ചുവന്ന മാംസം, കാബേജ്, ചീര എന്നിവ നിയന്ത്രിക്കാം; പച്ചക്കറികളിലെ ഫോസ്‌ഫറസ് നീക്കണം– വൃക്കരോഗികളുടെ ഭക്ഷണം ഇങ്ങനെ Key Dietary Adjustments for Kidney Patients
Mail This Article
വൃക്കരോഗം ഒരു ദീര്‍ഘകാല രോഗമാണ്. അതിന്റെ ചികിത്സയില്‍ മരുന്നു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണു പോഷക സമ്പുഷ്ടമായ ആഹാരവും. വൃക്കരോഗികള്‍ക്കു രോഗപ്രതിരോധശേഷി കുറവായതിനാലും വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറയുന്നതു കാരണം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതിനാലും (രക്ത ഉത്പാദനത്തില്‍ വൃക്കകള്‍ക്ക് പങ്കുണ്ട്) ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ ഭക്ഷണം ക്രമീകരിക്കേണ്ടതാണ്.
പല തരത്തിലുള്ള മിഥ്യാധാരണകളും വൃക്കരോഗികള്‍ക്ക് ഉള്ള ഭക്ഷണരീതിയെ പറ്റിയുണ്ട്. തെറ്റായ ഉപദേശങ്ങളിലൂടെ രോഗിയുടെ ആരോഗ്യനിലയും ശാരീരിക ബലവും കുറയുന്ന അവസ്ഥ പലപ്പോഴും കണ്ടുവരാറുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാല്‍ എല്ലാ രോഗികള്‍ക്കും ഒരേ രീതിയിലല്ല ഭക്ഷണ ക്രമീകരണം നടത്തേണ്ടത്. ഓരോരുത്തരിലും അത് വ്യത്യസ്തമായിരിക്കും. അതിനാല്‍ എപ്പോഴും വൃക്കരോഗികളുടെ ആഹാരം ക്രമീകരിക്കുമ്പോള്‍ നെഫ്രോളജിസ്റ്റുമായി (വൃക്കരോഗ വിദഗ്ദ്ധന്‍) കൂടിയാലോചിക്കേണ്ടത് അനിവാര്യമാണ്.
പ്രധാനമായും വെള്ളം, ഉപ്പ്, പൊട്ടാസ്യം എന്നിവയാണു ക്രമീകരിക്കേണ്ടത്.
∙ വെള്ളം: സാധാരണ രീതിയില്‍ മൂത്രം പോകുന്ന ഒരു രോഗിക്ക് വെള്ളം നിയന്ത്രിക്കേണ്ടതായിട്ടില്ല. അവര്‍ക്കു വെള്ളം ആവശ്യത്തിന് ഉപയോഗിക്കാം. മൂത്രം കൃത്യമായ അളവില്‍ പോകാത്ത രോഗികളും ശരീരത്തില്‍ നീര് ഉള്ളവരും വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം.
∙· ഉപ്പ്: സാധാരണ ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന 4ഗ്രാം - 5ഗ്രാം വരെ ഉപ്പ് വൃക്ക രോഗികള്‍ക്കും ഉപയോഗിക്കാം. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയാനും സഹായിക്കും.
·∙ പൊട്ടാസ്യം: വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണു ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ്. ആരോഗ്യകരമായ വൃക്കകളുള്ള ഒരാള്‍ക്ക് ഒരിക്കലും പൊട്ടാസ്യത്തിന് അളവു കൂടുകയില്ല. വൃക്കരോഗികളില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടിയാല്‍ അതു ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പൊട്ടാസ്യം അടങ്ങുന്ന ആഹാരം (പ്രധാനമായും ഫലങ്ങള്‍) ഒഴിവാക്കുക. വൃക്ക രോഗികള്‍ പൊട്ടാസ്യത്തിന്റെ അളവു കൂടുതല്‍ അടങ്ങിയ ആഹാരം പൂര്‍ണമായും ഒഴിവാക്കണം. പൊട്ടാസ്യം കുറവുള്ള ഫലങ്ങള്‍ ആയ ആപ്പിള്‍, പപ്പായ, പൈനാപ്പിള്‍, പേരക്ക എന്നിവ ഉപയോഗിക്കാം. അതുപോലെ തന്നെ പച്ചക്കറികളില്‍ അടങ്ങിയ പൊട്ടാസ്യം നീക്കം ചെയ്യുന്നതിനായി അവ മുറിച്ചതിനുശേഷം രണ്ടുമണിക്കൂറോളം വെള്ളത്തില്‍ മുക്കിവച്ച് ആ വെള്ളം ഊറ്റി കളഞ്ഞാല്‍ അതിലൂടെ പൊട്ടാസ്യം നഷ്ടമാകുന്നു. ഇത്തരത്തില്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ അവയുടെ പോഷകങ്ങള്‍ ലഭ്യമാവുകയും പൊട്ടാസ്യത്തിന്റെ അളവു കുറയുകയും ചെയ്യുന്നു.
മിക്കവരിലും ഉള്ള ഒരു തെറ്റിദ്ധാരണയാണ് ക്രിയാറ്റിനിന്‍ കൂടുതലാകുന്നതു പ്രോട്ടീന്‍ കാരണമാണ് എന്നത്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരം നിയന്ത്രിക്കണം എന്നാണ് ധാരണ. പ്രോട്ടീന്‍ ശരീരത്തിലെ എല്ലുകള്‍ക്കും ചര്‍മ്മത്തിനും രോഗപ്രതിരോധ ശേഷിക്കും ആവശ്യമാണ്. അത് കൃത്യമായ അളവില്‍, (0.8ഗ്രാം/കിലോഗ്രാം) അതായത് 50 കിലോഗ്രാം ശരീര ഭാരമുള്ള ഒരാള്‍ക്ക് 50 ഗ്രാം അടുപ്പിച്ച് പ്രോട്ടീന്‍ ലഭിക്കേണ്ടതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (മുട്ടയുടെ വെള്ള, പാല്‍, മത്സ്യം, ചിക്കന്‍ എന്നിവ) ആവശ്യത്തിന് കഴിക്കേണ്ടതാണ്. അവ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം കുറയാന്‍ സാദ്ധ്യത കൂടുതലാണ്.
ഫോസ്‌ഫറസ്, യൂറിക് ആസിഡ് കൂട്ടുന്ന പ്യൂരിൻ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ നിയന്ത്രിക്കുന്നതാണ് നല്ലത്. പ്രോട്ടീൻ സമൃദ്ധമായ പാലുൽപന്നങ്ങൾ, കോഴിയിറച്ചി, മുട്ട, വിത്തുകളും അണ്ടിപ്പരിപ്പുകളും പയറു വർഗങ്ങൾ, മുഴു ധാന്യങ്ങൾ എന്നിവയിലും മത്തി, സാൽമൺ പോലെയുള്ള ഭക്ഷണങ്ങളിലും ഫോസ്‌ഫറസ് അടങ്ങിയിരിക്കുന്നു. ചുവന്ന മാംസാഹാരം (ബീഫ്, മട്ടന്‍), പച്ചിലകള്‍ (കാബേജ്, മുരിങ്ങയില, ചീര എന്നിവ) തുടങ്ങിയവയും നിയന്ത്രിക്കേണ്ടതാണ്. പ്രോസ്സസ്ഡ് ഫുഡ്, ജ്യൂസ് എന്നിവയുടെ ഉപയോഗവും കുറയ്‌ക്കേണ്ടതാണ്.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ രീതിയില്‍ നിലനിര്‍ത്തണം. പഞ്ചസാര അടങ്ങിയ ആഹാരങ്ങളില്‍ അനാവശ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു ശാരീരിക തളര്‍ച്ചയ്ക്കു കാരണമാകുന്നു. കൊഴുപ്പുള്ള ആഹാരങ്ങള്‍ കുറയ്ക്കുന്നതു നല്ലതാണ്.
മരുന്നുകളോടൊപ്പം ഇത്തരത്തില്‍ ആഹാരക്രമീകരണം കൂടി പാലിക്കുകയാണെങ്കില്‍ വൃക്ക രോഗികള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
ഡോ. നയന വിജയ്, കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം