Thursday 18 April 2024 03:28 PM IST : By മനോരമ ആരോഗ്യം റിസര്‍ച് ഡസ്ക്

കുട്ടിക്കു മലയാളമാണോ പ്രയാസം? അവധിക്കാലത്തു ഭാഷ മെച്ചപ്പെടുത്താന്‍ ചില പൊടിക്കൈകള്‍

read3432

പരീക്ഷ കഴിഞ്ഞതോടെ പുസ്തകങ്ങളെല്ലാം മടക്കിവച്ചു കളിയുടെ തിമിർപ്പിലാണു കുട്ടികൾ. എന്നാൽ അവധിക്കാലത്തു കളികൾ മാത്രമല്ല ഇത്തിരി പഠനവും ആകുന്നതിൽ പ്രശ്നമില്ല എന്നു മാത്രമല്ല കുട്ടിയെ സംബന്ധിച്ച് പിന്നാക്കമായ വിഷയങ്ങളിൽ മെച്ചപ്പെടാനുള്ള അവസരവുമാണ്. ഇതാ, ഈ അവധിക്ക് ഭാഷാവിഷയങ്ങളിൽ പിന്നാക്കമായ കുട്ടികൾക്കു ഭാഷാപഠനത്തിനുള്ള ചില ടിപ്സ്. ഹോം വർക്കുകൾ നൽകിയോ സ്പെഷൽ ക്ലാസ്സുകൾക്കു വിട്ടോ അല്ലാതെ തന്നെ രസകരമായ രീതിയിൽ ഭാഷ പഠിപ്പിക്കുന്നത് എങ്ങനെയെന്നു നോക്കാം.

∙ ഏതു ഭാഷയാണോ പ്രയാസം ആ ഭാഷയിലുള്ള കൂടുതൽ വാക്കുകൾ നിത്യേനയുള്ള സംസാരത്തിൽ ഉൾപ്പെടുത്താം. വാക്കുകൾ കൃത്യമായി ഉച്ചരിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. കുട്ടിയെ കൊണ്ട് ആ വാക്കുകൾ പറയിപ്പിക്കുകയും വേണം. ഉദാഹരണത്തിന് ഭക്ഷണത്തിനു രുചിയുണ്ടോ എന്നു ചോദിക്കുന്നതിനു പകരം സ്വാദ് എന്ന വാക്ക് ഉപയോഗിക്കാം. വൈകുന്നേരത്തിനു പകരം സായാഹ്നം എന്ന വാക്കു പരിചയപ്പെടുത്താം.

∙ ടിവി പരിപാടികൾ ഇഷ്ടപ്പെടുന്നവരാണു മിക്ക കുട്ടികളും. ഈ അവധിക്ക് അവർക്കു പ്രാവീണ്യം കുറഞ്ഞ ഭാഷയിലുള്ള പരിപാടികൾ കാണാൻ അവസരമൊരുക്കുക. ചില ചാനലുകളിൽ ഭാഷ സ്വിച്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ പരിപാടികളായിരിക്കണം. ആദ്യമൊക്കെ മാതാപിതാക്കൾ കൂടെയിരുന്നു കുട്ടിക്കു മനസ്സിലാകാത്തവ പറഞ്ഞുകൊടുക്കുക. പതിയെ കുട്ടി രസിച്ചു കണ്ടുതുടങ്ങും. ഇതു ഭാഷ മെച്ചപ്പെടുത്തുവാൻ സഹായിക്കും. പക്ഷേ, ദിവസം 1–2 മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം ആകാതെ ശ്രദ്ധിക്കണം.

∙‘സൈക്കിൾ റാലി പോലെ ഒരു ലോറി റാലി’, ആന അലറലോടലറൽ ’ പതുക്കെ പറഞ്ഞാൽ സിംപിൾ. വേഗത്തിലായാലോ...? കുഴഞ്ഞതുതന്നെ. ഇത്തരം നാവു കുഴക്കുന്ന വാക്യങ്ങൾ പറഞ്ഞു കളിക്കാം. ഇംഗ്ലിഷിലുമുണ്ട് ഇത്തരം വാക്യങ്ങൾ...ഐ സ്ക്രീം, യു സ്ക്രീം, വി ഒാൾ സ്ക്രീം ഫോർ ഐസ്ക്രീം... ഫോർ ഫ്യൂരിയസ് ഫ്രണ്ട്സ്, ഫോട്ട് ഫോർ ദി ഫോൺ...ഇത്തരം കുഴക്കൽ വാക്യങ്ങളിലൂടെ രസകരമായ രീതിയിൽ വാക്കുകളും ഉച്ചാരണവും പഠിക്കാം.

∙ മൊബൈലുകളിൽ വാക്കുകൾ കൊണ്ടുള്ള കളികളുടെ ആപ്പുകൾ ഉണ്ട്. ഇതു പുതിയ വാക്കുകൾ പഠിക്കാനുള്ള മികച്ച അവസരമാണ്. കുട്ടിക്കൊപ്പം മാതാപിതാക്കൾ കൂടി ഇരുന്നു കളിച്ചാൽ വളരെ നല്ലത്.

∙ കുട്ടിക്കു പ്രയാസമുള്ള ഭാഷയിലുള്ള ഒരു പുസ്തകം ദിവസവും അൽപാൽപമായി വായിച്ചുകൊടുക്കുക. കുട്ടിയേയും കൂട്ടി ഒരു ബുക്ക് ഷോപ്പിൽ പോയി ഇഷ്ടമുള്ള ബുക്ക് തിരഞ്ഞെടുപ്പിക്കുക. നോവലോ കഥയോ കോമിക്സോ ആകട്ടെ. തീരെ ചെറിയ കുട്ടികൾക്കു ചിത്രകഥകളാകും ഉത്തമം. കുറച്ചുകൂടി മുതിർന്ന കുട്ടികൾക്ക് അവരുടെ ടിവി പരിപാടികളിലെ ക്യാരക്ടേഴ്സ് ഉള്ള ബുക്ക് വാങ്ങിക്കാം. സ്പൈഡർമാൻ ഒക്കെ പോലെ... ചെറിയ കുട്ടികൾക്കു ലളിതമായ ഭാഷയിലുള്ള പുസ്തകമായിരിക്കണം വാങ്ങേണ്ടത്. പുതിയ വാക്കുകൾ വരുമ്പോൾ അവയുടെ അർഥം കൂടി പറഞ്ഞുകൊടുക്കണം. പുസ്തകത്തിൽ ഉള്ള വാക്കുകൾ ദിവസവുമുള്ള സംസാരത്തിൽ ഉൾപ്പെടുത്തി കുട്ടിയുടെ മനസ്സിൽ ആ വാക്കുകളെ ഊട്ടിയുറപ്പിക്കുക.

∙ കുട്ടികൾ ഒരുമിച്ചു കളിക്കുന്നതു ഭാഷ വളർത്താനുള്ള മികച്ച അവസരമാണ്. ഏതു ഭാഷയിലാണോ മിടുക്കു കുറവ്, ആ ഭാഷ സംസാരിക്കുന്ന കുട്ടികളുമായി കളികൾക്കും ആശയവിനിമയത്തിനുമുള്ള സൗകര്യമൊരുക്കാം. അതിനു സാധിക്കുകയില്ലെങ്കിൽ ഇത്തവണത്തെ അവധിക്കാല യാത്ര ഭാഷാപഠനത്തിനുള്ള അവസരമാക്കുക. ഉദാഹരണത്തിന്, ഇംഗ്ലിഷ് ഭാഷയിലാണു കുട്ടി പിന്നാക്കമെങ്കിൽ ഇംഗ്ലിഷ് സംസാരഭാഷയായുള്ള ഒരിടത്തേക്കു യാത്ര പ്ലാൻ ചെയ്യുക. അല്ലെങ്കിൽ കേരളത്തിനു പുറത്തുള്ള ബന്ധ)ുവീടുകൾ സന്ദർശിക്കാം. അവിടെയായിരിക്കുമ്പോൾ കുടുംബാംഗങ്ങളെല്ലാം ഇംഗ്ലിഷ് തന്നെ സംസാരിക്കുക.

∙ യാത്രകളെ ഭാഷ പഠിപ്പിക്കാനുള്ള അവസരങ്ങളാക്കാം. പോകുന്ന വഴിക്കുള്ള കാഴ്ചകളെ കുറിച്ചും അവയുടെ ചരിത്രം, വിശദാംശങ്ങൾ എന്നിവയെക്കുറിച്ചും വിവരിച്ചു പറയാം. ഉദാഹരണത്തിന് ആലപ്പുഴ വഴി പോകുമ്പോൾ കെട്ടുവള്ളം എന്ന വാക്കു പരിചയപ്പെടുത്താം. ആലപ്പുഴ വള്ളംകളിയെക്കുറിച്ചു വിവരിച്ചു പറയാം. വിവിധതരം ജലാശയങ്ങളുടെ പേരുകൾ പറഞ്ഞുകൊടുക്കാം.

∙ യാത്രകളിൽ പാട്ടു വയ്ക്കുന്നതിനു പകരം നല്ല താളമുള്ള പാട്ടുകൾ ഒരുമിച്ചു പാടാം. ഒരു ചെറിയ മൈക്ക് കൂടി വാങ്ങിവച്ചാൽ കുട്ടിക്ക് പാടാനും താൽപര്യമാകും.

Tags:
  • Manorama Arogyam
  • Kids Health Tips