പുതിയ രോഗങ്ങൾ വരുമ്പോൾ മരുന്നുകൾക്കായുള്ള ഗവേഷണം ഹോമിയോയിൽ നടക്കാറുണ്ടോ?
പുതിയ മരുന്നുകൾ കണ്ടെത്തുന്നതിനും പുതിയതരം രോഗങ്ങളിലെ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകളെക്കുറിച്ച് അറിയുന്നതിനും ഹോമിയോപ്പതി വൈദ്യശാസ്ത്രമേഖലയിൽ ലോകമെമ്പാടും നിരന്തരം പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്.
പരമ്പരാഗത രോഗസങ്കൽപങ്ങളിൽ നിന്നു വ്യത്യസ്‌തമായ സങ്കൽപമാണ് ഹോമിയോപ്പതിയിലുള്ളത്. രോഗാണുബാധ, തെറ്റായ ജീവിതശൈലി, രോഗസാധ്യതയുള്ള പാരമ്പര്യ/ ജനിതകഘടകങ്ങൾ എന്നതു പോലെയുള്ള വിവിധ കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ആന്തരികമായ അസന്തുലിതാവസ്ഥയുടെ പ്രതിഫലനങ്ങൾ ആണ് രോഗലക്ഷണങ്ങൾ എന്നും, മരുന്നുകൾ കഴിച്ച് ഈ രോഗലക്ഷണങ്ങൾ ശമിക്കുമ്പോൾ ഉള്ളിലെ രോഗാവസ്ഥ ശാശ്വതമായി പരിഹരിക്കപ്പെടുമെന്നുമാണ് ഹോമിയോപ്പതിയുടെ തത്വം.
രോഗനിർണയം നടത്തുന്നതിനു മുൻപേ തന്നെ, രോഗലക്ഷണങ്ങൾക്കനുസരിച്ചു ചികിത്സ തുടങ്ങാൻ സാധിക്കും. അതിനാൽത്തന്നെ രോഗം മൂർച്ഛിക്കുന്നതിനു മുന്നേതന്നെ തടയാനാകും.
പുതിയ പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടുമ്പോൾപ്പോലും രോഗാണു ഗവേഷണങ്ങൾക്കും പുതിയ ഔഷധപഠനങ്ങൾക്കും കാത്തുനിൽക്കാതെ ചികിത്സയ്ക്കും പ്രതിരോധത്തിനും ഹോമിയോപ്പതിക്ക് സാധ്യമാകുന്നതും ഇതിനാലാണ്.
സർജറി വേണമെന്ന് നിർദേശിക്കപ്പെടുന്ന രോഗങ്ങൾ ഹോമിയോപ്പതി എങ്ങനെ ചികിത്സിച്ചു ഭേദമാക്കും?
ഏറ്റവും അവസാനമായി, മറ്റൊരു മാർഗവും ഇല്ലാതാകുമ്പോൾ മാത്രം സ്വീകരിക്കേണ്ട ഒന്നാണ് ശസ്ത്രക്രിയ. രോഗത്തിന്റെ വിവിധ ദശകളിൽ ഫലപ്രദമായ ഇടപെടൽ നടത്തി, ശസ്ത്രക്രിയയുടെ അനിവാര്യത ഇല്ലാതെയാക്കാൻ ഹോമിയോപ്പതി മരുന്നുകൾക്ക് കഴിയാറുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ അത് കൃത്യമായി പറഞ്ഞു മനസ്സിലാക്കി രോഗിയെ റെഫർ ചെയ്യാറുമുണ്ട്.
പനിക്ക് പാരസെറ്റമോളും വേദനകൾക്ക് ഐബുപ്രോഫനും പോലെ സാധാരണ രോഗങ്ങൾക്കുള്ള ഹോമിയോ മരുന്നുകൾ നിർദേശിക്കാനാകുമോ?
പനിയുണ്ടായാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ പലരിലും വ്യത്യസ്തമായിരിക്കും. ഇവ കണക്കിലെടുത്താണ് ഓരോരുത്തർക്കും മരുന്ന് നൽകുന്നത്. അതുകൊണ്ട് പനി ബാധിച്ച എല്ലാവർക്കും ഒരു മരുന്നു തന്നെ നിർദേശിക്കാനാകില്ല.
മറ്റൊരു തരത്തിൽ പറഞ്ഞാൽ തലവേദന എന്ന ഒറ്റ രോഗലക്ഷണത്തിന് ഹോമിയോപ്പതിയിൽ തന്നെ നിരവധി മരുന്നുകളുണ്ട്. ഇതിൽ നിന്നും ഒരു രോഗിക്ക് ഒരു പ്രത്യേക സന്ദർഭത്തിൽ യോജിച്ച മരുന്ന് കണ്ടെത്തി നൽകുകയാണ് ഹോമിയോപ്പതി ഡോക്ടർ ചെയ്യുന്നത്.
പനി വന്നാലുടൻ മുൻപ് പനി വന്നപ്പോൾ കഴിച്ച മരുന്നു വാങ്ങി കഴിക്കുന്നതും തെറ്റായ രീതിയാണ്. ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ.
ഹോമിയോ മരുന്നുകൾക്ക് എക്സ്പയറി ഡേറ്റ് ഉണ്ടോ?
ഹോമിയോപ്പതി ഔഷധനിർമാണ, സംഭരണ, വിതരണത്തിന് വ്യക്തവും നിയതവുമായ മാർഗനിർദേശങ്ങളും നിയമങ്ങളും ഉണ്ട്. മറ്റേത് ഔഷധങ്ങൾക്കുമുള്ളതുപോലെ ഇവയ്ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്.
രോഗിയെ അനുസരിച്ചാണ് ഹോമിയോപ്പതിയിൽ മരുന്ന് തീരുമാനിക്കുന്നതെന്ന് കേട്ടിട്ടുണ്ട് ?
വ്യക്‌ത്യാധിഷ്ഠിത ചികിത്സാരീതിയാണ് ഹോമിയോപ്പതി. രോഗം പിടിപെട്ടയാളെയാണ് ഹോമിയോപ്പതിയിൽ ചികിത്സിക്കുന്നത്. രോഗം ഒരു വ്യക്തിയിൽ പ്രകടമാക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെ നിരീക്ഷിച്ച് അനുയോജ്യമായ ഹോമിയോപ്പതി മരുന്ന് ശരിയായ അളവിലും മാത്രയിലും നൽകുകയാണ് ചെയ്യുന്നത്. ഈ മരുന്ന് രോഗിയുടെ ജന്മനാ ഉള്ള രോഗപ്രതിരോധശക്തിയെ ഉദ്ദീപിപ്പിക്കുകയും രോഗം വന്നയാൾ പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്തുകയുമാണ് ചെയ്യുന്നത്.
വളർത്തുമൃഗങ്ങൾക്ക് വരുന്ന രോഗങ്ങൾക്കും ഹോമിയോ മരുന്നു കൊടുക്കാമോ?
മൃഗചികിത്സയിൽ ഹോമിയോ മരുന്നുകൾ ഫലപ്രദമാണ്. വെറ്ററിനറി ഹോമിയോപ്പതി എന്ന ചികിത്സാശാഖ തന്നെ ഉണ്ട്. കേരളത്തിലെ വെറ്ററിനറി ഡോക്ടർമാരിൽ പലരും വെറ്ററിനറി ഹോമിയോപ്പതി കോഴ്സ് കഴിഞ്ഞവരും ചികിത്സയിൽ ഹോമിയോ മരുന്ന് ഫലപ്രദമായി ഉപയോഗിക്കുന്നവരുമാണ്. ∙
കാൻസർ, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ മാരകരോഗങ്ങൾക്കുള്ള ഹോമിയോചികിത്സ എങ്ങനെയാണ്?
കാൻസർ, പ്രമേഹം എന്നിവയെല്ലാം ദീർഘകാല രോഗങ്ങളാണ്. ഇവയ്ക്ക് വിവിധ ഘട്ടങ്ങളുണ്ട്. പ്രാഥമിക ഘട്ടത്തിൽതന്നെ ഹോമിയോ മരുന്നുകൾ ഉപയോഗിച്ചാൽ സങ്കീർണതകളിലേക്ക് കടക്കാതെ രോഗിയെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയും.
രോഗം രൂക്ഷമായി ബാധിച്ചെങ്കിൽപ്പോലും അതതു ഘട്ടത്തിന് അനുയോജ്യമായ മരുന്നുകൾ നൽകാൻ സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ ദീർഘകാല ചികിത്സ വേണ്ടിവരും. ഹോമിയോ മരുന്നുകൾക്ക് പാർശ്വഫലങ്ങളില്ല എന്നത്, കാൻസർ, പ്രമേഹം തുടങ്ങിയ ദീർഘകാലചികിത്സ ആവശ്യമായ രോഗികളിൽ അധിക ഗുണമാണ്.
സാന്ത്വനപരിചരണത്തിനും ഹോമിയോപ്പതി മരുന്നുകളുണ്ട്. മാരകരോഗങ്ങൾ ബാധിക്കുമ്പോഴുണ്ടാകുന്ന വേദന ശമിപ്പിക്കുന്നതിനും, രോഗികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഹോമിയോ മരുന്നുകൾ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. കേരളത്തിലെ എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും സാന്ത്വന പരിചരണത്തിനായുള്ള പെയിൻ & പാലിയേറ്റീവ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഹോമിയോമരുന്ന് കഴിക്കുമ്പോൾ ആദ്യം രോഗം മൂർച്ഛിക്കും; പിന്നീട് ഭേദമാകും. ഇതു ശരിയാണോ?
മൂർച്ഛിക്കും എന്നതിന് പകരം ചിലരിൽ അൽപം വർധിക്കാം എന്നതാണ് കുറച്ചുകൂടി ശരി. രോഗമുക്തിക്കു ശരീരം സ്വീകരിക്കുന്ന പ്രതിരോധമാർഗങ്ങളുടെ അതേ ദിശയിലാണല്ലോ ഹോമിയോപ്പതി മരുന്നുകൾ പ്രവർത്തിക്കുന്നത്. രോഗിയുടെ പ്രതിരോധശേഷിയുടെ നിലയനുസരിച്ചു ചിലരിൽ ലക്ഷണങ്ങൾ അൽപം വർധിച്ചു എന്നു വരാം. ഇതിനെ ഔഷധങ്ങളോടുള്ള നല്ല പ്രതികരണമായിട്ടാണ് ഹോമിയോപ്പതി കാണുന്നത്. വളരെ വേഗത്തിൽത്തന്നെ ഇത്തരം വ്യക്തികളിൽ രോഗമുക്തി സംഭവിക്കാറുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്:
1. ഡോ. സജി .കെ
മുൻ സ്റ്റേറ്റ് പ്രസിഡന്റ്
ഇന്ത്യൻ ഹോമിയോപ്പതിക്
മെഡിക്കൽ അസോസിയേഷൻ
2. ഡോ. ഗണേഷ് ദാസ്
സ്റ്റേറ്റ് പ്രസിഡന്റ്
ഇന്ത്യൻ ഹോമിയോപ്പതിക്
മെഡിക്കൽ അസോസിയേഷൻ