മിക്കവാറും ആളുകളിലും ഇന്നു കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് യൂറിക് ആസിഡ് കൂടുന്നത് (ഹൈപ്പർ യുറീസീമിയ). രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവു വര്‍ധിക്കുന്നതാണ് ഇതിന് കാരണം. പ്യൂരിനുകള്‍ എന്നറിയപ്പെടുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ നമ്മുടെ ശരീരം വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. ഇത് പരിധിയില്‍ കൂടുതല്‍ വര്‍ധിച്ചാല്‍ സന്ധികളില്‍ അടിഞ്ഞുകൂടി സന്ധിവാതം, സന്ധിവേദന, വൃക്കയിലെ കല്ല്, മറ്റു വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകാം. ആഹാര കാര്യത്തില്‍ വളരെയേറെ ശ്രദ്ധ വയ്ക്കണം. ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പൊതുവെ പ്രോട്ടീൻ ഭക്ഷണങ്ങളാണു പ്യൂരിന്റെ സ്രോതസ്സ്. എന്നുകരുതി പ്രോട്ടീൻ വളരെ കർശനമായി നിയന്ത്രിക്കുന്നതു പേശീഭാരം കുറയാനും പൊതുവായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനും ഇടയാക്കും. അതുകൊണ്ട് പ്യൂരിന്റെ അളവു കൂടുതലുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ പതിവായി ഉപയോഗിക്കാതെ നിയന്ത്രിക്കാനും പ്യൂരിൻ കുറവുള്ളതോ ഇല്ലാത്തതോ ആയ ചിക്കൻ, മുട്ട, പ്യൂരിൻ കുറവുള്ള മീനുകൾ എന്നിവ അളവു നിയന്ത്രിച്ചു കഴിക്കാം.
യൂറിക് ആസിഡ് കൂടുതലുള്ള ഭക്ഷണം
∙· ചുവന്ന മാംസം - ബീഫ്, മട്ടന്‍, പോര്‍ക്ക് എന്നിവയില്‍ യൂറിക് ആസിഡിന്റെ അളവു കൂടുതലാണ്.
∙ തോടുള്ള മത്സ്യങ്ങള്‍ - കക്ക, ഞണ്ട്, ചെമ്മീന്‍ എന്നിവയില്‍ പ്യൂരിന്റെ അളവു കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുക.
∙ · കൂണ്‍ - പതിവായി കൂണ്‍ കഴിക്കുന്നതു യൂറിക് ആസിഡിന്റെ അളവു വര്‍ധിപ്പിക്കുന്നു.
∙ · പയര്‍, പരിപ്പ് വര്‍ഗങ്ങള്‍ - ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡായി വിഘടിക്കുന്ന സംയുക്തമായ പ്യൂരിനുകള്‍ പയര്‍, പരിപ്പ് വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
∙ · ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ് - ബേക്ക് ചെയ്ത ആഹാരസാധനങ്ങള്‍, സാലഡ് ഡ്രസ്സിംഗുകള്‍, ടിന്നിലടച്ച സൂപ്പുകള്‍ എന്നിവയില്‍ ഫ്രക്ടോസ് കോണ്‍സിറപ്പ് ഉപയോഗിക്കാറുണ്ട്. ഇതില്‍ പ്യൂരിനുകളുടെ തോത് കൂടുതലാണ്.
∙ · മത്തി, അയല, സാല്‍മണ്‍, കോഡ് ഫിഷ്, ചൂര എന്നീ മത്സ്യങ്ങളില്‍ പ്യൂരിന്റെ അളവ് ഉയര്‍ന്ന തോതിലാണ്.
∙ · ഓര്‍ഗൻ മീറ്റ് (അവയവ മാംസങ്ങള്‍) - യൂറിക് ആസിഡിന്റെ അളവു വളരെ കൂടുതലുള്ള ഭക്ഷണമാണിത്. (ചിക്കന്റെയും ബീഫിന്റെയും മറ്റും കരള്‍, ഹൃദയം, കിഡ്‌നി, തലച്ചോറ്)
∙ · യീസ്റ്റ് ചേര്‍ത്ത ആഹാരങ്ങള്‍ - രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ നിയന്ത്രിക്കണം.
∙ · മധുര പലഹാരങ്ങള്‍ - അമിതമായി മധുരം ചേര്‍ന്ന ആഹാരങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കണം. ഇത് അമിതമായി കഴിക്കുന്നതു ശരീരഭാരം വര്‍ധിക്കുന്നതിനു കാരണമാകും.
∙ · കോളിഫ്‌ളവര്‍ - ക്രൂസിഫറസ് കുടുംബത്തില്‍പ്പെട്ട കോളിഫ്‌ളവറില്‍ മിതമായ അളവിലാണെങ്കിലും പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്.
∙ · ചീര - ആരോഗ്യ കാര്യത്തില്‍ വളരെ മുന്‍പിലെങ്കിലും ചീരയില്‍ ഓക്‌സിലേറ്റുകളും പ്യൂരിനുകളും കൂടുതലാണ്.
∙ · കൊഴുപ്പുള്ള പാല്‍ - വീക്കം വര്‍ധിപ്പിക്കുകയും, ഇന്‍സുലിന്‍ പ്രതിരോധത്തെ ബാധിക്കുകയും ചെയ്യും. ഇതു യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നതിനു കാരണമാകും.
∙ · സോഡ - പഞ്ചസാര ധാരാളമടങ്ങിയ സോഡ പാനീയങ്ങള്‍ യൂറിക് ആസിഡിനെ കൂട്ടാം.
∙ · സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ - വൈറ്റ് ബ്രെഡില്‍ പ്യൂരിന്റെ അളവ് ഉയര്‍ന്ന തോതിലാണ്.
∙ · ഉണങ്ങിയ പഴങ്ങള്‍ - രക്തത്തിലെ യൂറിക് ആസിഡിന്റെ നില ഉയര്‍ത്തും
∙ · മദ്യം - ബിയർ, വൈൻ എന്നിങ്ങനെ എല്ലാ ലഹരി പാനീയങ്ങളിലും പ്യൂരിന്റെ തോത് കൂടുതലാണ്.
യൂറിക് ആസിഡ് കുറയ്ക്കാൻ ഇങ്ങനെ കഴിക്കാം
ചില ഭക്ഷണം പാനീയങ്ങള്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
∙ ചെറി പഴങ്ങള്‍– ചെറിയില്‍ ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ചെറിയിലുള്ള ആന്തോസയാനിനുകള്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ളവനോയിഡുകളും സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നു.
∙ പ്രോട്ടീൻ ഉള്ള വിഭവങ്ങളുടെ ഒരു ദിവസത്തെ ഉപയോഗത്തിലും ശ്രദ്ധ വേണം. മൂന്നു പ്രധാന ഭക്ഷണനേരങ്ങളിലും പ്രോട്ടീൻ മുന്നിട്ടു നിൽക്കാതെ ശ്രദ്ധിക്കുക. പ്രോട്ടീൻ അടങ്ങിയ ഒന്നിലധികം വിഭവങ്ങൾ ഒരേസമയം കഴിക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്, ചിക്കനും പരിപ്പും പനീറുമൊക്കെ ഒരുമിച്ച് ഉപയോഗിക്കുന്നത്.
∙ പ്യൂരിൻ അളവു കൂടിയ മാംസത്തിനു പകരമായി പ്യൂരിൻ കുറഞ്ഞ പലതരം മത്സ്യങ്ങൾ കഴിക്കാം.
∙ നാരങ്ങാ വെള്ളം (Vitamin C)–രാവിലെ ഉണര്‍ന്നാലുടന്‍ നാരങ്ങ ചെറു ചൂടുവെള്ളത്തില്‍ പിഴിഞ്ഞു കുടിക്കുന്നതു യൂറിക് ആസിഡ് നില കുറയ്ക്കാന്‍ സഹായിക്കും.
∙ വെള്ളം– ദിവസവും 10 - 12 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതു മൂത്രത്തില്‍ നിന്നു യൂറിക് ആസിഡ് പുറംതള്ളാന്‍ സഹായിക്കും.
പൊതുവായി ശ്രദ്ധിക്കാൻ
∙ അമിതഭാരം, പൊണ്ണത്തടി, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുമായി സന്ധിവാതം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടിക്കാരില്‍ യൂറിക് ആസിഡിന്റെ തോത് കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നത് സന്ധികളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നു.
∙· ഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ ഉള്‍പ്പെടുത്തുക.
∙· ദിവസം 1/2 - 1 മണിക്കൂര്‍ വരെ മിതമായ വ്യായാമം ശീലമാക്കുക.
∙· നല്ല ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക.
പ്രീതി ആർ നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം