ADVERTISEMENT

നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ചു മാറ്റാവുന്നതോ ആയുർ ദൈർഘ്യം നീട്ടിക്കിട്ടാവുന്നതോ ആയ രോഗാവസ്ഥയാണ് കാൻസർ എങ്കിലും പല കാൻസറുകളും മാരകമാണെന്ന കാര്യത്തിൽ തർക്കമില്ല. മിക്ക കേസുകളിലും രോഗം കണ്ടു പിടിച്ചു വരുമ്പോഴേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് സ്േറ്റജ് മൂന്നും നാലും ഒക്കെ ആയി മാറുന്നതാണു കാരണം. ചികിത്സിച്ചു മാറ്റാൻ അത്ര എളുപ്പമല്ലാത്തതും അഥവാ ചികിത്സിച്ചാൽത്തന്നെ അതിജീവിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്തതുമായ നോൺ –ഹോഡ്ജ്കിൻസ് ലിംഫോമ (Non Hodgkin’s Lymphoma) എന്ന കാൻസറിനെ അതിജീവിച്ച ഒരു ഫിറ്റ്നസ് ഇൻസ്ട്രക്ടറുടെ കഥ കേൾക്കാം.

അറ്റ്ലാന്റയിൽ നിന്നുള്ള ലീ ട്രട്ട്മാൻ എന്നു പേരായ ഫിറ്റ്നസ് ഇൻസ്ട്രക്‌റ്ററാണു കഥാനായകൻ. ദിവസേന പന്ത്രണ്ടു മണിക്കൂർ സമയം ജോലി ചെയ്തിരുന്ന ഇയാൾ കടുത്ത ക്ഷീണം, രാത്രിയിലെ വിയർക്കൽ, കരളിന്റെ ഭാഗത്തു വേദന മുതലായ ലക്ഷണങ്ങളോടെയാണ് 2021 ഒക്ടോബറിൽ ഡോക്ടറെ സമീപിക്കുന്നത്. പലവിധ പരിശോധനകൾ നടത്തി. രോഗം സ്ഥിരീകരിക്കുന്ന സമയമായപ്പോഴേക്കും സംസാരിക്കാനോ , നടക്കാനോ , ആഹാരം കഴിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിയിരുന്നു ഇദ്ദേഹം. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിക്കേണ്ടിവന്ന ലീ ട്രട്ട്മാൻ എണ്ണമറ്റ കീമോതെറപ്പികൾക്കും അൻപതിൽ പരം രക്തദാനങ്ങൾക്കും വിധേയനായി. ഒടുവിൽ 2022 മെയ് മാസത്തിൽ മജ്ജ മാറ്റി വയ്ക്കലിനും വിധേയനായി. അണുബാധ വരാതിരിക്കാൻ ഐസൊലേഷനിൽ കഴിഞ്ഞത് ഇരുനൂറോളം ദിവസങ്ങളാണ്. ദിവസേന വൈവിധ്യമാർന്ന അറുപതോളം മരുന്നുകളും നൽകിയിരുന്നു. ഒടുവിൽ എല്ലാ പരീക്ഷണങ്ങളേയും അതിജീവിച്ച് ലീ ട്രട്ട്മാൻ ജീവിതത്തിലേക്കു മടങ്ങി വന്നതായി ബ്രിട്ടനിൽ നിന്നുള്ള ഡെയ്‌ലി മെയ്‌ൽ പത്രം റിപ്പോർട്ടു ചെയ്യുന്നു. രോഗമുക്തിക്കു വെറും 5% സാധ്യത മാത്രം പ്രവചിക്കപ്പെട്ട ലീ ട്രട്ട്മാൻ ഇന്ന് ഫിറ്റ്നസ് ഇൻസ്ട്രക്ടർ ആയി ഒരു ഗംഭീര തിരിച്ചു വരവ് നടത്താനുള്ള തയാറെടുപ്പിലാണ്.

ADVERTISEMENT

തയാറാക്കിയത്

ഡോ. സുനിൽ മൂത്തേടത്ത്

ADVERTISEMENT

പ്രഫസർ,

അമൃത കോളജ് ഒാഫ് നഴ്സിങ് , കൊച്ചി

ADVERTISEMENT
ADVERTISEMENT