ADVERTISEMENT

കുഞ്ഞു ജനിക്കുന്നതോടെ അമ്മമാരുടെ ആശങ്കകൾ വർധിക്കുന്നു. കൊച്ചു കുഞ്ഞിനെ പരിചരിക്കുന്ന കാര്യങ്ങളിൽ ഒട്ടേറെ സംശയങ്ങൾ അമ്മമാർക്ക് ഉണ്ടാകാം. അത്തരം ചില സംശയങ്ങൾക്കുള്ള ഉത്തരമിതാ :

∙ പൗഡർ ഇടാമോ ?
പൗഡർ, കൺമഷി എന്നിവ രൂപഭംഗി വർധിപ്പിക്കുമെന്നതു ശരിയാണ്. നല്ല തരം വസ്തുക്കൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം. മിതമായ രീതിയിൽ മാത്രമേ ഉപയോഗിക്കാവൂ. പൗഡർ മുഖത്തിടുന്പോൾ മൂക്കിനുള്ളിലേക്കു കയറാതിരിക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT

∙ കുഞ്ഞിനെ കുളിപ്പിക്കുന്പോൾ
കുഞ്ഞുങ്ങൾക്കു സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. എണ്ണമയമില്ലാത്ത ശരീരമായതിനാൽ വെറുതെ ചെറിയ ചൂടുവെള്ളം കൊണ്ടു കുളിപ്പിച്ചാൽ മതി. കുളിപ്പിക്കാൻ 5 -7 മിനിറ്റിൽ കൂടുതൽ എടുക്കരുത്. ജനനസമയത്തു കുഞ്ഞിന്റെ ശരീരമാകെ മെഴുകുപോലെ ഒരു വസ്തു കാണാം. ഇതു കുഞ്ഞിന്റെ ചർമത്തിനു സംരക്ഷണം നൽകുന്നു. തുടച്ചു മാറ്റേണ്ടതില്ല. താനേ പോകും.

∙ ഡയപ്പറുകൾ ധരിപ്പിക്കുന്പോൾ ശ്രദ്ധിക്കാൻ
വിപണിയിൽ ലഭിക്കുന്ന ഡയപ്പറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതു പലതരത്തിലുള്ള അസ്വസ്ഥതയ്ക്കും പൂപ്പൽ രോഗബാധയ്ക്കും വഴിവയ്ക്കും. കട്ടിയുള്ള പരുത്തി തുണിയുടെ അടിവസ്ത്രം ഉപയോഗിക്കാവുന്നതാണ്. ഡയപ്പർ ഉപയോഗിച്ചു റാഷ് വന്നാൽ ഡോക്ടർ നിർദേശിക്കുന്ന ഓയിന്റമെന്റുകൾ ഉപയോഗിക്കാം. അത്യാവശ്യമെങ്കിൽ യാത്രയിൽ ഡയപ്പർ ധരിപ്പിക്കാം. പക്ഷേ രണ്ടു-മൂന്നു മണിക്കൂർ കഴിയുന്പോൾ ഡയപ്പർ മാറ്റണം.

ADVERTISEMENT

∙ കുഞ്ഞിന്റെ ഉറക്കവും മുറിയിലെ താപനിലയും

നവജാതശിശു 16-18 മണിക്കൂർ സമയം ഉറങ്ങണം. മൂന്നു മാസമാകുന്പോഴേക്കും അതു 14-17 മണിക്കൂറാകും. 4-12 മാസത്തിൽ 12 - 16 മണിക്കൂറായി അതു കുറഞ്ഞു വരും. ഒരു വയസ്സു മുതൽ രണ്ടു വയസ്സു വരെ ഉറക്കം 11- 14 മണിക്കൂർ മതിയാകും. കുഞ്ഞുങ്ങൾക്ക് ഏറ്റവും ആശാസ്യമായ താപനില സാധാരണ ഗതിയിൽ 23-25 ഡിഗ്രി സെൽഷ്യസ് ആണ്. ഏസി ഉപയോഗിക്കുന്പോഴും ഇതിനു താഴെ പോകാതിരിക്കുന്നതാണ് ഉത്തമം.

ADVERTISEMENT

∙ കുഞ്ഞുമായി യാത്ര
കൊച്ചു കുഞ്ഞുമായുള്ള യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. ആശുപത്രി സന്ദർശനം പോലുള്ള അത്യാവശ്യ യാത്ര മതി. ഉത്സവങ്ങൾ, ആഘോഷങ്ങൾ, ആൾക്കൂട്ടങ്ങൾ, കുടുസ്സു മുറി, സിനിമാ തിയറ്ററുകൾ, ബസ് യാത്രകൾ, പകർച്ചവ്യാധികളുള്ളവരുടെ സാമീപ്യം, പൊടിയും കൂടിയ തണുപ്പും ചൂടുമുള്ള ഇടങ്ങൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ഉത്തമം.

തയാറാക്കിയത്
ഡോ. എം. മുരളീധരൻ
ശിശുചികിത്സാ വിദഗ്ധൻ
വടകര, കോഴിക്കോട്

English Summary:

Newborn care and infant care tips are crucial for new mothers navigating the early days with their baby. This article provides essential advice on managing common concerns like using baby powder, bathing techniques, diapering, ensuring proper sleep patterns, and safe travel with a newborn, offering reassurance and practical guidance.

ADVERTISEMENT