കുതിക്കുമ്പോഴും കിതയ്ക്കുന്ന കൗമാരം – അനാരോഗ്യത്തിലേയ്ക്കോ കൗമാരത്തിന്റെ യാത്ര ? Adolescent Health Issues
Mail This Article
ദൂരെ നിന്നു കാണുമ്പോൾ പുതിയ കാലത്തെ കൗമാരം നിറങ്ങൾ ചാലിച്ചതും മുൻപെങ്ങും കാണാത്തവിധം പരിഷ്കൃതവും മനോഹരവുമായ ജീവിതഘട്ടമാണ്. എന്നാൽ അവരുടെ അരികിലേക്ക് എത്തുമ്പോൾ ചില കാഴ്ചകൾ കൂടുതൽ വ്യക്തമാകും. പോഷകാഹാരക്കുറവും വിളർച്ചയും പൊണ്ണത്തടിയും വിഷാദവും പലരെയും അലട്ടുന്നു. ആർത്തവപ്രശ്നങ്ങളും ചർമസൗന്ദര്യപ്രശ്നങ്ങളും അലോസരപ്പെടുത്തുന്നു. പുതിയ കൗമാരത്തിന്റെ കുതിപ്പുകളെ മാത്രമല്ല, രോഗാതുരമായ കിതപ്പുകളെയും നാം അറിയേണ്ടതുണ്ട് എന്നു കൗമാരത്തെ ദിവസവും കണ്ടും കേട്ടും അറിയുന്ന വിവിധ മേഖലകളിലെ ഡോക്ടർമാർ പറയുന്നു. രോഗാതുരമാണോ നമ്മുടെ കൗമാരം? വിദഗ്ധ വിശകലനങ്ങളിലേക്കു കടക്കാം.
പൊണ്ണത്തടി മുതൽ വിഷാദം വരെ
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ പത്തുവയസ്സിനും 18 വയസ്സിനും ഇടയിലുള്ള കാലഘട്ടമാണു കൗമാരം. അതൊരു ചെറിയ വിഭാഗമല്ലാത്തതിനാൽ അത്രയും വിശാലമായ തലത്തിലാണു കൗമാരപ്രശ്നങ്ങളെ പരിഗണിക്കേണ്ടതും ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ മാനസികവും ശാരീരികമായ വികാസം നടക്കുന്ന കാലമാണു കൗമാരം.
“കൗമാരത്തില്‍ ഏറ്റവുമധികം കാണുന്നതു വിളർച്ചയും പോഷകക്കുറവുമാണ്. കുറച്ചു കാലം മുൻപു വരെ ആവശ്യമായ ശരീരഭാരമില്ലാത്ത കൗമാരക്കാരെ കൂടുതൽ കാണാമായിരുന്നു. ഇന്നു പൊണ്ണത്തടിയുള്ള കൗമാരക്കാർ കൂടി വരുന്നു. അവർക്കു വ്യായാമം കുറവാണ്. വിഷാദം, വളരെ കൂടുതലാണ്. ദേഷ്യവുമുണ്ട്. നാഷണൽ ഹെൽത് മിഷൻ അഡോളസന്റ ് വിഭാഗം സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ പറയുന്നു.
പുതിയ കൗമാരത്തിന്റെ ആരോഗ്യപ്രശ്നങ്ങളുടെ സ്ഥിതി വിവര കണക്കുകൾ നിലവിലുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. “രോഗലക്ഷണങ്ങളുടെ വിവരശേഖരണം സർക്കാർ തലത്തിൽ നടത്തുന്നുണ്ട്. എന്നാൽ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാൽ ശേഖരിക്കാനാകില്ല’’.
ഡോ. അമർ പറയുന്നു.
ആഹാരരീതി മാറിയതും വ്യായാമം കുറഞ്ഞതുമാണു കൗമാരക്കാരെ പൊണ്ണത്തടിയിലേക്കു നയിക്കുന്നത്. ശരീരഭാരം കൂടുമെന്ന ആശങ്കയിൽ ആഹാരം കഴിക്കാത്ത പെൺകുട്ടികളും ഉണ്ട്. പ്രഭാതഭക്ഷണം കഴിക്കാതെ സ്കൂളിലേക്കു പോകുന്ന കുട്ടികളാണ് ഇന്നു കൂടുതലും. പ്രഭാതഭക്ഷണത്തിന്റെ അഭാവത്തിൽ രക്തത്തിലെ പഞ്ചസാരനില കുറയുന്നു. ദഹനവ്യവസ്ഥ താളം തെറ്റുന്നു. ക്ലാസിൽ ഉറക്കം തൂങ്ങി തളർന്നിരിക്കുന്നതു കുട്ടികളുടെ പഠനിലവാരത്തെയും ബാധിക്കുന്നു. വെള്ളം കുടിക്കാത്തതിനാൽ മൂത്രാശയ അണുബാധയും ഉണ്ട്
– ഡോ. അമർ വിശദമാക്കുന്നു.
പോഷകക്കുറവ് തലമുറകളിലേയ്ക്കോ?
പുതിയ കൗമാരത്തെ ഏറ്റവുമധികം വലയ്ക്കുന്നതു പോഷകാഹാരക്കുറവാണെന്നു കൊച്ചി ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ ് പീഡിയാട്രീഷനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ നാഷനൽ പ്രസിഡന്റുമായ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് പറയുന്നു. “ഒന്നുകിൽ പൊണ്ണത്തടി, അല്ലെങ്കിൽ പോഷക അപര്യാപ്ത. ഒപിയിൽ വരുന്ന കൗമാരക്കാരിൽ അങ്ങനെയാണു പൊതുവെ കണ്ടു വരുന്നത്. ആഹാരം ഒട്ടും കഴിക്കാത്തവരും കൂടുതൽ കഴിക്കുന്നവരും ഗുണമേന്മയില്ലാത്ത ആഹാരം കഴിക്കുന്നവരുമെല്ലാം ഈ വിഭാഗത്തിലുണ്ട്.
കൗമാരക്കാർക്കു വേണ്ടതു സന്തുലിത ആഹാരശീലമാണ്. പൂർവികർ ശീലിച്ചു പോന്നതും വീടുകളിൽ തനതായ രീതിയിൽ തയാറാക്കുന്നതുമായ ആഹാരം. അതു കഴിക്കുന്നതു കുറഞ്ഞതും ഫാസ്റ്റ് ഫൂഡ്–ജങ്ക്ഫൂഡ് ആഹാര ശീലങ്ങൾ വലിയ പ്രചാരം നേടിയതുമാണ് ഇതിനു കാരണം. കൗമാരക്കാരുടെയും മാതാപിതാക്കളുടെയും ജീവിത തിരക്കിന്റെ ഓട്ടപ്പാച്ചിലിൽ പോഷകാഹാരലഭ്യത കുറയുകയാണ്. എങ്കിലും മാതാപിതാക്കൾ കൗമാരക്കാരുടെ കാര്യങ്ങളിൽ പ്രത്യേകിച്ച് ആഹാരകാര്യത്തിൽ ഗുണമേന്മ ഉറപ്പു വരുത്തണം. എല്ലാ ആഹാര നേരങ്ങളിലും കഴിയുന്നത്ര അതു പാലിക്കുന്നതാണു മാതാപിതാക്കളുടെ വിജയമെന്നു ഡോ. സച്ചിദാനന്ദ കമ്മത്ത് സൂചിപ്പിക്കുന്നു.
കൗമാരകാലം ശരീരത്തിൽ അവശേഷിപ്പിക്കുന്ന പോഷകങ്ങളുടെ ശേഷിപ്പുകളാണു ജീവിതപാതയിൽ കരുത്താകുന്നത്. കൗമാരക്കാരിയുടെ പോഷകാഹാരക്കുറവും ആർത്തവരക്തനഷ്ടവും ചേരുമ്പോൾ വിളർച്ച ബാധിക്കുന്നു. കുട്ടി മുതിരുമ്പോഴും ഈ വിളർച്ച കാണാമറയത്താകാം. വിവാഹം കഴിഞ്ഞു ഗർഭകാലമെത്തുമ്പോഴും അവൾ വിളർച്ചയുടെ വലയത്തിലാണ്. അടുത്ത തലമുറയിലേക്കും അതു കൈമാറുന്നു. വിളർച്ചയും അമിതവണ്ണവും പോഷകാഹാരക്കുറവുമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ ജനനത്തോടെ രോഗാതുരതയുടെ നിഴലിലെത്തുന്നു. ഇതെല്ലാം പരസ്പരബന്ധിത യാഥാർഥ്യങ്ങളാണ്.
“ആവശ്യമായ ശരീരഭാരമില്ലാത്ത അമ്മയുടെ കുഞ്ഞിനും കുറഞ്ഞ ജനനഭാരമായിരിക്കും. ഈ കുഞ്ഞിന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അംശം കുറവായിരിക്കും. എന്നാൽ ഈ കുട്ടികളുടെ ശരീരത്തിൽ പിന്നീടു പെട്ടെന്നു കൊഴുപ്പിന്റെ ആധിക്യം ഉണ്ടായാൽ അമിതവണ്ണവും മറ്റു പ്രശ്നങ്ങളും സാധാരണയിലും കൂടുതലായിരിക്കും’’– ഡോ. കമ്മത്ത് വിശദമാക്കുന്നു.
വിളർച്ചയിൽ വീണുപോകുന്നവർ
ചില കൗമാരക്കാരികളെ കണ്ടിട്ടില്ലേ? വിളറി വെളുത്ത്. എപ്പോഴും ക്ഷീണമാണെന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. കൺതടങ്ങളിൽ രക്തവർണമില്ലാതെ മുഖപ്രസാദം വാർന്നു പോകുന്നവരിൽ ആൺകുട്ടികളും ഉണ്ട്. ഹീമോഗ്ലോബിന്റെ അപര്യാപ്തതയാണല്ലോ വിളർച്ചയിലേക്കു നയിക്കുന്നത്. ശരീരമാകെ ഓക്സിജൻ വ്യാപരിക്കുന്നതിനു ഹീമോഗ്ലോബിൻ ആവശ്യമുണ്ട്. ഇരുമ്പിന്റെ അഭാവമാണു വിളർച്ചയുടെ സാധാരണ കാരണം. കൗമാരക്കാരികളിൽ അധികരക്തസ്രാവത്തിന് ഇതു കാരണമാകുന്നു. വൈറ്റമിൻ എ, ബി12, ഫോളേറ്റ്, റൈബോഫ്ലേവിൻ, കോപ്പർ ഇവയുടെയൊക്കെ അഭാവം വിളർച്ചയുടെ ആക്കാം കൂട്ടാം. ക്ഷീണവും തളർച്ചയും തലവേദനയും ഊർജക്കുറവും വിളറിയ ചർമവും ശ്വാസതടസ്സവും ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതുമൊക്കെയാണു കൗമാരക്കാരിൽ വിളർച്ചയുടെ ലക്ഷണങ്ങൾ. മിക്കവരും ഡോക്ടറെ കാണാനെത്തുമെങ്കിലും ലക്ഷണങ്ങളെ അവഗണിക്കുന്നവരുമുണ്ട്. ഇരുമ്പ് ഉൾപ്പെടെയുള്ള മരുന്നുകൾ, ഡയറ്റ് ക്രമീകരണം, വിളർച്ചയുടെ മറവിൽ മറ്റെന്തെങ്കിലും രോഗം ഉണ്ടോ എന്ന നിരീക്ഷണം എന്നിവയെല്ലാം പരിഹാരമാർഗങ്ങളിൽ ഉൾപ്പെടുന്നു. “പച്ചക്കറികൾ പടിയിറങ്ങിയ ഡയറ്റിൽ നിന്ന് ഫോളിക് ആസിഡും വൈറ്റമിനും ഇരുമ്പുസത്തും നമ്മുടെ കൗമാരത്തിനു നഷ്ടമാകുന്നു. അതു പുനഃസ്ഥാപിക്കാനാണു വിഫ്സ് പദ്ധതി (Weekly Iron and Folic Acid Supplementation). ആഹാരത്തിനൊപ്പം ചായയും കാപ്പിയും കുടിക്കുന്നതിലൂടെ ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുമെന്നു പുതിയ കൗമാരത്തിനു പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു.”-ഡോ. അമർ ഫൈറ്റിൽ വിശദമാക്കുന്നു.
പൊണ്ണത്തടിയുടെ ഫാസ്റ്റ് ഫൂഡും
ഡാ തടിയാ... എന്ന വിളിയിൽ ഇന്നത്തെ കൗമാരം അത്രയങ്ങു പതറുന്നില്ല. എങ്കിലും പൊണ്ണത്തടി കാരണമുള്ള ആരോഗ്യപ്രശ്നങ്ങളിൽ അവർ വലയുന്നുണ്ട്. അമിതവണ്ണമുള്ള കൗമാരക്കാരിൽ പലരും വിവിധ ശാരീരിക പ്രശ്നങ്ങളുമായി ഡോക്ടറെ തേടിയെത്തുന്നു. “അമിതവണ്ണമുള്ള കൗമാരക്കാർക്കു ശ്വാസമുട്ടലും വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടും ഉണ്ടാകാം. ക്ഷീണവും സന്ധിവേദനയും നടുവേദനയും അമിതവിയർക്കലും കൂർക്കംവലിയും അനുഭവപ്പെടാം. കൂടെ ഉറക്കക്കുറവും ദഹനപ്രശ്നങ്ങളും. ആത്മാഭിമാനവും ആത്മവിശ്വാസവും അമിതവണ്ണമെന്ന ഒറ്റക്കാരണത്താൽ ചോർന്നു പോകുന്നു”– ഡോ. കമ്മത്ത് പറയുന്നു.
“അമിതവണ്ണത്തിന്റെ കാരണങ്ങളിലൊന്നു മുൻപു സൂചിപ്പിച്ച പോഷകദൗർലഭ്യമാണ്. ഉപ്പ്–കൊഴുപ്പ്–പഞ്ചസാര എന്നിവയുടെ ആധിക്യം കൗമാരത്തിന്റ ആഹാരത്തിൽ കൂടുതലാണ്. കൗമാരം കൂടുതലായി തമ്പടിക്കുന്ന ഫാസ്റ്റ് ഫൂഡ് റസ്റ്ററന്റുകളിൽ ഉപ്പും കൊഴുപ്പും പഞ്ചസാരയും ഒന്നിച്ച് ഒരു ട്രേയിൽ ലഭ്യമാകുന്നു. രുചിയും ആസക്തിയും ലഭ്യതയും ഈ ആഹാരത്തിലേക്ക് അവരെ വീണ്ടും വീണ്ടും നയിക്കുകയാണ്” – ഡോ. കമ്മത്ത് പറയുന്നു.
വണ്ണം കൂടി പ്രമേഹത്തിലേയ്ക്കോ?
“പുതിയ കാലത്തെ കൗമാരത്തിനു പ്രമേഹത്തിലേക്കും ഒരു ചെറു ചായ്‌വുണ്ട് എന്നു തന്നെ പറയാം. അൽപം കരുതലുണ്ടെങ്കിൽ ഇതു കൗമാരത്തിൽ തന്നെ തടയാനാകും. കൗമാരത്തിലെ രോഗങ്ങൾക്കു പിന്നില്‍ ജനിതക ഘടകങ്ങൾക്കും പ്രസക്തിയുണ്ടെന്നു ഡോ. സച്ചിദാനന്ദ കമ്മത്ത് പറയുന്നു.
“ക്രമം തെറ്റുന്ന ആർത്തവപ്രശ്നവുമായി ഒട്ടേറെ കൗമാരക്കാരികൾ എത്താറുണ്ട്. ആർത്തവം ആരംഭിച്ചശേഷമുള്ള ആദ്യ രണ്ടു വർഷങ്ങളിൽ അതു ക്രമരഹിതമായിരിക്കും. അതു സാധാരണമാണ്. ചിലർക്ക് അമിതരക്തസ്രാവവും മറ്റു ചിലരിൽ രക്തസ്രാവം കുറവുമായിരിക്കും. എന്നാൽ രണ്ടു വർഷം കഴിഞ്ഞും ആർത്തവം ക്രമരഹിതമാകുന്നവരുണ്ട്. 15–16 വയസിലാണ് ഇതു കൂടുതൽ കാണുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലഘട്ടമാണിത്. വ്യായാമം തീരെ കുറവായിരിക്കും. ഏറെ നേരം ഇരുന്നുള്ള പഠനവേളയിൽ കൂടുതൽ ആഹാരവും കഴിക്കും. ഇതുമായി ബന്ധപ്പെട്ടതാണു പൊണ്ണത്തടി. അമിതവണ്ണമുള്ള ഈ പെൺകുട്ടികളിൽ കഴുത്തിനു ചുറ്റും കറുപ്പ് കാണാം. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. ഇതു പ്രമേഹത്തിന്റെ ആരംഭഘട്ടമാണ്. ചികിത്സയും വേണ്ടി വരാറുണ്ട്. അപൂർവമായി തൈറോയ്ഡ് പ്രശ്നങ്ങളും കാണാറുണ്ട്” – കൊച്ചി ലൈഫ് ലൈൻ ക്ലിനിക്കിലെ കൺസൽറ്റന്റ് ഫെർട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. കൃപ റെയ്ച്ചൽ ഫിലിപ്പ് പറയുന്നു.
ഒട്ടേറെ കൗമാരക്കാരും മാനസിക പ്രശ്നങ്ങളാലും സമ്മർദത്താലും തളരുന്നുണ്ട്. ശരീരഭംഗിയെക്കുറിച്ചുള്ള ആധിയും നിറത്തെക്കുറിച്ചുള്ള വ്യാകുലതകളും ഇന്നു കൗമാരത്തെ അത്ര അലട്ടുന്നില്ല.
‘എന്റെ ജീവിതം എന്റെ തീരുമാനം’ എന്നതാണു കൗമാരത്തിന്റെ മനസ്സിലിരിപ്പ്.
മുഖക്കുരു മുതൽ കഷണ്ടി വരെ
“കൗമാരക്കാരിൽ ഏറ്റവും കൂടുതൽ കാണുന്നതു മുഖക്കുരുവാണ്. പത്തു വയസ്സിലോ അതിനു മുൻപോ ആരംഭിച്ച് കൗമാരകാലത്തു മുഖക്കുരു പ്രകടമാകാം. ആൺകുട്ടി–പെൺകുട്ടി എന്ന വ്യത്യാസമില്ലാതെ ഇതു കൗമാരക്കാരിൽ കാണുന്നു.” – കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിലെ ഡെർമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സൗമ്യാ ജഗദീശൻ പറയുന്നു. ചെറു തരികൾ പോലുള്ളവ മുതൽ പഴുപ്പു നിറഞ്ഞ വലിയ വലിയ കുരുക്കളായി വരെ ഇതു പ്രകടമാകാം. പഴുത്ത കുരുക്കൾ പൊട്ടി അടയാളങ്ങൾ കുഴികളായും മാറാം. കൗമാരക്കാരിൽ താരനും വളരെ സാധാരണമാണ്. സോറിയാസിനെ അനുസ്മരിപ്പിക്കുന്ന രീതിയിലും ചില കൗമാരക്കാരിലെങ്കിലും താരൻ പ്രകടമാകാറുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളിലും മുടി കൊഴിയുന്നതാണു മറ്റൊരു പ്രശ്നം. ആൺകുട്ടികളിൽ കൗമാരപ്രായത്തിലാണല്ലോ കഷണ്ടി പോലുള്ള കൊഴിച്ചിൽ തുടങ്ങുന്നത്. കൗമാരപ്രായത്തിലെ ഹോർമോൺ പ്രവർത്തനം കൊണ്ടു കഷണ്ടി പോലെ വരാം. ആൺകുട്ടികളിൽ പുരുഷ ഹോർമോൺ (ടെസ്‌റ്റോസ്റ്റീറോൺ) ഉച്ചസ്ഥായിയിൽ എത്തുമ്പോഴാണു മുഖക്കുരു വരുന്നത്. പെൺകുട്ടികളിൽ പിസിഒഡി പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായും മുഖക്കുരു, താരൻ, മുടി കൊഴിയുക, മുടി നേർക്കുക, മുഖത്ത് അമിത രോമവളർച്ച എന്നിവ കണ്ടു വരുന്നു.
വിഷാദം അറിയാതെ പോകരുത്
കൗമാരത്തിന്റെ ആദ്യഘട്ടത്തിൽ ഏറ്റവുമധികം കാണുന്നതു മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണ്. ഇതു പഠനത്തെ ബാധിക്കും. മാതാപിതാക്കൾ ഇതു നിയന്ത്രിച്ചേ തീരൂ. സ്വന്തമായി ഫോൺ ഉള്ള കുട്ടികളിൽ നിയന്ത്രണം അൽപം ബുദ്ധിമുട്ടാണ്. സോഷ്യൽ മീഡിയയുടെ അധിക ഉപയോഗം ഉറക്കക്കുറവിലേക്കു നീങ്ങുന്നു. അതു പകൽ ഉറക്കത്തിലേക്കു വഴി മാറുന്നു. ഇതെല്ലാം പഠനത്തെ പ്രതികൂലമായി ബാധിക്കാം. തങ്ങളുടെ വിഷമങ്ങൾ മറക്കുന്നതിനു ഫോൺ കാണുന്നവരാണു അടിമത്തത്തിലേക്കു പോകുന്നത്. ഉത്കണ്ഠാരോഗമോ വിഷാദരോഗമോ ഉള്ള കുട്ടികൾ ഫോൺ അടിമത്തത്തിലേക്കു പോകാനുള്ള സാധ്യതയുണ്ട്. എഡിഎച്ച്ഡി പോലുള്ള രോഗങ്ങളുള്ള കുട്ടികളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു”– ആലപ്പുഴ ഗവ. മെഡി. കോളജിലെ സൈക്യാട്രി വിഭാഗം പ്രഫസർ ഡോ. ഗംഗ ജി. കൈമൾ പറയുന്നു.
“കുട്ടികളിലെ വിഷാദത്തെക്കുറിച്ച് ഇപ്പോൾ മിക്ക മാതാപിതാക്കൾക്കും അറിയാം. ചെറിയ സംശയങ്ങൾ തോന്നുമ്പോൾ തന്നെ ഡോക്ടറുടെ അടുത്തു വരും. കൗമാരത്തിലെ വിഷാദം മുതിർന്നവരുടെ വിഷാദത്തിൽ നിന്നു വ്യത്യസ്തമാണ്. മുതിർന്നവരുടെ വിഷാദത്തിൽ ദുഃഖഭാവം പ്രകടമാണ്. കൗമാരത്തിന്റെ വിഷാദത്തിൽ പഠനത്തിൽ താൽപര്യമില്ലായ്മ. അമിതമായ കോപം എന്നിവ പ്രകടമാകാം. പെട്ടെന്നു സങ്കടവും ദേഷ്യവും വരാം. പലപ്പോഴും ദേഷ്യക്കൂടുതൽ ആയാകും വിഷാദം പ്രകടമാകുന്നത് ’’– ഡോ. ഗംഗ പറയുന്നു.
എട്ട് – ഒൻപതു ക്ലാസ് വരെ പഠനത്തിൽ മിടുക്കനായിരുന്ന കുട്ടി കഴിഞ്ഞ ആറുമാസമായി പഠനത്തിൽ പിന്നോട്ടു പോകുന്നു. ഉൾവലിയുന്നു. പെട്ടെന്നു ദേഷ്യപ്പെടുന്നു. സങ്കടപ്പെടുന്നു. നിസ്സാരകാര്യങ്ങൾക്കു വഴക്കു കൂടുന്നു. മുൻപു താൽപര്യമുണ്ടായിരുന്ന കാര്യങ്ങളിൽ താൽപര്യം കുറയുന്നു എങ്കിൽ അവ ശ്രദ്ധിക്കേണ്ട മാറ്റങ്ങളാണ്. ഉറക്കക്കുറവ്, ഉറക്കക്കൂടുതൽ, വിശപ്പു കൂടുക, വിശപ്പു കുറയുക ഇവയും കാണാം. ഉത്കണ്ഠാലക്ഷണങ്ങളും പ്രകടമാകാം. നെഞ്ചിടിപ്പ്, വയറ്റിൽ നിന്നു കയറി വരുന്നതുപോലുള്ള തോന്നൽ, ശരീരമാകെ വിറയൽ, ഇടയ്ക്കു തലകറക്കം,
വയറുവേദന, തലവേദന എന്നിങ്ങനെ ശാരീരിക ബുദ്ധിമുട്ടുകളും വരാം. ഡോക്ടറെ കാണിച്ചാൽ കുഴപ്പമൊന്നുമുണ്ടാകില്ല. പക്ഷേ, ബുദ്ധിമുട്ടുകൾ മാറുന്നില്ല താനും. സ്കൂളിൽ പോകാനും കഴിയുന്നില്ല. ഈ രീതി ദീർഘകാലം തുടരുമ്പോഴും ലക്ഷണങ്ങൾ സംശയിക്കണം.
11–12 വയസ്സുള്ള കുട്ടികളിൽ മാത്രമല്ല. 7– 8 വയസുള്ള കുട്ടികളിലും വിഷാദവും ഉത്കണ്ഠാരോഗവും ഇപ്പോൾ കാണുന്നുണ്ട്. കൗമാരകാലത്ത് സ്വാഭാവികമായി ചില സ്വഭാവ വ്യത്യാസങ്ങൾ വരാം. ആ മാറ്റങ്ങളും വിഷാദവും മാതാപിതാക്കൾ തിരിച്ചറിയണം. കുട്ടിയുടെ പ്രായത്തെയും മാനസിക മാറ്റങ്ങളെയും ഉൾക്കൊള്ളാനും തയാറാകണം.
“ജീവിതനൈപുണി കുറഞ്ഞ കൗമാരക്കാരാണ് ഇന്നു കൂടുതലും. കൗമാരക്കാർക്കായി സർക്കാർ കൗൺസലിങ് സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലെ 110 കേന്ദ്രങ്ങളിലായി കൗമാരസൗഹൃദകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ നാലു തവണ കൗൺസലിങ് നൽകുന്നതിനു പുറമെ സ്കൂളുകളിലും കൗൺസലിങ് നൽകുന്നു. എന്നാൽ ഈ കൗൺസലിങ് കേന്ദ്രങ്ങളിലേക്കു സ്വമേധയാ കുട്ടികൾ വരുന്നില്ല എന്നതാണു വാസ്തവം. കുഴപ്പക്കാരായ കുട്ടികള്‍ക്കാണു കൗൺസലിങ് നൽകുന്നതെന്ന സ്റ്റിഗ്മ തന്നെയാണു കാരണം”–ഡോ. അമർ ഫെറ്റിൽ പറയുന്നു.
പഴയ നന്മകൾ പുതിയ കാലത്തിലേക്ക്
കൗമാരത്തിന്റെ മാറ്റം പ്രകൃതിയുടെയും കാലത്തിന്റെയും മാറ്റമാണ്. പഴയതും പുതിയതും എന്നു പറഞ്ഞ് ഇനി കൗമാരത്തെ ബോധവൽക്കരിക്കാനാകില്ല. പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ട് പഴയതിന്റെ നന്മയെ പുതിയ ജീവിതത്തിലേക്കു ചേർത്തു വച്ചാൽ മതി. പുതുതലമുറയിലെ കൗമാരക്കാരിൽ പലരും ഒറ്റയ്ക്കാണ്. മാതാപിതാക്കളുടെ പിന്തുണ അവർക്കു വേണം. മാർക്കു മാത്രമല്ല, ജീവിതത്തിൽ മൂല്യങ്ങൾ കൂടി വേണമെന്ന ബോധ്യവും നൽകണം.
എന്തിനും ഏതിനും കൗമാരമിപ്പോൾ ‘ക്രിഞ്ച്’ എന്നൊരു പദം ഉപയോഗിക്കുന്നുണ്ട്. ഒരു കാര്യത്തെക്കുറിച്ച് അൽപം ലജ്ജയൊക്കെ ഉണ്ടെന്നു കൗമാരം സൂചിപ്പിക്കുന്നത് ഈ വാക്കിലൂടെയാണ്. അങ്ങനെ നോക്കുമ്പോൾ ആരോഗ്യകാര്യങ്ങളിൽ ഇത്ര അശ്രദ്ധ ഉണ്ടായല്ലോ എന്നതിലും ഒരു ക്രിഞ്ച് ഫീലിങ് ഉണ്ടാകേണ്ടതാണ്. ഭാവിയിൽ വരാനിടയുള്ള എല്ലാ രോഗാവസ്ഥകളുടെയും നാമ്പു മുളയ്ക്കുന്നതു ശൈശവത്തിലും കൗമാരത്തിലുമാണെന്നു പറഞ്ഞാൽ അല്ലെന്ന് ഇനി പറയാനാകുമോ? ‘ക്യാച് ദെം യങ്’ എന്ന തത്വം ഇവിടെയും പ്രസക്തമാകുന്നു. ഇളം നാമ്പുകൾ മുരടിക്കാതെ തളിർത്തു വളരട്ടെ...
