മധ്യവേനലവധിക്കായി സ്കൂൾ അടയ്ക്കുകയാണ്... ഉയർന്ന ക്ലാസുകളിലെ കുട്ടികളൊഴികെ മറ്റു കുട്ടികളെല്ലാം അവധിക്കാലം കളികൾക്കും ഉല്ലാസയാത്രയ്ക്കുമൊക്കെയായി മാറ്റി വയ്ക്കുന്നവരാണ്. എന്നാൽ കളികൾക്കിടയിൽ ആരോഗ്യവും സുരക്ഷയും മറന്നുകൂടാ എന്ന് കൊച്ചുകൂട്ടുകാരെ ഒാർമിപ്പിക്കുന്നത് പ്രമുഖ ശിശുരോഗ വിദഗ്ധയും എമരിറ്റസ് പ്രഫസറുമായ ഡോ. എസ് . ലതയാണ്.
പണ്ടത്തെപ്പോലെയല്ല കുട്ടികളേ... നല്ല വെയിലാണിപ്പോൾ. തണലത്തിരുന്നു കളിക്കണം. പുറത്തിറങ്ങി ഓടിക്കളിക്കുന്നത് രാവിലെ 9 മണിക്കു മുൻപും വൈകുന്നേരം നാലു മണിക്കും ശേഷമാകട്ടെ. ധാരാളം വെള്ളം കുടിക്കണം. തണുത്തതാവാം. ഐസ് പോലെ തണുത്തതു വേണ്ട. തൊണ്ടവേദനയുണ്ടാകാം. ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ലേശം ഉപ്പു ചേർത്ത കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവയായാൽ കൂടുതൽ നല്ലത്.
കൂട്ടിയിട്ട ഓടുകൾക്കും തടിക്കഷണങ്ങൾക്കുമിടയിൽ കളിക്കുന്നത് സൂക്ഷിച്ചു വേണം കെട്ടോ. പാവം പാമ്പുകൾ പേടിച്ച് ഒളിച്ചിരിക്കുന്ന സ്ഥലമാകാം. അവരെ ശല്യപ്പെടുത്തിയാൽ അവരു നമ്മളെ കടിച്ചെന്നു വരും. പാമ്പു കടിച്ചാൽ പേടിക്കരുത്. ഓടരുത്, കൂട്ടുകാരോടു പറഞ്ഞ് മുതിർന്നവരെ വിളിക്കണം. അതുപോലെ തന്നെ പറമ്പിലെ പൊത്തുകളിലൊന്നും കൈ ഇടരുത്.
നമുക്കറിയാൻ വയ്യാത്ത സാധനങ്ങൾ ഒന്നും തന്നെ കഴിച്ചു നോക്കുകയോ കുടിച്ചു നോക്കുകയോ അരുത്. അവ വിഷമുള്ള വസ്തുക്കൾ ആയാൽ അപകട സാധ്യതയുണ്ട്.
കുട്ടികൾ കത്തി, കത്രിക, കോടാലി തുടങ്ങിയവയൊക്കെ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. മുറിയാൻ സാധ്യതയുണ്ട്. കൈയോ കാലോ മുറിഞ്ഞാൽ മൂടി വയ്ക്കരുത്. മുതിർന്നവരോടു പറയണം.
ആറ്റിലും കുളത്തിലും ഒന്നും കൂട്ടുകാർ തനിച്ചു പോയി കുളിക്കുകയും നീന്തുകയും അരുത്. ആരെങ്കിലും മുതിർന്നവരോടൊപ്പമേ പോകാവൂ.
പുറത്തു പോയി കളിക്കാൻ സാഹചര്യമില്ലാത്തവർ എപ്പോഴും ഫോണും ടിവിയും കണ്ട് ഇരിക്കരുത് . ഇടയ്ക്ക് പുസ്തകങ്ങൾ വായിക്കൂ. പാമ്പും ഗോവണിയു ചെസ്സുമൊക്കെ കളിക്കൂ.....