കുട്ടികളുടെ വേദനയ്ക്കു സ്വയം ചികിത്സ നല്ല രീതിയല്ല. കുഞ്ഞിന്റെ കരച്ചിൽ ഉള്ളിലുള്ള ഒരു രോഗത്തിന്റെ ലക്ഷണമാണ്. ആ ല ക്ഷണത്തെ മൂടിവച്ച് പനി ഉണ്ടെങ്കിൽ പനിയുടെ മരുന്നു കൊടുക്കും. എന്നാൽ ഉള്ളിലുള്ള മറ്റൊരു രോഗത്തിന്റെ ലക്ഷണമായാണ് പനി പ്രകടമാകുന്നതെന്ന് അറിയുക. സ്വയം ചികിത്സ അവിടെ ഗുണത്തേക്കാൾ ദോഷമാണു ചെയ്യുന്നത്. ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടിക്കു വേദനാസംഹാരി നൽകുന്ന രീതിയും ഒഴിവാക്കുക. പാർശ്വഫലങ്ങൾ വരാം. കുഞ്ഞിനു വേദന വരുമ്പോൾ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു കൊടുത്താൽ അതിന്റെ അളവും കൃത്യമാകണമെന്നില്ല. കുഞ്ഞുങ്ങളുടെ വേദനയ്ക്കു വ്യാപകമായി നൽകുന്ന ഗ്രൈപ് വാട്ടർ മുതൽ മറ്റു മരുന്നുകളുടെയൊക്കെ ചേരുവകൾ പോലും നമുക്ക് വ്യക്തമായി അറിയില്ല. ഈ മരുന്നുകൾക്ക് അലർജിക് പ്രതിപ്രവർത്തനം ഉണ്ടോയെന്നും അറിയില്ല.
വേദന കൊണ്ടു കുഞ്ഞ് കരയുമ്പോഴെല്ലാം ഉടൻ മരുന്നു നൽകുന്ന രീതി ഒരു ശീലമായി (habituation ) മാറും. ഒരു കാലത്ത് കുഞ്ഞുങ്ങളുടെ ചില ഡ്രോപ്സിലൊക്കെ ആൽക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. അതൊക്കെ ആവശ്യത്തിലധികം ഉപയോഗിക്കുന്നത് ശരിയല്ല. അഞ്ചാം വയസ്സിൽ ഡോക്ടർ നിർദേശിച്ച ഒരു മരുന്ന് കുറച്ചു വർഷങ്ങൾക്കു ശേഷം അതേ ഡോസിൽ കുഞ്ഞിനു നൽകുന്നതു കൊണ്ടും പ്രയോജനമില്ല.
അത്യാവശ്യമെങ്കിൽ പാരസെറ്റമോൾ
കുട്ടിക്കു വേദനയാണ്, മറ്റു മാർഗങ്ങളൊന്നുമില്ലെങ്കിൽ പാരസെറ്റമോൾ ആണ് സുരക്ഷിതം. ഗുളികയായോ,സിറപ്പായോ അതു നൽകാം. അളവ് കൃത്യമായിരിക്കണം. ഡോക്ടറുടെ നിർദേശം കൂടി സ്വീകരിക്കുക. സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുകളെ ലിസ്‌റ്റ് ചെയ്താൽ ആദ്യം പാരസെറ്റമോൾ. പിന്നീട് ഇബു പ്രൂഫൻ പിന്നീട് മെഫനമിക് ആസിഡ് അങ്ങനെ പറയാം. വേദനാസംഹാരിയായ മെഫനമിക് ആസിഡിനും പാർശ്വഫലങ്ങളുണ്ട്. മലബന്ധം , ഗ്യാസ് വരുക, തലകറക്കം, ചെവിയിൽ സ്വരം കേൾക്കുക... ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു നൽകാവുന്ന സുരക്ഷിതമായ വേദനാസംഹാരിയാണ് മെഫ്‌റ്റാൽ സ്പാസ്. ഇതു മെഫനമിക് ആസിഡ് ആണ്. വയറുവേദനയ്ക്കും പേശീവേദനയ്ക്കും ശമനമേകും. ആർത്തവവേദനയ്ക്ക് ഇതു ഫലപ്രദമാണ്. ഡോക്ടറുടെ നിർദേശത്തോടെ മരുന്നു കഴിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സച്ചിദാനനന്ദ കമ്മത്ത്
ശിശുരോഗവിദഗ്ധൻ