ADVERTISEMENT

‘‘അമ്മയോട് എത്ര തവണ പറഞ്ഞു, ലഞ്ച് ബോക്സിൽ വെജിറ്റബിൾസ് വയ്ക്കരുതെന്ന്? എനിക്കു മുട്ടയോ ഇറച്ചിയോ മതി...’’അമ്മമാർ പലരും കേട്ടുമടുത്ത പരാതിയാകാമിത്. പക്ഷേ, കുട്ടി എത്ര പരാതി പറഞ്ഞാലും പോഷകക്കുറവു വരില്ലേ എന്നുള്ള ഭീതിയിൽ അമ്മമാർ വീണ്ടും വീണ്ടും ലഞ്ച് ബോക്സിൽ പച്ചക്കറികൾ നിറയ്ക്കും. കുട്ടികൾ അത് അതേപടി വീട്ടിൽ തിരിച്ചെത്തിക്കും.

ADVERTISEMENT

പക്ഷേ, കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും ബൗദ്ധിക വികാസത്തിനും അത്യാവശ്യം വേണ്ട വൈറ്റമിനുകളും ധാതുക്കളും നാരുകളുമൊക്കെ ലഭിക്കാൻ പച്ചക്കറികൾ കഴിച്ചേ മതിയാകൂ. രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കാനും ഭാവിയിൽ വരാവുന്ന രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും പച്ചക്കറികൾ ധാരാളമായി കഴിക്കണം. ഒാർമയും ശ്രദ്ധയും പോലുള്ള ബൗദ്ധികശേഷികൾ തിളങ്ങാനും പച്ചക്കറികളിൽ നിന്നുള്ള പോഷകങ്ങൾ അത്യാവശ്യമാണ്. അസ്ഥികളുടെ കരുത്തിനും കാഴ്ചയ്ക്കും വിവിധ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും പച്ചക്കറികളിൽ നിന്നുള്ള പോഷകങ്ങൾ കൂടിയേ തീരൂ.

നാലു മുതൽ എട്ടു വയസ്സു വരെ പ്രായമുള്ള കുട്ടികൾ ദിനവും ഒന്നര സെർവിങ് പഴങ്ങളും നാലര സെർവിങ് പച്ചക്കറികളും കഴിക്കണമെന്നാണു ശാസ്ത്രീയ ഭക്ഷണ മാർഗനിർദേശങ്ങൾ പറയുന്നത്. നമ്മുടെ ചുറ്റുവട്ടത്തു തന്നെ ലഭിക്കുന്ന സീസണലായുള്ള പച്ചക്കറികളിൽ നിന്നാണു പോഷകങ്ങൾ കൂടുതലായി ലഭിക്കുക. ദൂരെ സ്ഥലങ്ങളിൽ നിന്നും ദിവസങ്ങളോളം ശീതികരിച്ചു വച്ച് എത്തിക്കുന്ന പച്ചക്കറികളിൽ നിന്നും പോഷകലഭ്യത കുറയാനിടയുണ്ട്. അതുകൊണ്ട് കുട്ടിക്കു ബ്രോക്‌ലിയും സെലറിയുമൊക്കെ നൽകുന്നതിലും നല്ലത് നമ്മുടെ നാടൻ ചീരയും വഴുതനങ്ങയും മത്തങ്ങയുമൊക്കെ നൽകുന്നത്.

ADVERTISEMENT

കുട്ടികളെ ഇഷ്ടത്തൊടെ പച്ചക്കറി കഴിപ്പിക്കാനുള്ള വഴികൾ എന്തൊക്കെയെന്നു നോക്കാം.

∙എന്തു കാര്യവും ചെറുപ്പത്തിലേ തുടങ്ങിയാൽ പതിയെ ശീലമാകും. കുറുക്കു കഴിക്കുന്ന പ്രായത്തിലേ തന്നെ പച്ചക്കറികൾ വേവിച്ചുടച്ചു നൽകി ശീലിപ്പിക്കാം. പച്ചക്കറി സൂപ്പാക്കി നൽകാം. ആദ്യമൊക്കെ പച്ചക്കറികളുടെ രുചി കുട്ടിക്ക് ഇഷ്ടപ്പെടണമെന്നില്ല. തുപ്പിക്കളഞ്ഞാലും ഇടയ്ക്കിടെ നൽകിക്കൊണ്ടിരിക്കുക. കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ പോലുള്ളവയ്ക്കു നേരിയ മധുരരുചി ഉള്ളതുകൊണ്ട് കുട്ടിക്ക് ഇഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

ADVERTISEMENT

∙ കഴിക്കൂ എന്നു കുട്ടിയെ നൂറുതവണ നിർബന്ധിക്കുന്നതിലും ഫലപ്രദമാണ് അച്ഛനും അമ്മയും പച്ചക്കറി കഴിച്ചു മാതൃക കാണിക്കുന്നത്. ദിവസവും പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക. പുറത്തുപോയി കഴിച്ചാലും സാലഡ് ആയോ മറ്റോ പച്ചക്കറികൾ വാങ്ങിക്കുക.

∙ പഠനങ്ങൾ പറയുന്നതു കുട്ടികൾ അവരുടെ വൈകുന്നേര ഭക്ഷണത്തോടൊപ്പമാണു പച്ചക്കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നതെന്നാണ്. അതുകൊണ്ടു തന്നെ സ്നാക്സ് ആയി പച്ചക്കറികൾ നൽകുന്നതു നന്നായിരിക്കും.

∙ കാരറ്റു പോലുള്ള പച്ചക്കറി നീളത്തിൽ അരിഞ്ഞ് ആവിയിൽ വേവിച്ച് കുട്ടിക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഡിപ് (പീനട്ട് ബട്ടർ, ഹമ്മസ്) കൂടി ചേർത്തു കഴിക്കാൻ നൽകാം. വെജിറ്റബിൾ പീലർ ഉപയോഗിച്ചു റിബൺ ആകൃതിയിലോ സ്റ്റാർ ഷേപ്പിലോ ഒക്കെ പച്ചക്കറി അരിഞ്ഞു വേവിച്ചു നൽകാം.

∙ കൊച്ചു കുട്ടികളാണെങ്കിൽ അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾക്കൊപ്പം പലതരം പച്ചക്കറികൾ കൂടി ഉപയോഗിച്ചു രസകരമായ രൂപങ്ങളുണ്ടാക്കാം. ബുൾസ് ഐയ്ക്ക് കാരറ്റ് കഷണങ്ങൾ കൊണ്ടു കൊമ്പ് വയ്ക്കാം.

∙ എന്തൊക്കെ ചെയ്താലും നേരിട്ടു പച്ചക്കറി കഴിക്കുന്നില്ലെങ്കിൽ കുട്ടിയുടെ ഇഷ്ടവിഭവങ്ങളിൽ പച്ചക്കറികൾ പൊടിയായരിഞ്ഞോ അരച്ചോ ചേർത്തു നൽകാം. കിഴങ്ങും കാരറ്റുമൊക്കെ പുഴുങ്ങി ആട്ടയോടൊപ്പം കുഴച്ചു ചപ്പാത്തിയായി നൽകാം. അവക്കാഡോ പോലുള്ളവ ആട്ട മാവിൽ കുഴച്ചു ചേർത്തു ചപ്പാത്തിയുണ്ടാക്കാം. അതല്ലെങ്കിൽ പച്ചക്കറി സ്മൂത്തിയാക്കി ആട്ടയോടൊപ്പം കുഴയ്ക്കാം. മുട്ടയിൽ പച്ചക്കറി അരിഞ്ഞു ചേർത്തു ഒാംലറ്റാക്കി നൽകാം. പച്ചക്കറികൾ ചിക്കനോടൊപ്പം ചേർത്തു സൂപ്പാക്കി നൽകാം.

പാസ്തയിലും ന്യൂഡിൽസിലുമൊക്കെ പച്ചക്കറികൾ വളരെ ചെറുതായി അരിഞ്ഞു ചേർക്കാം.

∙ ബിരിയാണിയും ഫ്രൈഡ് റൈസും ന്യൂഡിൽസുമൊക്കെ ഇഷ്ടമുള്ള കുട്ടിക്ക് പൊടിയായി പച്ചക്കറി അരിഞ്ഞ് അതിൽ ചേർത്തു നൽകാം.

∙ പച്ചക്കറികൾ വാങ്ങാൻ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടാം. ഈയാഴ്ച ഏതു പച്ചക്കറി വയ്ക്കണമെന്നു തീരുമാനിക്കാനുള്ള അവസരം നൽകുക. അതു തിരഞ്ഞെടുക്കാൻ പറയുക.

∙ വീട്ടിൽ പച്ചക്കറിത്തോട്ടമുണ്ടെങ്കിൽ കൃഷിപ്പണികൾക്കു കുട്ടിയേയും കൂട്ടുക. താൻ തന്നെ നട്ടു വെള്ളമൊഴിച്ചു വളമിട്ട പച്ചക്കറികൾ കറിവച്ചു കഴിക്കാൻ കുട്ടികൾക്കു സ്വാഭാവികമായും താൽപര്യം വരും.

∙ സ്കൂളുകളിൽ പച്ചക്കറി തോട്ടം പരിപാലിക്കുന്നതും കുട്ടികളിൽ പച്ചക്കറിയോടു താൽപര്യം ഉളവാക്കും.

∙ പച്ചക്കറി പാകപ്പെടുത്തുമ്പോൾ കഴുകാനും അരിയാനും ഒക്കെ കുട്ടിയെ ഏൽപിക്കുക. പ്രായത്തിന് അനുസരിച്ചുള്ള പാചകജോലികൾ മാത്രം ഏൽപിക്കാൻ ശ്രദ്ധിക്കണം.

Reviewed by

ഡോ. അനിതാ മോഹൻ

മുൻ സ്േറ്ററ്റ് ന്യൂട്രീഷൻ ഒാഫിസർ

പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം









 

English Summary:

Vegetables for kids are essential for their physical and mental development. Discover creative strategies to make your children enjoy eating vegetables, ensuring they receive the necessary nutrients for a healthy future.

ADVERTISEMENT