ADVERTISEMENT

‘തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നു’ എന്ന പരാതിയുമായി ഒട്ടേറെ ആളുകൾ ഡോക്ടറെ സമീപിക്കാറുണ്ട്. ഉമിനീർ ഇറക്കുമ്പോൾ തടസ്സം, ഭക്ഷണം കഴിക്കുവാൻ ബുദ്ധിമുട്ട്, നെഞ്ചരിച്ചിൽ/ഓക്കാനം, കിടക്കുമ്പോൾ തൊണ്ട കുത്തി ചുമയ്ക്കുക ഇങ്ങനെ പോകുന്നു അവരുടെ പരാതികൾ.

ഈ ലക്ഷണങ്ങൾ മിക്കപ്പോഴും അസിഡിറ്റി കൊണ്ട് ഉണ്ടാകുന്നതും അതിനുള്ള ചികിത്സ നൽകിയാൽ മാറാവുന്നതുമേയുള്ളു. എന്നാൽ ഹൃദ്രോഗം മുതൽ കാൻസർ വരെ ഈ ലക്ഷണങ്ങൾക്കു പിന്നിൽ ഉണ്ടെന്ന ഭയവുമായാണു മിക്കവരും എത്തുന്നത്.

ADVERTISEMENT

ഭക്ഷണക്രമം കൊണ്ടും ചില്ലറ മരുന്നുകൾ കൊണ്ടും മാറാവുന്ന അസിഡിറ്റിയാണ് ഇവിടത്തെ വില്ലൻ എന്ന വസ്തുത നിങ്ങൾ അറിഞ്ഞിരിക്കണം.

രണ്ടു വിധത്തിലാണ് ഈ അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത് ഗ്യാസ്ട്രോ ഇൻസോഫാജിയൽ റീഫ്ലക്സ്. രണ്ടാമതായി  ലാരിങ്ഗോഫാരിങ്ജൽ റീഫ്ലക്സ്. ഗ്യാസ്ട്രോ ഇൻസോഫാജിയൽ റീഫ്ലക്സിന്റെ ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതികട്ടലും നെഞ്ചരിച്ചിലുമാണ്.

ADVERTISEMENT

ലാരിങ്ഗോഫാരിങ്ജൽ റീഫ്ലക്സിന്റെ ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ കഫം പോലെ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നലും ശബ്ദം അടയ്ക്കുന്നതുമാണ്. കിടക്കുമ്പോൾ ശ്വാസം തടഞ്ഞ്, ഉടൻതന്നെ എഴുന്നേൽക്കാൻ തോന്നുക വയർ വീർക്കുക എന്നിവയാണു മറ്റുലക്ഷണങ്ങൾ.

നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധികസമയം വിശന്നിരിക്കുന്നതു കൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസപ്രക്രിയകളാണ് ഈ പ്രശ്നങ്ങൾക്കു കാരണം. അതിന് ആദ്യം ഒരു ഇഎൻടി ഡോക്ടറെ കണ്ടു പരിശോധന നടത്തുകയും രോഗശമനത്തിനുള്ള മരുന്നുകൾ കഴിക്കുകയും വേണം. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആഹാരരീതികളിൽ മാറ്റം വരുത്തണം.

ADVERTISEMENT

തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നൽ അസിഡിറ്റിയുടേതാണെന്നു പൊതുവെ പറഞ്ഞെങ്കിലും വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ. അതിനാൽ  വൈദ്യപരിശോധന അനിവാര്യമാണ്.

ഫ്ലെക്സിബിൾ എൻഡോസ്കോപി പോലുള്ള ഉപകരണങ്ങളു പയോഗിച്ചു നിങ്ങളുടെ തൊണ്ടയിലെ അസ്വസ്ഥതകൾക്കുള്ള കാരണം ഒരു ലാരിങ്ഗോളജിസ്റ്റിനു കണ്ടെത്തുവാൻ കഴിയും. നെഞ്ചരിച്ചിലും പുളിച്ചുതികിട്ടലും അധികരിക്കുന്ന അസ്വാസ്ഥ്യങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന് ഇതിന്റെ തുടർ പരിശോധനയിലൂടെ വ്യക്തമാകും. അപ്പോൾ അതനുസരിച്ചുള്ള ചികിത്സ നൽകുവാനും സാധിക്കും.

ഡോ. അമ്മു ശ്രീപാർവതി

കൺസൽറ്റന്റ് ഇഎൻടി

എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം

തിരുവനന്തപുരം

English Summary:

Throat obstruction sensation is often attributed to acidity, which can be managed through dietary changes and medication. However, it's crucial to undergo expert medical examination to rule out more serious underlying conditions like heart disease or cancer.

ADVERTISEMENT