Saturday 26 February 2022 02:56 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നു കരഞ്ഞുതുടങ്ങും; കരച്ചിലിന്റെ പിന്നിലെ അസുഖമെന്ത്? വിദഗ്ധ മറുപടി അറിയാം

dfgrtt

കുഞ്ഞിന് ഒരു വയസ്സ് ആയി. കുഞ്ഞ് എപ്പോഴും കരച്ചിലാണ്. കളിച്ചുകൊണ്ടു കിടക്കുന്ന കുട്ടി പെട്ടെന്നാണ് കരയാൻ തുടങ്ങുക. രാത്രിയും കരച്ചിലിനു കുറവില്ല. കരച്ചിൽ അസഹ്യമാകുമ്പോൾ ആശുപത്രിയിൽ പോകും . ഒന്നുരണ്ടു തവണ അഡ്മിറ്റ് ചെയ്തിട്ടുമുണ്ട്. ഇതുവരെ എന്താണു കാരണമെന്ന് ഡോക്ടർ പറഞ്ഞിട്ടില്ല. മരുന്നുകൊടുക്കുമ്പോൾ ക്രമേണ മാറും. മാസത്തിൽ മൂന്നു തവണയെങ്കിലും ആശുപത്രിയിലേക്ക് ഓടാറുണ്ട്. കുഞ്ഞ് ജനിച്ചപ്പോൾ ആദ്യ രണ്ടു മൂന്നു ദിവസം കുട്ടികളുെട ഐസിയുവിൽ ആയിരുന്നു. പാലുകൊടുക്കാൻ കഴിഞ്ഞില്ല. പിന്നീട് മുലപ്പാൽ വേണ്ടത്രയുണ്ടാകാത്തതിനാൽ മുലപ്പാൽ കൊടുത്തിട്ടില്ല.. കുഞ്ഞിന്റെ കരച്ചിലിനു പിന്നിൽ എന്തെങ്കിലും രോഗമായിരിക്കുമോ?

സീനത്ത്, എറണാകുളം

കുഞ്ഞിന്റെ കരച്ചിൽ, ഇടയ്ക്കിടെ വന്ന് തന്നെത്താനെ പോകും എന്ന് പറയുമ്പോൾ കാര്യമായ മെഡിക്കൽ അസുഖങ്ങൾ ഉണ്ടാകില്ല എന്നു നമുക്ക് അനുമാനിക്കാം. മാത്രമല്ല, പലതവണ ഡോക്ടറെ കാണിക്കുകയും കിടത്തി വിശദമായ പരിശോധനയും ചികിത്സയും നടത്തിയിട്ടുമുണ്ട് എന്നു പറയുന്നതിൽ നിന്നും കുഞ്ഞിനു തകരാറുകളുണ്ടാവില്ല എന്നു കരുതാം. മൂത്രപരിശോധന, വയറിന്റെ അൾട്രാസൗണ്ട് പരിശോധന എന്നിവ ഒരു ശിശുരോഗ വിദഗ്ധൻ ചെയ്തിരിക്കും. അഥവാ അവ ചെയ്തിട്ടില്ലെങ്കിൽ അക്കാര്യം ഡോക്ടറോട് ആരായുക. ഏതായാലും കുഞ്ഞിന് അസുഖങ്ങൾ ഇല്ല എന്ന് ഒരിക്കൽ അദ്ദേഹം തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ പിന്നീട് എന്തുകൊണ്ട് കുഞ്ഞു കരയുന്നു എന്നറിയാൻ അമ്മ തന്നെ സൂക്‌ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

എന്തെങ്കിലും പ്രത്യേക ആഹാരം കഴിച്ചതിനു ശേഷമാണെങ്കിൽ ഫൂഡ് അലർജി ആവാം കാരണം. മുത്രം ഒഴിക്കാൻ തുടങ്ങുന്നതിന് മുൻപ് പല കുട്ടികളും ഇങ്ങനെ കരയാറുണ്ട്. അതുകൊണ്ടും വരാം. അമ്മയ്ക്കോ അച്ഛനോ മൈഗ്രെയ്ൻ പ്രശ്നമുണ്ടെങ്കിൽ കുട്ടിക്ക് ഇങ്ങനെ വരാം. വീട്ടിലെ വളരെ സമ്മർദ്ദം ഉള്ള, അച്ഛനമ്മമാർ പതിവായി വഴക്കുണ്ടാക്കുന്ന സാഹചര്യമാണെങ്കിൽ അതു കൊണ്ട് വരാം. കരച്ചിൽ വൈകുന്നേരങ്ങളിൽ മാത്രമാണെങ്കിൽ, ഞാനുൾപ്പെടെയുള്ള ശിശുരോഗ വിദഗ്ധർ ‘കൊടുക്കാൻ പാടില്ല’ എന്നു പറയുന്ന ഗ്രൈപ് വാട്ടർ കൊടുക്കുന്നതു ഫലം ചെയ്യാം.

അതുപോലെ കുഞ്ഞിന്റ വസ്ത്രം, പ്രാണികളുെട സാന്നിധ്യം ശബ്ദശല്യം തുടങ്ങിയവയെല്ലാം കരച്ചിലുണ്ടാക്കാം. പലപ്പോഴും കുട്ടികളുെട കരച്ചിൽ ചില അച്ഛനമ്മമാർക്ക് അസഹ്യമായി മാറും. അവർക്ക് കുഞ്ഞ് അമിതമായി കരയുന്നുവെന്നു തോന്നാം. അത്തരം സാഹചര്യത്തിൽ കൗൺസലിങ്ങും ആവശ്യമായേക്കാം.

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും

ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

Tags:
  • Manorama Arogyam