കുട്ടികളുടെ വൈറൽ ഫീവർ – കരുതലെടുക്കാം
കുട്ടികളുടെ പനിക്കാലമാണിത്, മഴക്കാലവും. വൈറൽ പനി വ്യാപകമാകുകയാണ്. വായുവിലൂടെ പകരുന്ന ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങൾ, കൊതുകിലൂടെ പകരുന്ന ഡെങ്കി പോലുള്ള പനികൾ, എലി മൂത്രം കലർന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുന്നതിന്റെ ഭാഗമായി ബാധിക്കാവുന്ന എലിപ്പനി അങ്ങനെ ഒട്ടേറെ പനികൾ. എന്നാൽ കുട്ടികളെ ബാധിക്കുന്ന എല്ലാ പനികളെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. ഏതു പനിയും ആരംഭത്തിൽ ഒരു പോലെയായതിനാൽ പനി ഏതെന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ക്ഷീണം, വിശപ്പില്ലായ്മ, വയറിന് അസ്വാസ്ഥ്യം, ശരീരവേദന, തലവേദന എന്നിവയാണു മറ്റു ലക്ഷണങ്ങൾ.
∙പനി വന്നാൽ വിശ്രമിക്കുകയാണു പ്രധാനം.നന്നായി വിശ്രമിക്കുന്നതു കൊണ്ടു തന്നെ കുട്ടിയുടെ പനി കുറയാം. പനി കുറയുന്നതു വരെ സ്കൂളിൽ വിടേണ്ടതില്ല.അതു കൊണ്ടു രണ്ടു ഗുണങ്ങളുണ്ട്, കുട്ടികളുടെ പനി വേഗം കുറയും,മറ്റു കുട്ടികൾക്കു പകരാതെയുമിരിക്കും.
∙പനിയുള്ള കുട്ടിയെ ധാരാളം വെള്ളം കുടിപ്പിക്കണം.
∙ വിശപ്പിനനുസരിച്ച് ആഹാരം നൽകാം. ദഹിക്കുന്ന ആഹാരമാണ് അഭികാമ്യം. ഉദാ. പുട്ടും കടലയും നൽകുന്നതിനേക്കാൾ നല്ലതു ദോശയും ഇഡ്‌ലിയും ആണ്. നന്നായി വെന്ത ചോറും കഞ്ഞിയും ഇളംചൂടുള്ള കഞ്ഞിവെള്ളത്തിൽ ഉപ്പു ചേർത്തും നൽകാം.
∙പനി വന്നു എന്നതു കൊണ്ട് ആഹാരം കുറയ്ക്കേണ്ടതില്ല. കുട്ടിക്കു വിശപ്പുണ്ടെങ്കിൽ ആഹാരം നൽകാം. പോഷകസമൃദ്ധമായ ആഹാരം നൽകാൻ ശ്രദ്ധിക്കണം. ജങ്ക് ഫൂഡ്സ് പൂർണമായും ഒഴിവാക്കാം.
കുട്ടികളുടെ പനി മാതാപിതാക്കളെ ഉത്കണ്ഠാകുലരാക്കാറുണ്ട്. മാതാപിതാക്കളുടെ ഉത്കണ്ഠ കുഞ്ഞുങ്ങളെയും ആശങ്കാകുലരാക്കാം. അതു പനി കുറയുന്നതിനുള്ള സമയം വർധിപ്പിക്കാം. മാതാപിതാക്കൾ മനഃധൈര്യത്തോടെ നില കൊണ്ടു കുട്ടിക്കു ധൈര്യം പകരണം. ‘പനിയൊക്കെ പെട്ടെന്നു മാറും, ഉടനെ സ്കൂളിൽ പോകാം’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കാം.
സാധാരണഗതിയിൽ വൈറൽ പനി, മൂന്നു ദിവസമോ അഞ്ചു ദിവസമോ നീളാം. പരമാവധി ഏഴു ദിവസം. എന്നാൽ ഇതിനിടയിൽ എന്തെങ്കിലും പുതിയ രോഗലക്ഷണങ്ങൾ കുട്ടിയിൽ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കണം.
ഉദാ. ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ഛർദി, ശക്തമായ തലവേദന, ശരീരത്തിൽ പാടുകൾ എന്നിവ.
വിവരങ്ങൾക്കു കടപ്പാട്
ഡോ. എസ്. ലത
മുൻ സൂപ്രണ്ട് , െഎ സി എച്ച് , കോട്ടയം