കുട്ടികൾക്ക് അപകടം സംഭവിച്ചാൽ പകച്ചുനിൽക്കരുത് ! നൽകാം പ്രഥമശുശ്രൂഷ First Aid for Fractures and Bruises
Mail This Article
കുസൃതികുരുന്നുകൾക്ക് അപകടം സംഭവിക്കുന്നതു മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആശങ്ക വരുത്തുന്ന കാര്യമാണ്. വീഴ്ചകൾ, ഒടിവ്, ഉയരത്തിൽ നിന്നുള്ള വീഴ്ച എന്നിവ സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്തെല്ലാമെന്നു നോക്കാം.
ഒടിവ്, ചതവ് വന്നാൽ
∙ പരുക്കു പറ്റിയ ഭാഗത്തു നിന്നും വസ്ത്രം മാറ്റുക.
∙ പരുക്കു പറ്റിയ ഭാഗം ഇളക്കം തട്ടാത്ത വിധത്തിൽ ഉറപ്പിച്ചു (stabilize) വയ്ക്കുക.
∙ വീക്കം കുറയ്ക്കാൻ പരുക്കു പറ്റിയ കൈകാലുകൾ ഉയർത്തി വയ്ക്കുക.
∙ നേരിയ തുണിയിൽ പൊതിഞ്ഞ ഐസ്പായ്ക്ക് (Ice pack) വയ്ക്കുക.
∙ പാരസെറ്റമോളോ ഡോക്ടർ നിർദേശിച്ച മറ്റു വേദനസംഹാരികളോ നൽകുക.
∙ ലഭ്യമെങ്കിൽ ഒരു സ്പ്ലിന്റോ (splint) അല്ലെങ്കിൽ മടക്കിയ ന്യൂസ് പേപ്പറോ പുസ്തകമോ ഉപയോഗിച്ചു പരുക്കു പറ്റിയ ഭാഗം നിശ്ചലമാക്കി ഉറപ്പിച്ചു വയ്ക്കുക.
∙ അധികം അമർത്തിക്കെട്ടാതിരിക്കുക. ഉടൻ വൈദ്യസഹായം ലഭ്യമാക്കുക.
ഗൗരവ സൂചനകൾ തിരിച്ചറിയുക
∙ വേദനസംഹാരി കഴിച്ചിട്ടും ശക്തമായി വേദനിക്കുക ∙ കൈകാലുകൾ ഉയർത്തുമ്പോൾ വേദനി
ക്കുക ∙ പരുക്കു പറ്റിയ ഭാഗത്തു വിളർച്ച, തണുപ്പ്, നീലനിറം, വീക്കം എന്നിവ അധികരിക്കുക ∙ തരിപ്പ് അനുഭവപ്പെടുക.
ഉയരത്തിൽ നിന്നു വീണാൽ
പ്രഥമ ശുശ്രൂഷ
∙ കുട്ടിയെ സമാധാനിപ്പിക്കുക.
∙ ഭയപ്പെടാതെ ശാന്തമായിരിക്കാൻ പ്രേരിപ്പിക്കുക.
∙ വീക്കമുണ്ടെങ്കിൽ 10-15 മിനിറ്റോളം ഐസ് നേരിയ തുണിയിൽ പൊതിഞ്ഞു വയ്ക്കുക.
∙ രക്തസ്രാവമുണ്ടെങ്കിൽ വൃത്തിയുള്ള തുണി വച്ച് 10 മിനിറ്റ് അമർത്തിപ്പിടിക്കുക.
∙ പാരസെറ്റമോളോ ഡോക്ടർ നിർദേശിച്ച വേദനസംഹാരികളോ നൽകുക.
∙ ആസ്പിരിൻ ഗുളിക നൽകരുത്.
∙ കുട്ടിയെ കുടയുകയോ ഇളക്കുകയോ ചെയ്യരുത്. ഇതു നട്ടെല്ലു പോലുള്ള ഭാഗങ്ങളിലെ ക്ഷതം വർധിപ്പിച്ചേക്കാം.
∙ പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കുക.
ഗൗരവ സൂചനകൾ
∙ കുറഞ്ഞ സമയത്തേക്കെങ്കിലുമുള്ള ബോധക്ഷയം. ∙ മൂക്ക്, ചെവി, വായ എന്നിവിടങ്ങളിൽ നിന്നു രക്തമോ തെളിഞ്ഞ ദ്രാവകമോ വരിക ∙ തുടരെത്തുടരെ ഛർദിക്കുക ∙ പരിചയമുള്ളവരെ തിരിച്ചറിയാതിരിക്കുക ∙ നിർത്താതെ കരയുക ∙ അപസ്മാരം ∙ കേൾവി, കാഴ്ച, ചലനം എന്നിവയ്ക്കു ബുദ്ധിമുട്ട്.
തയാറാക്കിയത്
ഡോ. യഹ്‌യ വി. പി.
കൺസൽറ്റന്റ് പീഡിയാട്രീഷൻ
ഇസാഫ് ഹോസ്പിറ്റൽ, തച്ചന്പാറ, പാലക്കാട്