Wednesday 01 February 2023 12:55 PM IST : By ഡോ. സജികുമാർ ജെ.

പ്രധാനഭക്ഷണത്തോടൊപ്പം ചായ, കാപ്പി വേണ്ട, ഒാറഞ്ചും നെല്ലിക്കയും ധാരാളം കഴിക്കാം: കുട്ടികളിലെ വിളർച്ച തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതറിയാം

kidsfood435

കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് വിളർച്ച. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം അല്ലെങ്കിൽ ശരീരത്തിലെ കോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ എന്നിവ സാധാരണയേക്കാൾ കുറവായി കാണപ്പെടുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ഹീമോഗ്ലോബിനിലെ അഭിഭാജ്യ ഘടകമായ ഇരുമ്പുസത്ത് കുറയുന്നതാണ് വിളർച്ചയുടെ പ്രധാന കാരണം.

* കുട്ടികളിൽ എന്തുകൊണ്ട് വിളർച്ച കൂടുതലായി കാണപ്പെടുന്നു?

ശാരീരിക വളർച്ച അധികമായിരിക്കുന്ന കുട്ടിക്കാലത്തു ഇരുമ്പുസത്തു ഇരട്ടി അളവിൽ ആവിശ്യമാണ്. പശുവിൻപാൽ, പൊടിപ്പാൽ എന്നിവ ധാരാളമായി കുടിക്കുന്ന കുട്ടികളിൽ ഇരുമ്പുസത്തിന്റെ അഭാവം ഉണ്ടാകാം. പഴയകാലത്തെപ്പോലെ ഇപ്പോൾ സാധാരണമല്ലെങ്കിലും വിരബാധയുള്ള കുട്ടികളിലും വിളർച്ച കൂടുതലായി കാണപ്പെടാം.

* വിളർച്ച തടയാനുള്ള മാർഗ്ഗങ്ങൾ

കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ പശുവിൻ പാൽ നൽകി തുടങ്ങാവൂ. മുലയൂട്ടുന്ന അമ്മമാർ ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വയസ്സ് കഴിഞ കുട്ടിക്ക് ഒരു ദിവസം 2 കപ്പിൽ കൂടുതൽ പശുവിൻ പാൽ നൽകരുത്. ചീര, ഇലക്കറികൾ, തവിടു കളയാത്ത അവൽ, എള്ള്, കപ്പലണ്ടി, മുളപ്പിച്ച പയർ, ഈന്തപ്പഴം, മുന്തിരി, ശർക്കര എന്നീ ഇരുമ്പു സത്ത് കൂടുതൽ അടങ്ങിയ ആഹാരങ്ങൾ കൂടുതലായി കുട്ടികൾക്ക് നൽകണം.

മൽസ്യം, മാസം എന്നിവയിലുള്ള ഇരുമ്പുസത്തു പെട്ടന്ന് ആഗിരണം ചെയ്യപ്പെടുന്നതാണ്. ചായ, കാപ്പി, പാൽ എന്നീ ഇരുമ്പു സത്തിന്റെ ആഗിരണം തടയുന്ന പാനീയങ്ങൾ പ്രധാന ഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് നൽകരുത്. അതേസമയം ഇരുമ്പുസത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്ന വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, നാരങ്ങാ, ഓറഞ്ച് എന്നിവ പ്രധാന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിരബാധയുണ്ടെന്നു കണ്ടെത്തുന്ന കുട്ടികൾക്ക് വിര മരുന്ന് നൽകാനും മറക്കേണ്ടാ. ഗുരുതരമായ വിളർച്ച ബാധിച്ച കുട്ടികൾക്ക് ഇരുമ്പുസത്ത് അടങ്ങിയ ഗുളികയോ, സിറപ്പോ ഡോക്ടറുടെ നിർദ്ദേശാനുസരണം നൽകേണ്ടതാണ്.

* വിളർച്ചയുടെ സാധാരണ ലക്ഷണങ്ങൾ

ചെറിയ തോതിലുള്ള വിളർച്ച പോലും കുട്ടികളുടെ ഊർജ്ജം, ശ്രദ്ധ, ബുദ്ധിവികാസം, പഠിക്കാനുള്ള കഴിവ്, എന്നിവയെ ബാധിക്കും. ഇളം നിറമുള്ള ചർമ്മവും, കവിളുകളും, ചുണ്ടുകളും, കൺപോളകളുടെ പാളികൾക്കും നഖത്തിനും സാധാരണയേക്കാൾ കുറഞ്ഞ ചുവപ്പു നിറം എന്നിവയെല്ലാം പരിശോധനയിൽ കാണപ്പെടും. ശാരീരിക ബലഹീനത, എളുപ്പത്തിൽ തളരുക എന്നിവ കാണപ്പെടും. വിളർച്ച കഠിനമാകുമ്പോൾ ശ്വാസം മുട്ടൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കയ്യിലും കാലിലും നീര് വരിക, തലവേദന, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടും.

വിളർച്ചയുള്ള കുട്ടികളിൽ പകർച്ചവ്യാധികൾ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, കുട്ടിക്കാലത്തെ വിളർച്ച ശാരീരിക വളർച്ച, വൈജ്ഞാനിക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെ സാരമായി ബാധിക്കും. ഇത് മാനസിക വൈകല്യത്തിനും കാരണമാകുന്നു. ലളിതമായ ചില രക്തപരിശോധനകൾ വഴി വിളർച്ച നിർണ്ണയിക്കാൻ കഴിയും. വിളർച്ച അപൂർവ്വമായി ഗുരുതരമായ ചില രക്തജന്യ രോഗങ്ങളുടെ ലക്ഷണമാകാം. ആ അവസരത്തിൽ വിദഗ്ദ്ധ പരിശോധനകൾ വേണ്ടി വരും.

sajikumar455

ഡോ. സജികുമാർ ജെ.

കൺസൽറ്റന്റ് പീഡിയാട്രിഷൻ

പരബ്രഹ്മ സ്‌പെഷാലിറ്റി േ സ്പിറ്റൽ , ഓച്ചിറ

Tags:
  • Manorama Arogyam
  • Health Tips