മകൾക്കു സാധിക്കണം. നയപരമായി അതു ചോദിച്ചു മനസ്സിലാക്കുന്നതിന് അമ്മയ്ക്കും കഴിയണം. ഇതെല്ലാം അമ്മയോടു തുറന്നു പറയാൻ കഴിയുന്നുണ്ടെങ്കിൽ മകൾ കരുത്തയാണ്. മകളിൽ നിന്ന് സംഘർഷങ്ങളെയും ആനന്ദങ്ങളെയും അറിഞ്ഞ് അവളെ ചേർത്തു നിർത്താനായാൽ അമ്മയും വിജയിച്ചു.
വേണ്ട ഹെലിക്കോപ്റ്റർ പേരന്റിങ്
മകൾ എന്തു ചെയ്യുന്നു? ആരുടെ കൂടെയാണ് എന്നത് അമ്മ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഹെലികോപ്റ്റർ പേരന്റിങ് രീതി പാടില്ല. പെൺകുട്ടികളുടെ മേല്‍ കണ്ണുകൾ നിരീക്ഷണ കാമറകളാക്കി അമ്മ ചുറ്റിക്കറങ്ങുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ആ ഘട്ടത്തിലാണ് അമ്മയോടു വിദ്വേഷം രൂപപ്പെടുന്നത്. അമ്മയോടു വിദ്വേഷം പുലർത്തുന്ന കൗമാരക്കാരിയുടെ സാമൂഹിക ജീവിതത്തിലേക്കും വിദ്വേഷത്തിന്റെ അലകൾ ഉയരാം. സമപ്രായക്കാരോട്, അധ്യാപകരോട്, സഹോദരങ്ങളോട് കുടുംബാംഗങ്ങളോട് എല്ലാം അവർ ഈ വിദ്വേഷം പ്രകടമാക്കാനിടയുണ്ട്. ടീനേജ് പ്രായത്തിൽ അമ്മമാരും പെൺമക്കളും തമ്മിൽ ഹൃദയബന്ധം ഉണ്ടെങ്കിൽ ആ കുട്ടികൾക്കു വളരുമ്പോൾ സ്വതന്ത്ര ചിന്താഗതിയും ആത്മാഭിമാനവും ഉണ്ടായിരിക്കും. വ്യക്തിത്വവൈകല്യങ്ങളും പ്രശ്നങ്ങളും കുറവായിരിക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ്
ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്
െഎെഎടി , പാലക്കാട്
