കുട്ടിമൂക്കിന്റെ പാലത്തിനു വളവ് – ശസ്ത്രക്രിയ വേണ്ടി വരുമോ? Nasal Septum Deviation in Children
Mail This Article
കുട്ടികളുടെ മൂക്കിന്റെ പാലത്തിന് ഉണ്ടാകുന്ന വളവിനെയാണു നേസൽ സെപ്റ്റം ഡീവിയേഷൻ എന്നു പറയുന്നത്. (Nasal Septum Deviation). പൊതുവെ എല്ലാവർക്കും മൂക്കിൽ ചെറിയ വളവുകൾ ഉണ്ടാകാം. അതിൽ തന്നെ 40 ശതമാനം പേരിലാണു പാലത്തിന്റെ വളവു കാരണമുള്ള പ്രശ്നം ഉണ്ടാകുന്നത്. ശ്വസിക്കാനുള്ള തടസ്സം, മൂക്കടപ്പ്, സൈനസ് അണുബാധ പോലുള്ള ലക്ഷണങ്ങൾ ഇതിന്റെ ഭാഗമായി കുട്ടികളിൽ പ്രകടമാകാറുണ്ട്.
18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കു മൂക്കിന്റെ അസ്ഥിയുടെ വളവു കൊണ്ടുള്ള പ്രശ്നങ്ങൾ വരികയാണെങ്കിൽ അത് അൽപം സങ്കീർണമായ ഘട്ടമാണ്.
ചികിത്സയും പരിഹാരങ്ങളും
ഹെഡ്‌ലൈറ്റ് ഉപയോഗിച്ചു മൂക്കിന്റെ ഉൾഭാഗം പരിശോധിക്കാം. മൂക്കിന്റെ ഉൾഭാഗം
പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും ഉണ്ട്. എൻഡോസ്കോപ്പ് പരിശോധനയിലൂടെ ദൃശ്യങ്ങൾ ക്യാമറയിലൂടെ കാണാം. വളവും പോളിപ്പും ഉള്ളപ്പോൾ മൂക്കിന്റെ ഉൾഭാഗം വ്യക്തമാകാതെ വരാം. അപ്പോൾ എക്സ്റേ, സിറ്റി സ്കാൻ പരിശോധനാമാർഗങ്ങൾ വേണ്ടി വരും. വളഞ്ഞ സെപ്റ്റം ശരിയാക്കുന്നതിനു ശസ്ത്രക്രിയ മാത്രമാണു പ്രതിവിധി. ശസ്ത്രക്രിയയ്ക്കു മുൻപ് സി ടി സ്കാൻ ചെയ്യുന്നതു പോളിപ്പ് ഉണ്ടോ എന്ന് ഉറപ്പു വരുത്താനാണ്.
വളരുന്ന പ്രായത്തിൽ 18 വയസ്സിനിടയ്ക്ക് ഒരു തവണ ശസ്ത്രക്രിയയിലൂടെ സെപ്റ്റത്തിന്റെ വളവു നേരെയാക്കിയാലും അതു വീണ്ടും വളയാനിടയാകാം. വളരുന്ന പ്രായത്തിൽ സെപ്റ്റത്തിനു ശസ്ത്രക്രിയ ചെയ്താൽ അതിന്റെ ആകൃതിയും മാറാം. അതുകൊണ്ടു തന്നെ മൂക്കിന്റെ പാലം 18 വയസ്സിനു ശേഷം ശസ്ത്രക്രിയ ചെയ്താൽ മതിയെന്നാണു വിദഗ്ധ അഭിപ്രായം. കൊച്ചുകുട്ടികളിൽ ഏതെങ്കിലും സൈനസിൽ ഫംഗസ് കാണുക, മൂക്കിനുള്ളിൽ ദശ വളരുക എന്നിങ്ങനെയുള്ള സാഹര്യങ്ങളിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരും. 18 വയസ്സാകുമ്പോൾ ഒരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വരും എന്നും പറയാറുണ്ട്. കുട്ടികളിൽ മൂക്കിന്റെ പാലത്തിന്റെ വളവും അനുബന്ധ പ്രശ്നങ്ങളും അപൂർവമാണ്. 18 വയസ്സു കഴിഞ്ഞു പാലത്തിന്റെ ശസ്ത്രക്രിയ ചെയ്യുന്നതിന്റെയത്രയും ഗുണഫലങ്ങൾ നേരത്തെ ശസ്ത്രക്രിയ ചെയ്താൽ ലഭിക്കുകയുമില്ല.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനീഷ് പി. അസീസ്
അസിസ്‌റ്റന്റ് പ്രഫസർ
ഇ എൻ ടി വിഭാഗം
ഗവ. മെഡിക്കൽ കോളജ് , തിരുവനന്തപുരം
