Thursday 11 August 2022 02:21 PM IST : By സ്വന്തം ലേഖകൻ

കണ്ണിലൊഴിക്കുന്ന മരുന്ന്, വേദനയ്ക്കുള്ള ഓയിൻമെന്റ്; കുട്ടികൾക്കു മുന്നിൽ അശ്രദ്ധമായി വയ്ക്കരുത് ഈ മരുന്നുകൾ

medicine

എക്സ്പയറി കഴിഞ്ഞ മരുന്ന്

ചില മരുന്നുകൾ അൽപം ഉറക്കക്കൂടുതലോ ചെറിയ തോതിലുള്ള വയറിളക്കമോ ഉണ്ടാക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഡോക്ടറോടു സംസാരിച്ചു പരിഹരിക്കാൻ ശ്രദ്ധിക്കണം. അപസ്മാരം പോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികളുടെ മരുന്നുകൾ യാത്രയിൽ കയ്യിൽ കരുതണം.

ചിലപ്പോഴൊക്കെ ചില അമ്മമാരെങ്കിലും അവസാന ഉപയോഗതീയതി കഴിഞ്ഞ മരുന്നുകൾ അറിയാതെ കൊടുത്തുപോയി എന്നു വേവലാതിപ്പെട്ട് ഒാടിവരാറുണ്ട്. അത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം ഒരു പ്രാവശ്യമോ മറ്റോ കൊടുത്തുപോയാൽ വല്ലാതെ പേടിക്കാൻ മാത്രം ഒന്നുമില്ല എന്ന കാര്യവും ഒാർത്തുവയ്ക്കണം; ആ മരുന്നുകൾക്ക് അതിന്റേതായ ഒൗഷധഗുണമുണ്ടാവില്ല എന്നതും.

കയ്യെത്താത്തിടത്ത് വയ്ക്കാം

കുഞ്ഞുങ്ങൾ വല്ലാത്ത അന്വേഷണത്വരയുള്ളവരാണ്. അതുകൊണ്ടുതന്നെ മുതിർന്നവർ കഴിക്കുന്ന മരുന്നുകൾ കഴിച്ചു നോക്കാൻ താൽപര്യവും അവർ കാത്തുവയ്ക്കുന്നു. ഒരിക്കലും ചെറിയ കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളിൽ മുതിർന്നവരുടെ മരുന്നുകൾ വയ്ക്കരുത്. മാനസികരോഗത്തിനോ, അപസ്മാരചികിത്സയ്ക്കോ ഒക്കെ ഉള്ള അത്തരം മരുന്നുകൾ ഗുരുതരമായ അവസ്ഥകളിലേക്കു നയിച്ചേക്കാം.

മരുന്ന് ചൂടുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നതിനെക്കാൾ ഉത്തമം ചൂടു കുറഞ്ഞ, താരതമ്യേന തണുപ്പുള്ള സ്ഥലങ്ങളിൽ വയ്ക്കുന്നതാണ്. ചിലർ കുട്ടികളുടെ കയ്യെത്താത്ത സ്ഥലമെന്നു പരിഗണിച്ച് അടുക്കളയിൽ മരുന്നു സൂക്ഷിക്കാറുണ്ട്. എന്നാൽ കഴിവതും അടുക്കളയിൽ മരുന്നു സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം.

കണ്ണിലൊഴിക്കുന്ന മരുന്നുകൾ, വേദനയ്ക്കുള്ള ഒായിന്റ്മെന്റ്, ഡയപ്പർ റാഷ് ക്രീം എന്നിങ്ങനെ അപകടസാധ്യത ഇല്ലെന്നു നാം കരുതുന്ന ചില മരുന്നുകൾ അശ്രദ്ധമായി ഇടാറുണ്ട്. പക്ഷേ, കൊച്ചുകുട്ടികൾക്ക് അത് അപകടകരമായേക്കാം.

അതുകൊണ്ട് എല്ലാമരുന്നുകളും ഭദ്രമായി കുട്ടികൾക്ക് കയ്യെത്താത്തിടത്ത് വയ്ക്കുക. മരുന്നുകൾ നമ്മുടെ കൂട്ടുകാരാണ്. പക്ഷേ, െെവദ്യുതിയെപ്പോലെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നു മാത്രം.

മരുന്നു സൂക്ഷിക്കുമ്പോൾ

∙ മരുന്നുകുപ്പികൾ ഏകദേശം ഒരുപോലെയിരിക്കും. അതുകൊണ്ട് മരുന്നുകുപ്പികളുടെ പുറമെ വലുപ്പത്തിൽ പേരും ഡോസും എഴുതി ഒട്ടിക്കുക. പ്രായമായവരാണ് കുട്ടികൾക്ക് മരുന്ന് എടുത്തു കൊടുക്കുന്നതെങ്കിൽ പ്രത്യേകിച്ചും.

∙ കുട്ടികളുടെ കയ്യെത്തുന്നിടത്ത് മരുന്നു വയ്ക്കരുത്.

∙ എല്ലാ മരുന്നുകളും ഒരേ രീതിയിലല്ല സൂക്ഷിക്കേണ്ടത്. ഡ്രൈ സിറപ്പുകൾ പോലുള്ളവ ഫ്രിജിന്റെ ഡോറിനുള്ളിൽ വയ്ക്കാൻ പറയാറുണ്ട്. എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന് ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇല്ലെങ്കിൽ ഫാർമസിസ്റ്റിനോടു തന്നെ ചോദിക്കാം.

∙ ഒരു കാരണവശാലും കടുത്ത ചൂട് തട്ടുന്നിടത്തോ കുളിമുറി പോലെ ഈർപ്പമുള്ളിടത്തോ മരുന്നുവയ്ക്കരുത്.

∙ മുതിർന്നവരുടെയും കുട്ടികളുടെയും മരുന്നുകൾ കൂട്ടിക്കലർത്തി വയ്ക്കരുത്. മരുന്നു മാറി വലിയ പ്രശ്നങ്ങൾക്കിടയാകാം.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എം. മുരളീധരൻ
പീഡിയാട്രീഷൻ
ഗവ. ആശുപത്രി
മാഹി