തൊലിപ്പുറത്തെ പാടുകൾ, മുറിവുകൾ, നിറഭേദങ്ങൾ, ചൊറിച്ചിൽ തുടങ്ങിയ ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഒരുമിച്ച് ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
സെപ്റ്റംബർ 14 ഞായറാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനിൽ വച്ചാണ് സമാനമനസ്കരും തുല്യ പ്രശ്നങ്ങൾ നേരിടുന്നവരുമായ ഈ സമൂഹം ഒന്നിച്ചു കൂടുന്നത്. സോറിയാസിസ്, എക്നി, ഇ േക്ത്യാ സിസ്, വിറ്റിലിഗോ തുടങ്ങി പലവിധ ചർമരോഗങ്ങൾ അലട്ടുന്നവർ, അവരുടെ ബന്ധുമിത്രാദികൾ എന്നിവർ ഇതിൽ പങ്കുചേരുന്നു. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ ആഘോഷങ്ങളുമായി സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ദിനം.
സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളും ചോദ്യങ്ങളുമില്ലാതെ ഒരുമിച്ച് ചെലവിടാനും തങ്ങളുടെ പ്രശ്നങ്ങളും അനുഭവങ്ങളും പങ്കിടാനും ഓണസദ്യയും വിനോദങ്ങളുമായി ഒന്നിച്ചിരിക്കാനും ലക്ഷ്യമിട്ടാണ് ഈ ഓണക്കൂട്ടായ്മ ഒരുക്കുന്നത്. സോറിയാസിസും മറ്റ് ത്വക്ക് രോഗങ്ങളും മൂലം സമൂഹത്തിന്റെ മാറ്റി നിർത്തലുകൾക്ക് വിധേയമാകുന്ന, സമൂഹത്തോട് ഇടപഴകാൻ മടിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് ആത്മവിശ്വാസം പകരാൻ സഹായിക്കുന്ന ആഭ എന്ന സംഘടനയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.