Thursday 24 November 2022 04:20 PM IST : By സ്വന്തം ലേഖകൻ

സ്ഥിരം നോട്ട്ബുക്കിൽ അക്ഷരപ്പിശക് വരുത്തുക; തലവേദനയും കണ്ണുചൊറിച്ചിലും: കുഞ്ഞിക്കണ്ണിനു പ്രശ്നമാകാം ഈ ലക്ഷണങ്ങൾ

eye3434

ഭൂമിയിലേക്കു പിറന്നുവീഴുന്ന നിമിഷം മുതൽ കുഞ്ഞിക്കണ്ണുകൾ വിടർത്തി പുതിയ ലോകത്തെ പരിചയപ്പെട്ടു തുടങ്ങുകയാണ് കുഞ്ഞുങ്ങൾ. കാഴ്ചയിലൂടെയാണു പ്രധാനമായും കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വ ളർച്ചയും വികാസവും പൂർത്തിയാകുന്നത്. അതുകൊണ്ടു കുട്ടിക്കാലത്തു തന്നെ കാഴ്ച പ്രശ്നങ്ങളെയും കണ്ണു രോഗങ്ങളെയും തിരിച്ചറിയുകയും താമസം കൂടാതെ പരിഹരിക്കുകയും ചെയ്ത് തെളിമയുള്ള കാഴ്ച ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

കോവിഡ് കാലത്തെ സ്ക്രീൻ ഉപയോഗം കുട്ടികളുടെ കണ്ണിനു ദോഷം ചെയ്തിട്ടുണ്ടോ?

കോവിഡ് വ്യാപകമായ കഴിഞ്ഞ രണ്ടു വർഷങ്ങൾ കുട്ടികളുടെ കണ്ണിനും കാഴ്ചയ്ക്കും ഏറെ പ്രശ്നം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. കോവിഡ് ഒന്നൊതുങ്ങിയ ശേഷം കണ്ണാശുപത്രികളിലേക്ക് എത്തിയ കുട്ടികളിൽ മയോപ്പിയ അ ഥവാ അകലെയുള്ളവ കാണാൻ പ്രയാസം അനുഭവപ്പെടുന്ന അവസ്ഥ വലിയ തോതിൽ വർധിച്ചതായി കണ്ടിരുന്നു. ഒരു വർഷം മുൻപ് ചെറിയ തോതിൽ മാത്രം കണ്ണിനു പവർ പ്രശ്നമുണ്ടായിരുന്ന കുട്ടികളിൽ ഹ്രസ്വദൃഷ്ടി തീവ്രമായിരിക്കുന്നതായും കണ്ടു.

മുൻപ് ഫോൺ വിളികൾക്കും വ ല്ലപ്പോഴും വിനോദാവശ്യത്തിനുമായിരുന്നു കുട്ടികൾ മൊബൈൽ ഉപയോഗിച്ചിരുന്നത്. പക്ഷേ, കോവിഡ് കാലത്ത് പഠനം ഒാൺലൈൻ ആയതോടെ സ്ക്രീനിനു മുൻപിൽ ചെലവിടുന്ന സമയവും വർധിച്ചു. കംപ്യൂട്ടറാണെങ്കിലും മൊബൈൽ ആണെങ്കിലും സ്ക്രീൻ വല്ലാതെ അടുപ്പിച്ചു പിടിച്ച് നോക്കുന്നത് മയോപ്പിയ വർധിക്കാൻ കാരണമായിട്ടുണ്ടാകാം എന്നു ഗവേഷകർ പറയുന്നു. രണ്ടാമതായി, കണ്ണിനു വിദൂരത്തിലേക്കു നോക്കി റിലാക്സേഷൻ കിട്ടാനുള്ള സാധ്യത കുറഞ്ഞു. പണ്ടു പുറത്തിറങ്ങി കളിക്കുമ്പോൾ ഇതിന് അവസരം ലഭിച്ചിരുന്നു. പുറത്തിറങ്ങി വെയിലേൽക്കുന്നതു കുറഞ്ഞതു കണ്ണിനു ഗുണകരമായ വൈറ്റമിൻ ഡി ലഭിക്കുന്നതിനും തടസ്സമായി. കോവിഡ് വരുമെന്ന ഭയത്താൽ കുട്ടികളെയും കൊണ്ടു പതിവു കണ്ണു പരിശോധനകൾക്കു പോകാതിരുന്നതും മയോപ്പിയ വർധിക്കാനിടയാക്കിയിട്ടുണ്ട്.

മയോപ്പിയ വർധിക്കുന്നതു തടയാൻ എന്താണ് ചികിത്സ?

മയോപ്പിയ കൂടാതിരിക്കാൻ രണ്ടു ചികിത്സകളാണ് നിലവിൽ ചെയ്യുന്നത്. ഒന്ന്, ലോ ഡോസ് അട്രോപിൻ എന്ന തുള്ളിമരുന്നുകൾ കണ്ണി
ലൊഴിക്കുകയാണ്. രാത്രി ഒരു തുള്ളി വച്ച് എട്ടു മുതൽ 13 വയസ്സു വരെ കണ്ണിലൊഴിച്ചു കഴിഞ്ഞാൽ കുട്ടികളിൽ മയോപ്പിയ കൂടുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. മയോപ്പിയ തടയുന്നതിനായി പുതിയ രീതിയിലുള്ള കണ്ണടയും ഇറങ്ങിയിട്ടുണ്ട്. ഇവയുടെ പല ഭാഗത്തും പല പവർ ആയിരിക്കും. ഇതുവഴി മയോപ്പിയ കൂടാനുള്ള പ്രവണത ഒരു പരിധിവരെ തടയാനാകുമെന്നു പഠനങ്ങൾ കാണിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യേണ്ടുന്ന ചികിത്സകളാണ്.

കുട്ടികളുടെ കണ്ണിനെ ബാധിക്കാവുന്ന കാഴ്ച തകരാറുകളെക്കുറിച്ചു പറയാമോ?

മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി (ഹൈപ്പറോപ്പിയ), അ സ്റ്റിഗ്മാറ്റിസം എന്നിവയാണു കണ്ണിന്റെ പവർ വ്യതിയാനം മൂലം വരുന്ന പ്രശ്നങ്ങൾ. ഈ നേത്ര തകരാറുകൾ അനുയോജ്യമായ കറക്ടീവ് ലെൻസുകൾ ഉള്ള കണ്ണടകൾ വച്ചാണു പരിഹരിക്കുക.

ഹ്രസ്വദൃഷ്ടി (മയോപ്പിയ)

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഈ പ്രശ്നം എട്ടു മുതൽ 10 വയസ്സു വരെയുള്ള കാലയളവിലാണ് ക ണ്ടുപിടിക്കപ്പെടുക. മയോപ്പിയ ഉള്ള കുട്ടികളുടെ നേത്രഗോളങ്ങളുടെ വ ലുപ്പം സാധാരണയിലും കൂടുതലായിരിക്കും. അതുകൊണ്ട് പ്രകാശം റെറ്റിനയുടെ മുൻപിലായി കേന്ദ്രീകരിക്കപ്പെടുന്നു. തന്മൂലം അകലെയുള്ള വസ്തുക്കൾ മങ്ങി കാണപ്പെടും. ഇതു തലവേദനയ്ക്കും കണ്ണിന് ആയാസത്തിനും ഇടയാക്കും. ജനിക്കുമ്പോൾ കുട്ടികൾ ലോങ് സൈറ്റഡ് ആയാണ് ജനിക്കുന്നത്. വലുതാകുന്നത് അനുസരിച്ചാണ് മയോപ്പിയ വരുന്നത്. നാലോ അഞ്ചോ വയസ്സിൽ പ്രശ്നമില്ല എന്നുകരുതി ഭാവിയിൽ കുട്ടിക്ക് മയോപ്പിയ വരില്ല എന്നു പറയാനാവില്ല.

ദീർഘദൃഷ്ടി (ഹൈപ്പറോപ്പിയ)

അടുത്തുള്ള വസ്തുക്കൾ മങ്ങിയും അകലെയുള്ള വസ്തുക്കൾ വ്യക്തമായും കാണാനാകുന്ന അവസ്ഥയാണിത്. പ്രകാശം റെറ്റിനയുടെ പിന്നിലായി കേന്ദ്രീകരിക്കപ്പെടുന്നതാണ് പ്രശ്നം. നേത്രഗോളങ്ങൾക്കു വലുപ്പം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുക.

അസ്റ്റിഗ്‌മാറ്റിസം (മിശ്രദൃഷ്ടി)

മിശ്രദൃഷ്ടിയിൽ പ്രകാശരശ്മികൾ റെറ്റിനയിലെ വ്യത്യസ്ത ഭാഗങ്ങളിലായി കേന്ദ്രീകരിക്കപ്പെടുന്നു. തന്മൂലം ദൂരക്കാഴ്ചയിലും അടുത്തുള്ള കാഴ്ചയിലും പ്രശ്നങ്ങളുണ്ടാകാം.

എപ്പോഴൊക്കെയാണ് കുട്ടികളുടെ കണ്ണു പരിശോധിക്കേണ്ടത്? വീട്ടിൽ തന്നെ പരിശോധിക്കാമോ?

കുഞ്ഞ് ജനിക്കുമ്പോഴേ കണ്ണു പരിശോധന നടത്തണം. അതിനുശേഷം പ്രകടമായ വ്യത്യാസങ്ങളൊന്നും കാഴ്ച സംബന്ധിച്ചു തോന്നിയില്ല എങ്കിലും നിർബന്ധമായും അഞ്ച്Ðആറ് വയസ്സ് സമയത്ത് സ്കൂളിൽ വിടും മുൻപ് കണ്ണു പരിശോധിപ്പിക്കണം. ഇതിനു സ്കൂൾ ഐ സ്ക്രീനിങ് എന്നു പറയുന്നു. വീട്ടിൽ വച്ചും ലഘുവായ രീതിയിൽ കാഴ്ച പരിശോധന നടത്താം. കുട്ടിയുടെ ഒാരോ കണ്ണായി അടച്ചുപിടിച്ചിട്ട് ദൂരെ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ ചെറിയ അക്ഷരങ്ങൾ കാണാൻ സാധിക്കുമോ എന്നു നോക്കുക. പക്ഷേ, ഇത് കാഴ്ചക്കുറവ് ഇല്ലെന്ന് ഉറപ്പിക്കാനുള്ള മാർഗമല്ല.

ടിവി, മൊബൈൽ കാഴ്ച പ്രശ്നമോ?

ടിവി–മൊബൈൽ സ്ക്രീനുകളിൽ നിന്നും ഹാനികരമായ കിരണങ്ങളൊന്നും കണ്ണിലേക്ക് എത്തുന്നില്ല. മണിക്കൂറുകളോളം സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നതാണ് യഥാർഥ പ്രശ്നം. ബുക്ക് വായിക്കുമ്പോൾ കണ്ണും ബുക്കുമായുള്ള ദൂരം വ്യത്യാസപ്പെടാം, മുകളിൽ നിന്നും താഴേക്കും വശങ്ങളിലേക്കുമൊക്കെ കൃഷ്ണമണികൾ നീങ്ങുന്നുണ്ട്. എന്നാൽ സ്ക്രീനിൽ ഗെയിം കളിക്കുകയോ സിനിമ കാണുകയോ ചെയ്യുമ്പോൾ അതു കഴിയുന്നതുവരെ മണിക്കൂറുകളോളം ഒരേ ദൂരത്തിൽ ഒരേ ബിന്ദുവിൽ, ഇമചിമ്മാതെ കണ്ണുനട്ടിരിക്കുകയാണ്. ഇതു കണ്ണു വരളാനിടയാക്കാം, ക്ഷീണം അനുഭവപ്പെടാം, തലവേദന വരാം. അതുകൊണ്ട് ഒാരോ അര മണിക്കൂർ കഴിയുമ്പോഴും കണ്ണിനു വിശ്രമം കൊടുക്കണം. കണ്ണു സ്ക്രീനിൽ നിന്നു മാറ്റി വിദൂരത്തിലേക്കു നോക്കുകയോ ഇമ ചിമ്മുകയോ എഴുന്നേറ്റു നടക്കുകയോ ചെയ്യുന്നതു കണ്ണിന്റെ ആയാസം കുറയ്ക്കും. സ്ക്രീൻ ഉപയോഗിക്കുന്നവർ 20–20–20 റൂൾ ഒാർമിച്ചുവയ്ക്കുക. അതായത് ഒാരോ 20 മിനിറ്റിലും സ്ക്രീനിൽ നിന്നും നോട്ടം മാറ്റി 20 സെക്കൻഡ് നേരത്തേക്കു 20 അടിക്ക് അപ്പുറമുള്ള വസ്തുവിനെ നോക്കുക. കുട്ടികളെ കുറച്ചുനേരമെങ്കിലും പുറത്തിറങ്ങി കളിക്കാൻ പ്രേരിപ്പിക്കണം. പതിവായി സ്ക്രീൻ ഉപയോഗിക്കുന്ന കുട്ടികളെ വർഷത്തിലൊരിക്കൽ നേത്രരോഗവിദഗ്ധനെ കാണിച്ചു കണ്ണു പരിശോധന നടത്തണം.

ശ്രദ്ധിക്കാം ഈ സൂചനകൾ

ശിശുക്കളിലും കുട്ടികളിലും കാഴ്ച പ്രശ്നങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില സൂചനകളെക്കുറിച്ചു താഴെ പറയുന്നു.

∙ മൂന്നു മാസം കഴിഞ്ഞ ശിശുക്കൾക്ക് പന്തോ പാവയോ പോലെയുള്ള ഒരു വസ്തുവിനെ കണ്ണു കൊണ്ട് പിന്തുടരാൻ കഴിയണം. അതിനു സാധിക്കുന്നില്ലെങ്കിൽ ശിശുരോഗവിദഗ്ധനെ കാണുക.

∙ നാലു മാസമാകാത്ത ശിശുക്കളിൽ കണ്ണും നോട്ടവും ശരിയായ രീതിയിൽ അല്ലാത്തതുപോലെ (കണ്ണു പുറത്തേക്കു തിരിഞ്ഞിരിക്കുക, രണ്ടു കണ്ണുകളും ഒരേ സമയം ഒരേ വസ്തുവിലേക്ക് കേന്ദ്രീകരിക്കാതിരിക്കുക) തോന്നാം. ഇതു സ്വാഭാവികമാണ്. എന്നാൽ നാലു മാസത്തിനു ശേഷവും ഈ പ്രശ്നം നിലനിൽക്കുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.

∙ ആംബ്ലേിയോപ്പിയ പോലുള്ള കാഴ്ച പ്രശ്നങ്ങൾ ലക്ഷണം വച്ചു കണ്ടെത്തുക പ്രയാസമാണ്. കാരണം കുട്ടിക്ക് ഒരു കണ്ണിനു മാത്രമേ മങ്ങലുള്ളു എങ്കിൽ അതു മനസ്സിലാകണമെന്നില്ല. അതുകൊണ്ട് കുട്ടിയുടെ കാഴ്ചയ്്ക്കോ കണ്ണിനോ ഒരു പ്രശ്നവുമില്ലെന്നു തോന്നിയാലും നിശ്ചിത ഇടവേളകളിൽ ഒരു നേത്രരോഗവിദഗ്ധനെ കണ്ടു പരിശോധിപ്പിക്കണം. കുട്ടിക്കു വായിക്കാൻ ആകുന്നതു വരെ കണ്ണു പരിശോധനയ്ക്കു കാക്കേണ്ടതില്ല. ഇതുവഴി വളരെ അപൂർവമായാണെങ്കിലും വരാവുന്ന കാഴ്ച തകരാറുകളെ തുടക്കത്തിലേ തിരിച്ചറിയാൻ സാധിക്കും.

താഴെ പറയുന്ന സാഹചര്യങ്ങളിൽ കുട്ടിയെ നിർബന്ധമായും ഡോക്ടറെ കാണിക്കണം.

∙ കോങ്കണ്ണ് ഉണ്ടെന്നു സംശയം വന്നാൽ

∙ കണ്ണിനു ചൊറിച്ചിൽ, വെള്ളമൊലിക്കുക, മങ്ങൽ എന്നീ പ്രശ്നങ്ങൾ മാറാതെ നിന്നാൽ

∙ ബോർഡിൽ നോക്കി എഴുതിയിട്ടും സ്ഥിരമായി നോട്ട് ബുക്കിൽ അക്ഷരപിശകു വരുത്തുന്നുണ്ടെങ്കിൽ.

∙ കണ്ണിലെ ചുവപ്പ് ദിവസങ്ങളോളം മായാതെ നിന്നാൽ

∙ പ്രകാശത്തിലേക്കു നോക്കുമ്പോൾ വേദനയും അസ്വാസ്ഥ്യവും അനുഭവപ്പെടുന്നുവെങ്കിൽ

∙ കൃഷ്ണമണിയിൽ വെള്ളനിറമോ ചാര കലർന്ന വെള്ളനിറമോ കാണുക.

ഡോ. ദേവിൻ പ്രഭാകർ, ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Kids Health Tips