മകന് 14 വയസ്സുണ്ട്. കടുത്ത വയറുവേദനയുമായി ഡോക്ടറെ സമീപിച്ചു. അപ്പെൻഡിക്സ് അണുബാധയാണു വേദനയുടെ കാരണമെന്നു പറഞ്ഞു. ശസ്ത്രക്രിയ ചെയ്ത് അപ്പെൻഡിക്സ് നീക്കിയില്ലെങ്കിൽ അടിക്കടി അണുബാധ ഉണ്ടാകാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. എന്നാൽ ഞങ്ങൾ ഉടൻ ഒരു ശസ്ത്രക്രിയയ്ക്കു തയാറായില്ല. ആന്റിബയോട്ടിക് ചികിത്സയും മറ്റും കൊണ്ട് വേദന മാറി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. അപ്പെൻഡിക്സിലെ അണുബാധയ്ക്ക് ഏതു സാഹചര്യത്തിലാണു ശസ്ത്രക്രിയ വേണ്ടത്? മരുന്നു ചികിത്സകൊണ്ടു വേദന മാറിയാൽ പിന്നെ ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ടോ?
ഫിലിപ്പ്, പത്തനംതിട്ട
രോഗവിവരണം കേട്ടിട്ട് അതു ഡോക്ടർ പറഞ്ഞ അപ്പെൻഡിസൈറ്റിസ് എന്ന രോഗമാണ്. അപ്പെൻഡിക്സ് എന്നത് വൻകുടലിന്റെ അഗ്രഭാഗത്ത് ഒരു ചെറുവിരൽ ആകൃതിയിൽ സഞ്ചി പോലെയുള്ള (Pouch) ഭാഗമാണ്. സാധാരണ ആ രോഗ്യമുള്ള ഒരു വ്യക്തിയിൽ ഇത് എന്താണു ചെയ്യുന്നതെന്നു പൂർണമായി കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടായിരിക്കും അസുഖം വരുമ്പോൾ, ഇതു മുറിച്ചു മാറ്റിയാലും രോഗിക്കു ഭാവിയിൽ മറ്റു ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കുവാനാകുന്നത്. അപ്പെൻഡിസൈറ്റിസ് എന്ന അസുഖം വരുന്നതിന്റെ ശരിയായ കാരണം ആധികാരികമായി കണ്ടുപിടിച്ചിട്ടില്ല.
ഈ ചെറിയസഞ്ചി കുടലുമായി ചേരുന്ന ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള തടസ്സം സംഭവിക്കുന്നതുകൊണ്ടാകാം ഈ പ്രശ്നം എന്നാണു പൊതുവേ അംഗീകരിക്കുന്ന കാരണം. ഈ തടസ്സം ഉണ്ടാക്കുന്നതു കട്ടിയുള്ള ആഹാരപദാർഥമോ കട്ടിയുള്ള മലമോ ചില കൃമികളോ (worms) ആയിരിക്കാം. അങ്ങനെ തടസ്സം സംഭവിക്കുമ്പോൾ അപ്പെൻഡിക്സിനു നീർവീക്കമുണ്ടാകും. അണുക്ക ൾ കൂടുതലായി വളരും. രക്ത ഓട്ടം കുറയും. വീർക്കുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോൾ വയറുവേദന, പനി, അണുബാധയുടെ മറ്റു ലക്ഷണങ്ങൾ എല്ലാം പ്രകടമാക്കും.
ആരംഭത്തിൽ മരുന്നു മതി അപ്പെൻഡിക്സിലെ അണുബാധയായ അപ്പെൻഡിസൈറ്റിസിൽ, ചെറിയതരം അണുബാധ മാത്രമായിരിക്കുകയോ അപ്പെൻഡിക്സ് കാര്യമായി വീർത്തിട്ടുമില്ലെങ്കിൽ ആരംഭത്തിൽ തന്നെ ആന്റിബയോട്ടിക് തുടങ്ങുകയും കുടലിനു വിശ്രമം കൊടുക്കുന്നതിനുവേണ്ടി വായിലൂടെ ആഹാരം കൊടുക്കാതിരിക്കുകയും ചെയ്താൽ പ്രശ്നം മാറി കിട്ടാം.
വലിയ വീക്കവും നീർവീക്കവും ത ടസ്സവും ഉണ്ടെങ്കിൽ അപ്പെൻഡിക്സ് സര്‍ജറി അത്യാവശ്യമാണ്. കീഹോൾ ശസ്ത്രക്രിയ വഴി അപ്പെൻഡിക്സ് എ ടുത്തു കളയുന്നതാണ് എറ്റവും നല്ല ചികിത്സ. സമയത്തു ചെയ്തില്ലെങ്കിൽ അപ്പെൻഡിക്സ് പൊട്ടാൻ സാധ്യതയുണ്ട്. അതുണ്ടായാൽ വയറിനകത്തു മുഴുവൻ അണുബാധ വരാം. ഇതെല്ലാം വളരെ ഗൗരവമുള്ള രോഗസ്ഥിതികളാണ്. അതുകൊണ്ട് അപ്പെൻഡിസൈറ്റിസ് വരുമ്പോൾ ശസ്ത്രക്രിയാ തീരുമാനം എടുക്കേണ്ടതു രോഗിയെ ചികിത്സിക്കുന്ന സർജൻ തന്നെ ആയിരിക്കണം.
ഒരു തവണ അപ്പെൻഡിക്സ് അണുബാധ വന്നാൽ പിന്നെ അടിക്കടിവരാൻ സാധ്യതയുണ്ട്. വരാതിരിക്കാൻ മുൻകരുതലുകൾ ഉള്ളതായി അറിവില്ല. അച്ചടക്കമുള്ള ആഹാര രീതി, സമയത്തുള്ള, മിതമായ ആഹാരവും ഒപ്പം ആരോഗ്യകരമായ വ്യായാമവും ചെയ്യുന്നവർക്കു വയറു സംബന്ധിച്ച രോഗങ്ങൾ കുറവാണ്.