എന്റെ മകന് 10 വയസ്സ്. അവന് ഒാൺലൈൻ ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ ഐക്യു കുറവാണെന്നു കണ്ടു. ഇതിൽ ആശങ്കപ്പെടണോ ? ഒാൺലൈനിൽ കാണുന്ന ഐക്യു ടെസ്റ്റുകൾ ശാസ്ത്രീയമാണോ ?
ഐക്യു എന്നു പറയുന്നത് ഒരു പ്രയാസമേറിയ ആശയമാണ്. വാക്കുകളും ചിഹ്നങ്ങളും മനസ്സിലാക്കാൻ പട്ടാളക്കാർക്കു സാധിക്കുന്നുണ്ടോ എന്നറിയാനാണ് ആദ്യമായി ഐക്യു ടെസ്റ്റ് ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ഐക്യു പരിശോധനകൾ ദൃശ്യപരമായി ചിന്തിക്കാനും സ്ഥല സംബന്ധിയായുള്ള (വിഷ്വൽ–സ്പേഷ്യൽ കൺസെപ്റ്റ്) ആശയങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടിയായിരുന്നു കൂടുതൽ ഫലപ്രദം. എന്നാൽ, ഹോവാർഡ് ഗാർഡ്നറുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് ആശയം വന്നതോടു കൂടി മനുഷ്യന് ഒരു രീതിയിലുള്ള ബുദ്ധി മാത്രം അല്ല, മറിച്ച് എട്ടു പ്രധാന ബുദ്ധികൾ (8 core multiple intelligences) ഉണ്ടെന്നു വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഭാഷാപരം, യുക്തി–ഗണിതം, സ്പേഷ്യൽ, മ്യൂസിക്കൽ, ആളുകളുമായി ബന്ധത്തിനുള്ള കഴിവ് ( ഇന്റർപേഴ്സനൽ), സ്വയം മനസ്സിലാക്കാനുള്ള കഴിവ് ( ഇൻട്രാപേഴ്സനൽ), പ്രകൃതിയുമായി ബന്ധപ്പെട്ട കഴിവ് (നാച്യുറലിസ്റ്റിക്), ശാരീരിക ചലനങ്ങളിലും ഏകോപനത്തിലുമുള്ള കഴിവ് (ബോഡിലി–കൈനസ്തെറ്റിക്) എന്നിങ്ങനെ.
മൾട്ടിപ്പിൾ ഇന്റലിജൻസ് സിദ്ധാന്തപ്രകാരം ഒാരോ വ്യക്തികൾക്കും പാടാൻ/ പ്രസംഗത്തിൽ/ ആർട്ടിസ്റ്റ് മുതലായ വ്യത്യസ്ത തലങ്ങളിൽ പ്രാഗത്ഭ്യം ഉണ്ടാകാം. എന്നാൽ, ഇവർക്കു പൊതുവായ ഐക്യു അത്ര ഉയർന്ന തലത്തിൽ ആകണമെന്നില്ല. നേരേ തിരിച്ചും സംഭവിക്കാം. പൊതുവായ ഐക്യു കൂടുതലാകാം. മറ്റു
ശേഷികൾ കുറവാകാം.
ഐക്യു ഒാൺലൈനിൽ പരിശോധിക്കുന്നതു വെറും സ്ക്രീനിങ് ടെസ്റ്റ് എന്ന രീതിയിലേ കാണാനാകൂ. വർഷങ്ങളോളം ഐക്യു വിലയിരുത്തലുകൾ ചെയ്തു നല്ല പരിചയസമ്പത്തുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സ്റ്റാൻഡേഡ് ടൂളുകൾ ഉപയോഗിച്ച് ഐക്യു പരിശോധിക്കുന്നതാണ് ഉത്തമം. വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഇത്തരം പരിശോധനകൾ ലാഘവത്തോടു കൂടി നടത്തിയാൽ അതു തെറ്റായ ഫലം നൽകാം.