Thursday 20 January 2022 01:01 PM IST : By മനോരമ ആരോഗ്യം ആർകൈവ്

സ്വാദുള്ളത് കൊണ്ട് കുഞ്ഞുങ്ങൾ കണ്ണുമടച്ച് കുടിക്കും... പാലിൽ കലർത്തി കുടിക്കുന്ന പൊടികൾ ഗുണകരമോ?

4354543dffeg

കുട്ടികൾക്കു പാൽ നൽകുമ്പോൾ അതിൽ ഒരു ന്യൂട്രിഷനൽ ഡ്രിങ്ക് പൗഡർ ചേർക്കുന്നത് ഇന്നു സാധാരണമാണ്. വിവിധ ഫ്ളേവറുകളിൽ വിവിധ തരം ന്യൂട്രിഷനൽ ഡ്രിങ്ക് പൗഡറുകൾ ഇന്നു വിപണിയിലുണ്ട്.

മാൾട്ട് പ്രധാന ഘടകമായ ഇത്തരം ആരോഗ്യപാനീയങ്ങളുടെ മുൻനിര ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. വിപണിയിൽ സജീവമായ ഈ പാനീയങ്ങളിലെ പോഷക ഘടകങ്ങൾ മാൾട്ട് ധാന്യങ്ങളോ ബാർലിയോ ആണ്. പഞ്ചസാരയാണ് മറ്റൊരു പ്രധാന ഘടകം. ഈ പാനീയങ്ങൾ കുട്ടികൾക്ക് ഗുണകരമാണോ എന്നു ചിന്തിക്കാം

പോഷകഗുണമുണ്ടോ?

ആരോഗ്യപാനീയങ്ങളിൽ നിന്നു ലഭിക്കുന്നു എന്ന് പറയുന്ന ഗുണങ്ങൾ യഥാർത്ഥത്തിൽ പാലിന്റെ ഗുണങ്ങൾ തന്നെയാണ്. അവ പാലിന്റെ സ്വാദ് കൂട്ടുന്നതു കൊണ്ട് കുട്ടികൾ പാലു കുടിക്കാൻ താൽപര്യം കാണിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

മാൾട്ട് അധിഷ്ഠിത പാനീയങ്ങളുടെ മറ്റൊരു സവിശേഷത അവയിലെ സൂക്‌ഷ്മ പോഷകങ്ങളും ധാതുക്കളും വൈറ്റമിനുകളുമാണ്. ഇവ ശരീരത്തിന്റെ ശരിയായ പ്രവർ‌ത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. ഉദാ: എല്ലുകളുടെ ബലത്തിന് കാൽസ്യം, ഊർജം ഉൽപാദിപ്പിക്കുന്നതിന് വൈറ്റമിൻ ബി, നാഡീഞരമ്പുകളുടെ പ്രവർത്തനത്തിന് വൈറ്റമിൻ സി, രോഗപ്രതിരോധശേഷിക്ക് വൈറ്റമിൻ ഡി, രക്തസമ്മർദം നിയന്ത്രിക്കാൻ മഗ്‌നീഷ്യം, ജലാംശത്തിനായി പൊട്ടാസ്യം, മുറിവുകൾ ഉണങ്ങുന്നതിനായി സിങ്ക് എന്നിവ അത്യാവശ്യമാണ്. കുട്ടികളുടെ ദിവസേനയുള്ള ഭക്ഷണത്തിൽ ഇവയുടെ അഭാവം ആരോഗ്യക്കുറവിനും രോഗങ്ങൾക്കും കാരണമാകുന്നു.

പഞ്ചസാര വില്ലനാണ്

മാൾട്ട് അധിഷ്ഠിത പാനീയങ്ങളുടെ വൈരുധ്യം എന്തെന്നാൽ, പഞ്ചസാരയുടെ സാന്നിധ്യം ധാന്യങ്ങളുടെയും വൈറ്റമിനുകളുടെയും ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ്. മാൾട്ട് അധിഷ്ഠിത പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര ഉണ്ട്. ഇത് മൈക്രോ ന്യൂട്രിയന്റ്സിന്റെ (വൈറ്റമിനുകളും ധാതുക്കളും) ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്നു. കുട്ടികൾക്ക് പാലിൽ ചേർത്താണ് ഈ ഉൽപ്പന്നങ്ങൾ നൽകുന്നത്. ഇത് ഇരുമ്പിന്റെ ആഗിരണത്തെ കുറച്ച് വിളർച്ചയ്ക്കു കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ഇന്ത്യയിൽ 2000 കിലോ കാലറി ഊർജം ലഭിക്കുന്ന ഭക്ഷണക്രമത്തിൽ, അഞ്ചു ശതമാനം ഊർജ്ജം (ഏകദേശം 100 Kcal) പഞ്ചസാരയിൽ നിന്നാണ് വരുന്നത്.

ഹിഡൻ ഹങ്കർ ഉള്ള കുട്ടികൾക്ക്

മൈക്രോ ന്യൂട്രിയന്റ്സ് അഥവാ സൂക്‌ഷ്മ പോഷകങ്ങളുടെ അഭാവത്തിൽ കുട്ടികളിൽ കാണുന്ന അവസ്ഥയാണ് ‘ഹിഡൻ ഹങ്കർ.’ ഈ അപര്യാപ്തത കുട്ടികളിലെ ശാരീരിക മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഈ അവസ്ഥയിലുള്ള കുട്ടികൾക്ക് നേരിയ അളവിലുള്ള ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാനുള്ള കഴിവ് ഉണ്ട്. അതിനാൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ ഈ കുട്ടികൾക്ക് ഗുണപ്രദമാണ്.

നേട്ടങ്ങൾ പാലിന്റേത്

മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ കുട്ടികളുടെ വളർച്ചയ്ക്കു സഹായകമാണെന്നു തെളിയിക്കുന്ന പഠനങ്ങൾ ഇതുവരെ ലഭ്യമല്ല. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷന്റെ മുൻ ഡയറക്ടറും ക്ലിനിക്കൽ വിഭാഗം മേധാവിയുമായ ശ്രീമതി വീണ ശത്രുഘ്നയും സംഘവും ആരോഗ്യവാന്മാരായ കുട്ടികളിൽ നടത്തിയ പഠനപ്രകാരം മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികളിലുണ്ടാകുന്ന നേട്ടങ്ങൾ പാലിന്റേതു തന്നെയാണ്. ഈ പാനീയങ്ങൾ കുട്ടികൾക്ക് പ്രിയപ്പെട്ട സ്വാദ് മാത്രമാണ് നൽകുന്നത് എന്നും കണ്ടെത്തി. നിർമാതാക്കൾ ഇവ കുട്ടികളുടെ ഏകാഗ്രതയും, ശ്രദ്ധയും വർധിപ്പിക്കുമെന്നു മാത്രമാണ് അവകാശപ്പെടുന്നതെന്നും ബുദ്ധിവളർച്ചയ്ക്കും ഓർമശക്തിക്കും വിദ്യാഭ്യാസപരമായ നേട്ടത്തിനും കാരണമാകുന്നില്ല എന്നും വിലയിരുത്തുകയുണ്ടായി.

ഇന്ത്യൻ വിപണിയിലെ 20Ð ഒാളം മാൾട്ട് അധിഷ്ഠിത ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തി 2013Ðൽ നടത്തിയ പഠനത്തിൽ ഒാരോ ഉൽപന്നത്തിന്റെയും ഫൂഡ് ലേബൽ വ്യത്യസ്തമാണ് എ ന്നു കണ്ടെത്തിയിരുന്നു. പോഷകങ്ങളെക്കുറിച്ചു നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഏത് പ്രായപരിധിയെ ലക്ഷ്യമിട്ടാണോ അവ നിർമിക്കുന്നത് അതിനെ ആശ്രയിച്ച് നിശ്ചയിക്കുന്ന അളവാണ്. ഇന്ത്യയിൽ മാൾട്ട് അധിഷ്ഠിത ഉൽപ്പന്നങ്ങളുെട ഫൂഡ് ലേബലിങ്ങിനു ശാസ്ത്രീയ മാനദണ്ഡങ്ങൾ നിർണയിച്ചിട്ടില്ല എന്നതിന് പ്രത്യക്ഷമായ തെളിവാണിത്.

പ്രോട്ടീൻ അധികമായാൽ

പൂർണ ആരോഗ്യമുള്ള കുട്ടികള്‍ക്കും ശരിയായ ഭക്ഷണം കഴിക്കുന്ന കുട്ടിക ൾക്കും പ്രോട്ടീൻ ഡ്രിങ്കിന്റെ ആവശ്യകത ഇല്ല. സമീക‍ൃതാഹാരക്രമത്തിൽ നിന്നും ആവശ്യമായ പ്രോട്ടീൻ ലഭ്യമാകും. എന്നാൽ കായിക വിനോദങ്ങളിൽ കൂടുതലായി ഏർപ്പെടുന്ന കുട്ടികൾ, രോഗബാധിതരും ഭക്ഷണ അലർജി ഉള്ളവരുമായ കുട്ടികൾ ഇവർക്ക് പ്രോട്ടീന്റെ ആവശ്യം സാധാരണ കുട്ടികളേക്കാൾ കൂടുതലായി വേണം. രോഗബാധിതരായ കുട്ടികൾക്ക് ശരിയായ വളർച്ചക്കും ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും അധിക പ്രോട്ടീൻ ആവശ്യമായി കാണപ്പെടുന്നു. ഈ കുട്ടികൾക്ക് പ്രോട്ടീൻ ഡ്രിങ്ക് നൽകാം.

സൂസൻ ഇട്ടി

ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്

ആസ്റ്റർ മെഡിസിറ്റി, കൊച്ചി

Tags:
  • Manorama Arogyam
  • Kids Health Tips