പ്രതിരോധശേഷിക്കുറവ് കാരണം അണുബാധ വരാം: വാതരോഗത്തിനു മരുന്നു കഴിക്കുന്നവർ അറിയാൻ Potential Side Effects of Arthritis Medications
Mail This Article
ശരീരത്തിലെ ഒന്നിലധികം സന്ധികൾക്ക് ഉണ്ടാകുന്ന വീക്കം, വേദന, നീർക്കെട്ടൽ എന്നിവ കാരണം ഉണ്ടാകുന്ന അസുഖമാണ് ആർത്രൈറ്റിസ് അഥവാ വാതരോഗം. നൂറിലധികം വാതരോഗങ്ങൾ ഉള്ളതിൽ പ്രധാനപ്പെട്ടവയാണ്–
∙ സന്ധിവാതം (ഓസ്‌റ്റിയോ ആർത്രൈറ്റിസ്) ∙ ആമവാതം ( റുമറ്റോയ്ഡ് ആർത്രൈറ്റിസ്)
∙ സോറിയാറ്റിക് ആർത്രൈറ്റിസ്. ഓട്ടോ ഇമ്യൂൺ രോഗങ്ങളായ ലൂപസ് എറിത്‌മാറ്റിസ്, ഗൗട്ട്.
വേദനാസംഹാരികളും സ്റ്റിറോയ്ഡും
ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതമാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതരോഗം. സന്ധികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ രോഗം പതിയെ പതിയെ അവയുടെ പ്രവർത്തനം പൂർണമായി തടസ്സപ്പെടുത്തുന്നു.
രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറയ്ക്കുക, സന്ധികളുടെ ഘടന, തരുണാസ്ഥികൾ, അസ്ഥികൾ എന്നിവയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കുക കൂടുതൽ ഗുരുതരമായ തകരാറുകൾ സംഭവിക്കുന്നതു തടയുക തുടങ്ങിയുള്ള കാര്യങ്ങൾക്കാണു മരുന്നുകൾ നൽകുക.
∙ എൻഎസ്എഐഡികൾ (Non Steroid Anti-inflammatory Drugs)– ഒപിയം, ഓപിയോഡ് മരുന്നുകൾ തുടങ്ങിയ വേദനസംഹാരികൾ ഈ വിഭാഗത്തിൽപ്പെടുന്നു. ഉദാ: ട്രമഡോൾ, ഡൈക്ലോഫിനാക്, ഇബുപ്രൂഫൻ, പാരസിറ്റമോൾ.
∙ സ്റ്റിറോയിഡുകളായ പ്രെഡ്നിസൊളോണും അതിന്റെ വകഭേദങ്ങളും കഴിക്കുന്നതിനോ കുത്തിവയ്പു രൂപത്തിലോ നൽകുന്നു.
∙സന്ധികളിലെ ഘർഷണം കുറയ്ക്കുന്നതിനു വേണ്ടി ഹയാലുറോണിക് ആസിഡ് പോലെയുള്ള കുത്തിവയ്പുകൾ ഉപയോഗിക്കുന്നു.
ആമവാതത്തിന്റെ മരുന്നുകൾ
ഓട്ടോഇമ്യൂൺ രോഗ ശ്രേണിയിൽപെട്ട വാതരോഗമാണ് ആമവാതം. സൈനോവിയൽ സന്ധികളെ ബാധിക്കുന്ന ഈ രോഗം ശരീരത്തിലെ വിവിധ സന്ധികളുടെ ഘടനയേയും ചലനശേഷിയേയും ബാധിക്കുന്നു. തന്മൂലം സന്ധികളുടെ ചലനശേഷി കുറയുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും.
പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ താഴെ പറയുന്നവയാണ്.
∙ എൻഎസ്എഐഡികൾ
∙ കോർട്ടിക്കോ സ്റ്റിറോയിഡുകൾ
∙ ഡിഎംഎആർഡിഎസ്- (Disease Modifying Anti-rheumatic Drugs)
∙ സ്റ്റിറോയിഡുകളടങ്ങിയ മരുന്നുകൾ വേദനയും നീർക്കെട്ടും പെട്ടെന്നു കുറയ്ക്കും. മാത്രമല്ല അവ ഓട്ടോ ഇമ്യൂൺ രോഗത്തിന്റെ ഭാഗമായ ഹൈപർ ഇമ്യൂൺ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രധാനമായി ഉപയോഗിക്കുന്ന മരുന്നുകൾ ഡെക്സാമെതസോൺ, മീഥയിൽ, പ്രഡ്നിസലോൺ, ട്രയാമ്സിനലോൺ എന്നിവയാണ്.
പാർശ്വഫലങ്ങൾ അറിയാം
∙വേദനാസംഹാരികളുടെ നിരന്തരമായ ഉപയോഗം കാരണം രക്തസമ്മർദവ്യതിയാനം, വൃക്കരോഗങ്ങൾ, ആമാശയം, കുടൽ എന്നിവിടങ്ങളിൽ നിന്നു രക്തസ്രാവം, ചില ഹൃദയ സംബന്ധരോഗങ്ങൾ എന്നിവ വരാം.
∙ സ്റ്റിറോയ്ഡ് മരുന്നുകൾ ഡോക്ടർ നിർദേശിക്കുന്ന കാലയളവു മാത്രം ഉപയോഗിക്കുക.അല്ലെങ്കിൽ പ്രമേഹം, എല്ലുകളുടെ ശോഷണം, ആ മാശയത്തിലും കുടലിലും വ്രണങ്ങള്‍, തിമിരം തുടങ്ങിയവ വരാനിടയാകാം.
∙അപസ്മാരത്തിനും രക്തം കട്ടപിടിക്കാതിരിക്കാനുമുള്ള മരുന്നു കഴിക്കുന്നവർ, പ്രമേഹരോഗികൾ, എച്ച്ഐവി ബാധിതർ, മറ്റു മരുന്നുകൾ ദീർഘകാലം കഴിക്കുന്നവർ എന്നിവർ ഡോക്ടറോട് അക്കാര്യം സംസാരിക്കണം.
∙ ഗർഭിണികളിലും മുലയൂട്ടുന്നവരിലും ഉപയോഗം ശ്രദ്ധിക്കണം.
∙ കോർട്ടിക്കോസ്റ്റിറോയ്ഡ് മരുന്നു കഴിക്കുന്നവരിൽ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറൽ, ഫംഗൽ, ബാക്ടീരിയൽ അണുബാധകൾക്കു സാധ്യത കൂടുതലാണ്.