മുറിവു പഴുക്കാതിരിക്കാൻ ടിടി കുത്തിവയ്പ് സഹായിക്കുമോ? ആർക്കൊക്കെയാണു ടിടി വേണ്ടത്? Why is the TT Vaccine Necessary?

Mail This Article
ഏതൊരു മുറിവുണ്ടായാലും ഉടനെ തന്നെ തൊലിയുടെ പുറത്തും മണ്ണിലും അഴുക്കിലുമുള്ള ബാക്ടീരിയ അതിനകത്തേക്കു തീർച്ചയായും കയറും. എന്നാൽ രക്തത്തിലെ ശ്വേതരക്താണുക്കളും ആന്റിബോഡികളും ചേർന്നു ഈ രോഗാണുക്കളെ ഫലപ്രദമായി പ്രതിരോധിക്കുന്നതു കാരണം പ്രത്യേകിച്ചു കുഴപ്പമൊന്നുമില്ലാതെ മുറിവുണങ്ങും. എന്നാൽ ധാരാളം അണുക്കൾ കയറുകയോ രോഗപ്രതിരോധ സംവിധാനത്തിൽ പിഴവുകളോ ഉണ്ടെങ്കിൽ (പ്രമേഹം ഉദാഹരണം) മുറിവു വല്ലാതെ പഴുക്കും. ഇതിനെയാണ് നാം ‘സെപ്റ്റിക്’ എന്നു വിളിക്കുന്നത്.
എന്നാൽ TT എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വാക്‌സീൻ മുറിവു വഴി ഉണ്ടാകാനിടയുള്ള ടെറ്റനസ് എന്ന പ്രത്യേകതരം ഒരു രോഗത്തെ മാത്രം തടയാനാണ് ഉപകരിക്കുന്നത്. മുറിവു പഴുക്കാതിരിക്കാൻ അതു സഹായിക്കുകയേയില്ല.
എന്താണ് ടെറ്റനസ് ?
ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ഒരു ബാക്ടീരിയ ആണ് ടെറ്റനസ് എന്ന രോഗം ഉണ്ടാക്കുന്നത്. പ്രത്യേകിച്ചു മണ്ണിൽ ഉള്ള ഈ അണു, മുറിവിൽ പ്രവേശിച്ച ശേഷം, ആ ഭാഗത്തു പെരുകി ടെറ്റനസ് ടോക്സിൻ എന്ന പ്രത്യേക വിഷപദാർഥം പുറപ്പെടുവിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞരമ്പുകളും പേശികളും വരിഞ്ഞു മുറുകുന്നതാണ് രോഗലക്ഷണം. ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന പേശികളെ ബാധിക്കുന്നതോടു കൂടി രോഗം മാരകമാകും.
ടെറ്റനസ് വരുന്ന വഴി
ആഴത്തിലുള്ള മുറിവിലൂടെ മണ്ണ് , ചെളി മുതലായ മാലിന്യങ്ങൾ കടന്നുകൂടുമ്പോഴാണു ടെറ്റനസ് രോഗാണുവിന് വളരാനുള്ള സാഹചര്യം ഉണ്ടാകുന്നത് . തുരുമ്പിച്ച ഉപകരണങ്ങൾ കൊണ്ടുള്ളതും മലിനമായ ഇൻജക്‌ഷൻ സൂചികൾ കൊണ്ടുള്ളതുമായ ആഴത്തിലുള്ള മുറിവുകൾ, വണ്ടി അപകടങ്ങളിലും യുദ്ധത്തിലുമുണ്ടാകുന്ന മുറിവുകൾ എന്നിവ ഉദാഹരണം. മുറിവു ശരിയായി ശുചിയാക്കാതെ മൂടി വച്ചാലും, മണ്ണ്, ചാണകം, മലിനജലം തുടങ്ങിയവ കയറിയാലും ബാക്ടീരിയ ബാധയുണ്ടായി ടെറ്റനസ് വരാം. പ്രസവസമയത്തു പൊക്കിൾക്കൊടി ശരിയായി പരിചരിച്ചില്ലെങ്കിൽ നവജാത ശിശുക്കളിൽ ഉണ്ടാകുന്ന ടെറ്റനസ് അത്യധികം മാരകമാണ് .
എന്തിനാണ് ടി ടി വാക്സീൻ?
ടെറ്റനസിന്റെ വിഷപദാർഥങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് ഈ വാക്സീൻ ചെയ്യുന്നത്. അതായതു, മുറിവിൽ നിന്നും ടെറ്റനസ് രോഗം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലായാണു ടി ടി (ടെറ്റനസ് ടോക്സോയിഡ്) എടുക്കുന്നതെന്നർഥം. ടെറ്റനസ് ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന വിഷപദാർഥത്തിൽ നിന്നാണു വാക്സീൻ നിർമിക്കുന്നത്. രോഗമുണ്ടാക്കാനുള്ള ശേഷി ഇതിനു ഉണ്ടാകില്ല. പക്ഷേ, ടെറ്റനസിനെതിരായ ആന്റി ബോഡികളെ പുറപ്പെടുവിക്കാൻ ഇതു ശരീരത്തെ ഉത്തേജിപ്പിക്കും.
കൃത്യസമയത്തു വാക്സീൻ എടുത്താൽ രക്തത്തിൽ തന്നെ ഈ വിഷപദാർഥങ്ങൾക്കെതിരെ ആന്റിബോഡികൾ ഉണ്ടാകുമെന്നതിനാൽ രോഗമുണ്ടാകില്ല.
നിങ്ങൾക്കറിയുമോ, വാക്സീൻ വരുന്നതിനു മുൻപ് ലക്ഷക്കണക്കിന് ആളുകളും നവജാത ശിശുക്കളും ആണ് ഈ രോഗം വന്നു മരിച്ചിരുന്നത്. എന്നാൽ ഇന്ന് അത് വളരെ വിരളമാണ്; വാക്സീൻ വിരോധികൾ സൗകര്യപൂർവ്വം മറച്ചുവയ്ക്കുന്ന ഒരു പ്രധാന കാര്യം !
വാക്സീൻ എപ്പോഴൊക്കെ?
കുട്ടിക്കാലത്തു പല തവണ വാക്സീൻ എടുക്കേണ്ടതാണ്. പത്താം വയസ്സിലെ ടെറ്റനസ്സിന്റെ ബൂസ്റ്റർ ഡോസിനു ശേഷം എല്ലാ 10 വർഷം കൂടുമ്പോഴും ടെറ്റനസിന്റെ ബൂസ്റ്റർ ഡോസ് എടുക്കണം. ഇങ്ങനെയുള്ളവർക്ക് ഓരോ പ്രാവശ്യം മുറിവുണ്ടാകുമ്പോഴും പ്രത്യേകം ടി. ടി. എടുക്കേണ്ടതായി വരില്ല. അല്ലാത്തപക്ഷം നല്ലൊരു മുറിവുണ്ടാവുകയാണെങ്കിൽ പ്രത്യേകിച്ചും ആഴത്തിലുള്ളവ) ടി. ടി. വീണ്ടും എടുക്കേണ്ടതുണ്ട്. മുറിവിൽ മാലിന്യങ്ങൾ കയറിയിട്ടുണ്ടെങ്കിൽ (മണ്ണ്, ചാണകം, മലം ഉമിനീർ, മലിനജലം തുടങ്ങിയവ) ടെറ്റനസിനെതിരെ കൂടുതൽ കുത്തിവയ്പുകൾ വേണ്ടി വന്നേക്കാം (ആന്റി ടെറ്റനസ് സീറം).
സെപ്റ്റിക് ആകുന്നതു തടയാൻ
∙ മുറിവു വൃത്തിയായി അണുബാധയുണ്ടാകാത്തതുമായ വിധത്തിൽ പരിചരിക്കണം. ധാരാളം വെള്ളം ഒഴിച്ചു വീര്യം കുറഞ്ഞ സോപ്പുപയോഗിച്ചു മുറിവു കഴുകി വൃത്തിയാക്കണം.
∙ മുറിവിൽ ചില്ലോ മുള്ളോ മണലോ ആഴത്തിൽ തറഞ്ഞിരിപ്പുണ്ടെങ്കിൽ വെള്ളം നന്നായി ഒഴിച്ചു കഴുകി ഡോക്ടറുടെ സഹായം തേടണം.
∙ പ്രൊവിഡൻ അയഡിൻ തുടങ്ങിയവ അടങ്ങിയ ആന്റി സെപ്റ്റിക് ക്രീമുകൾ പുരട്ടുക.
∙ മുറിവു പൂർണമായും കരിയുന്നതുവരെ ബാൻഡേജ് ഇടുക. അവ മുറിവിൽ നിന്നുള്ള ദ്രവങ്ങൾ വലിച്ചെടുക്കുകയും നനവു നിലനിർത്തുകയും ചെയ്യും.
ടെറ്റനസ് തടയാനാവശ്യമായ TT വാക്സീൻ എടുക്കണോ വേണ്ടയോ എന്നത് ഡോക്ടറാണ് തീരുമാനിക്കുന്നത് ; മുറിവിന്റെ സ്വഭാവം, ഇതിനു മുൻപ് എടുത്ത വാക്സീൻ ഡോസുകൾ, കാലയളവ് തുടങ്ങിയവ ഇതിനു വേണ്ടി പരിഗണിക്കും.
ഓർമിക്കാൻ
∙ എല്ലാ മുറിവുകളും ടെറ്റനസ് ഉണ്ടാക്കുകയില്ല. സാധാരണ മുറിവുകളാണെങ്കിൽ കഴുകി വൃത്തിയാക്കി സൂക്ഷിച്ചാൽ മതി; ആന്റിബയോട്ടിക്കുകളുടെ തന്നെ ആവശ്യമുണ്ടായി എന്നു വരില്ല. ഏതാനും ദിവസം കൊണ്ടു മുറിവുണങ്ങും.
∙ മുറിവു വളരെ ആഴത്തിലുള്ളതാണെങ്കിലോ തുരുമ്പിച്ച ഉപകരണങ്ങള്‍ കൊണ്ടുണ്ടായതാണെങ്കിലോ മണ്ണും ചാണകവും കയറി മലിനമായി പഴുത്തെങ്കിലോ ഡോക്ടറെ സമീപിക്കണം.
∙ അഴുക്കു നിറഞ്ഞ മുറിവുകൾ മൂടിക്കെട്ടി വയ്ക്കരുത്. പ്രത്യേകിച്ചും മണ്ണും ചാണകവുമായി സമ്പർക്കം പുലർത്തുന്നവർ.
∙ ഓരോ 10 വർഷം കൂടുമ്പോഴും ടെറ്റനസ് വാക്സീൻ എടുക്കണം.
∙ പ്രമേഹം പോലെയുള്ള രോഗമുള്ളവർ മുറിവുകളെ നിസാരമാക്കരുത്.
ഡോ. രാകേഷ് ടി. പി., ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷലിസ്റ്റ്, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്