Thursday 31 August 2023 03:39 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങൾ ദീർഘകാലം ആസ്മ മരുന്നു കഴിക്കുന്നത് അപകടമോ?; അലർജി ചികിത്സയിലെ ശരിയും തെറ്റും

kids-allergy മോഡൽ: ദിയ

കുട്ടികളിലെ അലർജി വർധിച്ചുവരുന്നതായാണ് കണക്കുകൾ പറയുന്നത്. അലർജിരോഗങ്ങൾക്ക്– പ്രധാനമായും ആസ്മയ്ക്ക്– ശക്തമായ ജനിതക അടിസ്ഥാനമുണ്ട്. അതിനാൽ ഇത് തലമുറ തോറും കൈമാറി കാണപ്പെടുന്നു. അച്ഛനോ അമ്മയ്ക്കോ അലർജിയുണ്ടെങ്കിൽ കുഞ്ഞിനു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കൾ രണ്ടുപേർക്കും അലർജി രോഗമുണ്ടെങ്കിൽ ഈ സാധ്യത പിന്നെയും കൂടും.

തുടർച്ചയായ തുമ്മൽ, നിർത്താതെയുള്ള മൂക്കൊലിപ്പ്, കണ്ണിനും മൂക്കിനും ചൊറിച്ചിൽ, ചുമ, വലിവ്, തൊലിപ്പുറമെ ദീർഘകാലം നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ ഇവയെല്ലാം അലർജി ലക്ഷണങ്ങളാകാം. നിരന്തരമായി ഉണ്ടാകുന്ന രോഗലക്ഷണങ്ങളും, മറ്റു കുട്ടികളെ അപേക്ഷിച്ചു നിത്യജീവിതത്തിൽ വരുത്തേണ്ട ചിട്ടകളും എല്ലാം കുട്ടികളുടെ മാനസിക സ്ഥിതിയേയും ബാധിക്കാം. കുട്ടികളിലെ പ്രധാന അലർജികൾ താഴെ പറയുന്നു

1. മൂക്കിലെ അലർജിയും ആസ്മയും: തുമ്മൽ, മൂക്കൊലിപ്പ്, കണ്ണിനും മൂക്കിനും ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ ദീർഘകാലം നിലനിൽക്കുന്നത്, നാസിക അലർജി (Allergic Rhinitis) കാരണമാകാം. തുടർച്ചയായ ചുമ, ശ്വാസതടസ്സം, വലിവ്, ഇടയ്ക്കിടെയുള്ള കഫക്കെട്ട് എന്നിവയാണ് ആസ്മയുടെ ലക്ഷണങ്ങൾ.

2. ത്വക് അലർജി (തൊലിപ്പുറമെയുള്ള അലർജി): തൊലിപ്പുറമെയുള്ള അലർജി മൂന്നു തരത്തിൽ കണ്ടുവരുന്നു.

(a) എക്സിമ (Eczema): അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഇതു കൂടുതലായും കണ്ടുവരുന്നത്. ഇവരിൽ മുഖം, െെകകാലുകൾ എന്നിവിടങ്ങളിൽ തൊലി വരളുകയും ചൊറിഞ്ഞുപൊട്ടുകയും ചെയ്യും. പിൽക്കാലത്തു ആസ്മ വരാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.

(b) കോണ്ടാക്ട് ഡെർമറ്റൈറ്റിസ് (Contact Dermatitis): അലർജനുകളുമായി നേരിട്ടുള്ള സ്പർശമോ സാമീപ്യമോ മൂലം ഉണ്ടാകുന്നത്.

(c) അർട്ടിക്കേറിയ (Urticaria): തൊലിപ്പുറമെ ചൊറിച്ചിലോടുകൂടി പൊങ്ങിയ പാടുകളായി കാണപ്പെടുന്നവ.

ഭക്ഷണ അലർജി, മരുന്ന് അലർജി, പ്രാണികളുടെ വിഷത്തോടുള്ള അലർജി എന്നിവയും കാണപ്പെടുന്നു.

പരിശോധനകൾ

കുട്ടിയുടെ രോഗലക്ഷണങ്ങൾക്കു കാരണം അലർജി തന്നെയാണോ? മറ്റെന്തെങ്കിലും കാരണങ്ങൾ അതിനു പിന്നിൽ ഉണ്ടോ? അലർജിരോഗത്തിന്റെ വ്യാപ്തി, ഇവയൊക്കെ നിർണയിക്കുന്നത് ചികിത്സയിൽ പ്രധാനമാണ്. ഒാരോ േരാഗിയിലും അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ (അലർജനുകൾ) വ്യത്യസ്തമാകാം. ഇവ ഒാേരാന്നും തിരിച്ചറിയുന്നത് ചികിത്സയ്ക്കു സഹായമാകാം.

വിവിധതരം അലർജനുകൾ തൊലിപ്പുറമെ ചെറിയ അളവിൽ കുത്തിവച്ച്, ചുറ്റും ഉണ്ടാകുന്ന റിയാക്‌ഷൻ വിലയിരുത്തുന്ന അലർജി സ്കിൻ ടെസ്റ്റിങ് വഴി അലർജി കണ്ടെത്താം. രക്തത്തിലെ ഇയോസിനോഫിലുകളുടെ അളവ്, ഒാരോ അലർജനുകൾക്കും അനുപാതികമായി രക്തത്തിലുണ്ടാകുന്ന ഐജിഇ ആന്റിബോഡി അളവ് ഇവ കണ്ടെത്താനുള്ള രക്തപരിശോധന, സ്കിൻ പാച്ച് ടെസ്റ്റ് (Patch Test) എന്നിവയാണ് മറ്റു പ്രധാന പരിശോധനകൾ.

allergy-1

അലർജി തടയാം

ഏതുതരം അലർജിയുടെയും ചികിത്സയുടെ ആദ്യപടി അലർജനുകൾ ഒഴിവാക്കുക എന്നുള്ളതാണ്. കുട്ടികളിൽ ഇതത്ര പ്രായോഗികമല്ല. എങ്കിലും അലർജി രോഗങ്ങളിലെ ഒരു പ്രധാന വില്ലനായ വീട്ടുപൊടിയെയും വീട്ടുപൊടി ചെള്ളിനെയും നേരിടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം. .

അലർജിയുള്ള കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും പുസ്തകങ്ങൾ, കട്ടിയുള്ള കർട്ടനുകൾ, കാർപ്പറ്റുകൾ, അലമാര എന്നിവ ഒഴിവാക്കുക. കഴിവതും വളർത്തുമൃഗങ്ങളെ വീടിന്റെ ഉള്ളിൽ കയറ്റാതിരിക്കുക. പുകവലിക്കാരുമായുള്ള സാമീപ്യം ഒഴിവാക്കുക, ഏറ്റവും ചുരുങ്ങിയത് രണ്ടു വയസ്സു വരെയെങ്കിലും മുലയൂട്ടുക. പിൽക്കാലത്തെ അലർജി രോഗങ്ങളെ തടയാൻ ഇതു സഹായിക്കും. കുട്ടികൾ പുറത്തു കളികഴിഞ്ഞു വരുമ്പോൾ നിർബന്ധമായും കയ്യും മുഖവും

വൃത്തിയായി കഴുകണം. അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നു തോന്നുന്ന മരങ്ങളുടെ തൊട്ടടുത്ത് കളിക്കുന്നത് ഒഴിവാക്കുക, അന്തരീക്ഷത്തിൽ പൂമ്പൊടിയും മറ്റു പൊടിപടലങ്ങളും കൂടുതലുള്ളപ്പോൾ ഒരു ഫേസ് മാസ്ക് ഉപയോഗിക്കുക.

ഇൻഹേലർ കുട്ടികളിൽവളരെ ഫലപ്രദമായ ധാരാളം മരുന്നുകൾ അലർജി ചികിത്സയ്ക്ക് ലഭ്യമാണ്. ഗുളിക, തുള്ളിമരുന്ന്, മൂക്കിലടിക്കാനുള്ള സ്പ്രേ, ശ്വാസനാളികളിലേക്കുപയോഗിക്കുന്ന ഇൻഹേലറുകൾ എന്നിങ്ങനെ വിവിധ രൂപത്തിൽ മരുന്നുകൾ ഉപയോഗിക്കേണ്ടി വരും.

ആസ്മ ചികിത്സയിൽ ഏറ്റവും ഫലപ്രദവും എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതുമാണ് ഇൻഹേലർ ചികിത്സ. ദീർഘകാലം ആസ്മ മരുന്നു കഴിച്ചാൽ വളർച്ച മുരടിക്കുമെന്നും ഒരു തെറ്റിധാരണയുണ്ട്. യഥാർഥത്തിൽ ഇൻഹേലറിലൂടെ ആസ്മ മരുന്ന് എടുത്താൽ ഒരു പ്രശ്നവുമില്ല. ഗുളിക/സിറപ്പ് രൂപത്തിൽ ആവശ്യമുള്ളതിന്റെ 1/20 അളവു മാത്രമേ ഇൻഹേലർ ഉപയോഗിക്കുമ്പോൾ ആവശ്യമുള്ളൂ. ശ്വാസനാളികളിലും ശ്വാസകോശത്തിലും മരുന്നു നേരിട്ടെത്തിക്കാൻ ഇതുവഴി സാധിക്കുന്നു. കുട്ടികളിൽ ഇതു തികച്ചും സുരക്ഷിതമാണ്. ദീർഘകാലം ഉപയോഗിച്ചാലും ഇതുമൂലം യാെതാരു പാർശ്വഫലവുമില്ല. ഇൻഹേലർ ചികിത്സ മൂന്നു തരത്തിലുള്ള ഉപകരണങ്ങൾ കൊണ്ടാണ് ചെയ്യുന്നത്.

1. മീറ്റേർഡ് ഡോസ് ഇൻഹേലർ (Meterd Dose Inhaler): സ്പ്രേ രൂപത്തിൽ മരുന്ന് ഉപയോഗിക്കുന്നു. ചെറിയ കുട്ടികളിൽ ഇതിനൊപ്പം സ്പേസർ (Spacer) എന്ന ഉപകരണവും ഫേസ് മാസ്കും (Face mask) വേണ്ടിവരും. ഇത് ഇൻഹേലറുകളുടെ ഉപ യോഗം കൂടുതൽ ഫലപ്രദമാക്കും.

2. െെഡ്ര പൗഡർ ഇൻഹേലർ (Dry Powder Inhaler): പൊടിരൂപത്തിലുള്ള മരുന്ന് കാപ്സ്യൂളുകളിൽ നിറച്ച് ഉപയോഗിക്കുന്നു. മുതിർന്ന കുട്ടികൾക്കേ ഇത് ഉപയോഗിക്കാനാവൂ.

3. നെബുെെലസർ (Nebulizer): െെവദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം, മരുന്നിനെ സൂക്ഷ്മതന്മാത്രകളായി മാറ്റി ശ്വാസകോശത്തിൽ എത്തിക്കുന്നു. അടിയന്തരഘട്ടങ്ങളിൽ ശ്വാസതടസ്സം മാറ്റാൻ ഏറെ ഫലപ്രദമാണിത്.

ഏറെ തെറ്റിധാരണകൾക്കു കാരണമായ മരുന്നുകളാണ് സ്റ്റിറോയിഡുകൾ. ആസ്മ, മൂക്കിലെ അലർജി, എക്സിമ എന്നിവയിലെല്ലാം വിവിധ രൂപങ്ങളിൽ ഇവ ഉപയോഗിക്കുന്നു. നിശ്ചിത കാലത്തേക്ക് കൃത്യമായ ഡോസിൽ നൽകിയാൽ പാർശ്വഫലങ്ങൾ കുറവായിരിക്കും.

kids-allergy

ഇമ്യൂണോ െതറപ്പി

അലർജി ടെസ്റ്റിലൂടെ കണ്ടെത്തുന്ന പ്രധാനഅലർജനുകളെ കുത്തിവയ്പു രൂപത്തിൽ വളരെ ചെറിയ അളവിൽ നൽകി സാവധാനം അളവു കൂട്ടി, അലർജിയുണ്ടാക്കുന്ന വസ്തുവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുന്ന രീതിയാണ് അലർജി വാക്സിനേഷൻ അഥവാ ഇമ്യൂണോതെറപ്പി. അലർജി മൂലമുണ്ടാകുന്ന ആസ്മ, മൂക്കിലെ അലർജി എന്നിവയ്ക്ക് ഫലപ്രദമാണ്. അഞ്ചു വയസ്സു കഴിഞ്ഞ കുട്ടികളിൽ ഇമ്യൂണോതെറപ്പി നൽകാം. തുടർച്ചയായ കുത്തിവയ്പുകൾക്കു പകരം മരുന്നു നാവിനടിയിൽ വച്ചു അലിയിക്കുന്ന സബ് ലിംഗ്വൽ ഇമ്മ്യൂണോ തെറപ്പിയും ലഭ്യമാണ്.

ഭയപ്പെടേണ്ട രോഗമല്ല അലർജി. നേര ത്തേയുള്ള രോഗനിർണയം, കൃത്യമായ ചികിത്സ, അലർജൻ ഒഴിവാക്കൽ എന്നിവ വഴി ഫലപ്രദമായി അലർജി നിയന്ത്രിക്കാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കൃഷ്ണമോഹൻ ആർ

സ്റ്റേറ്റ് കൺവീനർ, അലർജി ചാപ്റ്റർ, ഐഎപി, കൺസൽറ്റന്റ്
പീഡിയാട്രിഷൻ
താലൂക്ക് ഹോസ്പിറ്റൽ,
ബാലുശ്ശേരി,
കോഴിക്കോട്