Thursday 10 March 2022 03:12 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ കുട്ടിക്ക് പരീക്ഷയെ പേടിയാണോ? പഠന വൈകല്യത്തിന്റെ സൂചന നൽകുന്ന 5 ലക്ഷണങ്ങൾ

Dysgraphia-kids

ഇന്നത്തെ കുട്ടികൾ കടന്നുപോകുന്ന അക്കാദമിക കാലഘട്ടം മുൻ തലമുറകളുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഒാൺലൈനിലൂടെയുള്ള അധ്യാപനവും വീട്ടിലിരുന്നുള്ള പഠനവും. സാക്ഷരത ഏറ്റവും കൂടിയ കേരളത്തിൽ അക്കാദമിക് കാര്യങ്ങൾക്കു നൽകുന്ന പ്രാധാന്യം ഏറെയാണ്. ഈ പ്രത്യേക സാഹചര്യം, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും കടുത്ത മാനസിക സംഘർഷം ആണ് സൃഷ്ടിക്കുന്നത്.

കാരണങ്ങൾ അറിയാം

പഠനത്തിലെ പിന്നാക്കാവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ബുദ്ധിശക്തിയിലെ കുറവ്, കാഴ്ച / ശ്രവണവൈകല്യം എന്നിവ ആശയങ്ങൾ ഗ്രഹിക്കുന്നതിനെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാം. നാഡീസംബന്ധമായ രോഗങ്ങൾ, കുട്ടികളിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ / രോഗങ്ങൾ (ഉദാ: വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ – പരീക്ഷയോടുള്ള അമിതഭയം) എന്നിവയും അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കാം. ഇവ കൂടാതെ കുടുംബാന്തരീക്ഷം – രക്ഷിതാക്കൾ തമ്മിലുള്ള കലഹങ്ങൾ, വീട്ടിലെ സാമ്പത്തികസ്ഥിതി, കമ്പ്യൂട്ടർ, ഇന്റർനെറ്റ് കണക്‌ഷൻ എന്നിവയുടെ ലഭ്യത, അപര്യാപ്തമായ ശിക്ഷണരീതി എന്നിവയും പഠനത്തെ പിന്നാക്കാവസ്ഥയിലേക്ക് നയിച്ചേക്കാം. പഠനത്തിലെ പിന്നാക്കാവസ്ഥയ്ക്കുള്ള മറ്റൊരു സുപ്രധാന കാരണം പഠനവൈകല്യപ്രശ്നങ്ങളാണ്.

എന്താണ് പഠനവൈകല്യം?

പഠനവൈകല്യമെന്നത് നാഡീവികാസവുമായി ബന്ധപ്പെട്ട ഒരു അവ്യവസ്ഥയാണ്. ശരാശരി ബുദ്ധിശക്തി, മതിയായ പഠനസാഹചര്യം എന്നിവ ഉണ്ടാവുകയും; മറ്റു ശാരീരികമോ, മാനസികമോ ആയ പ്രശ്നങ്ങൾ (ഉദാ: കാഴ്ച / ശ്രവണ വൈകല്യം, നാഡീസംബന്ധ രോഗങ്ങൾ) ഇല്ലാതിരുന്നിട്ടും, പഠനത്തിൽ അടിസ്ഥാന നൈപുണ്യങ്ങൾ (വായനയിലോ, എഴുത്തിലോ, കണക്കിലോ അഥവാ ഇവയിൽ എല്ലാത്തിലും) കൈവരിക്കുന്നതിലുള്ള ബുദ്ധിമുട്ടിനെയാണ് പഠനവൈകല്യം സൂചിപ്പിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. ഡിസ്‌ലക്‌സിയ, ഡിസ്ഗ്രാഫിയ, ഡിസ്കാൽകുലിയ.

ഡിസ്‌ലക്സിയ (Dyslexia)

വായനയിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളേയാണ് ഇത് സൂചിപ്പിക്കുന്നത്. അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായിക്കാനുള്ള ബുദ്ധിമുട്ട്, വായിക്കുമ്പോൾ അക്ഷരങ്ങൾ വിട്ടു പോവുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക, അനായാസമായി വായിക്കാൻ കഴിയാതിരിക്കുക എന്നിവയാണ് പ്രധാനമായും ഡിസ്‌ലക്സിയ ഉള്ള കുട്ടികളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ.

ഡിസ്ഗ്രാഫിയ (Dysgraphia)

എഴുത്തിൽ വരുന്ന പ്രയാസങ്ങൾ ആ ണ് ഇത് സൂചിപ്പിക്കുന്നത്. അക്ഷരങ്ങൾ തിരിച്ചെഴുതുക (reversals), എഴുതുമ്പോൾ അക്ഷരങ്ങൾ വിട്ടുപോവുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക, വാക്കുകൾ തമ്മിൽ ആവശ്യത്തിന് അകലമില്ലാതിരിക്കുക, വാക്യങ്ങളിൽ ചിഹ്നങ്ങൾ വിട്ടുപോവുക തുടങ്ങിയവയാണ് ഡിസ്ഗ്രാഫിയയുടെപ്രധാന ലക്ഷണങ്ങൾ.

ഡിസ്കാൽകുലിയ (Dyscalculia)

കണക്ക് ചെയ്യുന്നതിൽ അനുഭവപ്പെടുന്ന പ്രയാസങ്ങളെയാണ് ഇത് അർത്ഥമാക്കുന്നത്. സംഖ്യകളെക്കുറിച്ച് ധാരണയില്ലാതിരിക്കുക, കൂട്ടാനോ, കുറയ്ക്കാനോ, ഹരിക്കാനോ, ഗുണിക്കാനോ ഉള്ള പ്രയാസം, സംഖ്യകൾ തിരിച്ചെഴുതുക, കണക്കിലെ ചിഹ്നങ്ങൾ തിരിഞ്ഞു പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

എങ്ങനെ കണ്ടെത്താം?

മേൽപ്പറഞ്ഞ ലക്ഷണങ്ങളുള്ള കുട്ടിയെ ഒരു ശിശുരോഗവിദഗ്ദ്ധനെ

കൊണ്ട് പരിശോധിപ്പിച്ചു ശാരീരിക കാരണങ്ങൾ, കാഴ്ച / ശ്രവണ വൈകല്യം എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഇതിനുശേഷം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക എന്നതാണ് ഏറ്റവും ഉത്തമം. കുട്ടിയുടെ ബുദ്ധിശക്തി പരിശോധിച്ച് അതു ശരാശരിയോ അഥവാ ശരാശരിക്കു മുകളിലാണോ എന്ന് ഉറപ്പാക്കിയ ശേഷം പഠനവൈകല്യമുണ്ടോ എന്ന് നിർണയിക്കാനുള്ള പരിശോധന നടത്തണം.

കാരണങ്ങളറിയാം

പഠനവൈകല്യം എന്നത് നാഡീ വികാസവുമായി ബന്ധപ്പെട്ട അവ്യവസ്ഥയാണെന്ന് പറഞ്ഞല്ലോ. (neuro- developmental disorder). ജനിതക കാരണങ്ങൾ, ജനനസമയത്ത് തലച്ചോറിന് എൽക്കുന്ന ക്ഷതങ്ങൾ എന്നിവ കൂടാതെ പഠനങ്ങൾ കണ്ടെത്തിയിട്ടുള്ള ചില പ്രധാന കാര്യങ്ങളാണ്

ചുവടെ കൊടുത്തിരിക്കുന്നത്.

∙ സ്വരശാസ്ത്രപരമായ അവബോധമില്ലായ്മ (Phonological depth hypothesis) ആണ് ഡിസ്‌ലക്സിയയുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

∙ അക്ഷരവിന്യാസത്തെക്കുറിച്ചുള്ള അറിവില്ലായ്മ (orthographic depth hypothesis) ആണ് ഡിസ്‌ലക്സിയയുടെ മറ്റൊരു പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്.

∙ മസ്തിഷ്കത്തിൽ വിവര ക്രോഡീകരണത്തിന് രണ്ട് ചാലകങ്ങൾ ഉണ്ട്. ശബ്ദകോശപരമായതും അല്ലാത്തതും (lexical and non lexical),

ഈ ചാലകങ്ങളിൽ കൂടിയുള്ള വിവര ക്രോഡീകരണത്തിലെ പരിമിതികൾ പഠനവൈകല്യത്തിലേക്ക് നയിച്ചേക്കാം.

∙ മസ്തിഷ്കത്തിന്റെ ഘടനയിലോ ആകാരത്തിലോ ഉള്ള അസമത്വങ്ങൾ പഠനവൈകല്യത്തിലേക്കു നയിച്ചേക്കാം എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഉദാഹരണത്തിന് മസ്തിഷ്കത്തിലെ കോർപ്പസ് കലോസത്തിൽ (Corpus callosum – മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമായ സെറിബ്രത്തിന്റെ രണ്ട് അർധ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന നാഡീതന്തുക്കൾ) കണ്ടുവരുന്ന അസമത്വം; കൂടാതെ പ്ലാനം ടെംപോരലിൽ (planum temporale- മസ്തിഷ്കത്തിലെ ആശയവിനിമയം / ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ഭാഗം) കണ്ടുവരുന്ന അസമത്വം എന്നിവ.

kids-Dysgraphia)

പരിഹാരമാർഗങ്ങൾ

പഠനവൈകല്യവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കായി റെസ്പോൺസ് റ്റു ഇന്റർവെൻഷൻ (Response To Intervention -RTI) എന്ന സമീപനമാണ് അഭികാമ്യമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ളത്. RTI എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ചെറിയ പ്രായത്തിൽ തന്നെ പഠന പ്രശ്നങ്ങൾ കണ്ടെത്തുകയും അവയ്ക്കുള്ള പരിശീലനം / ഇടപെടലുകൾ നടത്തുകയും ചെയ്യുക എന്നതാണ്.

ക്ലാസ് മുറികളിലെ പൊതു ഇടപെടലുകൾ മുതൽ തീവ്ര പരിശീലന പരിപാടി വരെയുള്ള മൂന്നു തലങ്ങളിലൂടെയാണ് (Three tiers) ഇത് പ്രവർത്തിക്കേണ്ടത്.

എന്നാൽ ഇത് ഇന്ന് നമ്മുടെ സമൂഹത്തിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ യാഥാർഥ്യം.

വ്യക്തിഗതപരിശീലനപരിപാടി

പഠനവൈകല്യം നിർണയിക്കപ്പെട്ട കുട്ടികളിൽ, ഓരോ കുട്ടിയുടേയും പഠനത്തിലുള്ള പ്രയാസങ്ങളും പോരായ്മകളും അനുസരിച്ചുള്ള ഒരു വ്യക്തിഗതപരിശീലന പരിപാടി (IEP - Individualised Education Program) ആണ് ഏറ്റവും ഉത്തമം. ഇതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ / സ്പെഷ്യൽ എഡ്യുക്കേറ്ററുടേയോ (Clinical Psychologist / Special educator) സേവനം തേടാവുന്നതാണ്.

പഠനവൈകല്യത്തോടൊപ്പം പലപ്പോഴും കുട്ടികളിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റീവ് ഡിസോഡർ

( Attention Deficit Hyperactive Disorder ADHD) കണ്ടു വരുന്നുണ്ട്. - ശ്രദ്ധ കേന്ദ്രീകരിച്ച് നിർത്താൻ കഴിയാതിരിക്കുക, തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുക. ഗ്രൂപ്പ് പ്രവർത്തനങ്ങളിലോ, കളികളിലോ, തന്റെ ഊഴം വരുന്നതുവരെ കാത്തിരിക്കാൻ കഴിയാതിരിക്കുക, പിരുപിരുപ്പ്, ക്ലാസ് മുറിയിൽ മറ്റു കുട്ടികളെ ശല്യം ചെയ്യുക. സീറ്റിൽ നിന്ന് എണീറ്റ് നടക്കുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയും കണ്ടേക്കാം. പഠനവൈകല്യത്തിനുള്ള പരിശീലന പരിപാടിയോടൊപ്പം തന്നെ മേൽ സൂചിപ്പിച്ച പ്രശ്നങ്ങൾക്കുള്ള ചികിത്സയും നൽകേണ്ടതുണ്ട്.

ചികിത്സ തേടാൻ വൈകരുത്

പഠനവൈകല്യം തിരിച്ചറിഞ്ഞ അല്ലെങ്കിൽ നിർണ്ണയിക്കപ്പെട്ട പ്രായം, പരിഹാര നടപടികൾ എത്രമാത്രം ചിട്ടയായും സ്ഥിരമായും അഭ്യസിക്കുന്നു, രക്ഷിതാക്കളുടെ പങ്കാളിത്തവും പിന്തുണയും, അധ്യാപകരുടെ പിന്തുണ എന്നിവയെല്ലാം പരിഹാര നടപടികളുടെ ഫലപ്രാപ്തിയെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. പഠനവൈകല്യം നിർണ്ണയിക്കപ്പെട്ട ശേഷവും കുട്ടിക്ക് സാധാരണ സ്കൂളിൽ തന്നെ തുടർ പഠനം നടത്താവുന്നതാണ്.

പഠനവൈകല്യം നേരത്തെ തന്നെ കുട്ടികളിൽ കണ്ടെത്തുക എന്നത് പരമപ്രധാനമാണ്. ഇതുവഴി അവർക്ക് നൽകേണ്ട പരിശീലന പരിപാടി ആദ്യം തന്നെ നൽകുവാനും അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും. പഠനവൈകല്യം തിരിച്ചറിയാൻ വൈകുന്നത് അവർക്ക് നേരത്തെ നൽകാൻ കഴിയുന്ന സഹായങ്ങളുടെ അവസരം നിഷേധിക്കലാണ്. അതോടൊപ്പം കുട്ടികളിലും രക്ഷിതാക്കളിലും പഠനത്തെ സംബന്ധിച്ചുള്ള മാനസിക സംഘർഷം കൂട്ടുകയും ചെയ്യുന്നു. കുട്ടിയുടെ നല്ല ഭാവിയെക്കരുതി പഠനവൈകല്യം തിരിച്ചറിയാനും പരിഹാരങ്ങൾ ചെയ്യുന്നതിനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

പാർവതി പ്രസേനജിത്ത്

ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്  &
കൺസൽറ്റന്റ് ഇൻ ലേണിങ്  
ഡിസെബിലിറ്റി
ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ
മെഡിക്കൽ കോളജ്,
തിരുവനന്തപുരം