Saturday 09 April 2022 04:50 PM IST : By ഡോ. ജിസ് തോമസ് പാലൂക്കുന്നേൽ

കുട്ടികളിൽ രാത്രി മലദ്വാരത്തിൽ ചൊറിച്ചിലും കൃമിശല്യവും: പരിഹാരങ്ങളറിയാം

e3re34r34t

കുട്ടികളിൽ വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് വിരശല്യം. ഏതാണ്ട് 25 മുതൽ 75 ശതമാനം കുട്ടികളിലും ഈ പ്രശ്നമുണ്ട്. ഒരുതവണ മരുന്നു കൊടുത്ത് കുറഞ്ഞാലും ആവർത്തിച്ചു വരിക, മരുന്നു കൊടുത്താലും വിരശല്യം കുറയാതിരിക്കുക എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകൾ സാധാരണമായി കണ്ടുവരുന്നു.

കൃമിയും കൊക്കോപ്പുഴുവും

വിരശല്യം എന്നു പൊതുവേ പറയുമെങ്കിലും ഇതു പ്രധാനമായും മൂന്നു തരമുണ്ട്.

∙ റൗണ്ട് വേം

അസ്കാരിസ് എന്നാണ് ഇത്തരം വിരകളുടെ ശാസ്ത്രനാമം. ഉരുണ്ട് ഏതാണ്ട് 35 സെന്റിമീറ്റർ വരെ നീളം വയ്ക്കാവുന്ന തരം വിരകളാണിവ. വയറിളക്കം, ഛർദി എന്നിവയ്ക്ക് ഈ വിരകൾ കാരണമാകാം. ഇത്തരം വിരകൾ ധാരാളമുണ്ടായാൽ അവ കെട്ടുപിണഞ്ഞ് കിടന്ന് കുടലിന്റെ ചലനത്തെ വരെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

∙ കൊക്കോപ്പുഴു അഥവാ ഹുക്ക് വേം

ഇവ കുടലിന്റെ ഭിത്തിയിൽ തൂങ്ങിക്കിടന്ന് ചെറിയ അളവിൽ രക്തം വലിച്ചുകുടിച്ചുകൊണ്ടിരിക്കും. കൊക്കോപ്പുഴു മൂലം വയറുവേദന ഉണ്ടാകാം. ഇത്തരം കുട്ടികളിൽ പലപ്പോഴും രക്തപരിശോധനയിൽ വിളർച്ചയുള്ളതായി കാണാം. കുട്ടികളിലെ വിളർച്ചയ്ക്കുള്ള ഏറ്റവും പ്രധാനകാരണമാണ് ഹുക്ക് വേം. ശുചിത്വമില്ലായ്മയാണ് കൊക്കോപ്പുഴു ബാധയ്ക്ക് പ്രധാനകാരണം.

∙ രാത്രി മലദ്വാരത്തിൽ ചൊറിച്ചിലും കൃമിശല്യവും

കുട്ടികളിൽ കാണുന്ന വിരശല്യത്തിന്റെ ഏറ്റവും സാധാരണമായ കാരണമാണ് കൃമികൾ. അതുകൊണ്ട് അവയെക്കുറിച്ച് വിശദമായി പറയാം.

നേരിയ വലുപ്പം കുറഞ്ഞ ഇവയ്ക്ക് വെളുത്തനിറമാണുള്ളത്. രാത്രിയാകുമ്പോൾ പെൺ കൃമികൾ മലാശയത്തിൽ നിന്നും മലദ്വാരത്തിനു ചുറ്റുമുള്ള ചർമഭാഗത്തേക്ക് എത്തി അവിടെ മുട്ടയിടുന്നു. ഇത് കുട്ടികൾക്ക് മലദ്വാരത്തിൽ വലിയ അസ്വാസ്ഥ്യത്തിനും ചൊറിച്ചിലിനും ഇടയാക്കുന്നു. മലദ്വാരം പരിശോധിച്ചാൽ നൂലുപോലുള്ള കൃമികളെ കാണാനാകും. പക്ഷേ, കൃമിമുട്ടകൾ കണ്ണുകൊണ്ട് കാണാനാവില്ല. കുട്ടികൾ മലദ്വാരത്തിൽ ചൊറിയുമ്പോൾ ഈ മുട്ടകൾ നഖത്തിനിടയിൽ കയറും. ഈ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയോ വിരൽ വായിലോ മൂക്കിലോ ഇടുകയോ ചെയ്താൽ മുട്ടകൾ ശരീരത്തിലെത്തി കൃമികൾ പെരുകുകയും ഈ പരിപാടി ചാക്രികമായി തുടരുകയും ചെയ്യുന്നു.

വിരയിളക്കാൻ മരുന്ന്; കുടുംബാംഗങ്ങൾക്കും

കൃമിശല്യത്തിന് വളരെ ലളിതവും ഫലപ്രദവുമായ മരുന്നുകളുണ്ട്. ആൽബെൻഡസോൾ പോലുള്ള ആന്റിപാരസൈറ്റ് ഗുളികകളാണ് സാധാരണ നൽകുക. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ 200 മി.ഗ്രാമിന്റെയും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് 400 മി.ഗ്രാമിന്റെയും ഒറ്റ ഗുളികയോ സിറപ്പോ രാത്രി ആഹാരശേഷം നൽകുന്നു. ഈ മരുന്ന് നിലവിൽ ഉദരത്തിലുള്ള കൃമികളെ നശിപ്പിക്കും. പക്ഷേ, കൃമിമുട്ടകൾ നശിക്കില്ല. അവ ശരീരത്തിലെത്തി വീണ്ടും കൃമിയുണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ട് ആദ്യ തവണ മരുന്നു നൽകി രണ്ട് ആഴ്ച കഴിഞ്ഞ് ഒരു ഡോസ് മരുന്നു കൂടി നൽകണം.

ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എല്ലാ ആറു മാസം കൂടുമ്പോഴും ആറു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വർഷം ഒരു തവണ വച്ചും വിരമരുന്ന് നൽകുന്നത് വഴി വിരശല്യം പൂർണമായി പരിഹരിക്കാൻ സാധിക്കും. ചില കുട്ടികളിൽ സാധാരണ കൃമിമരുന്നുകൾ പ്രയോജനം ചെയ്യാതെ വരാറുണ്ട്. ഇങ്ങനെയുള്ളപ്പോൾ ഒരു ശിശുരോഗവിദഗ്ധനെ കണ്ട് വേറെ മരുന്നുകൾ വാങ്ങാം.

വിരമരുന്നു കഴിക്കുന്നതുകൊണ്ട് വയറിളക്കം സാധാരണ ഉണ്ടാകാറില്ല. എന്നാൽ ഒരുപാട് വിരയുണ്ടെങ്കിൽ അതു നശിച്ചുപോകുന്നതിന്റെ ഫലമായി വയറുവേദനയും ഛർദിലുമൊക്കെ വരാം.

നഖം വെട്ടണം; ചെരിപ്പു ധരിപ്പിക്കണം

കുട്ടികളുടെ അടിവസ്ത്രങ്ങളിലും ബെഡ്ഷീറ്റിലും ടോയ്‌ലറ്റ് സീറ്റിലുമൊക്കെ കൃമിമുട്ടകൾ പറ്റിപ്പിടിച്ചിരിക്കാം. ബെഡ്ഷീറ്റൊക്കെ കുടയുമ്പോൾ വളരെ നേരിയ ഈ മുട്ടകൾ പറന്ന് മുറിയിലെ പ്രതലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാം. ഇവിടങ്ങളിൽ നാമറിയാതെ തൊടുമ്പോൾ കയ്യിൽ പറ്റി ശരീരത്തിലെത്താം. അതുകൊണ്ട് കുട്ടികളുടെ വസ്ത്രവും ബെഡ്‌ഷീറ്റുമൊക്കെ തിളച്ച വെള്ളത്തിൽ കഴുകി നല്ല വെയിലിൽ ഉണക്കിയെടുക്കണം. മാത്രമല്ല, കുട്ടികൾക്ക് മരുന്നു നൽകുന്നതിനൊപ്പം വീട്ടിലുള്ള മുതിർന്നവരും മരുന്നു കഴിക്കുന്നത് ഉത്തമം.

കൃമിശല്യം തടയാൻ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കുട്ടികളുടെയെല്ലാം നഖം അധികം നീളാൻ ഇടയാക്കാതെ കൃത്യമായി വെട്ടണം. കൊക്കോപ്പുഴു കാലിലെ ചർമം തുളച്ചാണ് അകത്തുകയറുക. അതുകൊണ്ട് പുറത്തു മണ്ണിൽ കളിക്കാൻ പോകുമ്പോൾ പാദം മൂടുന്ന തരം ഷൂസ് ധരിപ്പിക്കാം. കളി കഴിഞ്ഞു വന്നാൽ വിരലുകളും അവയ്ക്ക് ഇടഭാഗവും നഖവുമെല്ലാം സോപ്പിട്ട് കഴുകാൻ ശീലിപ്പിക്കണം. വേവിക്കാതെ കഴിക്കാൻ കൊടുക്കുമ്പോൾ പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയശേഷം മാത്രം നൽകുക.

Tags:
  • Manorama Arogyam
  • Kids Health Tips