‘ എന്താണെന്നറിയില്ല, കുട്ടിക്ക് ഇപ്പോൾ തീരെ ഉണർവില്ല. എപ്പോഴും ഭയങ്കര ക്ഷീണം...’ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുവന്നത് എട്ടുവയസുള്ള ആൺകുട്ടിയെ. സാധാരണ പ്രശ്നങ്ങളൊന്നും കാണാതെ വന്നതോടെ വെറുതെ പ്രമേഹം പരിശോധിക്കാൻ നിർദേശിച്ചു. ഫലം കണ്ട് മാതാപിതാക്കളും ഡോക്ടറും ഞെട്ടി. പ്രമേഹം വളരെ ഉയർന്ന നിലയിൽ. കുടുംബത്തിൽ ഒരാൾക്കും പ്രമേഹമില്ല. ഈ കുഞ്ഞിനും മുൻപ് പ്രമേഹത്തിന്റെ ലക്ഷണം ഉണ്ടായിരുന്നില്ല.
കാരണമന്വേഷിച്ചപ്പോൾ പ്രാഥമിക നിഗമനം ചെന്നെത്തിയത് ഒന്നരമാസം മുൻപ് വന്ന കോവിഡിൽ. കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ച് ഇൻസുലിൻ കുത്തിവച്ചു ചികിത്സിക്കു കയാണിപ്പോൾ. കോവിഡിനു ശേഷം കുട്ടികളിൽ ഇങ്ങനെ പലതരം രോഗാവസ്ഥകൾ റിപ്പോർട്ടു ചെയ്യുന്നുണ്ടെന്ന് നവജാത ശിശുരോഗ വിദഗ്ധൻ ഡോ. പി. രാഘീഷ് പറഞ്ഞു. കോവിഡ് വന്ന ചില കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ (മിസ്ക്) എന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ, ദഹനവ്യവസ്ഥ, തലച്ചോറ്, ത്വക്ക്, കണ്ണ് ഇവയിലൊക്കെ നീർക്കെട്ട് രൂപപ്പെടുന്ന അവസ്ഥയുമുണ്ട്.
ആഗോളതലത്തിൽ ഈ രോഗാവസ്ഥ കാണുന്നുണ്ടെന്നാണു പഠനങ്ങൾ. പനി, ഛർദി, വയറിളക്കം, വയർ വേദന, തൊലിയിൽ പാടുകൾ, അതിതീവ്രക്ഷീണം, കണ്ണുകളിൽ ചുവപ്പ്, കൂടിയ ഹൃദയമിടിപ്പ് ഇവയൊക്കെയാണു ലക്ഷണങ്ങൾ. കാലാവസ്ഥാ വ്യതിയാനം മൂലം പനി, കഫക്കെട്ട്, വിട്ടുമാറാത്ത ചുമ, ശരീരവേദന എന്നിവയുമായും ധാരാളം കുട്ടികൾ ചികിത്സ തേടുന്നുണ്ട്. തുടക്കത്തിലേ ചികിത്സ തേടുകയാണു വേണ്ടതെന്നു ഡോക്ടർമാർ പറയുന്നു.