ഒരു കുട്ടിയുടെ ആഹാരശീലങ്ങളുടെ പ്രഥമ വിദ്യാലയം വീടാണ്. മുലപ്പാൽ മാത്രം നുകർന്ന കുഞ്ഞുനാവിൽ പതിയെ മധുരവും രുചിയും കയ്പും പുളിപ്പും ഉപ്പും പരിചയപ്പെടുത്തുന്നത് അമ്മയാണ്. അതുകൊണ്ടു തന്നെ അനാരോഗ്യകരമായ ജങ്ക് ഫൂഡ് ശീലങ്ങൾ മാറ്റിയെടുക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടതു മാതാപിതാക്കളാണ്.
അമിത ഭാരമുള്ള കുട്ടികൾ
പുതിയ തലമുറയിലെ കുട്ടികൾക്കു പൊതുവെ വീട്ടിലെ ആരോഗ്യ രുചികളോട് അത്ര താൽപര്യമില്ല. അതേ സമയം വൈവിധ്യമാർന്ന രുചിഭാവങ്ങളുള്ള ജങ്ക്ഫൂഡുകളോട് ഇഷ്ടം കൂടുതലുമാണ്. ചിപ്സും ഫ്രെഞ്ച് ഫ്രൈസും ബർഗറും പീസയും നൂഡിൽസും സോഫ്‌റ്റ് ഡ്രിങ്സുമൊക്കെയാണു കുട്ടികളുടെ പ്രിയ രുചികൾ.
‘‘10 വയസ്സുള്ള കുട്ടിയെപ്പോലും ഭാരം കുറയ്ക്കുന്നതിനു കൊണ്ടുവരുന്ന കാലമാണിത്. ആവശ്യമായ ഭാരത്തേക്കാൾ 20 കിലോയെങ്കിലും അധിക ഭാരവുമായി നഗരങ്ങളിൽ താമസിക്കുന്ന ചില കുട്ടികൾ എത്തുന്നുണ്ട്. എട്ടു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികളാണു കൂടുതലും. കുട്ടിക്കു വൈകുന്നേരം ഓൺലൈനിൽ ഓഡർ ചെയ്ത ഫൂഡ് നിർബന്ധമാണ് എന്നു പറയുന്നവരാണു മിക്ക മാതാപിതാക്കളും. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് 70-75 കിലോ ഭാരം എന്നു പറയുന്നതു സങ്കൽപ്പിക്കാനാകുമോ?’’
ആലുവ രാജഗിരി ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷൻ പ്രിൻസി തോമസ് പറയുന്നു.
അമിതമായി ശരീരത്തിൽ എത്തുന്ന ഗുണകരമല്ലാത്ത എംപ്റ്റി കാലറി കുട്ടികളുടെ ആരോഗ്യം തകർക്കും. പൊണ്ണത്തടി, പ്രമേഹം, ഹൈപ്പർ ടെൻഷൻ ഇതെല്ലാം കുട്ടികളെയും ബാധിക്കാം. അപകർഷബോധം, പിരുപിരുപ്പ്, ഏകാഗ്രതക്കുറവ് ഇവയും പല കുട്ടികളിലും പ്രകടമാണ്. പല്ലുകളിൽ പോടുണ്ടാകുന്നതു പോലുള്ള പ്രശ്നങ്ങളും വളരെ കൂടിയിട്ടുണ്ട്. 10-13 വയസ്സ് പെൺകുട്ടികൾ പ്രായപൂർത്തിയാകുന്ന കാലം കൂടിയാണ്. ജങ്ക് ഫൂഡ് വിശപ്പു മാറ്റുന്നതിനാൽ പോഷകപ്രദമായ പ്രധാന ഭക്ഷണം മിക്ക കുട്ടികളും ഒഴിവാക്കും. അങ്ങനെ ഇരുമ്പിന്റെ അഭാവം വിളർച്ച വരുത്തും. വൈറ്റമിൻ എ, സി പോലുള്ളവ ലഭിക്കാതെയും വരും. കോള പോലുള്ള പാനീയങ്ങൾ ഉറക്കപ്രശ്നങ്ങളിലേക്കും നയിക്കാം. പച്ചക്കറി ഒഴിവാക്കുന്നതിനാൽ നാരുകളുടെ അപര്യാപ്തത കൊണ്ടു മിക്ക കുട്ടികൾക്കും മലബന്ധവുമുണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
എല്ലാ വീക്കെൻഡിലും ഈറ്റിങ് ഔട്ട് വാഗ്ദാനം ചെയ്യുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക, ആഴ്ചയിൽ ഒരു തവണ ജങ്ക്ഫൂഡ് നൽകുന്നതുപോലും പരമാവധി ആണ്. കുട്ടിക്കു ജീവിതശൈലീരോഗങ്ങൾ ഉണ്ടെങ്കിൽ അതും അനുവദനീയമല്ല. ഈറ്റിങ് ഔട്ട് മാസത്തിലൊരിക്കലാകാം. 3- 4 വയസ്സിൽ കുട്ടിയെ ശീലിപ്പിക്കുന്ന കാര്യങ്ങളാണു ശീലമായി മാറുന്നത്. മാതാപിതാക്കൾ സാലഡുകളും ഫ്രൂട്ടുകളും പതിവായി കഴിച്ചു കുട്ടികൾക്കു മാതൃകയേകുന്നതു വളരെ നല്ലതാണ്. ഫ്രൂട്ടും സാലഡുമൊക്കെയാണ് സ്കൂളിലേക്കുള്ള സ്നാക്ക് ആയും നൽകേണ്ടത്.
ജങ്ക് ഫൂഡ‍് ഒഴിവാക്കാൻ വഴികൾ
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബിസ്കറ്റുകളിലൊക്കെ ട്രാൻസ്ഫാറ്റ് ഉണ്ട്. എന്നാൽ ആരോഗ്യകരമായി മൾട്ടി ഗ്രെയിൻസ് കൊണ്ടു വീട്ടിൽ തന്നെ അവ്നിൽ ബിസ്കറ്റോ കുക്കീസോ ബേക്ക് ചെയ്യാം. വീട്ടിൽ തയാറാക്കുമ്പോൾ ചേരുവകൾ നമുക്ക് ഉറപ്പുണ്ടല്ലോ. അവലും മലരും ചീനച്ചട്ടിയിൽ ഫ്രൈ ചെയ്ത് നട്സ്, കശുവണ്ടി, ഉണക്കമുന്തിരി, നിലക്കടല എല്ലാം എണ്ണയില്ലാതെ ഫ്രൈ ചെയ്തതിൽ യോജിപ്പിച്ച് അൽപം മുളകുപൊടിയും ഉപ്പും ചേർത്തു മിക്സ്ചറിനു പകരമായി നൽകാം. ഇത് ഇരുമ്പിനാൽ സമ്പന്നമാണ്. ഒരു ഫ്രൂട്ടും പാലും ഉപയോഗിച്ച് ഷെയ്ക് തയാറാക്കി അതിൽ പഞ്ചസാര ഒഴിവാക്കിയാൽ അതു ജങ്ക് ഫൂഡല്ല.
നേന്ത്രപ്പഴം, ഫ്രെഷ് ഈന്തപ്പഴം ഇതെല്ലാം പാലുമായി ചേർത്തു ഷെയ്ക് തയാറാക്കാം. ഈന്തപ്പഴം, കടലമിഠായി, എള്ളുണ്ട ഇതെല്ലാം ഹെൽതി സ്നാക്കുകളാണ്. ലൈം ജ്യൂസിൽ അധികം മധുരം ചേർക്കേണ്ട. അൽപം ഇഞ്ചിയും പുതിനയിലയും ചേർത്താൽ നല്ല രുചിയും ഉണ്ടാകും. ഫ്രെഷ് ജ്യൂസിലും മധുരം ചേർക്കേണ്ട. മത്സ്യവും മാംസവും അൽപം എണ്ണയിൽ ഷാലോ ഫ്രൈ ചെയ്തു നൽകാം.
സ്കൂളിലേക്കു നൽകാം ആരോഗ്യസ്നാക്കുകൾ
സ്കൂളിൽ പോകുന്ന കുട്ടികൾക്കു പഴങ്ങൾ സ്നാക്സ് ആയി നൽകാം. തൊലി നീക്കാതെ നേന്ത്രപ്പഴം നൽകാം. മാതളയല്ലികളും ഓറഞ്ച് അല്ലികളും നൽകാം. ആപ്പിൾ നൽകാം. സാലഡ് വെള്ളരിയും നല്ലതാണ്. കാരറ്റ് നീളത്തിലരിഞ്ഞും വട്ടത്തിലരിഞ്ഞും നൽകാം. അതിൽ നാരങ്ങാനീരു കൂടി പിഴിഞ്ഞൊഴിച്ചാൽ രുചിയേറും. പച്ചക്കറികൾ വിവിധ ആകൃതികളിൽ നൽകുമ്പോൾ കുട്ടികൾക്ക് ഇഷ്ടം കൂടും. എല്ലാ പച്ചക്കറികളും ചെറുതായരിഞ്ഞു ചേർത്തു കട്‍ലറ്റ് തയാറാക്കി നൽകാം. വാഴക്കുടപ്പന്റെ കട്‍ലറ്റ് വളരെ നല്ലതാണ്.
നമ്മുടെ കുഞ്ഞോമനകളെ ജങ്ക് ഫൂഡ് രുചികളിൽ നിന്നു പ്രകൃതിദത്ത രുചികളിലേക്കു സാവധാനം മടക്കിക്കൊണ്ടി വരാം. അതിനു മാതാപിതാക്കളും വീട്ടിലുള്ള മുതിർന്നവരും ശ്രദ്ധിക്കണം, ആഹാര ശീലങ്ങളിൽ അവർക്കു മാതൃകയാകണം.