Thursday 14 July 2022 12:42 PM IST

വൈകുന്നേരങ്ങളിൽ നിർത്താതെ കരയും; കൈ കൂച്ചിപ്പിടിക്കും: പിഞ്ചുകുഞ്ഞുങ്ങളിലെ അപകടവേദനകളെ തിരിച്ചറിയാൻ ഈ സൂചനകൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

dewr32

 നവജാതശിശു വേദന പ്രകടിപ്പിക്കുന്നതു പല വിധത്തിലാണ്. സംസാരിക്കാനാകാത്തതിനാൽ പ്രധാനം കരച്ചിൽ തന്നെ. അല്ലെങ്കിൽ മുഖത്തു ഭാവവ്യത്യാസം പ്രകടമാക്കണം. ഉറക്കമില്ലായ്മ, അസ്വസ്ഥത, പാലു കുടിക്കുന്നതിനുള്ള മടുപ്പ്, തുടരെ കരയുക. ഇങ്ങനെ പല രീതിയിലാണ് അവർ വേദന പ്രകടിപ്പിക്കുക. അതേ സമയം കുഞ്ഞിന്റെ കരച്ചിൽ എല്ലാ തവണയും വേദന മൂലമാകണമെന്നുമില്ല. വേദനയുള്ളപ്പോഴെല്ലാം കുഞ്ഞു കരയണമെന്നുമില്ല.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ ജനിച്ച കുട്ടികളാണെങ്കിൽ ഏകദേശം ഒരുമാസക്കാലത്തോളം അവരുടെ കരച്ചിലിലൂടെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. വേദന എന്നത് ഏതോ ഒരു രോഗത്തിന്റെ ലക്ഷണമാണെന്നു മനസ്സിലാക്കാം. ഉദാ: ചുമ, കഫക്കെട്ടിന്റെ ലക്ഷണമാണ്. അതുപോലെ ഉള്ളിലുള്ള ഒരു രോഗത്തെ പുറത്തു കാണിക്കുന്ന ഒന്നാണ് വേദന. കുഞ്ഞുങ്ങൾ വേദനയെ കരച്ചിലായാണു പ്രകടിപ്പിക്കുന്നത്. അസ്വസ്ഥതയായും കാണിക്കാം.

ഈ പ്രായത്തിലുള്ള ഒരു കുഞ്ഞ് കരയുമ്പോൾ പല കാരണങ്ങൾ പിന്നിലുണ്ടാകാം. തുണി നനയുമ്പോൾ കരയാം. ഒന്നു കരഞ്ഞിട്ട് അല്ലെങ്കിൽ ഒന്നു മുക്കിയിട്ടാണ് സാധാരണ കുഞ്ഞ് മൂത്രമൊഴിച്ചു തുടങ്ങുന്നത്. മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടാകില്ല. അപ്പോൾ കരയില്ല. മൂത്രമൊഴിച്ചതിനു ശേഷം തുണി നനഞ്ഞ് ആ നനവു ശരീരത്തിലെത്തുമ്പോൾ വീണ്ടും കരയും. ഈ വ്യത്യാസം മനസ്സിലാക്കിയാൽ രോഗം കൊണ്ടുള്ള കരച്ചിലാണോ സാധാരണ കരച്ചിലാണോ എന്ന് അറിയാനാകും.

അറിയണം അപായസൂചനകൾ

അണുബാധയുെട ഭാഗമായി കുഞ്ഞുങ്ങൾക്കു വേദന വരാം. നവജാതശിശുവിനു പനി വരുക, ഛർദിക്കുക, തളർച്ചയോടെ കിടക്കുക, ഇടയ്ക്കു കരയുക, പനി, വയറ്റിൽ നിന്ന് അധികമായി ഇളകി പോവുക, മന്ദതയോടെ വെറുതെ കിടക്കുക, പാലു കുടിക്കാൻ മടി കാണിക്കുക, പാലു വലിച്ചു കുടിക്കാതിരിക്കുക,..... ഇതൊക്കെ അപായ സൂചനകളാണ്. കരച്ചിൽ ഒരു വശം മാത്രമേ ആകുന്നുള്ളൂ. ഈ ലക്ഷണങ്ങളൊക്കെ കൃത്യതയോടെ മനസ്സിലാക്കുന്ന ഒരമ്മയ്ക്കു പറയാനാകും, ‘എന്റെ കുഞ്ഞ് ഇന്നു പാലു കുടിക്കുന്നില്ലല്ലോ...എന്തോ പ്രശ്നമുണ്ട് ’ എന്ന്. ഇതെല്ലാം സാധാരണഗതിയിൽ ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ കാര്യത്തിൽ പ്രസക്തമായ വസ്തുതകളാണ്.

ഏതെങ്കിലും മെഡിക്കൽ പ്രൊസിജിയർ ചെയ്യുന്നതിന്റെ ഭാഗമായും കുഞ്ഞിനു വേദന വരാം. അതായത് കു‍ത്തിവയ്പുകൾ , രക്തം എടുക്കുന്നത് ... അങ്ങനെ. ജനനവുമായി ബന്ധപ്പെട്ടും പരുക്കുകൾ ഉണ്ടാകാറുണ്ട്. അതിന്റെ വേദന കൊണ്ടും കുഞ്ഞ് കര‍ഞ്ഞു കൊണ്ടിരിക്കും. അതു കൊണ്ടാണ് കരച്ചിൽ തുടരെയുള്ളതാണോ അതിനൊപ്പം മറ്റെന്തെങ്കിലും ലക്ഷണങ്ങളുണ്ടോ എന്നു കൂടി ശ്രദ്ധിക്കണം എന്നു പറയുന്നത്. നോർമലായി കാണപ്പെടുന്ന കുഞ്ഞ് ഇടയ്ക്ക് ഒന്നു കരയുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട. എന്നാൽ പനി, ക്ഷീണം, ഛർദി പോലുള്ള ലക്ഷണങ്ങൾ കരച്ചിലിനൊപ്പം ഉണ്ടെങ്കിൽ ശ്രദ്ധിക്കണം

അതാണ് കോളിക് വേദനകൾ

രണ്ടു മൂന്നു മാസം പ്രായമാകുമ്പോൾ ചില കുഞ്ഞുങ്ങൾ വൈകുന്നേരങ്ങളിൽ കരയാറുണ്ട് . ഇൻഫന്റൈൽ കോളിക്, ഈവ്നിങ് കോളിക് , ത്രീ മന്ത് കോളിക് ഈ പേരുകളിലെല്ലാം അറിയപ്പെടുന്ന ഒരു വേദനയാണിത്. വൈകുന്നേരങ്ങളിൽ വരുന്ന വേദനയാണിതിന്റെ ലക്ഷണം. ആറുമണിക്കോ ഏഴു മണിക്കോ ഒക്കെ വേദന വരാം. ആ സമയത്തു കരയുന്നതിനൊപ്പം കുഞ്ഞ് കൈ കൂച്ചിപ്പിടിക്കും. കാലുകൾ അടിവയറിൽ അമർത്തിപ്പിടിക്കും. അത് യഥാർഥവേദനയുടെ ലക്ഷണമാണ്. പല സിദ്ധാന്തങ്ങളും ഈ വേദനയെ സംബന്ധിച്ചു പുറത്തു വന്നിട്ടുണ്ട്. അതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സാധാരണ ഗതിയിൽ മൂന്നു നാല് ആഴ്ച കഴിയുമ്പോൾ അതു തനിയെ മാറും. ഡോക്ടറോടു സംസാരിച്ച് ആന്റി കോളിക് മരുന്നുകൾ നൽകാം. ഈ വേദന വരാതെ തടയുന്നതിനും ചില മാർഗങ്ങളുണ്ട്. അതായത് അമ്മ പാലു കുടിക്കുന്നത് ഒഴിവാക്കുക എന്നത് ഒരു മാർഗമാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സച്ചിദാനന്ദ കമ്മത്ത് 

ശിശുരോഗവിദഗ്ധൻ, കൊച്ചി

Tags:
  • Daily Life
  • Manorama Arogyam