Monday 10 January 2022 05:01 PM IST : By ഡോ.ഷാഹുൽ അമീൻ

അച്ഛനമ്മമാരുടെ ശാരീരിക ബന്ധം കുട്ടികൾ കാണാനിടയായാൽ... എന്തു മറുപടി പറയണം?

sexedu-san

കൗമാരത്തിലേക്കും കൗമാരകാലത്തുമുള്ള ആൺകുട്ടികളുെട വളർച്ചാകാലം ഒട്ടറെ സംശയങ്ങളുടേതാണ്. അതു ലൈംഗിതകതയുമായി ബന്ധപ്പെട്ടവയാകുമ്പോൾ അതിനുത്തരം പറയാൻ അച്ഛനുപോലും കഴിയാതെ വരും. ചിലപ്പോൾ ഉത്തരം അറിയാത്തതുകൊണ്ടാവും. മറ്റു ചിലപ്പോൾ ജാള്യതകൊണ്ടുമാവും. കുട്ടിയുെട സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നവരേയും അവർ അന്വേഷണം തുടരും. അതു ചെന്നെത്തുന്നത് ചിലപ്പോഴെങ്കിലും തെറ്റായവഴികളിലോ സ്വഭാവവൈകല്യങ്ങളിലേക്കു നയിക്കുന്ന ശീലങ്ങളിലേക്കോ ആവാം. അതിനു പരിഹാരം ആൺകുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽതന്നെ നൽകുകയെന്നതാണ്. അതിനു അച്ഛൻ തന്നെ മുൻകൈയെടുക്കണം. ഇവിെട കുട്ടികളെ രണ്ടു പ്രായ വിഭാഗമായി തിരിച്ച് ( 4–12, 13–19) സാധാരണ ചോദിക്കുന്ന സംശയങ്ങളും അവയ്ക്ക് അച്ഛൻ നൽകേണ്ട മറുപടികളും വിശദീകരിക്കുന്നു. ആദ്യം നാലു മുതൽ 12 വയസ്സുവരയുള്ള കുട്ടികളുെട സംശയങ്ങൾക്കുള്ള മറുപടികൾ‌

Qലൈംഗികാവയവങ്ങളെപ്പറ്റി കുട്ടി സംശയം ചോദിച്ചാൽ?

ചെറിയ ആണ്‍കുട്ടികള്‍ക്ക് അവരുടേയും പെണ്‍കുട്ടികളുടേയും ലൈംഗികാവയവങ്ങളുടെ ശരിക്കുള്ള പേരുകള്‍ പറഞ്ഞുകൊടുക്കാൻ മടിക്കരുത്. ലൈംഗികത ഒളിച്ചുവെക്കേണ്ടതോ അറയ്ക്കേണ്ടതോ നാണിക്കേണ്ടതോ ആയൊരു കാര്യമാണെന്ന ധാരണ വളരാതിരിക്കാന്‍ ഇതു സഹായിക്കും.

കുളിപ്പിക്കുമ്പോഴോ വസ്ത്രം അണിയിക്കുമ്പോഴോ മൂത്രമൊഴിപ്പിക്കുമ്പോഴോ പാവകള്‍ വെച്ചു കളിക്കുമ്പോഴോ ഒക്കെ ഇതു ചെയ്യാം. അതതു പ്രദേശങ്ങളിലെ നാടന്‍ പ്രയോഗങ്ങളോടൊപ്പം ലിംഗം, വൃഷണം, യോനി എന്നിങ്ങനെയുള്ള “അച്ചടി മലയാള”വാക്കുകളും പരിചയപ്പെടുത്തുക. ഡോക്ടര്‍മാരോടോ കൗണ്‍സലര്‍മാരോടോ ഒക്കെ സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ ഇതവരെ പ്രാപ്തരാക്കും.

Q“അച്ഛാ..ഞാൻ എങ്ങനെയാ ഉണ്ടായത്?”

അമ്മയുടെ വയറ്റിനുള്ളിലെ ഗര്‍ഭപാത്രം എന്നൊരു അറയിലാണ് നീ ഉണ്ടായതും വളര്‍ന്നതും. കോഴിമുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ പുറത്തുവരുന്ന പോലെ, മനുഷ്യക്കുഞ്ഞുങ്ങളാകാന്‍ കഴിവുള്ള കുറേ മുട്ടകള്‍ അമ്മയുടെ വയറ്റിനുള്ളിലുണ്ട്. അതുപോലെതന്നെ, മൂത്രമൊഴിക്കാന്‍ ഉപയോഗിക്കുന്ന നിന്‍റെ ലിംഗത്തിന്‍റെ താഴെ ഒരു സഞ്ചി തൂങ്ങിക്കിടപ്പില്ലേ? വൃഷണസഞ്ചി എന്നാണതിനു പേര്. അച്ഛനും മറ്റാണുങ്ങള്‍ക്കും ആ സഞ്ചിക്കുള്ളില്‍ കുഞ്ഞുങ്ങളെയുണ്ടാക്കാന്‍ വേണ്ട കുറേ വിത്തുകള്‍ ഉണ്ട്. അച്ഛനമ്മമാര്‍ ഒന്നിച്ചുറങ്ങുമ്പോള്‍ വൃഷണസഞ്ചിയിലെ ഒരു വിത്തും അമ്മയുടെ വയറ്റിലെ ഒരു മുട്ടയും ഒന്നിച്ചുചേരുന്നു. അങ്ങിനെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്.”

കുട്ടിയുടെ പ്രായത്തിനും പക്വതയ്ക്കും ലോകപരിചയത്തിനും അനുസരിച്ച് ഇപ്പറഞ്ഞതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

Qകുഞ്ഞ് എങ്ങിനെയാണ് അമ്മയുടെ വയറ്റില്‍നിന്നു പുറത്തുവരുന്നത്?

കുട്ടികള്‍ പലര്‍ക്കും തോന്നാറുള്ളൊരു സംശയമാണ്. കുഞ്ഞിനെ ഛര്‍ദ്ദിക്കുന്നതാണ്, കുഞ്ഞ് മലവിസര്‍ജനത്തിനിടെ പുറത്തുവരുന്നതാണ് എന്നൊക്കെ അവര്‍ അനുമാനിച്ചുകൂട്ടുകയുമാവാം. അമ്മയടക്കമുള്ള സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുന്ന ഭാഗത്തിനടുത്തായി അവരുടെ വയറ്റിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു പുറത്തുവരാനുള്ള ഒരു ദ്വാരമുണ്ട്, യോനി എന്നാണതിനു പേര് എന്നൊക്കെ പറഞ്ഞുകൊടുന്നതാണ് ഉത്തമം.

Qഅച്ഛനമ്മമാരുടെ ലൈംഗികവേഴ്ച കുട്ടി കണ്ടാൽ? കുട്ടിയോട് എന്തു പറയണം?

കുട്ടിക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സമ്മര്‍ദ്ദജനകമാകാവുന്ന സാഹചര്യമാണത്. ആദ്യം, കുട്ടിയോട് “ഇപ്പോള്‍ ഒന്നു പുറത്തു പോ, ഞാനുടനെ അങ്ങോട്ടു വരാം.” എന്നു പറയാം. എന്നിട്ട്, വസ്ത്രങ്ങള്‍ ധരിച്ച്, സ്വയം ഒന്നു റിലാക്സ്ഡ് ആയി എന്നുറപ്പുവരുത്തിയിട്ട്, കുട്ടിയോടു സംസാരിക്കാം. എന്താണു കണ്ടത്, അതേപ്പറ്റി വല്ലതും ചോദിക്കാനുണ്ടോ എന്നൊക്കെ ആരായാം. ചെറിയ കുട്ടികള്‍, നിങ്ങള്‍ തല്ലുകൂടുകയായിരുന്നോ എന്നൊക്കെ ശങ്കിച്ച് പേടിച്ചുപോയിട്ടുണ്ടാകാം. പരസ്പരം നല്ല ഇഷ്ടമുള്ള മുതിര്‍ന്നവര്‍ സ്നേഹം പ്രകടിപ്പിക്കാനായി സ്വകാര്യതയില്‍ ചെയ്യാറുള്ളൊരു പ്രവൃത്തിയാണെന്നു വിശദീകരിക്കാം. ഇടയ്ക്കു കയറിവരിക വഴി കുട്ടി തെറ്റൊന്നും ചെയ്തില്ല എന്നാശ്വസിപ്പിക്കേണ്ടതും പ്രധാനമാണ്.

Q“എനിക്കും വേണം ഒരു കുഞ്ഞ്” എന്ന ആവശ്യമുന്നയിച്ചാൽ?

കുട്ടികളുടെ ശരീരത്തിന് ആ കഴിവായിട്ടില്ല, കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള വിത്തുകള്‍ മുതിര്‍ന്ന ആണുങ്ങളുടെ ശരീരത്തിലേ ഉണ്ടാകൂ” എന്നു പറയാം.

Qലിംഗത്തിൽ പിടിച്ചു കളിക്കുന്ന കുട്ടിയോട് ‘‘അത് ചീത്തയാണ്, തൊടരുത്’’ എന്നതിനു പകരം എന്തു പറയണം?

ലൈംഗികമായ പ്രവൃത്തിയാണ്‌, സ്വയംഭോഗമാണ് എന്നൊന്നും വകതിരിവില്ലാതെയാണ് കൂട്ടികൾ ഈ കാര്യത്തിൽ ഏർപ്പെടുന്നത്. അന്നേരത്തു കിട്ടുന്നൊരു സുഖത്തിനായി മാത്രം, വിരല്‍ കുടിക്കുകയോ മറ്റോ ചെയ്യുന്ന അതേ മനോഭാവത്തോടെ, കുട്ടികള്‍ ലിംഗത്തിൽ പിടിച്ചു കളിക്കാറ്. അപ്പോഴവര്‍ ചിന്തിക്കുന്നത് ലൈംഗികകാര്യങ്ങളാകും എന്നുമില്ല. “ഇങ്ങിനെ ചെയ്യുമ്പോള്‍ നിനക്കു സുഖം കിട്ടുന്നുണ്ട് എന്നെനിക്കറിയാം. ശരീരത്തില്‍ എവിടെയെങ്കിലും തൊട്ടാല്‍ നമുക്കതു തിരിച്ചറിയാനാകുന്നത് തലച്ചോറിലേക്കു നീളുന്ന, നാഡികള്‍ എന്ന, ഒരു തരം വയറുകള്‍ വഴിയാണ്. ലിംഗത്തില്‍ മറ്റു ഭാഗങ്ങളിലേതിനെക്കാള്‍ നാഡികളുണ്ട്. അതുകൊണ്ടാണ് അവിടെതൊടുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നത്. എന്നാല്‍ ലിംഗം നമ്മള്‍ ആരെയും കാണിക്കാതെ സൂക്ഷിക്കാറുള്ള ഒരു സ്വകാര്യഭാഗമല്ലേ? അതുകൊണ്ട് അതില്‍പ്പിടിച്ചു കളിക്കുന്നതും മുറിക്കുള്ളിലോ ബാത്ത്റൂമിലോ മറ്റോ വെച്ചു സ്വകാര്യമായേ ചെയ്യാവൂ” എന്നു പറയാം. ലൈംഗികസുഖം ആസ്വദിക്കുകയെന്നത് ഒരു മോശം കാര്യമോ നാണിക്കേണ്ടതായ ഒന്നോ അല്ല എന്നൊക്കെ ബോദ്ധ്യപ്പെടുത്താന്‍ ഇതുകൊണ്ടാകും.

Qകുട്ടിയുടെ ലിംഗം ഉദ്ധരിച്ചു നിൽക്കുന്നതു കണ്ടാൽ കളിയാക്കുന്നവരുണ്ട്. അതേക്കുറിച്ച് എന്തു പറയണം?

ഇതില്‍ നാണിക്കേണ്ടതോ പരിഹസിക്കത്തക്കതോ ആയ ഒന്നുമില്ല. തികച്ചും സാധാരണമായൊരു ശാരീരിക പ്രവര്‍ത്തനം മാത്രമാണത്. ലിംഗത്തിലേക്കു രക്തം ഇരച്ചു കയറുന്നതു മൂലം സംഭവിക്കുന്ന ഒന്ന്. കുട്ടികള്‍ക്ക് അതിന്മേല്‍ നിയന്ത്രണമുണ്ടാകണം എന്നില്ല. ലൈംഗിക ചിന്തകളോ ഉത്തേജനവുമോ ആയി ബന്ധപ്പെട്ടാകണമെന്നില്ല കുട്ടികളില്‍ ഉദ്ധാരണം സംഭവിക്കുന്നതും. അതേപ്പറ്റി പരിഹസിക്കുന്നത് ലൈംഗികത എന്തോ മോശപ്പെട്ട കാര്യമാണ്, നാണിക്കേണ്ട ഒന്നാണ് എന്നൊക്കെയുള്ള മുന്‍വിധികള്‍ക്കു നിമിത്തമാകാം.

Qഅടിവസ്ത്രം ധരിക്കേണ്ടതിന്‍റെ പ്രാധാന്യം എപ്പോള്‍, എങ്ങനെ പഠിപ്പിക്കാം?

നാലോ അഞ്ചോ വയസ്സോടെയൊക്കെ ഇതു ചെയ്യാം. അടിവസ്ത്രത്തിന്‍റെ പ്രയോജനങ്ങള്‍ പറഞ്ഞു കൊടുക്കണം. വിയര്‍പ്പിന്‍റെയോ നാമറിയാതെ ചിലപ്പോള്‍ പുറത്തുചാടാവുന്ന മൂത്രത്തുള്ളികളുടെയോ പാടുകള്‍ പുറമേ കാണില്ല, സിബ്ബിടാന്‍ അഥവാ മറന്നുപോയാലും ലിംഗം വെളിപ്പെടില്ല, സിബ്ബ് വലിച്ചടയ്ക്കുമ്പോള്‍ ലിംഗം ഇടയ്ക്കു കുടുങ്ങി പരിക്കു പറ്റാനുള്ള സാദ്ധ്യത കുറയും എന്നൊക്കെ അറിയിക്കാം.

അടിവസ്ത്രമിട്ടാല്‍ ഫംഗസ് ബാധകള്‍ക്കു സാദ്ധ്യത കൂടുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. അടിവസ്ത്രം യഥാസമയം മാറ്റുകയും വൃത്തിയായി അലക്കിയുണക്കി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ഫംഗസ് ബാധകള്‍ക്കു സാദ്ധ്യത കുറയുകയാണു ചെയ്യുന്നത്. അനുയോജ്യമായ തുണിയാലുള്ള അടിവസ്ത്രങ്ങള്‍ വിയര്‍പ്പിനെ വലിച്ചെടുക്കുകയും അതിന്‍റെ ബാഷ്പീകരണം കൂട്ടുകയും അങ്ങിനെ ഫംഗസ് വളരാനുള്ള സാഹചര്യം തടയുകയും ചെയ്യും.

ഡോ.ഷാഹുൽ അമീൻ

സൈക്യാട്രിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റൽ, ചങ്ങനാശ്ശേരി. എഡിറ്റര്‍, ഇന്ത്യന്‍ ജേണല്‍ ഓഫ്
സൈക്കോളജിക്കല്‍ മെഡിസിന്‍

Tags:
  • Manorama Arogyam
  • Health Tips