Tuesday 07 May 2024 12:40 PM IST : By സ്വന്തം ലേഖകൻ

ശരിയല്ലെന്നു മാതാപിതാക്കൾക്ക് അറിയാം, പക്ഷേ അവരുടെ ‘സോപ്പിടലും’ വാശിയും കണ്ട് ഫോൺ കൊടുത്തുപോകും; എങ്ങനെ നിയന്ത്രിക്കും ഈ അഡിക്ഷൻ

phone-addiction-3

ശരിയല്ലെന്നു മനസ്സു പറയുമെങ്കിലും പലപ്പോഴും പല അമ്മമാർക്കും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമുണ്ട്. രണ്ടുവയസ്സുപോലും തികയാത്ത കു‍ഞ്ഞിനു മുന്നിൽ ഫോൺ വച്ചു കൊടുക്കുക. കാർട്ടൂണിലോ കുട്ടിക്കഥകളിലോ അവരെ പിടിച്ചിരുത്തുന്നതു ചിലപ്പോൾ ഭക്ഷണം കഴിപ്പിക്കാനാകാം. അല്ലെങ്കിൽ അമ്മയ്ക്ക് അത്യാവശ്യ ജോലികൾ ചെയ്തു തീർക്കാനാകാം. ഇതിന്റെ പ്രത്യാഘാതമായി ചിലപ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുക വെർച്വൽ ഒാട്ടിസം എന്ന ഗുരുതര ആരോഗ്യ പ്രശ്നമാകാം.

വെര്‍‌ച്വൽ ഓട്ടിസം എന്ന പദപ്രയോഗം മാരിയസ് സാംഫിർ എന്നൊരു റൊമേനിയൻ സൈക്കോളജിസ്റ്റാണ് ആദ്യമായി ഉപയോഗിച്ചത്. ഒരുപാടു നേരം മൊബൈൽ ഫോൺ, ടിവി, വിഡിയോ ഗെയിം കൺസോൾ, ഐ പാഡ്, കംപ്യൂട്ടർ തുടങ്ങിയ സ്ക്രീനുകൾക്കു മുന്നിൽ സമയം ചെലവഴിക്കുന്ന കൊച്ചു കുട്ടികൾക്ക് ഓട്ടിസത്തിനു സമാനമായ ചില ലക്ഷണങ്ങൾ അ ദ്ദേഹം കണ്ടെത്തി . ആശയവിനിമയ ശേഷിക്കുറവ്, സംസാരം കുറവ്, ഒറ്റപ്പെട്ടിരിക്കുക... ഇത്തരം പ്രവണതകളെയാണ് അദ്ദേഹം വെർച്വൽ ഓട്ടിസം എന്ന് വിളിച്ചത്.

യഥാർഥ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തർക്കും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് ഓട്ടിസം ശ്രേണിയിലെ എല്ലാ അവസ്ഥകളെയും ചേർത്ത് ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്നാണു വിളിക്കുക. ഓട്ടിസം എന്ന വാക്കുകൊണ്ട് ‘അവനവനിലേക്ക് ചുരുങ്ങുന്ന അവസ്ഥ’ എന്നാണ് ഉദ്ദേശിക്കുന്നത്.

1943ൽ ലിയോ കാനർ എന്ന ശിശുരോഗ വിദഗ്ധൻ അദ്ദേഹത്തിന്റെ അടുത്തു വന്ന ചില കുട്ടികളുടെ പ്രത്യേകതകൾ ശ്രദ്ധിച്ചു. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരായി അവർ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നു, മുഖത്തു നോക്കുന്നില്ല, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നില്ല. പകരം തനിച്ചിരുന്നു ചില നിർജീവ വസ്തുക്കളുമായി സമയം ചെലവിടുന്നു. അല്ലെങ്കിൽ ഫാൻ കറങ്ങുന്നതോ ക്ലോക്കിന്റെ ചലനമോ മാത്രം നോക്കിയിരിക്കുന്നു.

കുട്ടികളിലെ ഒാട്ടിസം എന്ന അവസ്ഥയെക്കുറിച്ച് ലിയോ കാനർ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് വെർച്വൽ ഓട്ടിസം. കുട്ടികൾ മൂന്നു വയസ്സിനു മുൻപു മുതൽ തുടർച്ചയായി സ്ക്രീനിന് അടിമപ്പെടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

വെർച്വൽ ഓട്ടിസം എന്ത്?

സാധാരണ രീതിയിൽ വളർന്നുവരുന്ന കുഞ്ഞിനു പ്രത്യേക ഘട്ടത്തിൽ കൂടുതൽ സ്ക്രീൻ ഉപയോഗത്തിനു താൽപര്യം വരുന്നു. അതിനു ശേഷം കുട്ടിക്ക് ഉൾവലിയുന്ന പ്രകൃതം വരാം. ഉദാഹരണത്തിനു മൂന്നു വയസ്സു വരെ കുട്ടി സ്വാഭാവികമായി പെരുമാറുന്നു. അതിനു ശേഷം സ്ക്രീൻ ടൈം കൂടിക്കഴിയുമ്പോൾ തനിച്ചു സ്ക്രീനിനു മുന്നിലിരിക്കാൻ മാത്രം താൽപര്യപ്പെടുന്നു.

മുൻപു മറ്റു കുട്ടികളുമായി കളിച്ചിരുന്ന കുട്ടി പിന്നെ, പുറത്തേക്കൊന്നും പോകാതെ സ്ക്രീനിൽ നോക്കിയിരിക്കാൻ മാത്രം താൽപര്യം കാട്ടുന്നു. മാത്രമല്ല, കാർട്ടൂണിൽ കാണുന്ന ചില കഥാപാത്രങ്ങൾ സംസാരിക്കുന്നതു പോലെ സംസാരിച്ചു തുടങ്ങുന്നു എന്നുള്ളതൊക്കെ ഇതിന്റെ പ്രത്യേകതയാണ്.

തുടക്കത്തിലേ ശ്രദ്ധിക്കാം

കുട്ടികൾ സ്ക്രീനിലെ കാഴ്ചകൾ ഇഷ്ടപ്പെടുന്നത് അത് അവർക്കു ആനന്ദം നൽകുന്നതു കൊണ്ടാണ്. പ ല ഗെയിംസും കാർട്ടൂൺസും കാണുമ്പോൾ തലച്ചോറിലെ ഡോപമിന്റെ അളവു കൂടുകയും സന്തോഷം അനുഭവപ്പെടുകയും ചെയ്യും. അതു വീണ്ടും കിട്ടാൻ മുൻപു ചെയ്ത പ്രവൃത്തി കുട്ടി ആവർത്തിക്കും. ഇതു ബിഹേവിയറൽ അഡിക്‌ഷൻ ഉണ്ടാക്കുന്നു. ആരോഗ്യകരമായ രീതിയിൽ കുട്ടിയിൽ ഡോപമിന്റെ അളവു വർധിപ്പിക്കാനുള്ള വഴികൾ നോക്കാം. കായിക വ്യായാമങ്ങളാണ് ഇതിന് ഏറ്റവും നല്ലത്. ചെറിയ കുട്ടികൾക്കു ദിവസം രണ്ട് മണിക്കൂറെങ്കിലും കായിക വ്യായാമം കിട്ടത്തക്ക രീതിയിൽ ദിനചര്യ ക്രമീകരിക്കണം. ഇതു തുടർച്ചയായോ ഘട്ടം ഘട്ടം ആയോ ആകാം.

ഇളം ചൂടുള്ള സൂര്യപ്രകാശം ഏറ്റുകൊണ്ടുള്ള വ്യായാമമാണ് ഏറ്റവും നല്ലത്. ഇത്തരത്തിൽ വ്യായാമം ചെയ്യുന്ന കുട്ടികൾക്കു നാലു ഗുണങ്ങൾ ഉള്ളതായി കാണുന്നു.

1. വൈറ്റമിൻ ഡിയുടെ ഉൽപാദനം കൂടുന്നു. അതു തലച്ചോറിന്റെ വിജ്ഞാന വിശകലന ശേഷി വർധിപ്പിക്കുന്നു.

2. കുട്ടിയുടെ രോഗപ്രതിരോധശക്തിയും കായികക്ഷമതയും കൂടുന്നു.

3. ചിട്ടയോടെ വ്യായാമം ചെയ്യുന്ന കുട്ടികളുടെ തലച്ചോറിൽ ഡോപമിന്റെ അളവു കൂടുകയും അത് ഏകാഗ്രത കൂട്ടാൻ സഹായിക്കുകയും ചെയ്യും.

4. വ്യായാമം ചെയ്യുമ്പോൾ തലച്ചോറിൽ എൻഡോർഫിൻ എന്ന രാസവസ്തു കൂടുകയും അങ്ങനെ കൂടുതൽ സന്തുഷ്ടരാകാനും സാധ്യതയുണ്ട്. കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിക്കുകയും കൂടുതൽ ഊർജസ്വലത ഉണ്ടാകുകയും ചെയ്യും.

2074309246

ഇല്ലാതാക്കലല്ല, നിയന്ത്രിക്കൽ

കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യണം. ചിത്രരചന, സംഗീതം, വായന, നൃത്തം തുടങ്ങിവ കുട്ടിയുടെ താൽപര്യമനുസരിച്ചു പ്രോത്സാഹിപ്പിക്കാം. അവരുടെ ദിനചര്യ കൃത്യമായിരിക്കണം. ദിവസം രണ്ടു മണിക്കൂർ നേരമെങ്കിലും കൃത്യമായി പഠനം എന്നു ക്രമപ്പെടുത്താം. രണ്ടു മണിക്കൂർ പഠിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ ഗാഡ്ജറ്റ്സ് ഉപയോഗിക്കാം എന്നു നിർദേശിക്കാം. ഒരു മണിക്കൂർ കഴിഞ്ഞു ഫോൺ തിരികെ തന്നില്ലെങ്കിൽ നാളെ ഫോൺ തരില്ല എന്ന കരാർ കുട്ടിയുമായുണ്ടാക്കാം. വീട്ടിലുള്ളവർ എല്ലാവരും ഇതു പാലിക്കണം.

ലോക്ഡൗൺ സമയത്തിനു ശേഷം കുട്ടികളുടെ സ്ക്രീൻ ടൈം വളരെയധികം കൂടിയിട്ടുണ്ട്. അതിനു പരിഹാരമായി ഡിജിറ്റൽ ഡീടോക്സാണ് നിർദേശിക്കാറുള്ളത്. ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുന്ന പല മാർഗങ്ങൾ അതിൽ പെടും.

രണ്ടാമതായി സോഷ്യൽ സ്കിൽ ട്രെയിനിങ് (സാമൂഹിക നൈപുണ്യ പരിശീലനം) നൽകുക. അതിലൂടെ ആശയവിനിമയ ശേഷിയും ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ വളർത്താനുമുള്ള കഴിവും മെച്ചപ്പെടും. കണ്ണിൽ നോക്കി സംസാരിക്കുന്നതു തൊട്ടു മുഖഭാവങ്ങൾ മെച്ചപ്പെടുത്താനും ശബ്ദത്തിന്റെ വൈകാരിക ക്രമീകരണവുമെല്ലാം പഠിപ്പിക്കുന്നുണ്ട്.

ചില കുട്ടികൾക്ക് അമിത ഫോൺ ഉപയോഗം മൂലം എഡിഎച്ച്ഡി മൂലമുള്ള അമിത വികൃതിയും മറ്റും കാണും. അവർക്കു ചിലപ്പോൾ മരുന്നുകൾ കൊടുക്കേണ്ടി വരും. തലച്ചോറിലെ ഡോപമിൻ ക്രമീകരിക്കാനും പെരുമാറ്റ പ്രശ്നങ്ങൾ കുറയ്ക്കാനും ഇതുവഴി സാധിക്കും.

ചില കുട്ടികൾക്കു പഠന തകരാറും ഉണ്ടാകാറുണ്ട്. അ വർക്ക് റെമഡിയൽ എജ്യൂക്കേഷൻ വഴി പ്രശ്നങ്ങൾ കുറയ്ക്കാം. ചിലർക്ക് ഉറക്കക്കുറവും വിഷാദവും ഉത്കണ്ഠയും വരാം. അതിനും ചികിത്സകളുണ്ട്.

ഇതോടൊപ്പം തന്നെ കുട്ടിക്കു പെരുമാറ്റ ചികിത്സയും (ബിഹേവിയറൽ തെറപ്പി) മാതാപിതാക്കൾക്കു പേരന്റൽ ട്രെയിനിങ്ങും നൽകാം. ഇവ അൽപം ദൈർഘ്യമുള്ള ചികിത്സാ രീതിയാണ്. അത്രയും നാൾ പൂർണമായും ചികിത്സയോടു സഹകരിക്കുകയും വേണം.

ഈ അവസ്ഥയിൽ നിന്നു പുറത്തുവന്നാൽ

പരമാവധി സാമൂഹിക ഇടപെടലുകൾ നടത്താൻ കുട്ടിക്ക് അവസരം നൽകണം. യാത്രകൾ, കലാരൂപങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ, പാചകം, തയ്യൽ തുടങ്ങി ഇഷ്ടമുള്ള എന്തിനോടും കുട്ടിയെ പരിചയപ്പെടുത്താം.

ഓർക്കേണ്ട പ്രധാന കാര്യം കുട്ടി പിന്നീടും ഗാഡ്ജറ്റുകൾക്കു അടിമപ്പെട്ടാൽ വെർച്വൽ ഓട്ടിസം വീണ്ടും വരാൻ സാധ്യതയുണ്ട് എന്നതാണ്.

പകരം കുട്ടിക്കു സമൂഹ മാധ്യമങ്ങളിൽ ഇടപഴകാനുള്ള ആരോഗ്യകരമായ അവസരം ഒരുക്കാം. അവരുടെ പാട്ടോ പഠന രീതികളോ യാത്രയോ പാചകമോ ഒക്കെ പ്രദർശിപ്പിക്കാനൊരു യൂട്യൂബ് ചാനൽ തുടങ്ങി കുട്ടിയുടെ ആവശ്യവും അറിവാർജിക്കാനുള്ള വഴിയും കൃത്യമായി ചാനലൈസ് ചെയ്യാം. അതിലൂടെ മറ്റുള്ളവരുമായി ഇടപെടാനും സാമൂഹിക അംഗീകാരം കിട്ടാനുള്ള അവസരവും ഒരുക്കി കൊടുക്കാം. അതിനെല്ലാം തയാറെടുപ്പുകൾ വേണ്ടിവരുന്നതു കൊണ്ട് ഫോണിന് അടിമപ്പെടാതിരിക്കുകയും ചെയ്യും.

പ്രധാന ലക്ഷണങ്ങൾ

∙ എപ്പോഴും ഫോൺ ചോദിക്കുക

∙ കണ്ണിലേക്കു നോക്കി സംസാരിക്കുന്നതു കുറയുക.

∙ പേരു വിളിച്ചാൽ പോലും ശ്രദ്ധിക്കാതെ, ഫോണിൽ തന്നെ മുഴുകിയിരിക്കുക.

∙ സംസാരിക്കാനുള്ള കാലതാമസം.

∙ ഒരേ കാര്യം ആവർത്തിച്ചു ചെയ്യുക.

∙ നിറങ്ങളും ആകൃതികളും തമ്മിൽ വേർതിരിക്കാനുള്ള ബുദ്ധിമുട്ട്.

∙ മറ്റു കുട്ടികൾക്കൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ കളിക്കാനോ ഇടപഴകാനോ താ ൽപര്യം കുറയുന്നു.

∙ മനസ്സിലാകാത്ത തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നു. സംസാരത്തിനു കാർട്ടൂൺ കഥാപാത്രത്തോടു സാമ്യമുണ്ടാകും. ആ കഥാപാത്രത്തോടു സംവദിക്കുന്ന പോലെ തനിച്ചിരുന്നു സംസാരിക്കുന്ന അവസ്ഥ.

∙ സ്ക്രീൻ എടുത്തു മാറ്റാൻ ശ്രമിച്ചാൽ പെട്ടെന്നു ദേഷ്യപ്പെടുക, ആക്രമണ സ്വഭാവം കാണിക്കുക തുടങ്ങി ആത്മഹത്യാപ്രവണതയിലേക്കു നീങ്ങുന്ന അവസ്ഥ വരെ ചില കുട്ടികളിൽ കാണാറുണ്ട്.

ചില അടിസ്ഥാന കാര്യങ്ങൾ

മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള സ്ക്രീൻ പരിചയവും നൽകാതിരിക്കുക. കാരണം ദൃശ്യ സ്മൃതി (കാണുന്ന കാര്യങ്ങളെ കാഴ്ചയായി തലച്ചോറിൽ ഓർത്തു വയ്ക്കാനുള്ള കഴിവ്) ഉണ്ടാകുന്നതു മൂന്നു വയസ്സിനു മുൻപാണ്. 3–8 വയസ് വരെ പരമാവധി ഒരു മണിക്കൂറാണു സ്ക്രീൻ ഉപയോഗിക്കാനുള്ള സമയപരിധി. ആ ഒരു മണിക്കൂറിൽ തന്നെ അര മണിക്കൂർ മാത്രമേ കാർട്ടൂൺസ്, ഗെയിംസ് തുടങ്ങി ചടുല ദൃശ്യങ്ങൾ ആകാവൂ. ബാക്കി 30 മിനിറ്റ് സാധാരണ വേഗത്തിലുള്ള ദൃശ്യങ്ങൾ മതി.

8–19 വയസ്സു വരെയുള്ള കുട്ടികൾക്കു പരമാവധി രണ്ടു മണിക്കൂർ ആണു സ്ക്രീൻ സമയം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ആകരുത് സ്ക്രീൻ ടൈം എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

തയാറാക്കിയത്: ശ്യാമ