ADVERTISEMENT

കുട്ടികളെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ അടച്ചിരുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾ തളച്ചിടുന്നതു കുട്ടികളുെട മാനസിക–ശാരീരിക ആരോഗ്യത്തെയാണ്. ഇതിനു പരിഹാരം ഒന്നേയുള്ളൂ.. കുട്ടികളെ കളിക്കാൻ അനുവദിക്കുക. അനേകം ഗവേഷണങ്ങൾ കാണിക്കുന്നതു കുട്ടികൾ അവരെ സ്വയമായി പരിവേഷം നടത്താനും കളിക്കാനും അനുവദിക്കുന്ന സാഹചര്യത്തിലാണു മികച്ചതായി പഠിക്കാനും പ്രതിഭയുള്ളവരുമാക്കുന്നത് എന്നാണ്.
എല്ലാ തരം കളികൾക്കും, കാൽപനിക നാടകങ്ങൾ മുതൽ കബഡി വരെ, കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയിൽ നിർണ്ണായക പങ്കുണ്ട്. കളികൾ എന്നു പറയുന്നതു കുട്ടികൾക്ക് അവരുടെ ലോകത്തുനിന്നു മറ്റുള്ളവരുടെ ലോകം നോക്കി കാണാനുള്ള ഒരു ഭൂതക്കണ്ണാടിയാണ്. കളികൾ നിഷേധിക്കപ്പെട്ട കുട്ടികൾക്ക് അവരുടെ കുട്ടിക്കാലത്തു മാത്രമല്ല ഭാവിയിലും വളരെ സ്വഭാവ–മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കളികളും തലച്ചോറും
കളികൾ തലച്ചോറിന്റെ വികസനവും വളർച്ചയും വർധിപ്പിക്കുകയും നാഡീകോശങ്ങൾ തമ്മിൽ പുതിയ പുതിയ പരസ്പര ബന്ധങ്ങൾ സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. അതുവഴി കളിക്കാരെ കൂടുതൽ ബുദ്ധികൂർമതയുള്ളവരാക്കി തീർക്കുന്നു. കുട്ടികൾക്കു മറ്റുള്ളവരുടെ വൈകാരിക തലങ്ങൾ മനസ്സിലാക്കാൻ കൂടുതൽ കഴിയുകയും അതിനോടു പൊരുത്തപ്പെടാനുള്ള കഴിവ് ആർജ്ജിക്കുകയും ചെയ്യുന്നു.
കളികൾ കുട്ടികളിൽ ഭയം, ഉത്കണ്ഠ, സമ്മർദം, ക്ഷോഭം എന്നിവ കുറയ്ക്കുകയും തന്മൂലം സന്തോഷം, സൗഹൃദം, ആത്മാഭിമാനം എന്നിവ സൃഷ്ടിക്കുകയും ചെയ്യുന്നു.
കളികൾ ആസ്വദിക്കുന്ന കുട്ടികളിൽ സഹാനുഭൂതി, അനുകമ്പ, പങ്കുവയ്ക്കൽ എന്നീ സ്വഭാവ സവിശേഷതകൾ ഉണ്ടായിരിക്കും. നല്ലതു തിരഞ്ഞെടുക്കാനും ചീത്തയെ തിരിച്ചറിയാനും അവർക്കു കഴിയുന്നു.

ശാരീരികാരോഗ്യം മാനസികാരോഗ്യവും
പതിവായുള്ള കളികൾ കുട്ടികളുടെ രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് അവരെ രോഗങ്ങളുടെ പിടിയിൽ നിന്നും അകറ്റി നിർത്തുന്നു. കളികൾ ഹോർമോൺ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും മെച്ചപ്പെട്ട ഹൃദയാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
രസകരമായ കളികൾ കുട്ടികൾക്കു പൊതുവെയുള്ള മാനസിക സമ്മർദങ്ങൾ കുറയ്ക്കുകയും വിഷാദരോഗം അകറ്റി നിർത്തുകയും ചെയ്യും. ധാരാളം പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളതു പതിവായി കളിക്കുന്ന കുട്ടികൾ കൂടുതൽ സഹകരണ മനോഭാവം കാണിക്കുന്നവരും സ്വതന്ത്ര ചിന്തകരും ഉയർന്ന ബുദ്ധിശക്തിയുള്ളവരും ആണെന്നതാണ്.

കളികൾ പലവിധം
ബാല്യകാലത്തിൽ ഉടനീളം കളിക്കുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. മുതിർന്നവർ ഇക്കിളിപ്പെടുത്തുമ്പോഴോ അല്ലെങ്കിൽ ഒളിച്ചുകളിക്കുമ്പോഴോ ഉള്ള ചിരിയാണ് ഒരു കുഞ്ഞിന്റെ ആദ്യത്തെ കളികൾ. പക്ഷെ യഥാർഥമായ ആദ്യത്തെ കളികൾ ഒറ്റയ്ക്കുള്ള ഏകാന്തമായ കളികളാണ്. രണ്ടുമൂന്നു വയസ്സിൽ മറ്റു കുട്ടികളുടെ അടുത്തിരുന്നു അവരുടെ കൂട്ടത്തിൽ കൂടാതെ സമാന്തര കളികൾ ആരംഭിക്കുകയായി. മൂന്നോ നാലോ വയസ്സിൽ മറ്റു കുട്ടികളുടെ കൂട്ടത്തിൽ കൂടി സമൂഹകളികൾ തുടങ്ങും. സമൂഹകളികൾ എന്നതു വൈവിധ്യമേറിയതും സങ്കീർണ്ണവുമാണ്. കുടിലും കൊട്ടാരവും വച്ചു കളിക്കലും നാടൻ–മോഡേൺ കളികളും സാങ്കൽപിക നാടകങ്ങളുമെല്ലാം സമൂഹകളികളാണ്. സംഘം ചേർന്നുള്ള കളികളിൽ കൂടി കുട്ടികൾക്കു പുതിയ അറിവുകൾ നേടാൻ സാധിക്കും. ഓരോരോ വസ്തുക്കളുടെ പേരുകൾ, അവയുടെ അക്ഷരവിന്യാസം, വ്യക്തിപരമായ പരിധികൾ, സാമൂഹിക നിയമങ്ങൾ എന്നിവ ആർജ്ജിക്കുവാൻ സാധിക്കും.
വിവിധതരം കളികളിൽ ഏർപ്പെടുക വഴി കളികളിൽ നിന്നുള്ള പ്രയോജനങ്ങൾ പതിന്മടങ്ങാകും. കളികളിൽ നിന്നും കുട്ടികൾക്കു പൂർണ്ണ പ്രയോജനം കിട്ടണമെങ്കിൽ അവർക്കു മുതിർന്നവരുടെ പൂർണ സഹകരണം വേണം. ധാരാളം കളിസ്ഥലവും വിവിധങ്ങളായി കളിപ്പാട്ടങ്ങളും പുതിയ ആശയങ്ങളും അവർക്കു നിർലോഭം ലഭിക്കണം.

കളിയും അപകടമാവാം
അനാരോഗ്യകരമായ കളിസ്ഥലങ്ങൾ, കളി സാഹചര്യങ്ങൾ, സാഹസിക പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണത എന്നിവ കളികൾക്കിടയിൽ കുട്ടികൾക്ക് അപകടം വിതയ്ക്കാം. വലിയ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ചെറിയ കുട്ടികൾ ഉപയോഗിക്കുന്നതു കാരണമോ പൊടിക്കുഞ്ഞുങ്ങൾക്കു ദോഷം ചെയ്യുന്ന കളിപ്പാട്ട ഭാഗങ്ങൾ കൊണ്ടോ അത്യാഹിതം വരാം. കളിത്തോക്ക്, വെടിക്കോപ്പ്, കൂർത്തതോ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ളതോ വൃത്തിഹീനമായതോ ആയ കളിക്കോപ്പുകൾ കാരണവും അപകടങ്ങൾ വരാം.

ADVERTISEMENT

കുട്ടികളുടെ ശാരീരിക–മാനസിക വളർച്ചയ്ക്ക് അനുസൃതമായ കളിക്കോപ്പുകൾ മാത്രം തിരഞ്ഞെടുക്കുക. വൈദ്യുതിയുമായി ബന്ധപ്പെട്ട, എളുപ്പം കത്തുന്ന, കൂർത്ത അറ്റമുള്ള, മൂർച്ചയേറിയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക. അപകടം ഉണ്ടാകാൻ സാധ്യതയുള്ള സാമഗ്രികൾ കുട്ടികളിൽ നിന്നും അകലെ സുരക്ഷിതമായി സൂക്ഷിക്കുക.

കുട്ടികളുടെ കളി മാതാപിതാക്കൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. ടെറസ്സിൽ നിന്നും ഒരു കളിയും അനുവദിക്കാതിരിക്കുക.

ADVERTISEMENT

ഡോ. സജികുമാർ ജെ
ശിശുരോഗ വിദഗ്ദ്ധൻ
പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
ഓച്ചിറ.

English Summary:

Playing is crucial for children's physical and mental development. Children's games enhance cognitive skills, social skills, and emotional well-being, contributing to a healthier and happier childhood.

ADVERTISEMENT
ADVERTISEMENT