കുട്ടികളിലെ ഛർദി എന്നത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ്. എന്നാൽ ഛർദിയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും മനസ്സിലാക്കിയാൽ പേടി കൂടാതെ നേരിടാം.
ഛർദിയുടെ കാരണങ്ങൾ
കുട്ടികളിലെ ഛർദിക്കു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. വൈറൽപനി, ഭക്ഷ്യവിഷബാധ, മൂത്രനാളിയിലെ അണുബാധ, മെനിഞ്ജൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗാ വസ്ഥകൾ കാരണങ്ങളാകാം വീഴ്ചയെ തുടർന്നു തലയ്ക്കു പരിക്കേൽക്കുന്നത്, അപ്പെൻഡിസൈറ്റിസ്, കുടൽകുരുക്കം, കുടൽതടസ്സം തുടങ്ങിയ ശസ്ത്രക്രിയാ അവസ്ഥകളും കാരണമാകുന്നു. കുട്ടികളിൽ ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രോ ഈസോഫഗൽ റിഫ്ലക്സ് എന്നിവയും സാധാരണമാണ്. ബസ്സിലോ കാറിലോ യാത്ര ചെയ്യുമ്പോഴുള്ള ചലന രോഗവും ഛർദിക്കു കാരണമാകുന്നു.
ഗുരുതരമാകുന്നത് എപ്പോൾ?
കുട്ടികളിലെ ഛർദി ഗുരുതരമാകുന്നതിന്റെ സൂചനകൾ അറിയണം. കുട്ടി ആവർത്തിച്ചു ഛർദിക്കുകയും ക്ഷീണിക്കുകയും ചെയ്യുന്നുവെങ്കിൽ, കൂടുതൽ പരിശോധനകൾക്കും ചികിത്സകൾക്കുമായി ആശുപത്രിയിൽ എത്തിക്കണം. ഇൻട്രാവീനസ് ദ്രാവകവും ആവശ്യമായി വരാം. ഛർദിയുടെ നിറം മഞ്ഞയോ പച്ചയോ ആണെങ്കിൽ, അതു ശസ്ത്രക്രിയ ആവശ്യമാകുന്ന അവസ്ഥയാകാം. വീഴ്ചയ്ക്കു ശേഷം ഛർദി ആരംഭിക്കുകയാണെങ്കിൽ, അതു തലയ്ക്കേറ്റ ഗുരുതരമായ പരുക്കിനെ സൂചിപ്പിക്കുന്നു. അത് അടിയന്തിരമായി കണ്ടെത്തി ചികിത്സിക്കണം. കടുത്ത പനിയോ വയറിളക്കമോ ഛർദിയോ ഉള്ള കുട്ടിക്കും ആശുപത്രിയിൽ കിടത്തിയുള്ള പരിചരണം ആവശ്യമാണ്.
പരിശോധനകളറിയാം, ശ്രദ്ധിക്കേണ്ടതും രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി, ഛർദിയുടെ കാരണങ്ങൾ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നു. ചിലപ്പോൾ, രക്തപരിശോധന, മൂത്രപരിശോധന, നെഞ്ചിന്റെയോ വയറിന്റെയോ എക്സ്-റേ, അൾട്രാസൗണ്ട് സ്കാനുകൾ, വയറിന്റെയോ തലയുടെയോ സിടി സ്കാൻ എന്നിവ വേണ്ടി വരും.
കുട്ടി ഛർദിക്കാൻ തുടങ്ങുമ്പോൾ, ഛർദി വായിൽ നിന്നുപുറത്തേക്കു തന്നെ ഒഴുകുന്നുവെന്നും അതു ശ്വാസനാളത്തിലേക്കു പ്രവേശിക്കുന്നില്ലെന്നും ഉറപ്പാക്കാൻ കുട്ടിയുടെ തല താഴേക്കുതന്നെയെന്ന് ഉറപ്പുവരുത്തണം. (പ്രത്യേകിച്ച് നവജാത ശിശുക്കൾ).
ഒരു തവണ ഛർദിച്ചതിനു ശേഷം, കുട്ടിക്കു കുറച്ചു വെള്ളം കുടിക്കാൻ നൽകുക. എന്നാൽ കുട്ടി അബോധാവസ്ഥയിലാണെങ്കിൽ, വായിലേക്ക് ഒന്നും ഒഴിക്കരുത്. കുട്ടിക്കു പനിയോ വേദനയോ ഉണ്ടെങ്കിൽ, പാരസെറ്റമോൾ മരുന്ന് ഒരു ഡോസ് നൽകാം. ഛർദിയോടൊപ്പം വയറിളക്കം ഉണ്ടെങ്കിൽ, നിർജലീകരണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതിനായി ചെറിയ അളവിൽ കഞ്ഞിവെള്ളമോ, ഒ ആർ എസ് ലായനിയോ ഇടയ്ക്കിടെ നൽകണം.
യാത്രയ്ക്കിടയിൽ കാർ, ബസ് തുടങ്ങിയ ഓടുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ചിലർക്കു ഛർദിക്കുന്ന പ്രവണതയുണ്ട്. യാത്ര തുടങ്ങും മുൻപു കഴിക്കേണ്ട ചില മരുന്നുകൾ ഡോക്ടർ നിർദേശിക്കും.
ദ്രവനിയന്ത്രണം, പ്രത്യേകിച്ചു യാത്രയ്ക്കു മുൻപ് പാൽ നൽകുന്നത് ഒഴിവാക്കുക, കുട്ടിയെ വാഹനത്തിന്റെ മുൻവശത്ത് അഭിമുഖമായി ഇരുത്തുന്നതു ഗുണം ചെയ്യും.ആവശ്യമായ ശുദ്ധവായു ലഭിക്കാൻ ജനാലകൾ തുറന്നിടാം .
ചികിത്സ ഇങ്ങനെ
ഗ്യാസ്ട്രോഎന്ററൈറ്റിസ് , പനി അല്ലെങ്കിൽ മറ്റ് അണുബാധകൾ കാരണമാണു ഛർദി ഉണ്ടാകുന്നതെങ്കിൽ, ആൻറി-എമെറ്റിക്സ്, ആന്റാസിഡുകൾ, സപ്പോർട്ടീവ് ഇൻട്രാവീനസ് ഫ്ലൂയിഡുകൾ എന്നിവ ഉൾപ്പെടെ വൈദ്യചികിത്സ മതിയാകും. മെനിഞ്ജൈറ്റിസ് അല്ലെങ്കിൽ ന്യൂമോണിയ പോലുള്ള ഗുരുതരഅണുബാധകൾക്കു മറ്റു മരുന്നുകൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച് െഎ വി ആൻറിബയോട്ടിക്കുകളും ആവശ്യമാണ്. കുടൽ തടസ്സം അല്ലെങ്കിൽ അപ്പെൻഡിസൈറ്റിസ് പോലുള്ളവയ്ക്ക് ലാപ്രോസ്കോപ്പിയോ തുറന്നുള്ള ശസ്ത്രക്രിയയോ ആവശ്യമാണ്. കുടൽ കുരുങ്ങുന്നതിനു ഹൈഡ്രോസ്റ്റാറ്റിക് /ന്യൂമാറ്റിക് റിഡക്ഷൻ പോലുള്ള പരിഹാരങ്ങൾ ആവശ്യമായി വരുന്നു.
ആഹാരം ശ്രദ്ധിക്കാം
ഛർദി കുറഞ്ഞതിനു ശേഷം കുട്ടിക്കു ദഹിക്കാൻ എളുപ്പമുള്ള ആഹാരവും ധാരാളം ദ്രാവകങ്ങളും നൽകണം. വറുത്ത ഭക്ഷണങ്ങൾ, മസാലകൾ, നോൺ വെജ് എന്നിവ ഒഴിവാക്കാം. വാഴപ്പഴം പോലുള്ള പഴങ്ങൾ മിതമായി നൽകുന്നതിലൂടെ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ പരിഹരിക്കാം. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ ഗ്യാസ്ട്രൈറ്റിസ് വർധിപ്പിക്കും, അവ ഒഴിവാക്കണം. കരിക്കിൻവെള്ളവും, ഉപ്പിട്ട കഞ്ഞിവെള്ളവും ചെറിയ അളവിൽ ഇടയ്ക്കിടെ നൽകാം. ചില കുട്ടികൾക്ക് ആഹാരം കഴിച്ചശേഷം ഛർദിക്കുന്ന പ്രവണതയുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതോ അല്ലെങ്കിൽ ഗ്യാസ്ട്രോ ഈസോഫഗൽ റിഫ്ലക്സ് കാരണമോ ആകാം.
ഡോ. പ്രതിഭാ സുകുമാർ
കൺസൽറ്റന്റ് പീഡിയാട്രിക് സർജൻ,
എസ് യു ടി ഹോസ്പിറ്റൽ,
പട്ടം , തിരുവനന്തപുരം